എന്റെ ജീവിതത്തിന്റെ താളം എപ്പോഴാണ്, എവിടെയാണ് തെറ്റാൻ തുടങ്ങിയതെന്ന് കൃത്യമായി ഓർക്കാനാകുന്നില്ല. ചെറുപ്പം മുതൽ ദൈവഭക്തയായിരുന്നു ഞാൻ. ക്ഷേത്രങ്ങൾ, പ്രാർഥനകൾ, വ്രതങ്ങൾ ഒ ക്കെ ഓർമ വച്ചപ്പോൾ മുതൽ ജീവിതചര്യയുടെ ഭാഗമായിരുന്നു. ഒരു ആയുർവേദ ഡോക്ടറാണ് എന്നെ വിവാഹം കഴിച്ചത്. അദ്ദേഹത്തിനും ഭക്തി വളരെ കൂടുതലായിരുന്നു. ഭദ്രകാളിസേവയായിരുന്നു മുഖ്യം. ഞങ്ങളുടെ എല്ലാ ഐശ്വര്യത്തിനും കാരണം ഭഗവതിയാണെന്നു ഞാനും വിശ്വസിച്ചിരുന്നു.
വിവാഹശേഷം ശരിക്കും ഞാൻ ഭക്തിയുടെ അടി മയായി മാറി എന്നു പറയുന്നതാകും ശരി. ഞങ്ങൾക്കൊരു മകളുണ്ടായപ്പോൾ ദേവിയുടെ സ്ഥാനത്താണ് ഞാനും ഭർത്താവും മകളെ കണ്ടത്. അ വളുടെ പേരിൽ ഭർത്താവൊരു ക്ലിനിക് സ്വന്തമായി തുടങ്ങുകയും നേട്ടത്തിലേക്ക് പോകുകയും ചെയ്തതോടെ മോൾ ശരിക്കും ഞങ്ങളുടെ വീട്ടിലെ ദേവിയായി മാറുകയായിരുന്നു. അവളെ പട്ടൊക്കെ ധരിപ്പിച്ച് അഗ്നിപീഠത്തിലിരുത്തി പൂജ ചെയ്യുമായിരുന്നു, വിവിധ പ്രാർഥനകൾ തെറ്റാതെ ചൊല്ലാനും വ്രതാനുഷ്ഠാനങ്ങൾ പാലിക്കാനും അവളെ ഇളംപ്രായത്തിൽ തന്നെ ശീലിപ്പിച്ചു
ആ സ്ത്രീ കടന്നു വന്നപ്പോൾ
അങ്ങനെയിരിക്കെയാണ് ഞങ്ങളുടെ ജീവിതത്തിലേക്കു മറ്റൊരുത്തി കടന്നു വരുന്നത്. ഭർത്താവിന്റെ ക്ലിനിക്കിൽ ന ഴ്സ് ആയി ജോലിക്കു വന്നതാണ് അവ ൾ. അവൾക്കു പ്രത്യേക കഴിവുകളുണ്ടെന്നു ഭർത്താവു പറയാറുണ്ട്. എല്ലാ വെള്ളിയാഴ്ചയും അവൾക്കു ഭഗവതിയുടെ അനുഗ്രഹം ഉണ്ടാകുമെന്നും അവൾ ദേവീഭാവത്തിൽ ചില അതിശയങ്ങൾ പ്രവർത്തിക്കാറുണ്ടെന്നും. തീർത്തും അവശരായ ചി ല രോഗികളെ അവളുടെ അദ്ഭുത പ്രവർത്തികളാൽ ഭേദമാക്കിയെന്നുെമാക്കെയുള്ള കഥകൾ കേട്ടപ്പോൾ എനിക്കവളെ കാണാൻ വല്ലാത്ത ആശ തോന്നി.
അവൾ ആദ്യമായി വീട്ടിൽ വന്നത് വെള്ളിയാഴ്ചയാണ്. ചുവന്ന സാരിയും ബ്ലൗസും ധരിച്ച്, നിറയെ ആഭരണങ്ങളും മുടിയിൽ പൂവും ഒക്കെയായി അന്നവൾ വീട്ടിൽ പൂജ ചെയ്തു. ആ ദ്യമായി മോൾക്കു പകരം അവൾ ദേവിയായി പീഠത്തിൽ ഇരുന്നു. അവളെ ഭർത്താവ് ദീപം ഉഴിഞ്ഞു. അവൾ മന്ത്രങ്ങൾ ഉരുവിട്ടു, ധ്യാനത്തിൽ ശരീരം ആടിയുലഞ്ഞു. അവൾ അഗ്നിയിൽ ഒന്നു രണ്ടു വട്ടം കയ്യിടുന്നതു കണ്ടു. വെറും കയ്യിൽ കര്‍പ്പൂരം കത്തിച്ചു. ചുണ്ണാമ്പും മുളകും കലക്കിയ വെള്ളം കണ്ണു തുറന്നു പിടിച്ച് തലയിലൂടെ കമഴ്ത്തി. പൂജ കഴിഞ്ഞ് ഒരു തരത്തിലുള്ള പൊള്ളലോ നീറ്റലോ ഇല്ലാതെ ഞങ്ങളോടൊപ്പം ഇരുന്നു കഞ്ഞി കുടിച്ചു. ഇതൊക്കെ പോരെ അവളിൽ വിശ്വാസം തോന്നാൻ?
പിന്നെ അതു പതിവായി. എല്ലാ വെള്ളിയാഴ്ചയും അവൾ വീട്ടിൽ വരും. വാവ് ദിവസങ്ങളിൽ പൂജാനുഷ്ഠാനങ്ങൾ പാതിരാ വരെ പോകും. അവൾ എന്നു പറഞ്ഞാൽ ഭർത്താവിനൊരു വെപ്രാളമായിരുന്നു. അതു ഭക്തി മാത്രമാണെന്നാണ് ഞാൻ കരുതിയത്. മകളുടെ നാളും ജനന സമയവും മോശമാണെന്നും കുടുംബത്തിന് ദോഷകരമാകുമെന്നും പരിഹാര ക്രിയകൾ ചെയ്തില്ലെങ്കിൽ വീട് നശിക്കുമെന്നും അവൾ ഞങ്ങളോട് നിരന്തരം പറഞ്ഞു. പരിഹാരക്രിയകളായി നിർദേശിച്ച പലതും ക്രൂരമായിരുന്നെങ്കിലും എന്റെ ഭർത്താവ് മോളെക്കൊണ്ട് അതൊക്കെ ചെയ്യിച്ചു. അല്ലെങ്കിൽ ശിക്ഷിച്ചു ചെയ്യിക്കണം എന്ന ആ നഴ്സിന്റെ നിർദേശവും അദ്ദേഹം അക്ഷരം പ്രതിപാലിച്ചു. അഞ്ചു വയസ്സ് മാത്രമുള്ള മോൾക്ക് അതിക്രൂരമായ ശാരീരിക പീഡകൾ ഏൽക്കേണ്ടി വന്നതിനു ഞാൻ മൂകസാക്ഷിയായി. എല്ലാം ദൈവാനുഗ്രഹത്തിനു വേണ്ടിയല്ലേ എന്നു കരുതി ആശ്വസിച്ചു.
നിധി പ്രതീക്ഷിച്ച് ഇരുട്ട് മുറിയിൽ
ഒരു വെള്ളിയാഴ്ച പൂജയ്ക്കു ശേഷം അവൾ എന്നോടു പറഞ്ഞു,‘അടുത്ത അമാവാസി വരെ വെളുത്ത വസ്ത്രം ധരിച്ചു വ്രതം നോക്കണം. ഒരു നേരം മാത്രം ഭക്ഷണം, അതും പച്ചരി ചോറും മുളകും മാത്രം. ദിവസവും 108 തവണ ലളിതാസഹസ്രനാമം ചൊല്ലണം. ഇരുട്ടു മുറിയിൽ കഴിയണം. അമാവാസി പൂജ കഴിയുമ്പോൾ നിങ്ങൾക്ക് നിധിയാണു കിട്ടാൻ പോകുന്നത്. കൂടാതെ ഗർഭിണിയായ നിനക്കൊരു പുത്രൻ പിറക്കും.അവൻ വീടിന്റെ ഐശ്വര്യമായി മാറും.’ എന്നൊക്കെ.
എനിക്കപ്പോൾ ഗർഭമുണ്ടെന്നു ഭർത്താവിനോടു പോലും പറഞ്ഞിരുന്നില്ല. സന്തോഷത്തോടെ ഞാനെന്റെ ദൗത്യം ഏ റ്റെടുത്തു. മോളുടെ കാര്യങ്ങൾ അവളും ഭർത്താവും നോക്കിക്കൊള്ളാമെന്നാണു പറഞ്ഞത്. അപ്പോഴേക്കും ആ നഴ്സ് വീട്ടിൽ സ്ഥിരതാമസമാക്കിയിരുന്നു. ഇടയ്ക്കിടെ മോൾ അലറിക്കരഞ്ഞു കൊണ്ട് എന്റെയടുത്തേക്കു ഓടി വരും. എന്നെ പൊള്ളിച്ചു, അടിച്ചു, നോവുന്നു, നിർത്താൻ പറയമ്മേ, എന്നൊക്കെ കരഞ്ഞു പറയും. പക്ഷേ, ഉടൻ തന്നെ ഭർത്താവ് വന്ന് അവളെ കൂട്ടി കൊണ്ടുപോകും. മോളുടെ ശരീരത്തിൽ ചില പൊള്ളലുകൾ ഞാൻ കണ്ടിട്ടുണ്ട്, പക്ഷേ, അതിലൊക്കെ ഉടൻ തന്നെ ഭർത്താവു മരുന്നു പുരട്ടും. കുടിക്കാനും കൊടുക്കും കു റെ കഷായം. അതുകൊണ്ടു ഞാൻ എന്റെ ഭക്തിയിൽ ശ്രദ്ധിച്ചു ദിവസങ്ങൾ മുന്നോട്ടു കൊണ്ടു പോയി.
അമാവാസി പൂജയുടെ പിറ്റേന്ന് കാലത്തു മോൾ മരിച്ചു കിടക്കുന്നതാണ് ഞാൻ കണ്ടത്. അവളുടെ പുറകു വശം മുഴുവൻ പൊള്ളിയിരുന്നു. പൂജ കഴിഞ്ഞയുടൻ നഴ്സ് പോയെന്നും ഉറങ്ങാൻ കിടക്കുന്ന തു വരെ മോൾക്കു കുഴപ്പം ഇ ല്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു കൊണ്ടിരുന്നു.
കഠിനവ്രതം കാരണം എ ന്റെ ശരീരം ആകെ ക്ഷീണിച്ചും ശുഷ്‌കിച്ചും പോയിരുന്നു. മനസ്സിനെയും ആ തളർ ച്ച ബാധിച്ചിരുന്നു. കൂട്ടത്തിൽ ഗർഭവും കൂടിയായപ്പോൾ എനിക്കൊന്നും ശരിക്കു ഗ്രഹിക്കാ ൻ കൂടി കഴിഞ്ഞില്ല. അദ്ദേഹം എന്നോടു പറഞ്ഞു, ‘അല്ലെങ്കിലും ഇവൾ നമുക്കൊരു ശാപമായിരുന്നു. ഇനി എല്ലാം നല്ലതേ വരൂ. നമ്മുടെ ക്ലിനിക് ഏതാണ്ട് അടച്ചു പൂട്ടലിന്റെ വക്കിലാണ്. വരവൊന്നും തീരെയില്ല. ഇനി നമുക്ക് നിധി കിട്ടാൻ പോകുകല്ലേ, മകളെയോര്‍ത്തു നീ വിഷമിക്കണ്ട. എല്ലാം ഈശ്വരനിശ്ചയം എന്നു കരുതൂ.’’ അതു േകട്ട് ഞാൻ വിറങ്ങലിച്ചു നിന്നു.
വീട്ടില്‍ ദുർമരണം നടന്നതറിഞ്ഞ് പൊലീസ് വന്നു. അന്വേഷണം തുടങ്ങി. മോളുടെ ശരീരം അവർ പോസ്റ്റ്മോർട്ടത്തിനു കൊണ്ടുപോയി. അന്നു തന്നെ ഭർത്താവിനെ പൊലീസ് സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടു പോയി. പിറ്റേന്ന് അദ്ദേഹത്തെയും അവളെയും അറസ്റ്റ് ചെയ്തു. പൊലീസ് ചോദ്യം ചെയ്യാൻ വ ന്നപ്പോഴാണ് ഞാൻ പലതും അറിയുന്നത്. എന്റെ ഭർത്താവും ആ നഴ്സും തമ്മിൽ അവിഹിത ബന്ധം ഉണ്ടായിരുന്നു, അ വർ തമ്മിൽ വിവാഹം ചെയ്യാൻ തീരുമാനം എടുത്തിരുന്നു, അവൾ ഗർഭിണിയായിരുന്നു എന്നൊക്കെ.
എന്റെ ഭക്തി മുതലെടുത്ത്, എന്നെയും മോളെയും ഇല്ലാതാക്കാൻ അവർ കളിച്ച നാടകമായിരുന്നു ദേവി ചമയലും പൂജയും ഒക്കെ. ‘മാസങ്ങളായി ശാരീരിക ഉപദ്രവം ഒരു കുഞ്ഞിന്റെ മീതെ നടക്കുന്നത് ഞാൻ എന്തു കൊണ്ട് അറിഞ്ഞില്ല? എ ന്തു കൊണ്ടാണതു തടയാഞ്ഞത്, എന്തുകൊണ്ട് ആരോടും പറഞ്ഞില്ല? ഞാനും കൂടെ അറിഞ്ഞുകൊണ്ടു നടത്തിയ കൊലപാതകമല്ലേ ഇത്, സ്വന്തം മോളെ ഇങ്ങനെ അതിക്രൂരമായി പീഡിപ്പിക്കാറുണ്ടായിരുന്നു എന്ന് അറിയാത്ത അമ്മയുണ്ടാകുമോ’ എന്നൊക്കെ ചോദ്യം വന്നു.
ശരിയാണ്, ഞാൻ എല്ലാം അറിഞ്ഞിരുന്നു. െെദവത്തിനു വേണ്ടിയല്ലേ, നല്ലതിനു േവണ്ടിയല്ലേ എന്നു കരുതി ഒന്നും ആ രോടും പറഞ്ഞില്ല എന്നു മാത്രം. പിഞ്ചു ശരീരത്തിൽ മാസങ്ങളോളം ഏറ്റ പൊള്ളലും മുറിവുകളും സെപ്റ്റിക് ആയാണ് അവൾ മരിച്ചതെന്നു പൊലീസ് പറഞ്ഞു. കേസിലെ മൂന്നാം പ്രതിയായി പൊലീസ് എന്നെ അറസ്റ്റ് ചെയ്തു. മകളെ കൊല്ലാൻ ഭർത്താവിനും അദ്ദേഹത്തിന്റെ കാമുകിക്കും ഒപ്പം കൂട്ടു നിന്നു എന്ന കുറ്റത്തിന്.
കഴിഞ്ഞ 24 വർഷമായി ഞാൻ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. കോടതി ശിക്ഷയ്ക്കു ശേഷം നൽകിയ അപ്പീലുകൾ എല്ലാം തള്ളിപ്പോയി. കാരണം മോളുടെ ശരീരത്തിൽ ഉണ്ടായിരുന്ന മുറിവുകളുടെ വിശദീകരണം തന്നെ. അതു വായിച്ചാൽ ആരും വിറങ്ങലിച്ചു പോകുമായിരുന്നത്രേ. എന്റെ വക്കീൽ വ രെ കരഞ്ഞു പോയി എന്നാണു പറഞ്ഞത്.
തൊട്ടടുത്തുള്ള ജയിലിൽ ഭർത്താവുണ്ട്, എന്നോടൊപ്പം അവളുമുണ്ട് ഇവിടെ. ജയിലിൽ വച്ചാണ് ഞാൻ മോനെ പ്രസവിക്കുന്നത്. അതിനു മുൻപു തന്നെ അവളും ഒരു പുത്രന് ജന്മം നൽകി. അവൾ ജയിലിൽ വരുമ്പോൾ നാലു മാസം ഗർഭിണി ആയിരുന്നു എന്നു പിന്നീടാണു ഞാൻ അറിയുന്നത്.
ഭർത്താവിന്‍റെ രണ്ടു പുത്രന്മാർ. പക്ഷേ, രണ്ടുപേരെയും സ്നേഹിക്കാനോ ലാളിക്കാനോ ഇതേവരെ അദ്ദേഹത്തിന് ആയിട്ടില്ല എന്നു മാത്രം.
മോന് ഇപ്പോൾ ഒരു ചെറിയ ജോലിയുണ്ട്. അവനെ ആറ് വയസ്സിനു ശേഷം വളർത്തിയതും പഠിപ്പിച്ചതും ഒക്കെ എന്റെ കുടുംബക്കാരാണ്. ഭർത്താവിന് ഇപ്പോഴും പഴയ നഴ്സിനോടാണ് പ്രിയം. അവർ പരോളിൽ ഇറങ്ങി ഒന്നിച്ചു കഴിയാറുണ്ട്.
വിചിത്രമെന്നു പറയട്ടെ, ഞാനും അവളും നല്ല സുഹൃത്തുക്കളാണ് ഇവിടെ. പഴയതൊന്നും സംസാരിക്കാറോ ഓർക്കാറോ പോലും ഇല്ല. ഭക്തി തീരെ ഇല്ല. എന്റെ അറസ്റ്റിനു ശേ ഷം ഒരിക്കൽ പോലും ഞാൻ ദൈവത്തെ വിളിച്ചു പ്രാർഥിച്ചിട്ടുമില്ല. അധികമായാലാണ് അമൃതും വിഷമാകുന്നത് എന്നറിയാഞ്ഞിട്ടല്ല, മനസ്സിന് ഭക്തി തോന്നണ്ടേ...?