Thursday 14 March 2024 03:59 PM IST

‘ക്യാമറയില്‍ പതിഞ്ഞില്ലെങ്കിലും മനസ്സില്‍ പതിഞ്ഞ അപൂര്‍വ കാഴ്ച’; മാനാംപള്ളി, കാടിന്റെ നടുക്ക് ശാന്തിയുടെ കുഞ്ഞിടം

Priyadharsini Priya

Senior Content Editor, Vanitha Online

manampally111 Photos: Priyadharsini Priya

‘നല്ല ഒരുഗ്രന്‍ വൈബുള്ള സ്ഥലമുണ്ട് ട്ടോ.. കൊടുംകാടിന്റെ ഉള്ളില്.. വേണെങ്കില്‍ പൊയ്ക്കോ.. രാത്രി കടുവയും കാട്ടുപോത്തുമൊക്കെ മുറ്റത്തു വന്നു നില്‍ക്കും. ഇഷ്ടം പോലെ ഫോട്ടോയും കിട്ടും.’- രഞ്ജുവിന്റെ തൃശൂര്‍ ശൈലിയിലുള്ള പതിവ് തള്ളില്‍ ഞാന്‍ വീണു. ‘അതേതാണപ്പോ അങ്ങനെയൊരു സ്ഥലം?’, എന്റെ ആകാംക്ഷ പരക്കോടിയിലെത്തി. 

‘‘മാനാംപള്ളി ഫോറസ്റ്റ് ഗസ്റ്റ് ഹൗസ്! നല്ല രസമുള്ള സ്ഥലമാണ്. മലക്കപ്പാറ വഴിയാണ് യാത്ര, വാള്‍പ്പാറയെത്തേണ്ട, പന്ത്രണ്ടു കിലോമീറ്റര്‍ മുന്‍പാണ് ഈ സ്ഥലം. ഉരുളിക്കല്‍ ചെക്പോസ്റ്റില്‍ നിന്ന് ഒമ്പതു കിലോമീറ്റര്‍ കൊടുംകാടിനുള്ളിലൂടെയാണ് യാത്ര. ആനമലൈ ടൈഗര്‍ റിസര്‍വിന്റെ കോര്‍ ഏരിയയാണ്. ഇഷ്ടം പോലെ വന്യമൃഗങ്ങളുണ്ട്, അനിമല്‍ സൈറ്റിങ്ങിന് നല്ല സാധ്യതയുള്ള സ്ഥലമാണ്.’’- രഞ്ജു ആവേശത്തിന് തിരിയിട്ടു.    

ആനമലൈ ടൈഗര്‍ റിസര്‍വിന്റെ ഭാഗമാണ് മാനാംപള്ളി ഫോറസ്റ്റ് ഗസ്റ്റ് ഹൗസ്. റൂം ബുക് ചെയ്യേണ്ടത് എടിആര്‍ പൊള്ളാച്ചി സൈറ്റിലൂടെയാണ്. യഥാര്‍ഥത്തില്‍ ‍‍കൊടുംകാടിനുള്ളില്‍ ചെറിയ തണുപ്പ് ആസ്വദിച്ച്, അരുവിയുടെ കളകളാരവം കേട്ട് താമസിക്കാന്‍ പറ്റിയ ഉഗ്രന്‍ ഒരിടം, അതാണ് മാനാംപള്ളി ഫോറസ്റ്റ് ഗസ്റ്റ് ഹൗസ്. 

manampally4

എന്തെങ്കിലും കേട്ടാല്‍ അങ്ങോട്ട് പായുന്ന മനസ്സാണ്. കൂടുതലൊന്നും ചിന്തിച്ചില്ല, എടിആര്‍ പൊള്ളാച്ചി സൈറ്റിലൂടെ റൂം ബുക് ചെയ്തു. 5000 ത്തിന്റെ രണ്ടു റൂമുകളും 4000 ത്തിന്റെ ഒരു റൂമുമാണ് അവിടെയുള്ളത്. ബുക്കിങ് കണ്‍ഫേം ആയപ്പോള്‍ തന്നെ നാഗരാജിന്റെ കോള്‍ വന്നു. ഭക്ഷണം കഴിക്കണമെങ്കില്‍ ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ കൊണ്ടുപോകണം. പാകം ചെയ്തുതരാന്‍ അവിടെയൊരു കുക്കുണ്ട്. വയറിന്റെ കാര്യമാണ് ആലോചിക്കാനൊന്നുമില്ല, ഞാന്‍ ‍ഡബിള്‍ ഓക്കെ പറഞ്ഞു. രാത്രി ചിക്കന്‍കറിയും ചപ്പാത്തിയും രാവിലെ നൂഡില്‍സ്, മെനു ആദ്യമേ മനസ്സിലുറപ്പിച്ചു, പോകും വഴി സാധനങ്ങള്‍ വാങ്ങണം. 

ശനിയാഴ്ച രാവിലെ തന്നെ വീട്ടില്‍ നിന്നിറങ്ങി. കോട്ടയത്തു നിന്ന് മൂവാറ്റുപുഴ, അങ്കമാലി വഴി ആതിരപ്പിള്ളി മലക്കപ്പാറ റൂട്ട് പിടിച്ചു. അങ്കമാലിയില്‍ നിന്ന് സവാള, തക്കാളി, മല്ലിപ്പൊടി, മുളകുപൊടി തുടങ്ങി ആഹാരത്തിനു ആവശ്യമായ എല്ലാ സാധനങ്ങളും വാങ്ങി. ഏഴാറ്റുമുഖം എണ്ണപ്പനതോട്ടത്തിലൂടെ വാഴച്ചാല്‍ ചെക്പോസ്റ്റിലെത്തി. അവിടെനിന്ന് പെര്‍മിഷനെടുത്ത് മലക്കപ്പാറ കാടിന്റെ വഴി കയറി. ഇല പൊഴിയുന്നതു കൊണ്ടാകാം കാടിനൊരു തെളിച്ചം. അന്ന് വഴിമുടക്കികളായി കബാലിയെയും കൂട്ടരെയുമൊന്നും കണ്ടില്ല. തമിഴ്നാട് ചെക്പോസ്റ്റിനു സമീപമുള്ള കടയില്‍ നിന്ന് ചിക്കനും വാങ്ങിയതോടെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി.

manapally1

ഷോപ്പിങ് എല്ലാം തീര്‍ത്ത് ഉരുളിക്കല്‍ ചെക്പോസ്റ്റിലെത്തിയപ്പോള്‍ മൂന്നര കഴിഞ്ഞിരുന്നു. അവിടെ അവര്‍ പറയുന്ന നിശ്ചിത തുക അടച്ച ശേഷമാണ് കാടിനകത്തേക്കുള്ള പ്രവേശനം. നാടും ഭാഷയും പരിചയമില്ലാത്ത ആളുകളാണെങ്കില്‍ അനാവശ്യ ചാര്‍ജുകള്‍ ഈടാക്കും. ചെക്പോസ്റ്റില്‍ നിന്ന് ഒമ്പതു കിലോമീറ്റര്‍ കാടിനുള്ളിലൂടെ യാത്ര തുടങ്ങി. കല്ലും മണ്ണും നിറഞ്ഞ കാനനപാത, ഇടറോഡുകള്‍ ഒഴിവാക്കി നേര്‍വഴി പോയാല്‍ മാനാംപള്ളി ഫോറസ്റ്റ് ഗസ്റ്റ് ഹൗസിന്റെ മുറ്റത്തെത്താം. 

ചൂടും തണുപ്പും കുറവാണ്, വൈകുന്നേരത്തെ സുഖകരമായ കാലാവസ്ഥ മാനാംപള്ളിയിലേക്ക് മനസ്സിനെ ആകര്‍ഷിച്ചു. മൃഗങ്ങളുടെ അനക്കങ്ങള്‍ കുറവ്, ശാന്തമായ കാട് പുതിയ അതിഥിയെ വരവേറ്റു. പഴയൊരു തറവാടിന്റെ പ്രൗഢിയോടെ മാനാംപള്ളി ഫോറസ്റ്റ് ഗസ്റ്റ് ഹൗസ് തലയുയര്‍ത്തി നില്‍ക്കുന്നു. ഒരുവശത്ത് വിശാലമായി ഒഴുകുന്ന നദി, വെള്ളപ്പരപ്പിനു മുകളില്‍ മുതലകളെ പോലെ മയങ്ങുന്ന ചെറിയ പാറക്കൂട്ടങ്ങള്‍. സൂക്ഷിച്ചുനോക്കി, അനക്കമുണ്ടോ? വെള്ളത്തില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പ് ബോര്‍ഡ് വച്ചിട്ടുണ്ട്. മുതലകളുടെ വിഹാരകേന്ദ്രമാണ് ഇവിടം. ടൈലിട്ട് വൃത്തിയാക്കിയ മുറ്റത്ത് കുരങ്ങന്‍മാരുടെ മേളമാണ്. അടുക്കളയ്ക്കു പിറകില്‍ പൊട്ടിച്ചിട്ട പാല്‍ പായ്ക്കറ്റുകള്‍ കൈവശപ്പെടുത്തി നുണയുന്ന തിരക്കിലാണ്. 

manampally78888

എവിടെ പോയാലും വിശേഷങ്ങള്‍ തിരക്കാന്‍ ഒരു കൂട്ട് കിട്ടും. ജയറാം എന്ന പത്തൊമ്പതുകാരനാണ് കാടിന്റെ വിശേഷങ്ങള്‍ പറഞ്ഞു തന്നത്. പഠിക്കാന്‍ വലിയ താല്‍പര്യമില്ലാത്തതു കൊണ്ട് പ്ലസ് ടു കഴിഞ്ഞതോടെ പഠനം നിര്‍ത്തി. മാനാംപള്ളി ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലെ സഹായിയാണ് ജയറാം. ചില ദിവസങ്ങളില്‍ പുലിയും കടുവയും പുഴയോരത്ത് വെള്ളം കുടിക്കാന്‍ എത്താറുണ്ടെന്ന് ജയറാം പറഞ്ഞു. രാത്രി ഏഴോടെ കാടിനുള്ളിലൂടെ സഫാരിക്ക് കൊണ്ടുപോകാമെന്ന് സമ്മതിച്ചു. ഗസ്റ്റ് ഹൗസിലേക്ക് വന്ന വഴി തന്നെയാണ് സഫാരി. രാത്രി മനുഷ്യന്റെ സാമീപ്യം കുറവായതിനാല്‍ മൃഗങ്ങള്‍ പുറത്തിറങ്ങാനുള്ള സാധ്യത കൂടുതലാണ്.  

രാത്രി കൃത്യസമയത്തു തന്നെ ടോര്‍ച്ചെടുത്ത് റെഡിയായി ഇറങ്ങി. താമസസ്ഥലത്തു നിന്ന് കുറച്ചുദൂരം പിന്നിട്ടാല്‍ പൊട്ടിപ്പൊളിഞ്ഞ പഴയ കെട്ടിടങ്ങള്‍ കാണാം. അരണ്ട വെളിച്ചത്തില്‍ കാട്ടുപോത്തുകളും കുട്ടിയുമെല്ലാം കാഴ്ച വിരുന്നൊരുക്കി. ടോര്‍ച്ചിന്റെ വെളിച്ചം കണ്ടതോടെ അവ പതിയെ കാടു കയറി. കാനന പാതയിലൂടെ കാര്‍ പതിയെ നീങ്ങി. പച്ച ഇലകള്‍ക്കിടയില്‍ തിളങ്ങി മ്ലാവിന്റെ കണ്ണുകള്‍, വാഹനത്തിന്റെ ശബ്ദം കേട്ട ഭാഗത്തേക്ക് അവ കാതുകള്‍ കൂര്‍പ്പിച്ചു. 

manampally677

പേരറിയാത്ത എത്രയോ പ്രാണികള്‍, പക്ഷികള്‍, സസ്യലതാദികള്‍.. കാറ്റിലലിയുന്ന അവയുടെ നനുത്ത ശബ്ദം കാടിന്റെ ഏകാന്തതയെ കീറിമുറിച്ചു. രാത്രിയാത്ര, അതും വന്യമായ കാടിന്റെ സംഗീതം ആസ്വദിച്ച്, പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം തോന്നി. അല്‍പദൂരം കൂടി സ‍ഞ്ചരിച്ചതും കാറിന്റെ ഹെഡ് ലൈറ്റില്‍ തിളങ്ങുന്ന രണ്ട് ഉണ്ടക്കണ്ണുകള്‍ കണ്ടു, റോഡ് മുറിച്ചു കടക്കുകയാണ് കക്ഷി. ഒരു സെക്കന്റ് നേരത്തേക്ക് തലയുയര്‍ത്തി പിടിച്ച് ഞങ്ങളെ നോക്കി. കറുത്ത മിനുമിനുത്ത ശരീരം, പഞ്ഞി പോലുള്ള വാല്‍ പൊക്കി പിടിച്ചിട്ടുണ്ട്, കഴുത്തിനു താഴേക്ക് നീളത്തില്‍ മഞ്ഞ നിറം. ഒരു സംശയവും തോന്നിയില്ല, അത് സാക്ഷാല്‍ നീലഗിരി മാര്‍ട്ടിന്‍ തന്നെ! കുറേ കാലമായി കാണാന്‍ ആഗ്രഹിച്ചു നടന്ന വിരുതനാണ് കണ്‍മുന്നില്‍ സെക്കന്റുകളുടെ വ്യത്യാസത്തില്‍ ഓടി മറഞ്ഞത്. ക്യാമറയില്‍ പതിയാത്തതില്‍ നിരാശ തോന്നിയില്ല, ആദ്യമായി കണ്ടതിന്റെ അമ്പരപ്പിലായിരുന്നു ഞാന്‍.

nilagirimarten Photo Credit: Google Images

നീലഗിരി മാര്‍ട്ടിന് മരനായ, കറുംവെരുക് എന്നൊക്കെ നാടന്‍ പേരുകളുണ്ട്. കേരളത്തിൽ ഇരവികുളം ദേശീയോദ്യാനത്തിലും ചിന്നാർ വന്യജീവി സങ്കേതത്തിലുമാണ് പ്രധാനമായും കണ്ടുവരുന്നത്. ഒരുപോലെ അപകടകാരിയും നാണംകുണുങ്ങികളുമാണ് ഇവ. അപൂർവമായേ മനുഷ്യരുടെ മുന്നിൽ വരാറുള്ളൂ.. വംശനാശ ഭീഷണി നേരിടുന്നതിനാല്‍ ഇവയെ കണ്ടെത്താനും വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ നീലഗിരി മാര്‍ട്ടിനെപ്പറ്റി കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. 

ചില യാത്രകള്‍ ഇങ്ങനെയാണ്, പ്രതീക്ഷിക്കാത്ത ഒരു സമ്മാനം കാട് ഒരുക്കിവച്ചിട്ടുണ്ടാകും. ക്യാമറയില്‍ പതിഞ്ഞില്ലെങ്കിലും മനസ്സില്‍ പതിഞ്ഞ അപൂര്‍വ കാഴ്ചയുടെ ആനന്ദത്തിലായിരുന്നു ഞാന്‍. പിന്നീടങ്ങോട്ട് വലിയ അനിമല്‍ സൈറ്റിങ്ങൊന്നും ഉണ്ടായില്ല. ചെക് പോസ്റ്റിനടുത്തെത്തിയതോടെ വാഹനം തിരിച്ചു. രാത്രി സഫാരി കഴിഞ്ഞ് തിരിച്ച് ഗസ്റ്റ് ഹൗസില്‍ എത്തിയപ്പോഴേക്കും വിശപ്പിന്റെ വിളി വന്നു. ചപ്പാത്തിയും ചിക്കന്‍ കറിയും രുചികരമായി പാകം ചെയ്ത് ചില്ലറ അലങ്കാരപ്പണികളോടെ മുന്നിലെത്തി. 

manampally2

രാവിലെ ചെക് ഔട്ട് ചെയ്ത് ഇറങ്ങാന്‍ നേരം പാകം ചെയ്തതിനും കുക്കിങ് ഗ്യാസിനുമായി 850 രൂപയോളം അമിത ചാര്‍ജ് ചോദിച്ചത് ചെറിയൊരു നീരസം ഉണ്ടാക്കി. ആനമലൈ ടൈഗര്‍ റിസര്‍വിന്റെ ഉദ്യോഗസ്ഥരെ വിളിച്ചു കാര്യം പറഞ്ഞതോടെ അക്കാര്യത്തില്‍ തീരുമാനമായി, 150 രൂപയില്‍ ഒതുങ്ങി. സ്വന്തം നാടും ഭാഷയും വിട്ടുള്ള യാത്രയില്‍ പലപ്പോഴും പരിചയക്കുറവ് മൂലം പറ്റിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. അല്‍പം ആത്മവിശ്വാസവും അറിവും ധൈര്യവും ഉണ്ടെങ്കില്‍ ഇത്തരം പ്രതിസന്ധികളെ എളുപ്പം മറികടക്കാം. 

രഞ്ജു പറഞ്ഞ പോലെ കടുവയും പുലിയുമൊന്നും മുറ്റത്തു വന്നില്ലെങ്കിലും സമാധാനവും ഏകാന്തതയും ഇഷ്ടപ്പെടുന്നവര്‍ക്കും കൂട്ടുകാരുമൊത്ത് അവധി ആസ്വദിക്കാന്‍ വരുന്നവര്‍ക്കും പറ്റിയ ഇടമാണ് മാനാംപള്ളി ഫോറസ്റ്റ് ഗസ്റ്റ് ഹൗസ്. കാടിന്റെ നടുക്ക് ശാന്തിയുടെ കുഞ്ഞിടം. 

manampally5
Tags:
  • Columns