ഞാൻ ഇത്രനാൾ ജീവിച്ച അത്രയും കാലം, ചിലപ്പോൾ അതിലേറെ നാൾ, ഈ കാരാഗൃഹത്തിൽ കഴിയേണ്ടി വരും. ശരിക്കും ഞാൻ അർഹിക്കുന്ന ശിക്ഷ ജീവപര്യന്തമല്ല. ആർക്കും വേണ്ടാത്തൊരു ജന്മമായിരുന്നു എന്റെയും. അമ്മ വീട്ടുകാരെ ധിക്കരിച്ചു പ്രേമിച്ചയാളിനോടൊപ്പം ഓടിപ്പോയി ഉണ്ടായ മകളാണ് ഞാൻ. അയാൾ അമ്മയെ ഉപേക്ഷിച്ചപ്പോൾ എന്നെ ആർക്കും വേണ്ടാതായി. എങ്ങനെയോ ഞാൻ വളർന്നു. വളരെ മാനസ്സികമായി യാതനയും ഉപദ്രവങ്ങളും നിറഞ്ഞതായിരുന്നു എന്റെ ബാല്യം. അമ്മ വീണ്ടും വിവാഹിതയായി. പത്താം തരത്തിൽ പഠിത്തം നിർത്തി ഞാൻ വീട്ടുജോലി ചെയ്തു ജീവിച്ചു. വിവാഹപ്രായം എത്തിയിട്ടും അമ്മയെപ്പോലെ ഞാൻ ആരുടേയും കൂടെ ഒളിച്ചോടിയില്ല. അതുകൊണ്ടാകും നാട്ടിലെ ഏതോ ഒരാളുടെ ഏതോ ഒരു ബന്ധുവുമായി എന്റെ വിവാഹം ഉറപ്പിച്ചതും എന്നെ അയാൾക്ക് കല്യാണം ചെയ്തു വിട്ടതും.
പത്തു പവൻ ആഭരണങ്ങളും മൂന്നു ലക്ഷം രൂപയുമാണ് സ്ത്രീധനമായി നൽകിയത്. നല്ല രീതിയിൽ മാത്രം ജീവിച്ചിട്ടും ഞാനൊരു മോശം സ്ത്രീയാണെന്ന മട്ടിലായിരുന്നു ഭർത്താവിന്റെ പെരുമാറ്റം. ഒരു സ്വകാര്യ ബസിലെ ഡ്രൈവർ ആയിരുന്നു പുള്ളി. സർവ സമയവും തമ്പാക്ക് വായിലിട്ടാണ് നടപ്പ്. മദ്യപാനത്തിനൊപ്പം കഞ്ചാവും ഉപയോഗവും ഉണ്ടെന്ന് പിന്നീടാണ് മനസ്സിലായത്.
വീട്ടിൽ വരുമ്പോഴൊക്കെ ഒരു വലിയ ബാഗ് കൊണ്ടു വെക്കാറുണ്ട്. പിന്നെ വീട്ടിലേക്കു ആൾക്കാരുടെ പ്രവാഹമാണ്. ബാഗിൽ നിന്നു ചെറിയ പൊതികൾ വരുന്നവർക്കു കൊടുക്കും, രാത്രിയാകുമ്പോൾ ബാഗ് രൂപ കൊണ്ട് നിറയും. ഇത് ശരിയായ ഏർപ്പാടല്ല എന്നെനിക്കറിയാമായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും ഇത് തന്നെ പരിപാടി. മയക്കുമരുന്ന് കച്ചവടം! കാശ് നിറച്ച ബാഗ് എടുക്കാൻ വരുന്നവൻ യുവാവാണ്. കാണാൻ ചേലുള്ള ഒരാൾ. അയാൾക്ക് എന്നോട് പ്രത്യേക താൽപര്യം ഉണ്ടായിരുന്നു. നല്ല പെരുമാറ്റം ആയിരുന്നു. പതിയെ എനിക്കും അയാളെ ഇഷ്ടമായി തുടങ്ങി.
ഞാൻ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്ന സമയമായിരുന്നു അത്. അതൊന്നും അവൻ കാര്യമാക്കിയിരുന്നില്ല. ഏകദേശം എന്റെ അതേ പ്രായമായിരുന്നു അവനും. പ്രശ്നം കൂടുതൽ സങ്കീർണമാക്കുന്നതു പോലെ എന്റെ ഭർത്താവ് അവനെ പല കാര്യത്തിനായി വീട്ടിൽ വിടാൻ തുടങ്ങി. അങ്ങനെയൊരു വരവിലാണ് ഞങ്ങൾ തമ്മിൽ അവിഹിത ബന്ധം ഉടലെടുത്തത്. ‘ചേച്ചീടെ ഭർത്താവിന് ഇതിൽ വിരോധമൊന്നുമില്ല, കേട്ടോ. ഞാൻ അയാളോട് ചോദിച്ചു. അവൾ സമ്മതിച്ചാൽ ആയിക്കോട്ടേ എന്ന് പറഞ്ഞു.’ അത് കേട്ട് ഞാൻ ഞെട്ടിപ്പോയെങ്കിലും ആശ്വസിക്കുകയായിരുന്നു.
മൂത്ത മോനെ ഭർത്താവിന്റെ മാതാപിതാക്കൾക്ക് വലിയ കാര്യമാണ്. രണ്ടാമത് എനിക്കുണ്ടായത് മോളാണ്. പ്രസവം കഴിഞ്ഞു വീട്ടിൽ എത്തിയ ശേഷവും ഞാൻ അവനുമായുള്ള ബന്ധം തുടർന്നു. അതിനെന്റെ ഭർത്താവ് എതിര് നിന്നിട്ടുമില്ല. അവൻ എന്നെ ചേച്ചി എന്ന് വിളിക്കുമ്പോഴൊക്കെ ഞാൻ അവനെ കളിയാക്കി 'അനിയാ' എന്നും വിളിച്ചിരുന്നു. അവൻ വന്നിട്ട് പോകുമ്പോൾ ഭർത്താവിന്റെ അമ്മ എന്നെ വെറുപ്പോടെ നോക്കി മുറ്റത്തേക്ക് നീട്ടി തുപ്പുമായിരുന്നു.
മോൾക്ക് രണ്ടു വയസ്സായപ്പോൾ ഒരു ദിവസം രാത്രിയോടെ പതിവുപോലെ വലിയ ഒരു ബാഗുമായി ഭർത്താവു വീട്ടിൽ വന്നു കയറി. അദ്ദേഹം കുളിക്കാനായി പോയപ്പോൾ ഒരു വലിയ വണ്ടി നിറയെ കേന്ദ്ര മയക്കുമരുന്ന് നിരോധന ബ്യൂറോയിലെ പൊലീസുകാർ വീട്ടിൽ വന്നു ഭർത്താവിനെ പിടിച്ചു കൊണ്ട് പോയി. മയക്കുമരുന്ന് നിറച്ച ബാഗും അവർ കണ്ടെടുത്തു. ഒരാഴ്ചയ്ക്ക് ശേഷം ഞാനും കാമുകനും കൂടി അദ്ദേഹത്തെ ജയിലിൽ പോയി കണ്ടു. ‘എനിക്ക് ജാമ്യം കിട്ടുകില്ല. ശിക്ഷിക്കും എന്നുറപ്പാണ്. നീ ഇനി ഇവൻ പറയുന്നത് കേട്ട് നിന്നാൽ മതി.’ അദ്ദേഹം കാമുകനെ ചൂണ്ടി എന്നോട് പറഞ്ഞു.
പാഴായ പ്രതീക്ഷകൾ
കാമുകന്റെ വീട്ടിലേക്കുള്ള വരവും പോക്കും ഭർത്താവിന്റെ വീട്ടുകാർ തടഞ്ഞു. വീട്ടിൽ നിന്ന് കാമുകനൊപ്പം ഇറങ്ങാമെന്ന് കരുതിയപ്പോൾ മകളെ കൂടെ കൊണ്ടുപോകാൻ അവന് സമ്മതമില്ല. മൂത്തമോനെ നോക്കിക്കോളാം എന്നു പറഞ്ഞ ഭർത്താവിന്റെ വീട്ടുകാർ രണ്ടാമത്തേത് അവരുടെ മകന്റെ മോളല്ല എന്നു പറഞ്ഞ് ബഹളമായി.
ഒടുവിൽ ഭർത്താവ് ജയിലിൽ നിന്ന് മാതാപിതാക്കളോട് ഫോണിൽ വിളിച്ച് അപേക്ഷിച്ചു. ‘രണ്ടും എന്റെ മക്കളാണെന്ന് എനിക്കുറപ്പുണ്ട്. അവരെ വളർത്താനുള്ള രൂപയൊക്കെ ഞാൻ എത്തിച്ചു തരാം. നിങ്ങളെന്റെ മകളെ കൈവിടരുത്.’ പക്ഷേ, അവർക്കത് വിശ്വാസം വന്നില്ല. ഒടുവിൽ മകളെ കൂടി കൂടെ കൊണ്ടുപോകണമെന്ന് പറഞ്ഞ് കാമുകന്റെ കാലുപിടിക്കേണ്ട ഗതികേട് വന്നു അദ്ദേഹത്തിന്.
കുറച്ചു ദൂരെ ഒരു വാടക വീടെടുത്താണ് ഞാനും അവനും മോളുമായി താമസം തുടങ്ങിയത്. ആങ്ങളയും പെങ്ങളുമാണ് എന്റെ ഭർത്താവ് ഗൾഫിലാണെന്നാണ് നാട്ടുകാരോട് പറഞ്ഞത്. ഒരു വർഷം അങ്ങനെ കടന്നു പോയി. ഒരു ദിവസം അവൻ എന്നോട് പറഞ്ഞു.
‘നമ്മളുടെ കൂടെ താമസിക്കാൻ ഒരാൾ കൂടി വരും. ആരെങ്കിലും ചോദിച്ചാൽ ഗൾഫിൽ ഉള്ള ഭർത്താവ് അവധിക്ക് വന്നതാണെന്ന് പറഞ്ഞാൽ മതി. മയക്കുമരുന്ന് കേസിലെ പ്രതിയാണ് അയാൾ. ഒളിവിൽ കഴിയാനാണ് വരുന്നത്. അധികം ദിവസം നമ്മുടെ കൂടെ ഉണ്ടാകില്ല.’ അവൻ പറയുന്നത് അനുസരിക്കാനെ നിവൃത്തിയുണ്ടായിരുന്നുള്ളൂ.
പുതുതായി വന്ന ആൾ ശരിയല്ലെന്ന് ആദ്യ ദിവസം തന്നെ മനസ്സിലായി. ഒരു ദിവസം വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയം അയാൾ എന്നെ മാനഭംഗപ്പെടുത്തി. എനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല.
‘ നീ കരയുകയൊന്നും വേണ്ട. നിന്റെ സ്വഭാവം നിന്റെ ഭർത്താവ് തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. അവനും നിന്റെ ഈ ‘അനിയൻ കാമുകനു’മൊക്കെ ജോലി ചെയ്യുന്നത് എനിക്ക് വേണ്ടിയാണ്.’ അത് കേട്ട് ഞാൻ ഞടുങ്ങി. പിന്നെ, ആ ദുഷ്ടന്റെ ആജ്ഞയനുസരിച്ചായി ജീവിതം. മകളെ അടുത്തുള്ള സ്കൂളിൽ എൽകെജിയിൽ ചേർത്തു.
ശപിക്കപ്പെട്ടവളാണ് ഞാൻ
ഇടയ്ക്ക് ഞാനും കാമുകനും ഒരുമിച്ച് ജയിലിൽ പോയി ഭർത്താവിനെ കാണും. അതുപോലെ ഒരിക്കൽ പോയി വന്നപ്പോൾ ബസ് കിട്ടാൻ വൈകി. ഇരുട്ടിയാണ് വീട്ടിൽ എത്തിയത്. അയാൾ മുറ്റത്ത് ബീഡിയും വലിച്ച് ഇരിക്കുന്നു. മകളെ കാണുന്നില്ല. എന്റെ നെഞ്ചിലൊരു കൊള്ളിയാൻ പാഞ്ഞു. ഞാൻ അലറിക്കരഞ്ഞു.
‘ നീ കരയേണ്ട. മോൾ കളിച്ചപ്പോൾ വീണു. തലയിടിച്ചു.’ അയാളുടെ വിശദീകരണത്തിൽ സംശയം തോന്നി ഞാൻ അകത്തേക്കോടി. ഒരു ഷീറ്റിൽ പൊതിഞ്ഞു കിടത്തിയിരിക്കുന്നു എന്റെ കുഞ്ഞിനെ. ഒരമ്മയ്ക്കും ഒരിക്കലും സഹിക്കാനാകാത്ത കാഴ്ച. കരഞ്ഞ് പുറത്തേക്കിറങ്ങിയ എന്നെ അയാൾ ബലമായി മദ്യം കുടിപ്പിച്ചു. മദ്യത്തിനൊപ്പെ മറ്റെന്തെങ്കിലും കലർത്തിയിരുന്നോ എന്ന് അറിയില്ല. പിറ്റേന്ന് നേരം പുലർന്നു കഴിഞ്ഞാണ് ഞാൻ ഉണർന്നത്. മോളുടെ ശരീരം കാണാനില്ല.
‘ രാവിലെ ഇവനുമായി പോയി സ്റ്റേഷനിൽ പോയി പരാതി കൊടുക്കണം. സ്കൂളിൽ പോയ മോളെ കാണാനില്ലെന്ന് പറഞ്ഞ്. കാര്യമൊക്കെ അവൻ പറഞ്ഞോളും. നീ ചുമ്മാ കരഞ്ഞോണ്ട് നിന്നാ മതി.’ അയാൾ കൽപിച്ചു.
സ്റ്റേഷനിൽ ചെന്ന് പരാതി കൊടുത്തു. കുറേ നേരം കഴിഞ്ഞാണ് എസ്.ഐ സാർ എന്റെയടുത്ത് വന്നത്. അദ്ദേഹം ഒരു ചോദ്യവും ചോദിക്കുന്നതിനു മുൻപേ എനിക്കറിയാവുന്നതെല്ലാം ഞാൻ തുറന്നു പറഞ്ഞു. കുറേ ദിവസം കഴിഞ്ഞാണ് നടന്നതെല്ലാം പൊലീസുകാർ പറഞ്ഞ് ഞാൻ അറിയുന്നത്. പൊലീസിന്റെ തല്ലു കിട്ടിയപ്പോൾ എന്റെ കാമുകൻ നടന്നതെല്ലാം അവരോട് പറഞ്ഞു.
ഞങ്ങൾ ഒളിവിൽ പാർപ്പിച്ചിരുന്ന ആ ദുഷ്ടൻ നാലു വയസ്സുള്ള എന്റെ മകളെ പീഡിപ്പിച്ചു കൊല്ലുകയായിരുന്നു.. എന്നിട്ട് എന്റെ കാമുകനെയും കൂട്ടി ശരീരം മറവ് ചെയ്തു.
‘ ചെറിയ കൊച്ചല്ലേ ഇങ്ങനെ ഒറ്റയ്ക്കാക്കി പോകാമോ?. കേസിൽ നീയും പ്രതിയാണ്.’ വനിതാ പൊലീസുകാരി എന്നോട് പറഞ്ഞു. അഞ്ചു വർഷത്തിനു ശേഷമാണ് കേസ് വാദത്തിനു വരുന്നത്. അതുവരെ എന്നെ ജാമ്യത്തിലെടുക്കാൻ ആ രും വന്നില്ല. വക്കീലന്മാർ ചോദിച്ചതിനൊക്കെ ഞാൻ അറിയാവുന്നതെല്ലാം പറഞ്ഞു.
‘വെറും നാല് വയസ്സ് മാത്രമുള്ള സ്വന്തം മകളെ ബലാൽസംഗം ചെയ്യാൻ വിട്ടുകൊടുത്ത ഞാനൊരമ്മയാണോ? മകൾ കൊല്ലപ്പെട്ടതറിഞ്ഞിട്ടും പ്രതികരിക്കാതെ നിന്ന ഞാൻ ഒരു ദയയും അർഹിക്കുന്നില്ല.
എന്നിട്ട് മോളെ കാണാനില്ല എന്ന് പൊലീസിന് പരാതിയും കൊടുത്തു. എനിക്കീ ശിക്ഷ പോരാ, എന്നെ എരിതീയിൽ ജീവനോടെ എറിയുകയാണ് വേണ്ടത്! എനിക്ക് എന്തു ശിക്ഷ തന്നാലും മതിയാകില്ല. ശരിയല്ലേ?