പാൻകേക്ക് എന്ന പേര് ഞാനിവിടെ പറഞ്ഞാൽ വീട്ടിലെല്ലാവരും ചിരി തുടങ്ങും. അതെന്നെ കളിയാക്കിയിട്ടാണെന്ന് അറിയാം. പക്ഷേ, ഞാനത് കേട്ടതായി ഭാവിക്കില്ല. അവര് ചിരിക്കുന്നതിനു പിന്നിലുള്ള കഥ ഓർത്താൽ എനിക്കും ചിരി വരും.
ഒരു ദിവസം ഞങ്ങളെല്ലാവരും കൂടെ ഒരു യാത്ര പോയി. സ്ഥലമൊന്നും പറയില്ല. പിന്നീട് ആ സ്ഥലപ്പേര് കേൾക്കുമ്പോൾ നിങ്ങളും എന്റെ മണ്ടത്തരമോർത്തു ചിരിച്ചാലോ! അതുകൊണ്ട് കഥ മാത്രം ചുരുക്കി പറയാം. ആ സ്ഥലത്തുള്ള ഫൈവ്സ്റ്റാർ ഹോട്ടലിലായിരുന്നു ഞങ്ങളുടെ താമസം. പിറ്റേന്ന് കാലത്ത് ബ്രേക്ഫാസ്റ്റിന് ധാരാളം വിഭവങ്ങൾ നിരത്തി വച്ചിട്ടുണ്ട്. ബുഫെയായതുകൊണ്ട് അവരവർക്ക് ഇഷ്ടമുള്ള വിഭവങ്ങളെടുത്തു കഴിക്കാം. എല്ലാവരും അപ്പം, പുട്ട്, പൂരി, ഇഡ്ഢലി എന്നിങ്ങനെ ഓരോന്ന് എടുക്കുന്നുണ്ട്. ഇതെല്ലാം വീട്ടിലുണ്ടാക്കുന്ന വിഭവങ്ങളല്ലേ. വെറൈറ്റിയായിട്ടൊന്നുമില്ലേ? മനസ്സിനകത്തൊരു മുറുമുറുപ്പോടെ അവസാനമിരിക്കുന്ന ബൗൾ തുറന്നു നോക്കിയപ്പോഴുണ്ടല്ലോ പാൻകേക്കുകൾ അട്ടിയട്ടിയായി വച്ചിരിക്കുന്നു.

എനിക്ക് ഇഷ്ടമുള്ള വിഭവമാണ് പാൻകേക്ക്. അതിൽ തേനൊഴിച്ച് കഴിക്കാൻ നല്ല സ്വാദാണ്. ഞാൻ മൂന്നു പാൻകേക്കെടുത്തു പാത്രത്തിൽ വച്ചു. ടേബിളിൽ വച്ചിരിക്കുന്ന തേനെടുത്ത് അതിനു മീതെ ഒഴിച്ചു. ഫോർക്കും നൈഫും കൊണ്ട് ആസ്വദിച്ച് കഴിക്കുകയാണ്. ഇടയ്ക്ക് മുഖമുയർത്തി നോക്കിയപ്പോൾ ഷാജിയേട്ടനും മക്കളുമൊക്കെ അദ്ഭുതത്തോടെ എന്നെയും പാൻകേക്കിനെയും നോക്കുന്നു. ‘‘ഓ ഗോതമ്പു ദോശയൊക്കെ തേനും കൂട്ടി ഇങ്ങനെ സ്ൈറ്റലായിട്ട് കഴിക്കാൻ പറ്റും അല്ലേ?’’ എന്ന ഏട്ടന്റെ ചോദ്യം കേട്ടപ്പോൾ വെറുതെ ഒന്നുകൂടി പാൻകേക്കിനെ ഒന്നു നോക്കി. ശരിക്കും അത് ഗോതമ്പു ദോശയായിരുന്നു. അതിനടുത്തു വച്ചിരുന്ന വെള്ളച്ചമ്മന്തി ഞാൻ കാണാതെ പോയതാണ്. അതിനുശേഷം എവിടെ ഗോതമ്പുദോശ കണ്ടാലും മക്കൾ കളിയാക്കും ‘‘അമ്മാ, അമ്മയുടെ പാൻകേക്ക് എടുക്കുന്നില്ലേ?’’
പണ്ടൊന്നും മേപ്പിൾ സിറപ്പോ ചോക്‌ലറ്റ് സിറപ്പോ നാട്ടിൽ കിട്ടുമായിരുന്നില്ല. പകരം തേനാണ് മിക്കവരും ഉപയോഗിച്ചിരുന്നത്. ഇന്നിപ്പോൾ പല തരത്തിലുള്ള സിറപ്പുകൾ വാങ്ങാൻ കിട്ടും. ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാം. പെട്ടെന്ന് തയാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഇത്. മധുരമുള്ളത് കൊണ്ട് കറികളൊന്നും കൂട്ടിക്കഴിക്കുന്നത് അത്ര രുചികരമല്ല.

പാൻകേക്ക്
1. മൈദ – രണ്ടു കപ്പ്
2. പഞ്ചസാര – ഒരു ചെറിയ സ്പൂൺ
3. ബേക്കിങ് പൗഡർ – ഒരു ചെറിയ സ്പൂൺ
4. ബേക്കിങ് സോഡ – ഒരു ചെറിയ സ്പൂൺ
5. പുളിയില്ലാത്ത തൈര് – ഒരു കപ്പ്

6. മുട്ട – രണ്ട്
7. പാൽ – ഒരു കപ്പ്
8. വെണ്ണ – രണ്ടു വലിയ സ്പൂൺ (റൂം ടെംപറേച്ചർ ആയിരിക്കണം)
ഉപ്പ് – പാകത്തിന്
മേപ്പിൾ സിറപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം
1. ചേരുവകൾ തയാറാക്കി വയ്ക്കുക.
2. മൈദയില്‍ ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, പഞ്ചസാര എന്നിവ ചേർക്കുക.
3. തൈര് ചേർക്കുക
4. മുട്ട പൊട്ടിച്ചൊഴിക്കുക. പാൽ ചേർക്കുക.
5. ഉപ്പും ചേർത്ത് നന്നായി ഇളക്കുക.

6. ഇതിലേക്ക് വെണ്ണയും പാകത്തിന് വെള്ളവും ചേർത്ത് ദോശമാവിന്റെ അയവി ൽ കലക്കി പത്തു മിനിറ്റ് വയ്ക്കുക.
7 . തവ ചൂടാക്കി അൽപം വെണ്ണ പുരട്ടുക.
8 . മാവൊഴിച്ച് ചെറുതായി പരത്തി തിരിച്ചും മറിച്ചുമിട്ടു വേവിക്കുക.
9. പാൻകേക്കിനു മുകളിൽ മേപ്പിൾ സിറപ്പോ ചോക്‌ലെറ്റ് സിറപ്പോ ഒഴിച്ച് വിളമ്പാം.