Tuesday 22 June 2021 03:44 PM IST : By Jacob Varghese Kunthara

കാര്യമായ പരിചരണം ഇല്ലെങ്കിലും പൂവിടും ഗ്രൗണ്ട് ഓർക്കിഡ്; ഉദ്യാനത്തിൽ ഓർക്കിഡ് വസന്തമൊരുക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

orchiddd333

മോഹിപ്പിക്കുന്ന ഭംഗി കണ്ടാകും ഓർക്കിഡിന് ഉദ്യാനത്തിൽ ഇടം നൽകുക. സമയക്കുറവ് കാരണം വേണ്ടത്ര ശ്രദ്ധ നൽകാനാകില്ല. ഉദ്യാനത്തിൽ ഓർക്കിഡ് വസന്തമൊരുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടവരുടെയെല്ലാം അനുഭവമിതാകും. കാര്യമായ ശ്രദ്ധയും പരിചരണവും നൽകിയില്ലെങ്കിലും നന്നായി വളരുകയും പൂവിടുകയും ചെയ്യുന്ന ഓർക്കിഡ് ഇനങ്ങളാണ് ഗ്രൗണ്ട് ഓർക്കിഡ്. ഇവ ചട്ടിയിലോ നിലത്തോ നടാം. കേരളത്തിലെ കാലാവസ്ഥയിൽ വളർത്താൻ യോജിച്ച ഗ്രൗണ്ട് ഓർക്കിഡ് ഇനങ്ങളെ അറിയാം.

സ്പാത്തോഗ്ലോട്ടിസ്  

നേരിട്ട് വെയിൽ കിട്ടുന്നിടത്ത് ചട്ടിയിലും നിലത്തും ഒരു പോലെ വളർത്താൻ യോജിച്ച ഇനം. വേരുകൾ മുഴുവനായും മണ്ണിൽ പടർന്ന് ആവശ്യമായ വെള്ളവും വളവും വലിച്ചെടുക്കും. പരമ്പരാഗത വയലറ്റ്, വെള്ള നിറങ്ങളിലുള്ളവയും സങ്കര ഇനങ്ങളായ മഞ്ഞ, പർപ്പിൾ, മജന്ത, പീച്ച്, ഓറഞ്ച് നിറങ്ങളിൽ പൂക്കളുള്ളവയുമുണ്ട്. കടുത്ത മഴക്കാലമൊഴിച്ചുള്ള കാലാവസ്ഥയിലെല്ലാം പൂവിടും. പൂക്കൾക്ക് ചെടിയിൽ രണ്ട് ആഴ്ചയോളം ആയുസുണ്ടാകും.  

ആരോഗ്യമുള്ള  തൈകൾ വേരുൾപ്പെടെ വേർപെടുത്തിയെടുത്തു നട്ടുവളർത്താം. പരമ്പരാഗത ഇനങ്ങൾ നിലത്തും ചട്ടിയിലും ഒരു പോലെ വളർത്താം. പുൽത്തകിടി മോടിയാക്കാൻ യോജിച്ച ഇനമാണ്.

ഗുണനിലവാരമുള്ള ചുവന്ന മണ്ണും ആറ്റുമണലും മണ്ണിരകമ്പോസ്റ്റും അൽപം കുമ്മായവും  കലർത്തിയ മിശ്രിതത്തിൽ ചെടി നിലത്തും ചട്ടിയിലും നടാം. ന ട്ടിരിക്കുന്നിടത്ത് വെള്ളം തങ്ങിനിൽക്കാതെ ശ്രദ്ധിക്കണം. നവീന സങ്കര ഇനങ്ങൾ രാവിെല  ഇളം വെയിൽ കിട്ടുന്നിടത്തു വളർത്തുന്നതാണ് നല്ലത്.

pencil-vanda-4

പെൻസിൽ വാൻഡ

നാല്– അഞ്ച് അടി  ഉയരത്തിൽ വളരുന്ന ഓർക്കിഡ് ഇനം. ഇലകൾക്ക് ഉരുണ്ട പെൻസിലിന്റെ ആകൃതിയാണുള്ളത്. തണ്ടിന്റെ മുട്ടുകളിൽ നീളമുള്ള വേരുക ൾ വളരും. തണ്ടുകൾക്ക് അത്ര ബലമില്ലാത്തതുകൊണ്ട് ഈ വേരുകൾ ഉപയോഗിച്ച് പടർന്നാണ് വളരുക. വർഷത്തിൽ പല തവണ പൂവിടും. അനുകൂല കാലാവസ്ഥയിൽ പൂക്കൾ ഒന്ന്– രണ്ടു മാസം ചെടിയിൽ കൊഴിയാതെ നിൽക്കും.

വളർച്ചയെത്തിയ ചെടിയിലെ രണ്ട്, മൂന്ന് വേരുകളെങ്കിലുമുള്ള ശാഖകൾ മുറിച്ചെടുത്തു നടാം. തേങ്ങയുടെ ഉണങ്ങിയ പൊതിമടലും ഓടിന്റെ കഷണങ്ങളും വലിയ തരിയുള്ള ആറ്റുമണലും കലർത്തിയെടുത്ത മിശ്രിതം ചട്ടിയിൽ നിറച്ചതിൽ ഒരു താങ്ങ് ഇറക്കി ഉറപ്പിക്കണം. ഇതിലേക്കു മുറിച്ചെടുത്ത തണ്ട് കെട്ടി നിർത്താം. നിലത്തു നടാനും ഇതേ മിശ്രിതം മതിയാകും. നല്ല വെയിൽ കിട്ടുന്നിടത്താണ് ചെടി വളർത്തേണ്ടത്. തണ്ടുകളുടെ മുട്ടുകളിൽ ഉണ്ടാകുന്ന വേരു കൾ താഴേക്ക് വളർന്ന് മിശ്രിതത്തിൽ ഇറങ്ങി ചെടി നിവർന്നു നിൽക്കാൻ സഹായിക്കും. ചാണകം, കടലപ്പിണ്ണാക്ക് ഇവ പുളിപ്പിച്ചതിന്റെ തെളി നേർപ്പിച്ചത് ജൈവവളമായി നൽകുന്നത് ഈ ഓർക്കിഡ് സമൃദ്ധമായി പൂവിടാൻ നല്ലതാണ്.

Bamboo Orchid (Arundina graminifolia)

ബാംബൂ ഓർക്കിഡ്

ഒറ്റനോട്ടത്തിൽ മുളയോട് സാമ്യം തോന്നുന്നത് കൊ ണ്ടാണ് ഈ പേര്. ആറ് – ഏഴ് അടി ഉയരത്തിൽ വളരുന്ന ഈ പൂച്ചെടി നിലത്തും നട്ടുവളർത്താം. നേരിട്ട് വെയിൽ കിട്ടുന്നിടത്തു നിരയായി നട്ട് പൂവേലി തയാറാക്കാൻ യോജിച്ചതാണ്. മൂന്ന് അടിയെങ്കിലും വളർച്ചയായ ചെടിയാണ് പൂവിടുക. കേരളത്തിൽ കടുത്ത മഴക്കാലമൊഴിച്ചുള്ള സമയമെല്ലാം ബാംബൂ ഓർക്കിഡിന് പൂക്കാലമാണ്.

പൂക്കൾ മൂന്ന്–നാല് ആഴ്ചയോളം ചെടിയിൽ കാ ണാം. ഇവ കാലക്രമേണ കായ്‌കളാകും. കായ്ക്കുള്ളിൽ പൊടിപോലുള്ള ധാരാളം വിത്തുകൾ ഉണ്ടാകുമെങ്കിലും ഇവ ചെടിയാകില്ല. മാതൃസസ്യത്തിന് ചുറ്റും ഉണ്ടാകുന്ന തൈകൾക്ക്  വളർച്ചയെത്തിയാൽ വേരുൾപ്പെടെ വേർപെടുത്തി നട്ടുവളർത്താം.

സ്പാത്തോഗ്ലോട്ടിസ് ഓർക്കിഡ് നടാൻ ഉപയോഗിക്കുന്ന അതേ മിശ്രിതം ബാംബൂ ഓർക്കിഡിനും ഉപയോഗിക്കാം. മിശ്രിതത്തിൽ നിന്നുമാണ് വേരുകൾ വളവും വെള്ളവും വലിച്ചെടുക്കുക. നനയും വളവും മിശ്രിതത്തിൽ നൽകുന്നതാണ് നല്ലത്. ചെടി നന്നായി പൂവിടാനും പൂക്കൾക്ക് നല്ല ആയുസ്സ് കിട്ടാനും ജൈവവളങ്ങളാണ് ഉത്തമം.  

Dove-orchid

ഡവ് ഓർക്കിഡ്

ചിറകു വിടർത്തുന്ന വെള്ളരി പ്രാവിനോട് രൂപസാദൃശ്യമുള്ള തൂവെള്ള പൂക്കളാണ് ഈ പേര് നൽകിയത്. നനുത്ത ഗന്ധമുള്ള പൂക്കൾ രാത്രിയിലാണ് വിരിയുക. കേരളത്തിലെ കാലാവസ്ഥയിൽ ജൂലൈ - സെപ്റ്റംബർ മാസങ്ങളിലാണ് ചെടിയിൽ ഒരു മീറ്ററോളം നീളത്തിൽ നിറയെ പൂക്കളുള്ള പൂങ്കുലകൾ കൂടുതൽ ഉണ്ടാകുക.

ധാരാളം വെള്ളം ശേഖരിച്ചു വയ്ക്കുന്ന, ബൾബ് പോലെയുള്ള താഴെ ഭാഗത്ത് നിന്നാണ് ഇലകൾ വശങ്ങളിലേക്ക് വിരിയുക. ഇലകൾക്ക് നടുവിലാണ് പൂങ്കുല ഉണ്ടാകുന്നത്. പൂവിട്ട തണ്ടിലുള്ള ഇലകൾ കാ ലക്രമേണ കൊഴിയും. ബൾബ് ഭാഗം ഉണങ്ങാതെ നി ൽക്കും. പിന്നീട് ബൾബിന്റെ ചുവട്ടിൽ നിന്നും തൈക ൾ ഉണ്ടാകുകയും ചെയ്യും.

പാതി തണൽ കിട്ടുന്നിടത്തു ചട്ടിയിലും നിലത്തും ഡവ് ഓർക്കിഡ് അനായാസം വളർത്താനാകും. ഓടിന്റെ കഷണങ്ങളും തേങ്ങയുടെ ഉണങ്ങിയ പൊതിമടലും വലിയ തരിയുള്ള ആറ്റുമണലും കലർത്തിയ, ന ല്ല നീർവാർച്ചയുള്ള മിശ്രിതത്തിൽ ചെടി നട്ടു വളർത്താം. തൈകൾ വേരുൾപ്പെടെ വേർപെടുത്തിയെടുത്തു നടാം. ഒന്ന്– രണ്ട് വർഷം വളർച്ചയായ ചെടിയാണ് അനുകൂല കാലാവസ്ഥയിൽ പൂവിടുക. തണൽ അധികമായാൽ ചെടി പൂവിടില്ല. പകരം ചുറ്റും പുതിയ ചെടികൾ ഉൽപാദിപ്പിക്കും.

ഉച്ചയ്ക്ക് ശേഷമുള്ള ചൂടുള്ള വെയിൽ പതിക്കുന്നിടത്ത് ചെടി വച്ചാൽ ഇലകളുടെ അറ്റവും അരികും കരിഞ്ഞുണങ്ങും. വെള്ളം സൂക്ഷിച്ചുവയ്ക്കുന്നതുകൊണ്ടു നന ശ്രദ്ധിച്ചു നൽകണം. ചാണകം, കോഴിക്കാഷ്ടം തുടങ്ങി ഖരരൂപത്തിലുള്ള ജൈവവളങ്ങൾ കഴിവതും ഒഴിവാക്കുക.

ലക്കി ബാംബൂ പരിപാലനം

q. അകത്തളത്തിൽ വെള്ളത്തിൽ വളർത്തുന്ന ലക്കി ബാംബുവിന്റെ വേരുകൾക്ക് വെള്ള നിറം മാറി തവിട്ടു നിറമാകുന്നു. ത ണ്ടിന്റെ ചുവടു ഭാഗത്തുംനിറം മാറ്റമുണ്ട്. എന്താണ് പ്രതിവിധി?

ലക്കി ബാംബൂ മുളയല്ല; ഡ്രസീന വർഗത്തിൽ പെടുന്ന അകത്തള ഇലച്ചെടിയാണ്. ലക്കി ബാംബൂ ശുദ്ധജലത്തിൽ മാത്രമേ വളർത്താനാകൂ. ക്ലോറിനോ ഉപ്പോ ഉള്ള വെള്ളത്തിൽ വളരുന്ന ചെടിയുടെ വേരുകൾ കേടായി തവിട്ടു നിറമാകും. തണ്ടും കേടുവന്നു നശിക്കും. മാസത്തിലൊരിക്കലെങ്കിലും വെള്ളം മാറ്റി, പാത്രം വൃത്തിയാക്കി ശുദ്ധജലം നിറയ്ക്കണം. തുറന്ന പാത്രത്തിൽ പൈപ്പ്  വെള്ളം ഒരു ദിവസം വച്ച് ക്ലോറിൻ മുഴുവൻ നീക്കി മാത്രം ഉപയോഗിക്കുക. വെള്ളത്തിൽ വളം കലർത്തിയാലും വേരുകൾക്ക് കേടു വരും. ചെടിയുടെ വളർച്ചയ്ക്ക് ദ്രവരൂപത്തിലാക്കിയ രാസവളം വല്ലപ്പോഴും ഇലകളിൽ തളിച്ച് നൽകാം.

ശ്രദ്ധിക്കാം, ഈ കാര്യങ്ങൾ

∙ ഗ്രൗണ്ട് ഓർക്കിഡ് നിലത്തു വളർത്തുമ്പോൾ ഉദ്യാനത്തിൽ അധികം വെള്ളം കെട്ടി നിൽക്കാത്ത ഇടങ്ങൾ തിരഞ്ഞെടുക്കുക.

∙ ഓർക്കിഡ് തൈ നട്ട ശേഷം പ്രാരംഭദശയിലുള്ള കരുത്തുള്ള വളർച്ചക്കായി എൻപികെ 19:19:19 ഒരു ലീറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം എ ന്ന അളവിൽ ചെടി മുഴുവൻ തളിച്ച് നൽകാം.

∙ പെൻസിൽ വാൻഡ, ബാംബൂ ഓർക്കിഡ് ഇവ രണ്ടും ബലമില്ലാത്ത തണ്ടുകൾ ഉള്ളവയായതുകൊണ്ടു കൂട്ടമായി വളർത്തുമ്പോൾ ചെടികൾക്ക് ചുറ്റും വള്ളി നീളത്തിൽ കെട്ടി മറിഞ്ഞു വീഴാതെ നോക്കണം.

Tags:
  • Columns