ADVERTISEMENT

രാത്രി ഒൻപതു മണിക്കാണ് ആ ഫോണ്‍ വന്നത്. ‘‘മാഡം, എന്റെ പേര് അർച്ചന. കോളജിൽ പഠിക്കുന്നു. എനിക്കു ജീവിക്കാൻ പറ്റുന്നില്ല, മാഡം.’’പിന്നെ ഒരു പൊട്ടിക്കരച്ചിലായിരുന്നു. എന്റെ സാന്ത്വനവാക്കുകളൊന്നും വിലപ്പോയില്ല. ഏറെ നേരം കരഞ്ഞു തളർന്നപ്പോൾ അവൾ പ റഞ്ഞു. ‘‘അച്ഛന്‍ എന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നു. ഞാൻ ഡ്രസ് ചെയ്യുമ്പോൾ ഒളിഞ്ഞു നോക്കുന്നു. എന്റെ ദേഹത്ത് ദുരുദ്ദേശ്യത്തോടെ തൊടുന്നു. എനിക്കു സഹിക്കാൻ വയ്യ, മാഡം...’’

അവൾ വീണ്ടും കരയാൻ തുടങ്ങി.

ADVERTISEMENT

‘‘അർച്ചന, കരയാതിരിക്കൂ. നമുക്കു പരിഹാരമുണ്ടാക്കാം. ഇപ്പോൾ എന്തെങ്കിലും സഹാ യമാവശ്യമുണ്ടോ? അതോ നാളെ മതിയോ?’’ ഞാൻ ചോദിച്ചു.

‘‘ഇപ്പോൾ പ്രശ്നമൊന്നുമില്ല മാഡം...’’

ADVERTISEMENT

‘‘അർച്ചനയുടെ അമ്മയ്ക്കൊന്നു ഫോണ്‍ െകാടുക്കൂ.’’

‘‘ഹലോ...’’ പേടിച്ചരണ്ട സ്ത്രീ ശബ്ദം.

ADVERTISEMENT

‘‘അർച്ചന പറഞ്ഞതൊക്കെ ശരിയാണോ?’’

മറുപടിയില്ല. ചോദ്യം ആവർത്തിച്ചപ്പോഴും മൗനം മാത്രം. പിറ്റേന്ന് അന്വേഷണോദ്യോഗസ്ഥർ അർച്ചനയുടെ വീട്ടിലെത്തി. പൊലീസും വിമൻ പ്രൊട്ടക്‌ഷൻ ഓഫിസറും ഒക്കെ അവളോടും അച്ഛനമ്മമാരോടും സംസാരിച്ചു. അ ർച്ചനയുടെ സഹപാഠികൾ, അധ്യാപകർ, ബ ന്ധുക്കൾ, അയൽക്കാർ എന്നിവരുടെ മൊഴി യെടുത്തു. അന്വേഷണ റിപ്പോർട്ട് പഠിച്ച ശേഷമാണ് ഞാൻ അർച്ചനയെ കാണാനെത്തിയത്.

വാതോരാതെ സംസാരിക്കുന്ന, ഉത്സാഹവതിയായ പെൺകുട്ടി. മുഖത്ത് അങ്കലാപ്പിന്റെ നിഴലാട്ടം. ഞാന്‍ ചോദിച്ചു.‘‘അർച്ചന. ഇപ്പോഴെങ്ങനെയുണ്ട് കാര്യങ്ങൾ?’’

തെല്ലൊരു പരുങ്ങലോടെയാണ് മറുപടി. ‘‘കുഴപ്പമില്ല, മാഡം.’’

‘‘ഇപ്പോഴും അച്ഛൻ ശല്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ടോ?’’

‘‘ങും... കൊറച്ചൊക്കെ. കർട്ടന്റെ പിറകീന്ന് ഒളിഞ്ഞു നോട്ടം ഒക്കെയുണ്ട്.’’

‘‘ഒരു കാര്യം ചെയ്യാം, പൊലീസിനോട് കേസെടുക്കാൻ പറയാം.’’

‘‘അയ്യോ... കേസൊന്നും വേണ്ട മാഡം’’

‘‘അതെന്താ കുട്ടീ?’’

‘‘അത് പിന്നെ...കേസ് വേണ്ട.’’

‘‘ശരി, വേറൊരു വഴിയുണ്ട്. അർച്ചന ഇനിയീ വീട്ടിൽ താമസിക്കണ്ട, ഞാൻ കുട്ടിയെ തിരുവനന്തപുരത്തുള്ള ഒരു കോളജിൽ ചേർക്കാം. അവിടെ ലേഡീസ് ഹോസ്റ്റലിൽ താമസിച്ചു പഠിക്കാം.’’

‘‘അയ്യോ... അതും േവണ്ട, ഞാനിവിടുന്ന് എങ്ങോട്ടുമില്ല. ഇവിടെ പ്രശ്നമൊന്നും ഉണ്ടാകില്ല.’’ വല്ലാത്ത പരിഭ്രാന്തിയോ ടെയാണ് അവൾ പറഞ്ഞത്.

‘‘സമ്മതിച്ചു. എന്നാലിനി അർച്ചനയുടെ അ ച്ഛനെതിരെ കേസെടുക്കുക തന്നെ.’’

ചോദ്യങ്ങൾക്കു മുമ്പിൽ ഒരക്ഷരം മറുപടി പറയാതെ തല കുനിച്ചു നിൽക്കുന്ന മെലിഞ്ഞ, ഒരു ചെറിയ മനുഷ്യൻ. അർച്ചനയുടെ അച്ഛൻ. മകൾ ആരോപിച്ച ലൈംഗികമായ ശല്യപ്പെടുത്തലിനെക്കുറിച്ചു ചോദിച്ചപ്പോൾ അയാൾ ഇരു ചെവികളും പൊത്തി.

‘‘അർച്ചന, കുട്ടി ഒരുങ്ങിക്കൊള്ളൂ. ഞാൻ തന്നെ തിരുവനന്തപുരത്തേക്കു കൊണ്ടുപോകാം, അതാണു നല്ലത്.’’

പെട്ടെന്ന് അവളുടെ മുഖഭാവം മാറി. പുരികമുയർത്തി, മുഖം ചുളിച്ച് അവൾ പ്രഖ്യാപിച്ചു.

‘‘ഇല്ലാന്നു പറഞ്ഞല്ലോ. ഇവിടം വിട്ട് ഞാനെങ്ങോട്ടും വരില്ല...’’

‘‘എങ്കില്‍ ഞാന്‍ ഒരാെള കൂടി ഇങ്ങോട്ടു വിളിക്കാം. അര്‍ച്ചനയുെട അയല്‍ക്കാരിയായ അ ധ്യാപിക. അവരും ചില കാര്യങ്ങള്‍ മൊഴിയെടുത്തപ്പോള്‍ പറഞ്ഞിരുന്നു.’’

‘‘ഞാനിവളുടെ പഴയ ടീച്ചറാ.’’ അവര്‍ പറഞ്ഞു തുടങ്ങി. ‘‘അർച്ചന പഠിക്കാൻ മിടുക്കിയാണ്. പ്ലസ് വണ്‍ വരെ നല്ല മാർക്കുമുണ്ട്. അതിനിടയിൽ അവളൊരു പ്രേമത്തിൽപ്പെട്ടു. അതോടെ പഠിത്തമൊഴപ്പി. എല്ലാം തകിടം മറിഞ്ഞു.’’

ഒരു തരത്തിലും ഇവൾക്കു ചേരാത്ത പ്രേമബന്ധമാ മാഡം അത്. കഞ്ചാവും കൊണ്ട് പല പ്രാവശ്യം പിടിയിലായിട്ടുള്ള ഒരുത്തൻ. മഹാ ക്രിമിനല്‍. കാണാ‍ൻ കൊള്ളാം. പെമ്പിള്ളേരെ വർത്തമാനം പറഞ്ഞു വീഴ്ത്താനും കഴിവുണ്ട്. ബന്ധുക്കളും അയൽക്കാരും വീട്ടുകാരുമൊക്കെ ഉപദേശിച്ചിട്ടും ഇവളതീന്നു പിന്മാറുകേല. അങ്ങനെയാ ഇവൾടെ അച്ഛൻ അതിലിടപെടുന്നത്. അങ്ങേര് ഒരു സാധു മനുഷ്യനാ. ഒരു പാവം കൃഷിക്കാരൻ. ഇവൾടെ അമ്മേം പാവം സ്ത്രീയാ. ഈ ബന്ധമവസാനിപ്പിച്ചേ പ റ്റൂ എന്നവരു വാശി പിടിച്ചു.

അപ്പഴാ ഇവളീ പുതിയ കഥ മെനഞ്ഞത്. ഇങ്ങനേമുണ്ടോ മക്കള്, മാഡത്തിനു വേണമെങ്കിൽ മറ്റാരോടെങ്കിലും അന്വേഷിക്കാം, ഞാൻ പറഞ്ഞത് സത്യമാണോയെന്ന്.’’

‘‘ഈ പറഞ്ഞതൊക്കെ സത്യമാണോ അർച്ചന?’’ എനിക്കു മുഖം തരാതെ കുനിഞ്ഞു നിന്ന അവളോടു ചോദിച്ചു.

‘പറയൂ കുട്ടി, നേരാണോ ടീച്ചർ പറഞ്ഞത്?’

പെട്ടെന്ന് രോഷത്തോടെ അവൾ പറഞ്ഞു. ‘‘എന്നെ എന്റെ ഇഷ്ടത്തിനു ജീവിക്കാൻ സമ്മതിച്ചാലെന്താ? ഞാൻ പ്രായപൂർത്തിയായ ഒരു പെണ്ണല്ലേ? എനിക്കിഷ്ടമുള്ളയാളുടെ കൂടെ ഞാൻ പോകും. എതിർക്കാൻ വന്നാൽ, ഞാൻ ഇതും ഇതിലപ്പുറവും ചെയ്തെന്നു വരും.’’ അപ്പോൾ അർച്ചനയുടെ അച്ഛന്റെ കവിളിലൂടെ ഒരു തുള്ളി കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

 

 

 

 

 

ADVERTISEMENT