Thursday 03 May 2018 04:31 PM IST

’അവന് എന്നോട് പ്രേമമാണ്, ഞങ്ങൾ തമ്മിൽ ഫിസിക്കൽ റിലേഷൻ വരെയുണ്ട്..’; അമ്മയോട് ഒരു മകളും പറയാൻ പാടില്ലാത്തത്!

J. Prameeladevi

Kerala State Women's Commission Member

prameeladevi098654

‘രാത്രി 11 മണി. കോളിങ് ബെൽ നിർത്താതെയടിക്കുന്നു. വാതിലിൽ പരിഭ്രാന്തമായ മൂന്നു മുഖങ്ങൾ. 45 വയസ്സുള്ള ഗൃഹനാഥനും ഭാര്യയും മകനും. ‘മകളെ കാണുന്നില്ല.’

‘മകൾക്കെത്ര വയസ്സുണ്ട്? നിങ്ങൾ വീട്ടിൽ ഉണ്ടായിരുന്നോ ?’

‘എല്ലാരും വീട്ടിലുണ്ടായിരുന്നു. പത്തുമണിയായിക്കാണും അത്താഴം കഴിഞ്ഞപ്പം. നാലുപേരും ഒരു മേശയ്ക്കു ചുറ്റുമിരുന്നാ കഴിച്ചത്. പിന്നെ ഞാൻ ടിവി കാണാനിരുന്നു. ഭാര്യ അടുക്കളേൽ. മോനും മോളും മുറികളിൽ പഠിക്കാൻ പോയി. മോള് ഡിഗ്രി അവസാന വർഷമാ, 20 വയസ്സുണ്ട്. പണിതീർത്ത് കിടക്കാൻ നേരത്ത് അവള് പിള്ളേരോടു സംസാരിക്കാറുണ്ട്. ഇന്നു മോൾടെ മുറീൽ ചെന്നപ്പം ആളില്ല...’

‘എന്നും മക്കൾക്ക് ഉമ്മ കൊടുത്തിട്ടാ ഉറങ്ങുന്നേ. ഇന്നു ചെന്നു നോക്കുമ്പം അവളവിടെയില്ല. എന്തു പറ്റിയോ എന്റെ പൊന്നുമോൾക്ക്.’

‘കരയാതെ. പൊലീസിലറിയിക്കാം.’ ഞാൻ സബ് ഇൻസ്പെക്ടറെ വിവരമറിയിച്ചു.

‘ഭക്ഷണം കഴിക്കുമ്പോൾ പെരുമാറ്റത്തിൽ എന്തെങ്കിലും പ്രത്യേകതയുണ്ടായിരുന്നോ?’

‘പതിവുപോലെ സന്തോഷത്തോടെയായിരുന്നു. വർത്തമാനമൊക്കെപ്പറഞ്ഞ് ഇഷ്ടമുള്ള മീൻ വറുത്തത് ഒക്കെ കഴിച്ചാരുന്നു...’

‘ഫോൺ ചെയ്യുന്നതോ  മറ്റോ കണ്ടോ?’

‘ഞങ്ങള് പഠിക്കാനിരുന്നു കഴിഞ്ഞ് ഒരു ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടിരുന്നു. പക്ഷേ, റോഡിലാണെന്നാ വിചാരിച്ചത്.’ പ്ലസ് വൺകാരനായ മകൻ പറഞ്ഞു.

‘ചുറ്റുമുള്ള സ്ഥലങ്ങളിൽ നോക്കിയോ?’

‘മുറ്റത്തെ കിണറ്റിൽ വരേം നോക്കി...’ പിതാവിന്റെ വാക്കുകൾ ഗദ്ഗദത്തിലലിഞ്ഞു.

‘മോളെ വല്ലോരും തട്ടിക്കൊണ്ടു പോയിരിക്കുമോ? പാവമാ, വല്ല അബദ്ധത്തിലും പെട്ടുപോയിരിക്കുമോ?’ അമ്മ തേങ്ങിക്കരഞ്ഞു.

‘ഒന്നുമില്ല, സമാധാനമായിരിക്കൂ...’ ഞാൻ സാന്ത്വനിപ്പിക്കാൻ ശ്രമിച്ചു. ‘മകൾക്ക് ആരോടെങ്കിലും അടുപ്പമോ മറ്റോ?’

‘ഒരിക്കമില്ല. നന്നായി പഠിക്കുന്ന കൂട്ടിയാ, പാട്ടിലും ഡാൻസിലുമൊക്കെ സമ്മാനങ്ങളും മേടിച്ചിട്ടൊണ്ട്.’ അച്ഛൻ ഉറപ്പോടെ പറഞ്ഞു.

‘ഞങ്ങടെ കൊച്ച് അത്തരക്കാരിയല്ല. പ്രേമിക്കാനൊന്നും പോകുകേല. ഞങ്ങളെ ജീവനാ അവൾക്ക്. അച്ചേം അമ്മേം വിട്ട് എങ്ങും പോകുകേലാന്നാ എപ്പഴും പറയാറ്.’ അമ്മ പൊട്ടിക്കരച്ചിലിലെത്തി.

എന്റെ മൊബൈൽ ഫോൺ ബെല്ലടിച്ചു, എസ്.ഐയാണ്. ‘അഞ്ജന എന്നു പേരുള്ള പെൺകുട്ടിയെ കണ്ടുകിട്ടിയിട്ടുണ്ട്. ഒരു ചെറുപ്പക്കാരനോടൊപ്പം ബൈക്കിൽ പോകുന്നതിനിടെ പെട്രോൾ പമ്പിൽ കയറിയതാണ്. പൊലീസുകാരുണ്ടായിരുന്നു അവിടെ.’

‘ഞങ്ങക്കവളെ കാണണം, ഇപ്പോ അവളെവിടെയുണ്ട്?’ പിതാവ് ആകാംക്ഷയോടെ ചാടിയെഴുന്നേറ്റു.

‘നമുക്ക് മോളെ ഇങ്ങു കൊണ്ടുപോരാം, അവളെ ആരു തട്ടിക്കൊണ്ടു പോയാലും  നമ്മളെ കണ്ടാൽ അവളു  കൂടെപ്പോരും.’ അമ്മയുടെ കണ്ണിൽ പ്രതീക്ഷ നിറഞ്ഞു.

ഞാൻ എസ് ഐയെ വിവരമറിയിച്ചു.  പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ ചെല്ലാൻ കൂട്ടാക്കുന്നില്ലെന്നും എന്റെയടുത്തേക്കു കൊണ്ടുവരട്ടേ എന്നുമാണ് അദ്ദേഹം ചോദിച്ചത്. അടുത്ത രംഗം ക്ലൈമാക്സാണ്. മെലിഞ്ഞ് സുന്ദരിയായ പെൺകുട്ടി, ഒരു ചെറുപ്പക്കാരന്റെ  കൈകോർത്തു പിടിച്ച് നടന്നുവന്നു.

‘മോളേ, നിനക്കെന്തു പറ്റി?  ഇവനാണോ എന്റെ പൊന്നുമോളെ തട്ടിയെടുത്തുകൊണ്ടുപോയത്?  എന്തിനാ മോളിവന്റെ ചതിയിൽ വീണത്? വാ, ഇങ്ങു വാ’ മകളെ കണ്ടപാടേ അമ്മ ആലിംഗനം ചെയ്യാനാഞ്ഞു. അവൾ അമ്മയുടെ കൈകൾ തട്ടിമാറ്റി.

‘എന്തറിഞ്ഞിട്ടാ നീയവന്റെയൊപ്പം പോയത് ?  നീയാരാ എന്റെ കുഞ്ഞിനെ പ്രേമിക്കാൻ?’ അച്ഛൻ ഗൗരവത്തോടെ അവന്റെയടുത്തേക്കു ചെന്നു. അപ്പോൾ മകൾ കൈയുയർത്തി തടഞ്ഞുകൊണ്ടു പറഞ്ഞു, ‘അച്ച ഇതിൽ ഇടപെടണ്ട. ഞങ്ങൾ പരസ്പരം ഇഷ്ടപ്പെടുന്നു, കല്യാണം കഴിക്കാൻ തീരുമാനിച്ചു. ഇന്നു ഒരു ഫ്രണ്ടിന്റെ വീട്ടിലേക്കാണ് പോകുന്നത്.  വെറുതെ തടയാൻ നോക്കണ്ട.’

‘നീയെന്തായീ പറയുന്നത്?  ഇവനെന്തു വിദ്യാഭ്യാസമുണ്ട്? ഇവന്റെ വീട്ടുകാർ ആരാ?  വല്ലതും നീ മനസ്സിലാക്കിയിട്ടുണ്ടോ?’ പിതാവിന്റെ ആകുലതയുടെ ചോദ്യങ്ങളായിരുന്നു അവ.  

‘വർക്‌ഷോപ്പിൽ മെക്കാനിക്കാണ്. വിദ്യാഭ്യാസം പത്താം ക്ലാസ്. അച്ഛൻ ഉപേക്ഷിച്ചു പോയതാണ്. അമ്മ ഹോം നഴ്സായി ജോലി ചെയ്യുന്നു. താഴെ മൂന്ന് അനിയത്തിമാരുണ്ട്. സ്വന്തമായി വീടും സ്ഥലവുമില്ല. വാടക വീട്ടിൽ താമസം. എന്താ അറിയേണ്ടതെല്ലാം അറിഞ്ഞില്ലേ, തൃപ്തിയായോ?’ മകളുടെ വാക്കുകളിൽ പുച്ഛവും നിന്ദയും രോഷവും തുളുമ്പി.

‘നിനക്കിങ്ങനെയൊക്കെ സംസാരിക്കാൻ  എങ്ങനെ സാധിക്കുന്നു ?’ അച്ഛൻ തലയ്ക്കു കൈകൊടുത്തു കസേരയിലിരുന്നു.

‘പൊന്നുമോളേ...  ജോലി കിട്ടിയിട്ട് മതി കല്യാണമെന്നല്ലേ നീ പറഞ്ഞിരുന്നത്? നിന്നെ നല്ല നിലയിൽ കെട്ടിച്ചയയ്ക്കാൻ അച്ചയ്ക്കു കഴിയുമെറിയില്ലേ...’ വീണ്ടും വാരിപ്പുണരാനൊരുങ്ങിയ അമ്മയെ മകൾ ആഞ്ഞുതള്ളി. പിന്നിൽ നിന്ന വനിതാ പൊലീസ് പിടിച്ചില്ലായിരുന്നെങ്കിൽ ആ അമ്മ വീണു പോകുമായിരുന്നു.

‘എന്തായിത്, അമ്മയോട് ഇങ്ങനെയാണോ പെരുമാറുന്നത്?’ ഞാൻ കോപമടക്കി.

‘എന്റെ കാര്യത്തിലിടപെടരുതെന്ന് ഇവരോടു പറയണം. എന്റെ ലവർ പഠിച്ചിട്ടില്ലാത്തയാളാണ്. വീട്ടിലെ സാഹചര്യവും മോശം.  പക്ഷേ, അവന് എന്നോട് പ്രേമമാണ്. ഞങ്ങൾ തമ്മിൽ ഫിസിക്കൽ റിലേഷൻ വരെയുണ്ട്. എതിരു പറയണ്ട, ഞാൻ പോകുന്നു.’ ആ അമ്മ കുറച്ചു നേരം മകളുടെ മുഖത്തേക്ക് ഇമയനക്കാതെ നോക്കി നിന്നു. പിന്നെ, ഇലയടർന്നു വീഴുംവിധം നിശബ്ദമായി താഴേയ്ക്ക് ഊർന്നുവീണു.