Tuesday 22 June 2021 03:44 PM IST : By Jacob Varghese Kunthara

ചിതലിന്റെയോ കുമിളിന്റെയോ ശല്യമില്ല; കൂടുതൽ ഭംഗിയിൽ പുൽത്തകിടിയൊരുക്കാൻ പേൾഗ്രാസ്, അറിയേണ്ടതെല്ലാം

pearl-grass112

കാർപെറ്റ് ഗ്രാസ് പുൽത്തകിടിയുടെ ഭംഗി നഷ്ടപ്പെടുത്തുന്ന പ്രശ്നങ്ങളാണ് രോഗങ്ങളും കീടങ്ങളും. തണലുള്ള ഭാഗത്ത് ഇത്തരം പുല്ല് വളരില്ലെന്ന പോരായ്മയുമുണ്ട്. ഇതിനു പരിഹാരമാണ് പേൾ ഗ്രാസ്.

തൊടില്ല രോഗങ്ങളും കീടങ്ങളും

ചിതലിന്റെയോ കുമിളിന്റെയോ ശല്യമില്ല. തണലും വെയിലും ഉള്ള ഇടങ്ങളെന്ന വ്യത്യാസമില്ലാതെ നന്നായി വളരും. പേൾ ഗ്രാസ് പ്രിയങ്കരമാകുന്നത് ഈ കാരണങ്ങൾ കൊണ്ടാണ്. രോഗ-കീട ശല്യം ഉണ്ടാകില്ലെന്നതാണ് പേൾ ഗ്രാസിന്റെ ഏറ്റവും വലിയ പ്രത്യേകത. മൂന്ന് മാസത്തിലൊരിക്കലോ മറ്റോ വെട്ടി കനം കുറച്ചു നിർത്തിയാൽ മതി. ഫലവൃക്ഷത്തോട്ടത്തിൽ നിലം നിറയ്ക്കാൻ ബഫല്ലോ ഗ്രാസിനേക്കാ  ൾ ഏറെ യോജിച്ചതാണ് ഈ പുതിയ ഇനം പുല്ല്.

നീളം കുറഞ്ഞു, വീതിയുള്ള, കടും പച്ച ഇലകളുമായി നിലം പറ്റി വളരുന്ന പേൾ ഗ്രാസ് മുകളിലേക്ക് തണ്ടുകളും ഇലകളും ഉത്പാദിപ്പിക്കാറില്ല. മണ്ണിനു സമാന്തരമായി പടർന്നു വളരുന്ന തണ്ടിൽ ഇലകൾ രണ്ടു വശത്തേക്ക് അടുത്തടുത്തായാണ് ഉണ്ടാകുക. പേൾ ഗ്രാസ്സിന്റെ നടീൽ വസ്തു വളർച്ചയായ പുല്ല് തന്നെയാണ്. പച്ചക്കറി തൈ കിട്ടുന്ന പ്രോ ട്രേയിൽ നട്ടുവളർത്തിയതോ മണ്ണോടുകൂടി ചെത്തിയെടുത്തതോ ആയ നടീൽ വസ്തുവാണ് ലഭിക്കുക.

ബഫല്ലോ ഗ്രാസ് നടുന്നതുപോലെയാണ് പേൾ ഗ്രാസും നടേണ്ടത്. ആദ്യം നിലം ഒരുക്കിയെടുക്കണം. കട്ടയും കളയും എല്ലാം നീക്കി വൃത്തിയാക്കി വെള്ളം വേഗത്തിൽ വാർന്നു പോകുന്നവിധത്തിൽ ചെരിവ് നൽകി വേണം നിലമൊരുക്കാൻ. മണ്ണ് നല്ലതല്ലെങ്കിൽ അര അടി കനത്തിൽ ആ മണ്ണ് നീക്കി പകരം നല്ല ചുവന്ന മണ്ണ് നിരത്തണം. ഇതിനു മുകളിൽ നടീൽ മിശ്രിതമായി ഗുണനിലവാരമുള്ള ചകിരിച്ചോറിൽ വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും കലർത്തിയതിൽ അൽപം കുമ്മായവും ചേർത്ത് തയാറാക്കിയത് നിരത്തണം. മുൻപ് പുൽത്തകിടി ഉണ്ടായിരുന്ന സ്ഥലമാണെങ്കിൽ പഴയ പുല്ല് വേരുൾപ്പെടെ മുഴുവനായി നീക്കിയ ശേഷം മാത്രം മിശ്രിതം നിരത്തുക. ഇതിൽ നാല് ഇഞ്ച് അകലം നൽകി പേൾ ഗ്രാസ് നടാം. ഈ വിധം 99 കള്ളികളുള്ള ഒരു പ്രോ ട്രേയിലെ പുല്ല് 20 ചതുരശ്ര അടി നടാൻ മതിയാകും. നേർത്ത വാർക്ക കമ്പികൊണ്ട് തയാറാക്കിയ ചെറിയ കുഴിയിൽ വേര് മാത്രം ഇറക്കിവച്ചാണ് നടേണ്ടത്.

പുല്ല് നട്ടിരിക്കുന്നിടത്ത് കിട്ടുന്ന പ്രകാശത്തിന്റെ ലഭ്യത അനുസരിച്ചാണ് പേൾ ഗ്രാസ് വളരുക. നാല് - അഞ്ച് മണിക്കൂർ വെയിൽ കിട്ടുന്നിടത്ത് നട്ട പുല്ല് ഒരു മാസം കൊണ്ട് പുൽത്തകിടിയായി മാറും. എന്നാൽ ചാഞ്ഞു വെയിൽ കിട്ടുന്നിടത്തു രണ്ടു മാസമെങ്കിലും വേണ്ടിവരും. നട്ട ശേഷം പുല്ലുകൾക്കിടയിൽ കുതിർത്തെടുത്ത ചകിരിച്ചോറ് വിതറിയാൽ വേഗത്തിൽ വ ളർന്നു തകിടിയായി മാറും.

വെള്ളം അമിതമാകാതെ നോക്കാം

നല്ല വേനൽക്കാലത്താണ് പുൽത്തകിടി തയാറാക്കുന്നതെങ്കിൽ മൂന്ന് നേരം നനയ്ക്കണം. അല്ലെങ്കിൽ, കാലാവസ്ഥ അനുസരിച്ച്, മിശ്രിതം ഉണങ്ങാത്ത വിധം ആവശ്യാനുസരണം നന നൽകുക. പുല്ല് വളർന്നു തുടങ്ങിയാൽ തുടക്കത്തിൽ പുല്ലില്ലാത്ത ഇടങ്ങളിൽ കളച്ചെടികൾ വളരും. അവ കാണുമ്പോൾ തന്നെ വേരുൾപ്പെടെ പിഴുതു നീക്കണം. പുല്ല് നടാനുള്ള മിശ്രിതത്തിൽ ചാണകപ്പൊടി ഒഴിവാക്കുക. ഇതിൽ കാണാറുള്ള കളച്ചെടികളുടെ വിത്തുകൾ പിന്നീട് നിയന്ത്രിക്കാനാകാത്തവിധം വളരാനിടയുണ്ട്.

നനയ്ക്കുമ്പോഴോ മഴ പെയ്യുമ്പോഴോ വെള്ളം  അധികനേരം തങ്ങി നിന്നാൽ പുൽത്തകിടിയിൽ പ  ച്ചപ്പാട പോലെ പായൽ (ആൽഗ) വളരാനിടയുണ്ട്. ആ ഭാഗത്ത് പിന്നീട് പുല്ല് വളരില്ല. പായൽ ഉള്ള ഭാഗങ്ങളിൽ അൽപം കുമ്മായം വിതറിയാൽ ഇവ മുഴുവനായി നീക്കാനാകും. പായൽ ഉണ്ടായിരുന്നിടത്തു വണ്ണം കുറഞ്ഞ കമ്പി ഉപയോഗിച്ച് അര അടി അകലത്തിൽ  ചെറിയ കുഴികൾ നൽകുന്നത് വെള്ളം തങ്ങി നിൽക്കാതെ വേഗത്തിൽ മണ്ണിലേക്ക് ഇറങ്ങിപ്പോകാനും മണ്ണിലെ വായുസഞ്ചാരം വർധിപ്പിക്കാനും സ  ഹായിക്കും. മണ്ണ് നന്നായി ഉറച്ചുകിടക്കുന്ന ഇടങ്ങളിൽ പുല്ല് വളർന്ന് നിലം നിറയാൻ കാലതാമസമെടുക്കും. ഇത്തരം ഇടങ്ങളിലും കമ്പി ഉപയോഗിച്ച് കുഴികൾ നൽകുന്നത് പുല്ല് വേഗത്തിൽ പടർന്നു വളരാൻ ഉപകരിക്കും.

Pearl-grass-P1190913-(copy)

പേൾ ഗ്രാസ് കൂടെക്കൂടെ വെട്ടി കനം കുറക്കേണ്ടതില്ല. നട്ടു മൂന്ന്– നാല്  മാസത്തെ വളർച്ചയായാൽ വെട്ടി കനം കുറയ്ക്കാം. നല്ല വെയിൽ കിട്ടുന്നിടത്തു പ്രായമായ ഇലകൾ തവിട്ടു നിറമാകും. ഇത് ഒഴിവാക്കാൻ ആവശ്യാനുസരണം പുല്ല് വെട്ടണം.

തുടക്കത്തിൽ പുല്ല് കരുത്തോടെ വളരുന്നതിന് വേണ്ടി രാസവളമായി യൂറിയ, ഡൈ അമോണിയം ഫോസ്‌ഫേറ്റ് ഇവയിലേതെങ്കിലും നൽകാം. പിന്നീട് പുല്ല് വെട്ടിയ ശേഷം ഇതേ വളമോ ജൈവവളമായി  കുതിർത്തെടുത്ത വേപ്പിൻ പിണ്ണാക്കോ ഉപയോഗിക്കാം. ചിതലോ കുമിളോ പേൾ ഗ്രാസിനെ ശല്യം ചെയ്യാറില്ല.  ഇവയ്ക്കെതിരെയുള്ള രാസകീടനാശിനികളൊന്നും ഈ പുൽത്തകിടിയുടെ പരിപാലനത്തിൽ പ്രയോഗിക്കേണ്ടി വരില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

∙ യൂറിയ നന്നായി പൊടിച്ചെടുത്ത് പുല്ലിൽ വിതറുക. ഒരു ലീറ്റർ വെള്ളത്തിൽ മൂന്ന് ഗ്രാം യൂറിയ പൊടിച്ചത് ചേർത്ത് ലായനിയായി ഇലകളിൽ തളിക്കുന്നതും നല്ലതാണ്.

∙ നിലപ്പാല, മുത്തങ്ങ തുടങ്ങിയ കളച്ചെടികൾ കണ്ടാൽ ഉടൻ അവ വേരുൾപ്പെടെ പിഴുതു നീക്കുക. കൂടുതലായി വളർന്നു കഴിഞ്ഞാൽ ഇവയുടെ നിയന്ത്രണം അത്ര എളുപ്പമല്ല.

∙ പുല്ലിന് നല്ല പച്ചനിറം ഇല്ലെങ്കിൽ ഒരു ലീറ്റർ വെള്ളത്തിൽ രണ്ട് ഗ്രാം മഗ്‌നീഷ്യം സൾഫേറ്റ് ചേർത്ത് ലായനിയായി തളിച്ച് നൽകാം. 

റോസ് പൂവിടുന്നില്ല  

പൂന്തോട്ടത്തിലെ റോസാച്ചെടികൾ കൂടുതലും നഴ്സറികളിൽ നിന്നും വാങ്ങിയവയാണ്. പലതും പൂവിടുന്നുണ്ട്. ചിലത് പൂവിടുന്നത് കുറവാണ്. ഇവയിൽ വള്ളി പോലെ കമ്പുകൾ ഉണ്ടായി വരുന്നുണ്ട്. ഈ കമ്പുകൾ കാണുമ്പോൾ തന്നെ വെട്ടി നിർത്തും. പക്ഷേ, ചെടി പൂക്കുന്നില്ല. എന്താണ് കാരണം?

നഴ്സറികളിൽ നിന്നും കിട്ടുന്നവയിൽ ഒട്ടുമിക്ക റോസും ബഡ്ഡ് ചെയ്തതാണ്. നവീന ഇനം റോസിന്റെ ബഡ്ഡ് അഥവാ മുളപ്പ് കാട്ടുറോസിന്റെ കുറ്റിയിൽ ഒട്ടിച്ചാണ് ഇത്തരം ചെടികൾ വളർത്തിയെടുക്കുക. ബഡ്ഡ് റോസ് ചെടി ശ്രദ്ധിച്ചു നോക്കിയാൽ ചുവട്ടിൽ ബഡ്ഡ് ചെയ്ത ഭാഗം കാണാനാകും. അതിനു താഴേക്കുള്ളത് കാട്ടുറോസിന്റെ കമ്പാണ്. ഇവിടെനിന്നും മുളപ്പുകൾ ഉണ്ടായി വന്നാൽ അത് കാട്ടുറോസ് ചെടിയാകും. ഈ കമ്പുകൾ വേഗത്തിൽ വള്ളി പോലെ വളർന്നു വരും, പൂവിടുകയുമില്ല. ഇലകൾ ബഡ്ഡ് റോസിന്റെ ഇലകളെക്കാൾ നന്നേ ചെറുതായിരിക്കും.

ഇത്തരം കമ്പുകൾ വെട്ടി നിർത്തിയാൽ മാത്രം പോര. കാണുമ്പോൾ തന്നെ ചുവടെ നീക്കം ചെയ്യണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ കാലക്രമേണ ബഡ്ഡ് റോസ് ചെടി ഉണങ്ങിപ്പോകും. 

pearlgrassscvbb
Tags:
  • Columns