Friday 09 February 2018 04:29 PM IST

ബന്ധം വേണ്ട എന്നു പറയും മുമ്പ്...

J. Prameeladevi

Kerala State Women's Commission Member

prameela4 വര:ധനേഷ് ജി. നായര്‍

അദാലത്താണ് രംഗം. മനുഷ്യബന്ധങ്ങളിലെ പുകയുന്ന അഗ്നിപർവതങ്ങളണയ്ക്കാൻ നിയമത്തിന്റെ ദാർഢ്യവും സ്നേഹത്തിന്റെ താക്കീതും സാന്ത്വനത്തിന്റെ തലോടലുകളുമൊക്കെ പരീക്ഷിക്കുന്ന വേദി. ‘സാറേ, ഞാനിനി ഇയാടെ കൂടെ പോകുകേല. എനിക്കിനി വേണ്ട ഈ ബന്ധം.’ മെലിഞ്ഞ് ഇരുനിറക്കാരിയായ യുവതി. നിരാശയും രോഷവുമാണ് മുഖം നിറയെ. മടിയിൽ പാതി മയക്കത്തിൽ ഒന്നര വയസ്സുകാരി. അമ്മയോടൊ ട്ടി മൂന്നു വയസ്സുകാരൻ.

‘കേട്ടല്ലോ. ഏതു നേരവും ഇതു തന്നെയാ ഇവളു പറയുന്നത്. പിന്നെ ഞാനെന്നാ ചെയ്യണം?’ ഭർത്താവിന്റെ മുഖത്തും കാർമേഘങ്ങളുരുണ്ടുകൂടുന്നുണ്ട്.

‘ബിന്ദു പറയൂ, എന്താ നിങ്ങളുടെ പ്രശ്നം?’ ഞാൻ ചോദിച്ചു.

‘കല്യാണം കഴിഞ്ഞിട്ടു നാലഞ്ചു വർഷമായി. എന്നും വീട്ടിൽ വഴക്കും ബഹളോമാ. പ ണീം കഴിഞ്ഞു കുടിച്ചേച്ചാ വരുന്നത്. മടുത്തു സാറേ, എനിക്കിനി ഇയാളെ വേണ്ട.’‌

‘നീ പൊക്കോ എവിടെയാന്നു വച്ചാൽ. എ നിക്കറിയാം എന്തിനാ എന്നെ വേണ്ടെന്നു നീ പറയുന്നതെന്ന്? എന്നെക്കൊണ്ട് പറയിപ്പിക്കരുത്’ അയാളുടെ സ്വരം കടുത്തു.

‘ആ ബൈക്കേൽ നടക്കുന്നവന്റെ കൂടെ പോ കാനല്ലേ നീയീ ബഹളം വയ്ക്കുന്നത്?’’

‘ഇല്ലാത്തതു പറയുന്നോ? സാറേ, ചിട്ടിപ്പിരുവുകാരനൊരുത്തൻ ബൈക്കേലതിലെ വരും. അയാളുടെ കൈയിൽ ചിട്ടിക്കാശു കൊടുക്കുന്നതിനാ ഈ വർത്താനം പറയുന്നത്.’’

‘ങും...എനിക്കറിയാമെടീ...’

‘സാജു നിർത്ത്. നിങ്ങൾക്കു തന്നെയറിയാം വെറും ആരോപണങ്ങൾ മാത്രമാണിതെല്ലാം എന്ന്. സത്യത്തിൽ എന്താ നിങ്ങൾക്കിടയിലെ പ്രശ്നം? സാജുവിന്റെ മദ്യപാനം, അല്ലേ?’ എ നിക്ക് അൽപം പരുഷമായി പറയേണ്ടി വന്നു. ര ണ്ടുപേരും ഒന്നടങ്ങി.

‘കുടിച്ചേച്ചു വീട്ടിൽച്ചെന്നാൽ അന്നേരം തൊടങ്ങും ഇവളു വഴക്കൊണ്ടാക്കാൻ. കൊറേ കേക്കുമ്പം എനിക്കും കലി വരും.’

‘ബിന്ദു,സാജു വീട്ടുചെലവിനൊന്നും കാശു തരാറില്ലേ?’ ഞാൻ ചോദിച്ചു.

‘അതൊക്കെയുണ്ട്. പക്ഷേ, കുടീം കഴിഞ്ഞു വന്നു കേറുമ്പം മൊതല് എന്റെ വീട്ടുകാരെ ചീത്ത വിളിക്കും. അതെനിക്കു സഹിക്കാമ്മേല.’

‘ഞാൻ കുടിക്കുന്നതിന് ഇവളെന്റെ അപ്പനേം അമ്മേയൊക്കെ കുറ്റം പറയും. അവരു വളംവച്ചു തന്നിട്ടാ ഞാൻ കുടിയനായതെന്നും പറഞ്ഞോണ്ട്. അന്നേരം ഞാനും ഇവൾടെ വീട്ടുകാരെ പറയും.’

‘ആട്ടെ, സാജുവിന് മദ്യപാനം നിർത്തിക്കൂടെ?’ ഞാൻ ചോദിച്ചു.

‘ഞാനൊരിക്കൽ നിർത്തിയതാ സാറേ. അ തുകഴിഞ്ഞ് ഇവളു പിണങ്ങിപ്പോയേപ്പിന്നെയാ ഞാൻ വീണ്ടും തൊടങ്ങിയത്.’ ‘ഞാൻ പോന്നിട്ട് എട്ടുമാസമായി സാറേ. അതിനെടേൽ സാജു ഞങ്ങളെ അന്വേഷിച്ചിട്ടുമില്ല. ആ കൊച്ചുങ്ങക്ക് ഒരു മിഠായി പോലും വാങ്ങിച്ചു കൊടുത്തിട്ടുമില്ല.’

‘ഞാൻ കൊച്ചുങ്ങളെ കാണാൻ ചെന്നിട്ട് ഇ വളും ഇവൾടെ വീട്ടുകാരും കാണിച്ചില്ല.’

‘അതെന്താ ബിന്ദു?’ എനിക്ക് സംശയമായി. ‘കൊച്ചുങ്ങളെ കാണാൻ വന്നപ്പഴും കുടിച്ചിട്ടാ വന്നത്. സാജു ഒറ്റയ്ക്കല്ല വന്നതും. ആ മൂശേ ട്ടത്തള്ളേമൊണ്ടാരുന്നു. സാജന്റെ അമ്മച്ചി’ ‘ബിന്ദൂ, ഇത്തരത്തിൽ സംസാരിക്കരുതെന്നല്ലേ പറഞ്ഞത്?’ എനിക്ക് ദേഷ്യം വന്നു.

‘എനിക്കിനി ഇവളെ വേണ്ട. ഈ ജന്മത്തില് ഞാനും ഇവളും കൂടെ ഒരുമിക്കുകേല. ഞാൻ പൊക്കോട്ടെ.?’ അയാൾ പോകാനെഴുന്നേറ്റു.

‘എനിക്കും വേണ്ട ഈ ബന്ധം.’ ബിന്ദുവും തീർത്തു പറഞ്ഞു.

‘ഇതിനല്ലല്ലോ ഞാൻ നിങ്ങളെ വിളിച്ചു വരുത്തിയത്. എട്ടുമാസത്തിനുശേഷം ആദ്യമായി തമ്മിൽ കാണുന്നയുടനെ നിങ്ങൾ രണ്ടുപേരും പരസ്പരം വഴക്കുണ്ടാക്കുകയാണു ചെയ്തത്. ഒന്നു സ്നേഹത്തോടെ നോക്കാൻ പോലും ത യാറായില്ല. നിസ്സാര കാരണങ്ങളെച്ചൊല്ലിയാണ് നിങ്ങൾ പോരടിക്കുന്നത്. മനസ്സു വച്ചാൽ മദ്യപാനം കുറച്ചുകൊണ്ടുവരാൻ സാജുവിന് കഴിയും. സാജു വന്നു കയറുന്നയുടനെ മദ്യപിക്കുന്നതിന് ശകാരിക്കുന്നതിനും പകരം ക്ഷമയോടെ പെരുമാറാൻ ബിന്ദുവിനും കഴിയും. ര ണ്ടു പേരും പരസ്പരം മനസ്സിലാക്കാൻ ശ്രമിച്ചു നോക്കൂ. എന്തിനാണ് മറ്റുള്ളവരെ ഇതിലേക്കു വലിച്ചിഴയ്ക്കുന്നത്?’

അവരുടെ മുഖത്തെ അന്ധാളിപ്പ് കണ്ട് ഞാൻ വീണ്ടും പറഞ്ഞു.

‘നോക്കൂ, നിങ്ങൾ രണ്ടുപേരെയും ഇത്രയും നേരം മാറി മാറി നോക്കിക്കൊണ്ടിരുന്ന ഈ കൊച്ചു കണ്ണുകൾ കാണാൻ നിങ്ങൾക്ക് കഴിഞ്ഞില്ലല്ലോ. തമ്മിൽ പിരിഞ്ഞാൽ, പിന്നീടൊരിക്കലും കിട്ടാൻ പോകുന്നില്ല ഈ കുഞ്ഞുങ്ങളുടെ സന്തോഷം.’

സാജുവിന്റെയും ബിന്ദുവിന്റെയും മുഖത്തെ മാംസപേശികൾ അയഞ്ഞു.

‘സാജൂ, നട്ടുച്ചയായല്ലോ. ബിന്ദുവിനും കുട്ടികൾക്കും ചോറു വാങ്ങിക്കൊടുത്തിട്ട് അവരെ കൂട്ടിക്കൊണ്ടു പോകൂ.’’

ഭാര്യയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അ യാൾ പറഞ്ഞു. ‘അവൾക്കിഷ്ടം പൊറോട്ടയും ഇറച്ചിക്കറിയുമാ സാറേ.’

മൂത്ത കുട്ടിയെ തോളിലേറ്റിയ ചെറുപ്പക്കാരന്റെ പിന്നാലെ ചെറിയ കുഞ്ഞിനെയുമെടുത്ത് ബിന്ദു നടന്നകന്നു.