Saturday 07 July 2018 04:04 PM IST

മുഖത്തിനനുസരിച്ച് മുടിക്കെട്ടിന്റെ ശൈലി മാറ്റിയാൽ പുതിയൊരാളാകാം

Ambika Pillai

Beauty Expert

ambika-hair76

ഫാഷൻ റാംപിലും സ്റ്റേജ് ഷോകളിലും നേരിടുന്ന വലിയ വെല്ലുവിളി ഒരേ വ്യക്തിയ്ക്കു തന്നെ അഞ്ചോളം ഹെയർ സ്റ്റൈലുകൾ മാറി മാറി പരീക്ഷിക്കേണ്ടി വരും എന്നതാണ്. മിക്ക മോഡലുകളും പൂർണ തൃപ്തിയോടെയല്ല പല ഹെയർ സ്റ്റൈലും പരീക്ഷിക്കുന്നത്. എന്നാൽ ഇതിൽ നിന്നു വ്യത്യസ്തയായി എന്നെ ഏറെ വിസ്മയിപ്പിച്ച പെൺകുട്ടിയാണ് ലക്ഷ്മി റാണ.  
ഓവൽ ഷേപ്പിലുള്ള ചെറിയ മുഖമായതു കൊണ്ട് എല്ലാ ഹെയർ സ്റ്റൈലും ലക്ഷ്മിക്ക് ഒരുപോലെ ഇണങ്ങും. ഓരോ ഹെയർ സ്റ്റൈലിലും ഓരോ ലുക്കായിരുന്നു ലക്ഷ്മിക്ക്. ആ മേക്കോവേറുകളെല്ലാം ലക്ഷ്മി  ഒരുപാട് ആസ്വദിച്ചിരുന്നു. മുഖത്തിന്റെ ആകൃതി ഏതായാലും മേക്കപ്പിലൂടെ ഓരോ വ്യക്തിയുടേയും ലുക്കിൽ അ തിശയകരമായ മാറ്റങ്ങൾ സൃഷ്ടിക്കാനാകും. ഫ്രെഷ് ലുക്ക് ഇടയ്ക്കിടെ ആഗ്രഹിക്കുന്നവർക്ക് മുടിയിൽ നിന്നും തന്നെ തുടങ്ങാം.

ഒന്നു മാറ്റി പിടിക്കാം

ചുരുണ്ട അലസമായ മുടി സോഫ്റ്റ് ലുക്കിന്റെ അടയാളമാണ്. നെറ്റിയിലും കവിളിലും അല സമായി വീണു കിടക്കുന്ന ചുരുണ്ട മുടി എ പ്പോഴും കൂൾ ഫീലിങ്ങാണ് നൽകുക. കുളി കഴിഞ്ഞ് വന്നാലുടൻ നനഞ്ഞ മുടിയിൽ അൽപം സിറം പുരട്ടിയ ശേഷം ഒരു ടിഷ്യൂ ഉപയോഗിച്ച് ചുരുട്ടി കെട്ടി വയ്ക്കാം. എത്ര ചുരുളുകൾ വേണോ അതിനനുസരിച്ച് മുടി വേർതിരിച്ചെടുത്ത് കെട്ടി വയ്ക്കണം. പത്ത് മിനിറ്റ് കഴിഞ്ഞ് അഴിച്ചിട്ടു നോക്കൂ, മനോഹരമായ മുടിച്ചുരുളുകൾ ആ ദിവസം മുഴുവൻ സിംപിൾ ആൻഡ് കൂൾ ലുക്ക് നൽകും.

ഓവൽ ഷേപ്പിലോ വൃത്താകൃതിയിലോ മുഖമുള്ളവർക്ക് ഹാർഡ് ലുക്ക് സ്വന്തമാക്കുകയെന്നതാണ് ശ്രമകരമായ കാര്യം. ഹാർഡ് ലുക്ക് ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് മുടിയുടെ വകച്ചിൽ ഒഴിവാക്കുകയാണ്. അൽപം നനവുള്ള മുടിയുടെ തുടക്കം മുതൽ മധ്യഭാഗം  വരെ ഏതെങ്കിലും ഹെയർ ജെൽ പുരട്ടുക. അൽപ സമയത്തിന് ശേഷം ചീപ്പിന്റെ സഹായമില്ലാതെ കൈവിരലുകൾ ഉപയോഗിച്ച് മുടി പുറകിലേക്ക് പിടിച്ച് പോണി ടെയ്ൽ കെട്ടാം. ഹെയർ ബാൻഡിട്ട് ഉറപ്പിച്ച ശേഷം പല്ലുകൾ തമ്മിൽ അകലമുള്ള ചീപ്പുപയോഗിച്ച് തുടക്കം മുതൽ മുടി കെട്ടിയ ഭാഗം വരെ ചീകാം. മുടി കെട്ടുമ്പോൾ പോണി ടെയ്ൽ സ്റ്റൈലിന് പകരമായി ഫ്രഞ്ച് ടെയ്ൽ (ആറ് ഇഴകളെടുത്ത് പിന്നുന്നത്) രീതിയും പരീക്ഷിക്കാം, ഹാർഡ് ലുക്കിനൊപ്പം എത്‌നിക് ടച്ച് കൂടി സ്വന്തമാകും.

മുടി വകച്ചിലില്ലാതെ ഉയർത്തി പുട്അപ് ചെയ്യുന്നതും വ്യത്യസ്തമായ റഫ് ആൻഡ് ടഫ് ലുക്ക് സമ്മാനിക്കും. പുട്അപ് ചെയ്ത മുടിയിൽ ഹെയർ സ്പ്രേ ഉപയോഗിക്കാൻ മറക്കല്ലേ. മുടി വൃത്താകൃതിയിൽ തന്നെ ഏറെ നേരം ഭംഗിയായിരിക്കാൻ ഹെയർ സ്പ്രേ വേണം. പുട്അപിന് സഹായിക്കുന്ന വിവിധ തരം ബണ്ണുകളും വിപണിയിൽ ലഭ്യമാണ്. 

ഹെയർ സ്റ്റിക്

മുടി മനോഹരമായി കെട്ടിയൊതുക്കാൻ എപ്പോഴും ഒരു ഹെയർ സ്റ്റിക് കൈയിൽ കരുതാം. സിംപിൾ പ്ലെയ്ൻ സ്റ്റിക് മുതൽ മുത്തുകളും കല്ലുകളും പതിപ്പിച്ച ഓർണമെന്റൽ ഹെയർ സ്റ്റിക്കുകൾ വരെ വിപണിയിൽ ലഭ്യമാണ്. മുടി പൂർണമായി പുട്അപ് ചെയ്യാനും പാതിയെടുത്ത് അല സമായി പുട്അപ് ചെയ്യാനും ഇത്തരം സ്റ്റിക്കുകൾ മതി. മുടിയിൽ കുരുങ്ങി വലിക്കുന്ന ബാൻഡുകൾക്ക് പകരം ഹെയർ സ്റ്റിക്കുകൾ ഉപയോഗിക്കുന്നത് മുടിക്ക് കരുതലും സംരക്ഷണവും നൽകും. ഉപയോഗ ശേഷം ടിഷ്യൂ പേപ്പർ ഉപയോഗിച്ചോ പഞ്ഞി ഉപയോഗിച്ചോ ഹെയർ സ്റ്റിക് തുടച്ച് സൂക്ഷിക്കാം. അഴുക്ക് അടിഞ്ഞിരിക്കുന്നതായി തോന്നിയാൽ മേക്കപ് റിമൂവർ ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കാം.