ആരാധകരുടെ മനസിൽ എന്നും തിളങ്ങുന്ന താരമാണ് ഹേമമാലിനി. ശരീര സൗന്ദര്യത്തിലും മുഖകാന്തിയിലും മാത്രമല്ല നഖത്തിന്റെ പോലും ഭംഗി കാത്തു സൂക്ഷിക്കുന്നതിൽ അവർ നൽകുന്ന പ്രധാന്യം എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി മേക്കപ്പ് ചെയ്യാനെത്തിയപ്പോള്‍ ഞാൻ വല്ലാത്ത ടെൻഷനിലായിരുന്നു. ഒരു കാലഘട്ടത്തിന്റെ സുന്ദരിയാണ് എനിക്ക് മുമ്പിലിരിക്കുന്നത്. പക്ഷേ, മേക്കപ്പിന്റെ ചെറിയ തലോടൽ മാത്രം മതിയായിരുന്നു ഹോമമാലിനിയെ അതി സുന്ദരിയാക്കാൻ.
വേണം ഒരു ചേഞ്ച്
പൊതുവേ ഒരു പ്രായം കഴിഞ്ഞാൽ സ്ത്രീകൾ മുടികെട്ടുന്നത് പതിവായി ചെയ്തു പതിഞ്ഞുപോയ ഒരേ ശൈലിയിൽ തന്നെയാകും. ഉദ്യോഗസ്ഥരായ സ്ത്രീകൾ പ്രത്യേകിച്ചും. ‘പരീക്ഷണങ്ങളൊന്നും ചേരില്ല... അതൊന്നും ചെയ്യാനുള്ള സമയമില്ല...’ ജോലിക്ക് പോകുന്ന സ്ത്രീകളുടെ പതിവ് പല്ലവികളാണിത്. എപ്പോഴും ഓരേ രീതി പിന്തുടരും. ഒന്നുകിൽ നടുവിലൂടെ വകച്ചിലെടുത്ത് പിറകിൽ ഒന്നിച്ച് കെട്ടി വയ്ക്കുക. അതല്ലെങ്കിൽ സൈഡിലോ പിറകിലോ ഒതുക്കി മെടഞ്ഞിടുക. ഇതിനപ്പുറത്തേക്ക് പുതിയൊരു ട്രെൻഡ് പരീക്ഷിക്കാൻ അൽപം സമയം നീക്കി വച്ചാൽ ഓരോ ദിവസവും പുത്തൻ രൂപത്തിൽ ഓഫിസിലെത്താം.
ജോലിയുടെ സ്വഭാവത്തിനും പ്രായത്തിനും അനുസരിച്ച് മുടിയിലും പരീക്ഷണം നടത്താം. സ്ഥിരമായി പിന്തുടരുന്ന വകച്ചിൽ മാറ്റി വ്യത്യസ്തമായവ പരീക്ഷിക്കാം. മുടിയെ അൽപം സ്മൂത്ത് ചെയ്ത് അഴിച്ചിടുന്നത് എല്ലാ പ്രായക്കാർക്കും ഇണങ്ങും. മുടി പൂർണമായി സ്മൂത്ത് ചെയ്താൽ കൃത്രിമത്വം തോന്നുന്നുവെന്ന വിചാരമാണെങ്കിൽ ക്രൗൺ ഏരിയ മാത്രം ട്രീറ്റ്മെന്റ് ചെയ്യാം. സ്വാഭാവികമായി കേളി ഹെയറോ മെസ്സി ഹെയറോ ഉള്ളവരാണെങ്കിൽ അതു മനോഹരമായി ഹൈലൈറ്റ് ചെയ്യുന്ന ഹെയർ സ്റ്റൈൽ പരീക്ഷിക്കാം. കൃത്രിമമായി മുടി ചുരുട്ടുന്നതും മെസ്സി ഹെയർ സ്റ്റൈൽ ചെയ്യുന്നതും അമ്പതു വയസ്സു കഴിഞ്ഞവർ ഒഴിവാക്കുന്നതായിരിക്കും ഉചിതം.
കുർത്ത അണിയുമ്പോൾ അൽപം അലസമായ ലുക് ആകാം. മുടി താഴ്ത്തി ബാൻഡ് ഇടുന്ന ലോവർ പോണി നന്നായിരിക്കും. സാരിക്കും ട്രഡീഷനൽ വസ്ത്രങ്ങൾക്കുമൊപ്പം മുടി വട്ടത്തിൽ കെട്ടി വയ്ക്കുന്നതാണ് കൂടുതൽ ഇണങ്ങുക. മുല്ലപ്പൂവോ ചെറിയ ഗോൾഡൻ ഹെയർ ആക്സസറിയോ നൽകാം.
അശ്രദ്ധയും പരിപാലനത്തിനുള്ള സമയ ക്കുറവും മൂലം ജോലിക്കാരായ സ്ത്രീകളിൽ മുടികൊഴിച്ചിൽ കൂടുതലായി കാണുന്നുണ്ട്. വോളിയമൈസിങ് ട്രീറ്റ്മെന്റ് കൊണ്ട് മുടിക്ക് കൂടുതൽ ഉള്ളു തോന്നിപ്പിക്കാനാകും. രണ്ടാഴ്ച കൂടുമ്പോൾ ഹെന്ന ചെയ്യുന്നതും മുടിക്ക് കരുത്തേകും. മുടിയിലെ നര മറയ്ക്കാൻ സ്ഥിരമായി ഉപയോഗിക്കുന്നത് ബ്ലാക് കളർ ഡൈ ആണെങ്കിൽ അതു മാറ്റി മനോഹര നിറങ്ങൾ നൽകാം. ബർഗണ്ടി, കോപ്പർ, ആന്റിക് നിറങ്ങൾ കൂടുതൽ മ നോഹരമായിരിക്കും.ആഴ്ചയിലൊരിക്കൽ നിർബന്ധമായും ഓയിൽ മസാജ് ശീലമാക്കണം. പ്രായം ഏറുംതോറും നൽകുന്ന സംരക്ഷണം മാത്രമേ സൗന്ദര്യത്തെ കാത്തുസൂക്ഷിക്കൂ.
ഇലക്ട്രിക് ബ്രഷ്
വളരെ എളുപ്പത്തിൽ മുടി സ്ട്രെയ്റ്റ് ചെയ്ത് സെറ്റ് ചെയ്യാൻ ഇലക്ട്രിക് ബ്രഷ് കരുതാം. സ്ഥിരം സ്‌റ്റൈലുകൾ മാറ്റി ചേഞ്ച് വരുത്താമെന്ന് മാ ത്രമല്ല, മനസ്സു മടുക്കുമ്പോൾ മിനി മേക്കോവർ ലഭിക്കാനും ഇത് സഹായിക്കും. ചെറിയ നനവുള്ള മുടിയിൽ സിറം പുരട്ടിയ ശേഷം ഇലക്ട്രിക് ബ്രഷിൽ ചൂട് ക്രമപ്പെടുത്തി മുകളിൽ നിന്നു താഴേക്ക് ബ്രഷ് ചെയ്യാം. 12 മണിക്കൂർ വരെ ഇത്തരത്തിൽ സെറ്റ് ചെയ്ത മുടി നിലനിൽക്കും.
