Thursday 24 June 2021 02:23 PM IST

‘കഥയൊന്ന് കേൾക്ക്’ എന്ന് ഞങ്ങൾ, ‘ഞാൻ വന്നിരിക്കുന്നത് ഒരു സൂപ്പർഹിറ്റ് സിനിമയില്‍ അഭിനയിക്കാനാണ്’ എന്ന് മമ്മൂക്ക: ഹിറ്റ്ലർ പിറന്ന കഥ

V.G. Nakul

Senior Content Editor, Vanitha Online

siddique

‘സുന്ദരിമാരെ കെട്ടിപ്പൂട്ടിയ ഭൂതത്താൻ’

അസഹിഷ്ണുക്കളായ കാമുക ഹൃദയങ്ങൾ അയാളെ വിശേഷിപ്പിച്ചത് അങ്ങനെയാണ്. മാത്രമല്ല, ‘ഹിറ്റ്ലര്‍’ എന്നൊരു ഇരട്ടപ്പേര് കൂടി അവർ അയാൾക്ക് നൽകി. പക്ഷേ, അയാളുടെ കൺവെട്ടത്ത് ചെല്ലാനോ മുഖത്തു നോക്കി ഇതൊന്നും പറയാനോ അവർക്കു ധൈര്യമില്ല. അവർക്കെന്നല്ല ആർക്കും. അയാളാണ് ‘ഹിറ്റ്ലർ മാധവൻകുട്ടി’. പെങ്ങൻമാർക്കു വേണ്ടി ജീവിതം സമർപ്പിച്ച, അവർക്കു വേണ്ടി സ്വന്തം പ്രണയം പോലും മാറ്റിവച്ച, മനസ്സിൽ സ്നേഹക്കടലൊളിപ്പിച്ച കർക്കശക്കാരൻ.

ഒടുവില്‍ ചെയ്യാത്ത തെറ്റിന് അയാൾ വേട്ടയാടപ്പെടുന്നു, സ്നേഹിച്ചവരെല്ലാം അയാളെ തള്ളിപ്പറയുന്നു. അപ്പോഴും ഓരോ പ്രേക്ഷകരും ഹൃദയത്തിൽ തൊട്ടാഗ്രഹിച്ചു; ‘ഇങ്ങനെയൊരു ചേട്ടന്‍ എനിക്കുണ്ടായിരുന്നെങ്കിൽ...’

സിദ്ദിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഹിറ്റ്ലർ’ എന്ന മെഗാഹിറ്റ് ചിത്രത്തിൽ മമ്മൂട്ടി അനശ്വരമാക്കിയ കഥാപാത്രമാണ് മാധവൻകുട്ടി. മമ്മൂട്ടിയുടെ മികച്ച ഏട്ടൻ കഥാപാത്രങ്ങളിൽ ഒന്ന്.

‘‘പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് പുല്ലേപ്പടിയിൽ ഞങ്ങൾ പയ്യ ന്മാരുടെ ഒരു ഗ്യാങ്ങുണ്ടായിരുന്നു.’’ സിദ്ദിഖ് ഒാര്‍ക്കുന്നു. ‘‘ക്ലാസ്സില്ലാത്തപ്പോഴും വൈകുന്നേരങ്ങളിലുമൊക്കെ ഞങ്ങൾ ജംങ് ഷനിലും പരിസരത്തുമൊക്കെ കാണും. അങ്ങനെയിരിക്കെ ഒരു പുതിയ കുടുംബം അവിടെ വാടകയ്ക്ക് താമസിക്കാനെത്തി. ഞങ്ങളെക്കാൾ പ്രായം കുറഞ്ഞ, സുന്ദരിയായ ഒരു പെൺകുട്ടിയും അവളുടെ അച്ഛനും അമ്മയും ചേട്ടനും. ചേട്ടൻ ഞങ്ങളെക്കാള്‍ മൂത്ത ഒരാളാണ്. പെൺകുട്ടി വൈകുന്നേരങ്ങളിൽ പുസ്തകം വായിച്ച് ടെറസിലൂടെ നടക്കും. അതോടെ പയ്യൻമാരെല്ലാം ആ വീടിനെ ചുറ്റിപ്പറ്റിയായി കറക്കം.

ആ വീടിനു മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോകുക, ആ വീടിന് മുന്നിലെത്തുമ്പോൾ സൈക്കിളിന്റെ ചെയിൻ തെറ്റിയ പോലെ ഇറങ്ങി നിൽക്കുക, ഒരാൾ അപ്പുറത്തു നിന്നും ഒരാൾ ഇപ്പുറത്തു നിന്നും നടന്നു വന്ന് ആ വീടിന്റെ മുന്നിൽ നിന്നു സംസാരിക്കുക... തുടങ്ങിയ രസകരമായ പരിപാടികൾ. പെൺകുട്ടിയെ കാണുക എന്നതാണ് ലക്ഷ്യം. പെൺകുട്ടിയാണെങ്കിൽ ഞങ്ങളുടെ കൂട്ടത്തിലെ ചില സുന്ദരൻമാരെ നോക്കി ചിരിക്കുന്നുമുണ്ട്. അതോടെ അവളുടെ ചിരി കിട്ടാനുള്ള മത്സരമായി.

ഇതിനിടെയാണ് ഞാൻ മറ്റൊരാളെ ശ്രദ്ധിച്ചത്. പെൺകുട്ടിയുടെ ചേട്ടനെ. കക്ഷിക്ക് ഞങ്ങളുടെ ഗ്യാങ്ങിന്റെ എല്ലാ പരിപാടിയും മനസ്സിലാകുന്നുണ്ട്. ജനാലയിൽ കൂടി നോക്കി ദേഷ്യത്തോടെ പല്ലിറുമ്മും. ഞാൻ പുള്ളിയുടെ ടെൻഷനെക്കുറിച്ചാണ് പ്രധാനമായും ചിന്തിച്ചത്.

കുറേക്കാലം കഴിഞ്ഞ് ആ കുടുംബം വീട് മാറിപ്പോയി. പെ ൺകുട്ടിയെയും മറന്നു. പക്ഷേ, ആ ചേട്ടന്‍ ഒരു കഥാപാത്രമായി മനസ്സിൽ കിടന്നു. അതാണ് ‘ഹിറ്റ്ലർ മാധവൻകുട്ടി’ യുടെ ആദ്യ സ്പാർക്.’’

മമ്മൂക്കയ്ക്ക് വേണ്ടി ഒരു കഥ

‘സിദ്ദിഖും ലാലും’ ഒന്നിച്ചു സംവിധാനം ചെയ്ത അവസാന സിനിമ ‘കാബൂളിവാല’യാണ്. അതിനു ശേഷം ‘മാന്നാർ മ ത്തായി സ്പീക്കിങ്ങി’ന്റെ തിരക്കഥ ഒന്നിച്ച് എഴുതി.

‘‘മമ്മൂക്കയെ നായകനാക്കി ഒരു സിനിമ ചെയ്യണം എന്ന് നേരത്തെ ആഗ്രഹിച്ചിരുന്നതാണ്. അതിനിടെയാണ് ഞങ്ങൾ പിരിഞ്ഞത്.’’ സിദ്ദിഖ് ‘ഹിറ്റ്ലര്‍’ ഒാര്‍മകളിലേക്കു തിരിച്ചെത്തി. ‘‘ലാല്‍ നിർമാതാവും ഞാൻ സംവിധായകനുമായി പുതിയ സിനിമ ആലോചിച്ചപ്പോൾ മമ്മൂക്ക നായകനാകണം എ ന്നുറപ്പിച്ചു. മമ്മൂക്കയും സമ്മതിച്ചതോടെയാണ് അദ്ദേഹത്തിന് പറ്റിയ കഥയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.

മദ്രാസ് അശോക് നഗറിൽ ഒരു വീടിന്റെ രണ്ടാമത്തെ നില വാടകയ്ക്കെടുത്ത് കഥയുണ്ടാക്കാൻ എന്നെ അവിടെ കൊണ്ടാക്കി. ഭക്ഷണം എത്തിക്കാൻ ഒരു പയ്യനെയും ഏർപ്പാടാക്കിയിരുന്നു. അവിെട െചന്ന് മുകൾനിലയിലേക്കു കയറിപ്പോയ പടികൾ, ഒന്നരമാസം കഴിഞ്ഞു മടങ്ങാന്‍ സമയത്താണ് ഞാൻ തിരിച്ചിറങ്ങുന്നത്. ആ ഒന്നരമാസം ‘ഹിറ്റ്ലർ മാധവൻകുട്ടി’യുടെ പിറവിക്കാലമായിരുന്നു.

siddique

വ്യത്യസ്തനായ ചേട്ടൻ

മമ്മൂക്കയെ ഒരു ചേട്ടനാക്കിയാലോ എന്നു ചിന്തിച്ച ഉടൻ കുട്ടിക്കാല അനുഭവത്തിെല പെൺകുട്ടിയുടെ ചേട്ടൻ എന്റെ മനസ്സിൽ വന്നു. ഒരു പെങ്ങളുള്ള അയാൾ അത്രയും ടെൻഷനടിച്ചിട്ടുണ്ടെങ്കിൽ നാലും അഞ്ചും െപങ്ങന്മാരുള്ള ഒരു ആങ്ങള യുടെ അവസ്ഥ എന്തായിരിക്കും? ആ ചിന്തയിൽ നിന്നാണ് ‘ഹിറ്റ്ലർ മാധവൻകുട്ടി’ യുടെ ജനനം.

മുന്‍പും മമ്മൂക്ക, ചേട്ടൻ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഹിറ്റ്ലറിന് ശേഷമാണ് ഇങ്ങനെ ഒരു ചേട്ടന്‍ ഉണ്ടായിരുന്നെങ്കിലെന്ന് സ്ത്രീകൾ, പ്രത്യേകിച്ച് പെൺകുട്ടികൾ ആഗ്രഹിച്ചു തുടങ്ങിയത്.

പ്രേക്ഷകർ ഇഷ്ടപ്പെടുന്ന മമ്മൂക്കയുടെ എല്ലാ മാനറിസങ്ങളും ഉൾക്കൊള്ളുന്ന കഥാപാത്രമായിരിക്കണം മാധവൻകുട്ടി എന്നു തീരുമാനിച്ചിരുന്നു. അത്തരത്തിലാണ് ആ റോൾ ത യാറാക്കിയത്. ഒപ്പം മറ്റ് ചേട്ടൻ കഥാപാത്രങ്ങളിൽ നിന്നു വ്യത്യസ്തനായിരിക്കണമെന്നും നിർ‌ബന്ധമുണ്ടായിരുന്നു.

മമ്മൂക്കയോട് ആദ്യം കഥാപാത്രത്തെക്കുറിച്ചു മാത്രം പ റഞ്ഞിരുന്നു. ‘സ്നേഹനിധിയായ ഒരു ചേട്ടനാണ്, പെങ്ങന്മാ ർക്കു വേണ്ടിയാണ് അയാള്‍ ജീവിക്കുന്നത്. ഒരു ഘട്ടത്തിൽ സഹോദരിമാർ പോലും അയാളെ തള്ളിപ്പറയുന്നു’ എന്ന് ഒറ്റ വരിയില്‍.

‘ഇതു കൊള്ളാം. രസമുണ്ട്...’ എന്നു പറഞ്ഞ് അദ്ദേഹം പ്രോത്സാഹിപ്പിച്ചു. പക്ഷേ, തിരക്കഥ പൂർത്തിയാക്കി ഞാനും ലാലും മദ്രാസിലെ മമ്മൂക്കയുടെ വീട്ടിൽ കഥ പറയാൻ നാലഞ്ചു തവണ പോയെങ്കിലും കഥ പറയാൻ അദ്ദേഹം സമ്മതിച്ചില്ല. രാവിലെ ചെന്നാൽ ഭക്ഷണമൊക്കെ തന്നു വൈകുന്നേരം വരെ മറ്റു പലതും സംസാരിക്കും. ‘കഥ ഇപ്പോൾ പറയേണ്ട, പിന്നെ കേൾക്കാം’ എന്നാണ് എന്നത്തെയും മറുപടി.

ഒടുവിൽ ഷൂട്ടിങ്ങിന്റെ തലേദിവസം ഞങ്ങള്‍ കഥ പറയാൻ വീണ്ടും മമ്മൂക്കയുടെ അടുത്തു പോയി. ‘കഥയൊന്നു കേൾക്ക്’ എന്ന് ഞങ്ങൾ. അപ്പോള്‍ മമ്മൂക്ക പറഞ്ഞു, ‘ഞാൻ വ ന്നിരിക്കുന്നത് ഒരു സൂപ്പർഹിറ്റ് സിനിമയിൽ അഭിനയിക്കാനാണ്. എനിക്ക് കഥയൊന്നും കേൾക്കണ്ട. പലരും പറഞ്ഞു, മുകേഷും ജഗദീഷും ഇന്നസെന്റും കൊച്ചിൻ ഹനീഫയുമുൾപ്പടെ സിദ്ദിഖ് ലാൽ‌മാരുടെ സ്ഥിരം നടൻമാരെല്ലാം സിനിമയില്‍ ഉണ്ട്, ഇവർക്കിടയിലിട്ട് നിങ്ങളെ ഞെരുക്കിക്കളയുമെന്ന്. ഞാനവരോടൊക്കെ പറഞ്ഞത്, എനിക്ക് അഭിനയിക്കാനറിയാമെന്നു തെളിയിക്കാൻ സിദ്ദിഖ് ലാലിന്റെ പടം വേണ്ട. ഈ സിനിമ വിജയിപ്പിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ് എന്നുമാണ്.’

മമ്മൂക്ക, േവണ്ട എന്നു പറഞ്ഞെങ്കിലും അന്നു ഞങ്ങള്‍ വിട്ടു േപാന്നില്ല. രാത്രി ഇരുന്നു തിരക്കഥ മുഴുവനും വായിച്ചു േകള്‍പ്പിച്ചിട്ടാണു മടങ്ങിയത്.

പേര് വന്ന വഴി

ഒരു കൂട്ടുകാരന്റെ അച്ഛനെ ഞങ്ങൾ വിളിച്ചിരുന്ന പേരാണ് ഹിറ്റ്ലർ. ആൾ ഭയങ്കര കർക്കശക്കാരനാണ്. വൈകുന്നേരം മിക്കപ്പോഴും രാത്രി 12 മണി വരെയൊക്കെ ഞങ്ങൾ ജംങ്ഷനിൽ കാണും. എന്നാൽ എട്ടു മണിയാകുമ്പോൾ അവന്റെ അച്ഛന്‍ അവിടെ പ്രത്യക്ഷപ്പെടും. അപ്പോൾ തന്നെ അവൻ വീട്ടിൽ പോകും. മക്കളുടെ കൂട്ടുകാർ വീട്ടിൽ ചെന്നാൽ ഗെയിറ്റിൽ നി ർത്തി കാര്യം ചോദിച്ചിട്ടേ അകത്തേക്കു കയറ്റി വിടൂ. അങ്ങ നെയാണ് അദ്ദേഹത്തെ ‘ഹിറ്റ്ലർ’ എന്നു വിളിക്കാൻ തുടങ്ങിയതും സിനിമയില്‍ കർക്കശക്കാരനായ ചേട്ടന് ആ പേര് ഇരട്ടപ്പേരായി കൊടുത്തതും.

ഹിറ്റ്ലര്‍ എന്ന പേരു കേട്ടപ്പോഴേ മമ്മൂക്കയ്ക്കും ഇഷ്ടമായി. സിനിമ റിലീസ് െചയ്തപ്പോൾ വേറിട്ട ഒരു പരസ്യം ഞങ്ങള്‍ കൊടുത്തിരുന്നു. യഥാർഥ അഡോള്‍ഫ് ഹിറ്റ്ലർ, ഹിറ്റ്ലര്‍ മാധവൻകുട്ടിക്ക് കൈ കൊടുത്തിട്ട് പറയുകയാണ്, ‘എന്റെ പേരുദോഷം നിങ്ങൾ മാറ്റി’ ആ പരസ്യം വന്ന ശേഷം ഒരു പത്രം എഴുതി, ‘ഫാസിസ്റ്റ് ശക്തിയെ തിരിച്ചു കൊണ്ടു വരുന്നതിനായുള്ള ശ്രമത്തിന്റെ ഭാഗമാണിത്’ എന്ന്. സിനിമയിലുള്ളതിനെക്കാൾ വലിയ തമാശ വായിച്ച് ഞങ്ങളെല്ലാം പൊട്ടിച്ചിരിച്ചു.

‘ഹിറ്റ്ലർ’ എന്ന പേരിട്ടാൽ ഒരു ആക്‌ഷൻ സിനിമയാണെന്ന് ആളുകൾ കരുതുമെന്ന് പലരും പറഞ്ഞു. ആ ആശങ്ക തുടക്കത്തിലേ ഒഴിവാക്കാൻ, മമ്മൂക്കയും ഏഴു പെങ്ങൻമാരും കൂടി നടന്നു വരുന്ന ഒരു പടം ഉപയോഗിച്ചാണ് ആദ്യ പോസ്റ്റർ ഒ രുക്കിയത്. അതോടെ, ഇതു വേറൊരു തരം ‘ഹിറ്റ്ലർ’ ആണെന്ന് പ്രേക്ഷകർക്ക് മനസ്സിലായി.

അതാണ് മമ്മൂക്ക

മാധവൻകുട്ടിയെ രൂപപ്പെടുത്തുമ്പോൾ, മമ്മൂക്കയുടെ വിജയിച്ച എല്ലാ മാനറിസങ്ങളും നിരീക്ഷിച്ച്, അതൊക്കെ കഥാപാത്രത്തിൽ കൊണ്ടു വന്നിട്ടുണ്ട്. ഇമോഷൻ, ഗൗരവം, ആക്ഷന്‍, ഫാമിലിമാൻ ഇമേജ് തുടങ്ങി മമ്മൂക്കയുടെ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന എല്ലാ സവിശേഷതകളും അത്ര കാലം ഉപയോഗിച്ചതിൽ നിന്നു വ്യത്യസ്തമായി ഹിറ്റ്ലറിൽ ഉൾപ്പെടുത്തി. മാധവൻ കുട്ടിയുടെ വസ്ത്രധാരണം മുതൽ മുടി ചീകുന്നതെങ്ങനെയായിരിക്കണം എന്നു വരെ കൃത്യമായി മനസ്സിലുണ്ടായിരുന്നു. സിനിമ മറ്റു ഭാഷകളിലേക്കു മൊഴിമാറ്റാനുള്ള താൽപര്യത്താൽ, മാധവൻകുട്ടി പാന്റിട്ടാലോ എന്നു ലാല്‍ ചോദിച്ചു. പക്ഷേ, ഞാൻ സമ്മതിച്ചില്ല. കാരണം മാധവൻ കുട്ടി ഒരു കർഷകനാണ്. അയാൾ പാന്റിട്ടു വയലിലൂടെ നടക്കുന്നതിലും നല്ലത് മുണ്ട് മാടിക്കുത്തി നടക്കുന്നതാണ്. ലാലും സമ്മതിച്ചു. അതേ പോലെ മറ്റു ഭാഷയിലേക്ക് ഡബ് ചെയ്യുന്നത് മ നസ്സിൽ വച്ച് സിനിമ ചെയ്യുന്നതും നല്ലതാണെന്ന് എനിക്കു തോന്നിയില്ല.

മമ്മൂക്കയുടെ ഹെയർസ്റ്റൈൽ ഒരു തർക്കവിഷയമായിരുന്നു. മാധവൻകുട്ടി മുടി പിന്നിലേക്കു ചീകി വയ്ക്കുന്ന ആളാണെന്നു ഞങ്ങള്‍ പറഞ്ഞപ്പോൾ മമ്മൂക്ക സമ്മതിച്ചില്ല. ബാക്കി എല്ലാ കാര്യങ്ങളും സമ്മതിച്ച മമ്മൂക്ക ഇതിനു മാത്രം ഉടക്കിട്ടു. ഷൂട്ടിന്റെ അന്നു ലാൽ ചെന്നു പറഞ്ഞപ്പോഴും മുടി ഒരു വശത്തേക്കു, നെറ്റിയിലേക്കു ചരിച്ചിട്ടിരിക്കുന്ന സ്റ്റൈൽ മമ്മൂക്ക മാറ്റിയില്ല. റിഹേഴ്സലിനും അതായിരുന്നു ഗെറ്റപ്പ്. പക്ഷേ, ടേക്ക് ആയപ്പോൾ അദ്ദേഹം മേക്കപ്മാനെ വിളിച്ച് മുടി പിന്നിലേക്ക് ചീകി വച്ചു. ഞങ്ങള്‍ മനസ്സില്‍ കണ്ട അേത മാധവന്‍കുട്ടി. അഭിനയം കഴിഞ്ഞ് എെന്‍റയും ലാലിന്‍റെയും മുഖത്തു നോക്കി ചിരിയോെട ചോദിച്ചു, ‘ഹാപ്പിയായോ...?’ അതാണ് മമ്മൂക്ക.

ഹിറ്റ്ലറിൽ ധാരാളം കഥാപാത്രങ്ങളുണ്ട്. ആ കഥാപാത്രങ്ങൾക്കൊക്കെ കഥയിൽ നിർണായക സ്വാധീനവുമുണ്ട്. എ ന്നാൽ ബാക്കി എല്ലാ കഥാപാത്രങ്ങളും മാധവൻകുട്ടിക്ക് താഴെയാണ് താനും. അങ്ങനെയാണ് ആ പടം ചെയ്തിരിക്കുന്നത്. ഷൂട്ടിങ് തീര്‍ന്ന ദിവസം മമ്മൂക്ക പറഞ്ഞു, ‘ഞാൻ ഈ സി നിമയില്‍ കാര്യമായി ഒന്നും ചെയ്തതായി എനിക്കു തോന്നുന്നില്ലല്ലോ...’ അപ്പോൾ ഞാൻ പറഞ്ഞു, ‘അതാണ് മമ്മൂക്ക അ തിന്റെ സുഖം. സിനിമ കണ്ടു കഴിയുമ്പോൾ മമ്മൂക്കയ്ക്ക് മനസ്സിലാകും എല്ലാം ചെയ്തിരിക്കുന്നത് മമ്മൂക്കയാണെന്നും അ തു ഗംഭീരമാണെന്നും.’ അതായിരുന്നു സത്യം.