Tuesday 24 April 2018 02:44 PM IST

മനം നിറയ്ക്കുന്ന ഒരു കഥൈ സൊല്ലട്ടുമാ?

Naseel Voici

Columnist

VIKRAM-VEDHA

നഗരത്തിനെ ആകെ വിറപ്പിക്കുന്ന ഒരു ഗുണ്ടാനേതാവ്. അയാളെ പിടിക്കാന്‍ ഒരുങ്ങിയിറങ്ങുന്ന ഒരു സംഘം പൊലീസ് ഓഫീസര്‍മാര്‍. തുടര്‍ന്ന് നടക്കുന്ന അന്വേഷണങ്ങളും സംഘട്ടനങ്ങളും...കേട്ടും കണ്ടും മടുത്ത ഒരു സിനിമയുടെ മസാല മണക്കുന്നുണ്ടാവും അല്ലേ? എന്നാല്‍ 'ലീഫ് വാസു' പറഞ്ഞ പോലെ 'ഇതതല്ല'. പകരം ശരിയുടെയും തെറ്റിന്റെയും ഇടയിലുള്ള ആ ചാരനിറ വരിയില്‍ നില്‍ക്കുന്ന, ഓരോ സീനിലും ഡയലോഗിലും പ്രേക്ഷകനെ പുതിയൊരു ചിന്തയിലേക്കും ആകാംക്ഷയിലേക്കും നയിക്കുന്ന, കയ്യടിപ്പിക്കുന്ന ഒരു സിനിമയുടെ കൂടി വണ്‍ലൈനാണ്. തമിഴകത്തെയും മലയാളി പ്രേക്ഷകരെയുമെല്ലാം ഒരുപോലെ കീഴടക്കിയ 'വിക്രം വേദ'യെന്ന വിജയ് സേതുപതി-മാധവന്‍ ചിത്രത്തിന്റെ വണ്‍ലൈന്‍. ഇനിയൊരു കഥൈ സൊല്ലട്ടുമാ?

വേദ എന്ന ഗ്യാങ്സ്റ്ററിനെയും അയാളുടെ സംഘത്തെയും ഇല്ലാതാക്കാന്‍ ഒരു പ്രത്യേക പൊലീസ് ടീം തന്നെ മുന്നിട്ടിറങ്ങുകയാണ്. വിക്രം, സൈമണ്‍ എന്നീ പൊലീസുകാരാണ് ടീം ലീഡേഴ്സ്. കുറ്റവാളികളെ കൊന്നുകളയുന്നതില്‍ ഒരു മടിയുമില്ലാത്ത, ശരിയുടെ പക്ഷത്ത് നിലകൊള്ളുന്ന രണ്ട് ഓഫീസര്‍മാര്‍. സ്പെഷ്യല്‍ ഓപറേഷനുകളിലൂടെ ഓരോരുത്തരെയായി ഇവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം എന്‍കൗണ്ടര്‍ ചെയ്യുന്നു, പക്ഷേ ഒടുക്കം വേദ മാത്രം ബാക്കിയായി. വേദ ഒളിച്ചിരിക്കുന്ന ഇടത്തെക്കുറിച്ച് വിവരം കിട്ടുകയും അയാളെ എന്‍കൗണ്ടറിലൂടെ കൊന്നു കളയാന്‍ പ്ലാന്‍ തയാറാക്കുന്നു. പക്ഷേ എല്ലാ കണക്കുകൂട്ടലുകളും തെട്ടിച്ച് പൊലീസ് സ്റ്റേഷനിലേക്ക് ഒരാളെത്തുകയാണ്, വേദ. തോക്ക് താഴെ വച്ച് അയാള്‍ കീഴടങ്ങുന്നു.

Vikram_Veda-11

വെറുതെയായിരുന്നില്ല ആ വരവ്. ചോദ്യം ചെയ്യലിനിടയില്‍ വേദ വിക്രമിനോട് ഒരു കഥ പറയട്ടെയെന്ന് ചോദിക്കുന്നു. എല്ലാ ക്രിമിനലുകള്‍ക്കുമുള്ളത് പോലെ ''കഷ്ടപാട് നിറഞ്ഞ ബാല്യം, കുടുംബത്തിന്റെ ഉത്തരവാദിത്വം'' എന്ന ലൈനിലുള്ള കഥയല്ലേ എന്ന് പറഞ്ഞ് വിക്രം അതിനെ പരിഹസിക്കുന്നു. പക്ഷെ വേദ കഥ പറയുന്നു. കഥൈ സൊല്ലട്ടുമാ എന്ന ആ സേതുപതി ചോദ്യത്തോടെ സിനിമയുടെ അരങ്ങ് മുറുകുകയാണ്. അതുവരെ പ്രേക്ഷകന്‍ ചിന്തിച്ച വഴികളില്‍ നിന്ന് സിനിമ പുതിയൊരു വഴിയിലേക്ക് മാറിനടക്കുന്നു. നാടോടിക്കഥയിലെ വിക്രമാദിത്യനോട് വേതാളം ചോദിച്ച പോലെയുള്ള ചോദ്യങ്ങളില്‍ കഥയവസാനിക്കുമ്പോള്‍ ശരിക്കും തെറ്റിനുമിടയിലുള്ള ചാരനിറത്തില്‍ വിക്രമെന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഉത്തരം പറയാന്‍ പതറുന്നു.

തെറ്റുകളൊന്നും ചെയ്യാത്ത തന്റെ അനിയന്‍ എങ്ങനെയാണ് പൊലീസ് എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടത് എന്നും, എന്തുകൊണ്ടാണ് എന്‍കൗണ്ടറില്‍ തന്റെയാളുകള്‍ മാത്രം കൊല്ലപ്പെടുന്നത് എന്നുമുള്ള അയാളുടെ അന്വേഷണത്തിന്റെ ഭാഗം കൂടിയാണ് വിക്രമിനോടുള്ള ഈ കഥപറച്ചില്‍. കഥയില്‍ ഒളിപ്പിച്ചുവയ്ക്കുന്ന സൂചനകള്‍ വിക്രം ആലോചിക്കാതെ പോകുന്ന പിന്നാമ്പുറ സത്യങ്ങളിലേക്കുള്ള വെളിച്ചവും.

vedha-vikrrannn

വേദയെ ജാമ്യത്തിലിറക്കാന്‍ വരുന്നത് വിക്രമിന്റെ ഭാര്യ പ്രിയയാണ്. വിക്രം ചിന്തിക്കാതെ പോകുന്നിടത്ത്, തന്റെ കഥകള്‍ വിക്രമിലേക്കെത്തിക്കാന്‍ വേദ കണ്ടെത്തുന്ന മാര്‍ഗം കൂടിയാണ് പ്രിയ. കഥകളിലൂടെയും അതിലെ സൂചനകളിലൂടെയും പൊലീസ് സംഘം നടത്തിയ എന്‍കൗണ്ടറുകള്‍ക്ക് പിന്നിലെ മറ്റു കഥകള്‍ ചുരുളഴിയുകയാണ്. വേദ എങ്ങനെ വേദയായെന്നും അയാള്‍ ചെയ്തെന്ന് പറയുന്ന കൊലപാതകങ്ങള്‍ക്കു പിന്നിലെ നേരുകളും ഓരോന്നായി പ്രേക്ഷകന് മുന്നിലെത്തുന്നു. ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളാണ് പിന്നീടുള്ള ഓരോ രംഗവും.

വേദയ്ക്ക് അകമ്പടിയായെത്തുന്ന പശ്ചാത്തല സംഗീതം നല്‍കുന്ന മാസ് അപ്പീല്‍ സിനിമയില്‍ ഏറെ നിര്‍ണായകമാണ്. അതൊരുക്കിയ സാം സിഎസിന്റെ കരവിരുതിന് കൊടുക്കണം കയ്യടി. ക്യാമറ ചെയ്ത് പിഎസ് വിനോദും വിക്രമായെത്തിയ മാധവനും പ്രിയയായെത്തിയ ശ്രദ്ധ ശീനാഥും ഗുണ്ടാനേതാവ് 'ചേട്ടനായെത്തിയ' ഹരീഷ് പേരടിയുമെല്ലാം വേഷങ്ങള്‍ ഗംഭീരമാക്കി. പക്ഷേ എല്ലാത്തിനും മീതെ വിജയ് സേതുപതിയുടെ വേദ തന്നെ സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. വൈകാരിക രംഗങ്ങളിലും ഡയലോഗ് ഡെലിവറിയിലുമെല്ലാം വേദയായ സേതുപതി പുലര്‍ത്തുന്ന കയ്യടക്കം ഏറെ മികച്ചതാണ്.

Vikram-Vedha-Movie-Video-Songs

സിനിമയോളം തന്നെ രസകരമാണ് ഈ ചിത്രമൊരുക്കിയ സംവിധായകരുടെ കഥയും. പുഷ്കര്‍-ഗായത്രി ദമ്പതിമാരാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ഊണിലും ഉറക്കത്തിലും യാത്രയിലുമെല്ലാമായി നാലുവര്‍ഷമെടുത്താണ് ഈ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനം ഇരുവരും പൂര്‍ത്തിയാക്കിയത്. തിരക്കഥയുടെ ആ ബ്രില്യന്‍സും പെര്‍ഫെക്ഷനും ഓരോ രംഗത്തും തെളിഞ്ഞു കാണാം.

വേദയുടെ കഥകളിലൂടെ വിക്രം ചെന്നെത്തുന്ന സത്യങ്ങള്‍ അയാളുടെ തെറ്റ്-ശരി ധാരണകളെ തിരുത്താന്‍ പാകത്തിലുള്ളതായിരുന്നു. തന്റെ കൂടെയുള്ളവര്‍ തന്നെ കാശ് വാങ്ങി ചെയ്ത എന്‍കൗണ്ടറുകളെക്കുറിച്ചറിയുമ്പോള്‍ അയാള്‍ പതറുന്നു. പക്ഷേ വേദയുടെ സഹായത്തോടെ വിക്രം അവരെ കീഴടക്കി. തന്റെ അനിയനെ കൊന്നവരോടുള്ള പക വേദയും തീര്‍ത്തു. ഒടുക്കം വേദയും വിക്രമും പരസ്പരം തോക്കു ചൂണ്ടി നില്‍ക്കുന്നിടത്ത്, പ്രേക്ഷകന് ഉത്തരം പറയാന്‍ ഒരു ചോദ്യമവശേഷിപ്പിച്ചാണ് സിനിമ അവസാനിക്കുന്നത്.

vikram-veee