‘‘ദിവസക്കൂലിയിൽ നിന്ന് ചെറിയൊരു തുക നീക്കിവയ്ക്കാൻ തയാറാണെങ്കിൽ നിങ്ങൾക്കും അമേരിക്കയിലും റഷ്യയിലും ബ്രിട്ടനിലുമൊക്കെ പോകാം.’’ ഇതിനെക്കുറിച്ചു കൂടുതൽ അറിയണമെങ്കിൽ കോട്ടയം കങ്ങഴ ശിവക്ഷേത്രത്തിനു സമീപത്തു പ്രവർത്തിക്കുന്ന ശിവശക്തി പപ്പട നിർമാണ കേന്ദ്രം സന്ദർശിക്കണം.
ശിവോദയ ഭവനിൽ കൃഷ്ണപിള്ളയുടെ മകൻ പി.കെ. രാജൻ പപ്പട നിർമാണം തുടങ്ങിയിട്ട് അൻപത്തഞ്ചു വർഷം പിന്നിടുന്നു. ചൈന, ദക്ഷിണാഫ്രിക്ക, റഷ്യ, അമേരിക്ക, യൂറോപ്പ്, തായ്‌ലാൻഡ്, മലേഷ്യ, സിംഗപ്പുർ, തുർക്കി, ശ്രീലങ്ക – എഴുപതു വയസ്സിനിടെ പാസ്പോർട്ടിൽ പതിഞ്ഞ വിദേശ രാജ്യങ്ങളുടെ മുദ്രകൾ രാജൻ പ്രദർശിപ്പിച്ചു. വേറിട്ട യാത്രയ്ക്കു പ്രേരണയെന്തെന്നു ചോദിച്ചപ്പോൾ രാജന്റെ മറുപടി ഇങ്ങനെ:

‘‘വയസ്സ് എഴുപതു കഴിഞ്ഞു. അത്യാവശ്യം ജീവിക്കാനുള്ള വഴിയൊക്കെയായി.
ഇനിയുള്ള കാലമെങ്കിലും സ്വന്തം സന്തോഷത്തിനു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ...’’
രാജന്റെ ഭാര്യ ഓമന. മക്കൾ രാജേഷ്, രതീഷ്. രണ്ടാളുടേയും വിവാഹം കഴിഞ്ഞു. രാജേഷിന്റെ മകൾ ആതിരയോടൊപ്പമാണ് രാജൻ ആദ്യ യാത്ര നടത്തിയത്.
ഓമനയുടെ വീട് റാന്നിയിലാണ്. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് നാൽപ്പത്തി നാലു വർഷം കഴിഞ്ഞു. അക്കാലത്ത് നവവധുവിനെയും വരനേയും ബന്ധുക്കൾ അവരുടെ വീട്ടിലേക്ക് വിരുന്നു വിളിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. നെടുംകുന്നത്തൊരു വിരുന്നിനു പോയി വരുന്ന വഴി ചങ്ങനാശേരിയിലെത്തിയപ്പോൾ ഉച്ചയ്ക്ക് രണ്ടു മണി. അന്നു തിയറ്ററിൽ പോയി ഒരു സിനിമ കണ്ടു. സിനിമയുടെ പേര് ഭാര്യ. മൂത്തമകൻ ജനിച്ചതിനു ശേഷം ഞങ്ങളൊരുമിച്ച് ഗുരുവായൂർ, പഴനി, വേളാങ്കണ്ണി, മൈസൂർ, കൊടൈക്കനാൽ എന്നിവിടങ്ങളിലൊക്കെ ടൂർ പോയിട്ടുണ്ട്.
മക്കൾക്കു സ്വന്തം കുടുംബമായതോടെ മുത്തച്ഛനായ ഞാൻ കുറച്ചുകൂടി ഫ്രീയായി. ഈ സമയത്താണ് വിദേശയാത്രയ്ക്ക് അവസരമൊരുങ്ങിയത്. ആദ്യ യാത്ര ചൈനയിലേക്കായിരുന്നു. ചൈന, ഹോങ്കോങ്, മക്കാവു – 18 ദിവസത്തെ പാക്കേജ് ടൂർ.
പാക്കേജ് ടൂർ പോകുമ്പോൾ താമസം ഫൈവ് സ്റ്റാർ ഹോട്ടലിലാണ്. ചൈനീസ്, ഇറ്റാലിയൻ, കോണ്ടിനെന്റൽ എന്നിങ്ങനെ എല്ലാ രാജ്യങ്ങളിലേയും സ്റ്റാർ ഹോട്ടലുകളിൽ ഫുഡ് മെനു ഒരേപോലെയായിരിക്കും. ബിരിയാണി, ചപ്പാത്തി, നൂഡിൽസ് എല്ലായിടത്തും കിട്ടും. ദക്ഷിണാഫ്രിക്കയിലാണ് ഇറച്ചി വിഭവങ്ങളുടെ നീണ്ട നിര കണ്ടത്. പുള്ളിമാൻ, ഒട്ടകം, മുതല എന്നിവയെ കൊന്ന് കറിവച്ച് പാത്രത്തിൽ വിളമ്പിയതു കണ്ട് അമ്പരന്നു.
സാംബിയ, സിംബാബ്‌വെ എന്നിവിങ്ങളിലൂടെ രണ്ടു പകൽ സഞ്ചരിച്ചു. ഈ രണ്ടു രാജ്യങ്ങളുടെ നടുവിലാണ് വിക്ടോറിയ വെള്ളച്ചാട്ടം. കുത്തിയൊലിച്ച് കുഴിയിലേക്കു പതിക്കുമ്പോൾ ചിന്നിച്ചിതറുന്ന വെള്ളം എതിർവശത്ത് മഴയായി പെയ്തിറങ്ങുകയാണ്. റെയിൻ കോട്ട് ധരിച്ചോ കുട ചൂടിയോ ആണ് സന്ദർശകർ വെള്ളച്ചാട്ടം കാണാനെത്തുന്നത്.
ജൊഹന്നാസ്ബർഗിൽ ഗാന്ധിജി താമസിച്ച സ്ഥലത്തു പോയിരുന്നു. മഹാത്മജിയുടെ വീട് പഴയ കാലത്തേതു പോലെ പുല്ലു മേഞ്ഞ് സംരക്ഷിച്ചിട്ടുണ്ട്. നമ്മുടെ രാഷ്ട്രപിതാവിന്റെ പായയും കസേരയും ആഫ്രിക്കക്കാർ അവരുടെ അമൂല്യ പൈതൃകമായാണ് പരിപാലിക്കുന്നത്. ജൊഹന്നാസ്ബർഗിലെ ചില തെരുവുകളിൽ മഹാത്മജിയുടെ പ്രതിമയുമുണ്ട്.
അതേസമയം, ചൈനയിലെ തെരുവുകളുടെ വൃത്തി മാതൃകാപരമാണ്. വഴിയോരങ്ങളിൽ കെട്ടുപിണഞ്ഞ വൈദ്യുതി ലൈനുകളില്ല, മാലിന്യക്കൂമ്പാരമില്ല, തെരുവുനായ്ക്കളില്ല. ലക്ഷക്കണക്കിനാളുകൾ വന്നു പോകുന്ന വൻമതിലിനു മുന്നിൽ പോലും ക്യൂ നിൽക്കേണ്ടി വന്നില്ല. നമ്മുടെ നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കു മുന്നിലെ തിക്കും തിരക്കും ആലോചിച്ചപ്പോൾ ചിരി വന്നു.

അമേരിക്കയിൽ പോയപ്പോഴാണ് ലോകത്തിന്റെ മറ്റൊരു മുഖം കണ്ടത്. ഇന്ത്യയുടെ അഞ്ചിരട്ടിയാണ് യുഎസിന്റെ ഭൂവിസ്തൃതി. ജനവാസം നഗരങ്ങളിൽ മാത്രം. ബാക്കി ഭൂമി കാടും തരിശും. ന്യൂയോർക്ക് സിറ്റി ടൂർ രസകരമാണ്. തീവ്രവാദികൾ തകർത്ത വേൾഡ് ട്രേഡ് സെന്റർ സ്മാരകം കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. മുപ്പത്തഞ്ചു കോടി അമേരിക്കക്കാരുടെ മനസ്സിൽ ഇന്നും നീറുന്ന വേദനയാണ് 2001ലെ ഭീകരാക്രമണം.
ബ്രിട്ടനിൽ ഇപ്പോൾ ഒരുപാടു മലയാളികളുണ്ട്. എന്റെ ഇളയ മകൻ രതീഷിന്റെ ഭാര്യ നിഷ യുകെയിലാണു ജോലി ചെയ്യുന്നത്. ഫ്രാൻസിൽ പോയപ്പോൾ ഐഫൽ ടവറിൽ കയറി. നഗരത്തിനരികിലൂടെ ഒഴുകുന്ന നദിയിലൂടെ ബോട്ട് സവാരി നടത്തി.
ബ്രിട്ടനേക്കാൾ തണുപ്പുള്ള രാഷ്ട്രമാണ് റഷ്യ. അവരുടെ ആകെ ഭൂമിയിൽ മൂന്നിലൊരു ഭാഗത്തു മാത്രമാണു മനുഷ്യവാസം. ബാക്കി പ്രദേശം മഞ്ഞു മൂടി കിടക്കുകയാണ്. സർ ചക്രവർത്തിമാരുടെ കൊട്ടാരങ്ങൾ തലയെടുപ്പോടെ നിൽക്കുന്നു. നൂറ്റാണ്ടു കഴിഞ്ഞിട്ടും ലെനിന്റെ മൃതദേഹം അനശ്വരമായി കാത്തു സൂക്ഷിക്കുന്നവരാണ് റഷ്യയിലെ ഭരണകർത്താക്കൾ. കമ്യൂണിസ്റ്റ് നേതാവിന്റെ മൃതദേഹം കാണാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നു പതിനായിരക്കണക്കിനാളുകൾ അവിടെ വരുന്നുണ്ട്.

ഇന്ത്യയിൽ നിന്നു കുറഞ്ഞ ചെലവ് പാക്കേജ് ടൂർ കിട്ടുന്ന വിദേശ രാജ്യമാണ് തായ്‌ലാൻഡ‍്. ക്ലബ്ബ് ലൈഫ് ഇഷ്ടപ്പെടുന്നവരാണ് തായ്‌ലാൻഡ് സന്ദർശകരിലേറെയും. ബീച്ചുകൾ, റിസോർട്ടുകൾ, കടൽത്തീര വിനോദങ്ങൾ, നൈറ്റ് പാർട്ടി, നിശാ മാർക്കറ്റ് എന്നിങ്ങനെ ആഘോഷങ്ങൾ പലതരം.
ചരിത്ര നഗരമായ തുർക്കിയും മലേഷ്യ, സിംഗപ്പൂർ, ശ്രീലങ്ക എന്നീ രാജ്യങ്ങളും അവർക്കു പ്രകൃതി നൽകിയ വിഭവശേഷികൾ ഉപയോഗിച്ച് വിനോദസഞ്ചാരത്തിലൂടെ വരുമാനമുണ്ടാക്കുന്നു. ഈ രാജ്യങ്ങളെല്ലാം സന്ദർശിച്ചു കഴിഞ്ഞപ്പോൾ അവിടെയുള്ളതെല്ലാം ഇന്ത്യയിലുണ്ട് എന്നുള്ള കാര്യമാണു തിരിച്ചറിഞ്ഞത്. മലയും കടലും കായലും പുഴയും പുൽമേടും കൃഷിയിടങ്ങളും ഗ്രാമങ്ങളും നഗരങ്ങളും പാറക്കൂട്ടങ്ങളും മരുഭൂമിയും വൈവിധ്യമാർന്ന വന്യജീവികളും നമ്മുടെ രാജ്യത്തുണ്ട്. അതൊന്നും വേണ്ടവിധം ആസൂത്രണം ചെയ്ത് ഉപയോഗപ്പെടുത്തുന്നില്ലെന്നു മാത്രം. അതുകൊണ്ടാണല്ലോ നമ്മളെല്ലാവരും അവധിക്കാലം ചെലവഴിക്കാൻ വിദേശത്തേക്കു വിമാനം കയറുന്നത്.