ഏറെക്കാലത്തെ പ്രണയത്തിന്റെ അവസാന ചുംബനം ഊതിപ്പറപ്പിച്ച് വിമാനത്തിൽ കയറി കാനഡയിലേക്കു പോയ കാമുകിയെയോർത്തു കണ്ണീരണിഞ്ഞ് പ്രിയസുഹൃത്തിന്റെ ഫോൾ കോൾ:
‘‘അളിയാ രണ്ടു ദിവസം ഈ സാഹചര്യത്തിൽ നിന്നു മാറി നിൽക്കണം...’’ വിതുമ്പലിന്റെ വക്കോളമെത്തിയ വാക്കുകളിൽ ആത്മാർഥതയുടെ നൊമ്പരം തേങ്ങി. സഹൃദയങ്ങൾക്കു തലചായ്ക്കാൻ ഇടമില്ലെങ്കിൽ പിന്നെ തോളെന്തിന് ?
പോകാം, ഉറപ്പു നൽകി.
എവിടേക്കാണെന്ന് കൂട്ടുകാരൻ ആവർത്തിച്ചു ചോദിച്ചു. തോൾസഞ്ചിയിൽ നാലഞ്ചു കുപ്പായവുമായി കാത്തു നിന്ന ചെറുപ്പക്കാരനു മനസ്സമാധാനം സമ്മാനിക്കുന്ന സ്ഥലത്തേക്കാണു പോകുന്നത്. ബിഎസ്എൻഎൽ ഒഴികെ മറ്റൊരു സെൽ ഫോണിനും അവിടെ ടവർ ഇല്ല. റസ്റ്റ് ഹൗസിലാണു താമസം. ഭക്ഷണം എത്തിച്ചു തരാൻ ഏർപ്പാടു ചെയ്തിട്ടുണ്ട്.

ആമ്പല്ലൂരിൽ നിന്നു തിരിഞ്ഞ് വരന്തരപ്പിള്ളി ജംക്‌ഷനിലെത്തിയപ്പോൾ ഒരു ബേക്കറിയുടെ മുന്നിൽ വണ്ടി നിർത്തി. അഞ്ചു പായ്ക്കറ്റ് ബ്രെഡ്, രണ്ടു കിലോ ആപ്പിൾ, ഒരു കിലോ മുന്തിരി, രണ്ടു കിലോ ഏത്തപ്പഴം, നാലഞ്ചു കുപ്പി ട്രോപ്പിക്കാന എന്നിവ വാങ്ങി. ‘ഇത്രയുമെന്തിനാ. കാടിനുള്ളിൽ കച്ചവടം തുടങ്ങാൻ പോവുകയാണോ’ ശിഥിലകാമുകൻ മൗനം വെടിഞ്ഞു.
വിരഹത്താൽ പട്ടിണിയല്ലേ, പോഷകാഹാരക്കുറവ് മാറട്ടെ... കൗണ്ടർ ഡയലോഗ് കേട്ട്, സന്തോഷം വറ്റിയ മുഖത്ത് പുഞ്ചിരിയുടെ ലാഞ്ചന. അതൊരു സ്മൈലിയിലേക്ക് നീട്ടിക്കിട്ടാൻ വഴിയോരത്തെ ബോർഡ് ചൂണ്ടിക്കാട്ടി. ചിമ്മിനി അണക്കെട്ട്, ഇക്കോ ടൂറിസം 10 കിലോമീറ്റർ.
നെല്ലിയാമ്പതിയുടെ പടിഞ്ഞാറ്
ഡ്രൈവർമാർ പരസ്പരം കൈവീശിക്കാണിച്ച് ബസ്സിന്റെ വേഗത കുറച്ച് കുശലാന്വേഷണം നടത്തി. രണ്ടു ബസ്സുകളിലും പാലപ്പിള്ളിയിൽ നിന്ന് ഒന്നോ രണ്ടോ പേർ കയറി. അതുവരെ ബസ്സിനു പിന്നിൽ കാത്തു നിന്ന ശേഷം മറ്റു വാഹനങ്ങൾ മുന്നോട്ടു നീങ്ങി.

പാലപ്പിള്ളി സെന്റർ കഴിഞ്ഞാൽ എസ്റ്റേറ്റാണ്. പാലെടുക്കുന്നതും കടുംവെട്ടിനു പ്രായമായതുമായ റബർമരങ്ങൾ വെയിലിനെ മറച്ച് കുടചൂടി നിൽക്കുന്നു. ഈ എസ്‌റ്റേറ്റിന്റെ തെക്കുഭാഗത്തായി പാലപ്പിള്ളിയിലെ തോട്ടത്തിനു നടുവിലുള്ള മൈതാനമാണ് ‘തൃശൂരിലെ ആമസോൺ’ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ ട്രെൻഡിങ് ആയത്. സമീപവാസികളായ കുട്ടികൾ പന്തുകളിക്കുന്ന മൈതാനം ഡ്രോൺ ക്യാമറയിൽ പതിഞ്ഞപ്പോൾ മില്യണിലേറെ പ്രേക്ഷകരുടെ മനസ്സു കൊള്ളയടിച്ചു.
കലാഭവൻ മണിയുടെ ശബ്ദം ‘മിന്നാ മിനുങ്ങേ മിന്നും മിനുങ്ങേ’ എന്ന പാട്ടിലൂടെ കേൾപ്പിക്കുകയാണ് റേഡിയോ മാംഗോ. ചാറ്റൽമഴ പെയ്യുന്ന പകലിൽ ആ പാട്ടുകേട്ട് കാറിൽ സഞ്ചരിക്കുന്നത് രസകരമായ അനുഭവമായി. പക്ഷേ, പാട്ടിന്റെ ഇണത്തിലും സഹയാത്രികന്റെ മോഹഭംഗം കവിളിണകളിലൂടെ പെയ്തിറങ്ങി. അതു കണ്ടുകൊണ്ട് ഏറെ നേരം ഇരിക്കാൻ വയ്യാ എന്നു തോന്നിയപ്പോൾ എഫ്എം റേഡിയോയുടെ ബാൻഡ് മാറ്റി. ‘മിന്നൽ വള കയ്യിലിട്ട പെണ്ണഴകേ...’ അവിടെയും പാട്ടിനു വിഷയം പെണ്ണഴകു തന്നെ.
‘മൗനം ഭൂഷണം, പ്രകൃതിയിലലിയാം...’ മലകളെ നോക്കിയ പ്രേമപണ്ഡിതൻ തത്വം വിളമ്പി. അങ്ങനെയാകട്ടെ എന്നു തീരുമാനിച്ച് വിൻഡോ ഗ്ലാസ് തുറന്നു.
നാലോ അഞ്ചോ വളവുകൾ തിരിഞ്ഞതേയുള്ളൂ, അപ്പോഴേക്കും കവാടം കണ്ടു Ð ചിമ്മിനി വന്യജീവി സങ്കേതം, ചെക്ക് പോസ്റ്റ്.
സ്‌റ്റേഷൻ ഹെഡ് പ്രമോദ് ആ കാടിന്റെ മനോഹാരിതയിലേക്ക് സ്വാഗതം പറഞ്ഞു. ‘‘നെല്ലിയാമ്പതിയുടെ പടിഞ്ഞാറു ഭാഗമാണു ചിമ്മിനി. കടുവയുണ്ട്. കാട്ടുപോത്തുകളും ഡാമിലിറങ്ങിയാണു വെള്ളം കുടിക്കുന്നത്. രാത്രിയിൽ റസ്റ്റ് ഹൗസിൽ നിന്നു പുറത്തിറങ്ങരുത്’’. അതൊരു ഇൻട്രൊഡക്‌ഷൻ ആയിരുന്നു. റസ്റ്റ് ഹൗസിൽ താമസിക്കാനെത്തുന്നവർക്കുള്ള മുന്നറിയിപ്പ്.

ആംഫി ട്രെക്കിങ്, ക്ലൈമറ്റ് വോക്ക്
റസ്റ്റ് ഹൗസിന്റെ കെയർ ടേക്കർ അജേഷ് വാതിൽ തുറന്നു. സർക്കാർ റസ്റ്റ് ഹൗസുകളുടെ പരമ്പരാഗത ഭംഗി നിലനിർത്തുന്ന വലിയ ഹാൾ. നീളൻ സെറ്റി, വട്ടമേശ, തടിയിൽ കടഞ്ഞെടുത്ത കസേരകൾ. രണ്ടു മുറികളുണ്ട്, അടുക്കളയും.
വാർഡ്റോബ് നിർമിച്ച് എസി റൂമിന്റെ ഇന്റീരിയർ കംഫർട്ടബിൾ ആക്കിയിരിക്കുന്നു. അപ്പോക്സി ചെയ്ത് പുത്തൻ ടൈൽ നിരത്തിയ ഫ്ളോറിലും നവീകരിച്ച ശുചിമുറിയിലും സംതൃപ്തി രേഖപ്പെടുത്തി. അജേഷിന്റെ വീട്ടിൽ തയാറാക്കി കൊണ്ടുവന്ന ചപ്പാത്തിയും മുട്ടക്കറിയും കട്ടനും കഴിച്ച് ഗുഡ്നൈറ്റ് പറയുമ്പോൾ കാട്ടിലെ വൻമരങ്ങളുടെ മുകളിൽ മഴ പെയ്യുന്ന ശബ്ദം കേൾക്കാമായിരുന്നു.
ചൂളം വിളിയുടെ കച്ചേരിക്ക് പൂങ്കുഴലിന്റെ പക്കമേളം പകർന്ന് പകൽപ്പക്ഷികൾ സുപ്രഭാതം പാടുന്നതു കേട്ടാണ് ഉറക്കമുണർന്നത്. സൂര്യനുദിക്കും മുൻപേ മുറ്റത്തിറങ്ങി പ്രാണവായുവിൽ ആവി പിടിക്കുകയാണ് സഹയാത്രികൻ. ‘അപ്പുറത്തു കാണുന്നത് വനംവകുപ്പ് ജോലിക്കാരുടെ ക്വാർട്ടേഴ്സ്. ഇത് അതിഥികൾക്കു മാത്രം’ അജേഷിന്റെ ശബ്ദം നിശബ്ദത മുറിച്ചു. ചിമ്മിനി അണക്കെട്ട് കാണാനെത്തുന്നവർക്കു താമസിക്കാനുള്ള റസ്റ്റ് ഹൗസിന്റെ പരിസരം പരിചയപ്പെടുത്തുകയാണ് അജേഷ്. അജേഷിനെപ്പോലെ നൂറോളം പേർ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി ചിമ്മിനിയിൽ ജോലി ചെയ്യുന്നുണ്ട്. അവരുടെ വീട്ടിൽ തയാറാക്കുന്ന രുചികരമായ നാട്ടുവിഭവങ്ങളാണ് ഇവിടെ താമസിക്കാൻ എത്തുന്നവർക്കു വിളമ്പുന്നത്.

‘റെഡിയായിക്കോളൂ. നിങ്ങളെ കാണാൻ ബീറ്റ് ഫോറസ്റ്റ് ഓഫിസർ പ്രവീൺ വരുന്നുണ്ട്’ ഭക്ഷണമെടുക്കാൻ വീട്ടിലേക്കു പോകുന്നതിനു മുൻപ് അജേഷ് ഓർമിപ്പിച്ചു.
ചിമ്മിനിയിലെ കാനനസവാരിയെക്കുറിച്ച് വിശദീകരിക്കാനാണ് ഇക്കോ ടൂറിസം ഡെവലപ്മെന്റ് കമ്മിറ്റി സെക്രട്ടറി കൂടിയായ പ്രവീൺ വന്നത്. പകൽ സവാരിക്കും രാപാർക്കാനും ചിമ്മിനിയിലെത്തുന്ന അതിഥികൾക്ക് അവിടെ ഒരുക്കിയിരിക്കുന്ന എന്റർടെയ്ൻമെന്റ് ഇങ്ങനെ:
ടിക്കറ്റ് എടുത്ത് അണക്കെട്ടിനരികെയുള്ള ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തുന്നവർക്ക് ട്രെക്കിങ്ങിൽ പങ്കെടുക്കാം. ആംഫി ട്രെക്കിങ്, ക്ലൈമറ്റ് വോക്ക് എന്നിങ്ങനെ രണ്ടു വിഭാഗം ട്രെക്കിങ്ങുകൾ ബുക്കിങ് അനുസരിച്ചാണു നടത്തുന്നത്. ബുക്കിങ് ഇല്ലാതെ എല്ലാ ദിവസവും നടത്തുന്ന ട്രെക്കിങ് വേറെയുമുണ്ട്.
ഗോത്രവിഭാഗത്തിൽ നിന്നുള്ള ഗൈഡുമാരുടെ നേതൃത്വത്തിലുള്ള ട്രെക്കിങ്ങിൽ അണക്കെട്ടിന്റെ ആകാശക്കാഴ്ച ആസ്വദിക്കാം. കാട്ടുചോലകൾ കാണാം. അനേകം പക്ഷികളുടേയും പൂമ്പാറ്റകളുടേയും സങ്കേതമാണ് ചിമ്മിനി വനം. പ്രഭാതസവാരി അവയുടെ ദർശനത്തിന് അവസരം നൽകുന്നു.

ഉന്മേഷം നൽകുന്ന പുഴ
രാത്രിമഴയുടെ തണുപ്പു ചൂടിയ കാട്ടുപാതയിലൂടെ അണക്കെട്ടിനരികിലെത്തി. മഞ്ഞിന്റെ പുതപ്പിൽ മലനിരകൾ വെളുത്ത ശിരോവസ്ത്രമണിഞ്ഞിരിക്കുകയാണ്. അതിന്റെ നിഴൽപ്പാടുകൾ അതേപടി തെളിഞ്ഞു നിൽക്കുന്ന ജലാശയം ശാന്തം.
പ്രേമകദനഭാരമേന്തിയ ചങ്ങാതി ആ തെളിനീരിൽ മുഖമമർത്തി. അയാൾ എന്തോ പിറുപിറുത്തുകൊണ്ട് തണുത്ത വെള്ളം കൈക്കുടന്നയിൽ കോരി ഓളപ്പരപ്പിൽ സ്നേഹോദകം തളിച്ചു. ഇണയുടെ വേർപാടിന്റെ നൊമ്പരത്തിന് ഇനി നിത്യശാന്തി...
‘‘പുണ്യദായിനിയാണു ചിമ്മിനിപ്പുഴ. ഈ പുഴയുടെ കുറുകെയാണ് അണക്കെട്ട് നിർമിച്ചത്. കാട്ടിലെ അനേകം തോടുകൾ ചേർന്നു ചിമ്മിനിപ്പുഴയായൊഴുകി പാലപ്പിള്ളിക്കപ്പുറം കാരികുളം ഗ്രാമത്തിൽ ചെന്നു ചൊക്കനപ്പുഴയിൽ ലയിക്കുന്നു. അവിടെ നിന്നു വരന്തരപ്പിള്ളിയിലെത്തുമ്പോഴേക്കും വിസ്തൃതമാകുന്ന നദി കുറുമാലിപ്പുഴയായി രൂപാന്തരപ്പെടുന്നു.

പീച്ചി വന്യജീവി സങ്കേതത്തിൽ പിറവി കൊള്ളുന്ന മണലിപ്പുഴയിൽ ലയിക്കുന്ന കുറുമാലിപ്പുഴ ഒടുവിൽ കടലിൽ ചെന്നു ചേരുന്നു.’’ ഭൂമിശാസ്ത്രം പറഞ്ഞുകൊണ്ട് ജലാശയത്തിനരികെ നിന്ന് അനിത്ത് കിഴക്കുഭാഗത്തേക്കു വിരൽ ചൂണ്ടി.
ആ കാണുന്നതു പറമ്പിക്കുളം കടുവാസങ്കേതം. അതിന്റെ തുടർച്ചയാണു ചിമ്മിനി വനം. വടക്കു കിഴക്കു മൂലയിൽ കാണുന്നതു പീച്ചി. ആനമുടി എലിഫന്റ് റിസർവിന്റെ ഭാഗമാണ് ഈ കാടുകളെല്ലാം.

ആന, കാട്ടുപോത്ത്, മലയണ്ണാൻ, കടുവ എന്നിവയും നൂറിലേറെ ഇനം പക്ഷികളും ഈ കാട്ടിലുണ്ട് Ð ചിമ്മിനിയിൽ ജനിച്ച അനിത്ത് കാടിന്റെ അതിരടയാളങ്ങൾ വിവരിച്ചു. ഇക്കോ ടൂറിസം ഡെവലപ്മെന്റ് കമ്മിറ്റിയുടെ ചെയർമാനാണ് അനിത്ത്. ഈ കാടിന്റെ സ്പന്ദനം തൊട്ടറിഞ്ഞിട്ടുള്ളയാൾ. ജലാശയത്തിനരികെ മൃഗങ്ങൾ വെള്ളം കുടിക്കാനെത്തുന്ന സ്ഥലം അനിത്ത് കാണിച്ചു തന്നു.
ആ സ്ഥലം കാണാൻ കുട്ടവഞ്ചിയിൽ കയറി സവാരി നടത്തി. തിരികെ തീരത്തെത്തിയ ശേഷം അണക്കെട്ടിനരികെയുള്ള മരക്കൊമ്പിൽ കെട്ടിയ ഊഞ്ഞാലിൽ ഇത്തിരി നേരം ഇരുന്നു. അതു കഴിഞ്ഞ് സൈക്കിളിൽ കയറി കാടിനരികെ ഷട്ടറിനു താഴെയുള്ള പാലം കാണാൻ പോയി. റിവർ സ്ലുയിസ് ഡിസ്ചാർജിലൂടെ പുറത്തേക്കു കുതിക്കുന്ന വെള്ളച്ചാട്ടത്തിൽ നിത്യം ഈറനണിഞ്ഞു നിൽക്കുകയാണു കാനനപാത. നുരചിതറുന്ന നീർത്തുള്ളികളിൽ നനഞ്ഞ് സെൽഫി എടുക്കുകയാണ് പ്രിയപ്പെട്ട തോഴൻ.

കരഞ്ഞു കലങ്ങിയ കണ്ണുമായി ഇന്നലെ ഇങ്ങോട്ടു വന്നയാളാണ്. ഇതാ, കുറുമാലിപ്പുഴയുടെ നീരൊഴുക്കിനെ പുൽകി അവൻ വീണ്ടും പുഞ്ചിരിക്കാൻ പ്രാപ്തനായിരിക്കുന്നു. മരുന്നില്ലാതെ മുറിവുണക്കുന്ന സാന്ത്വനം തേടി ഇനിയും ഒരായിരം പേർ ഇതുവഴി വരും, ഉറപ്പ്...