എന്റെ മുന്നിലിരുന്ന് അമ്മയും മകളും ആ ഭക്ഷണം മുഴുവനും ഇല വടിച്ച് തൂത്തുവാരിക്കഴിച്ചു; മറ്റുള്ളവരുടെ വിശപ്പു കണ്ടില്ലെന്നു നടിച്ചുകൊണ്ട് നമ്മള്‍ പലതും കഴിച്ചിട്ടെന്തു കാര്യം? fr rinju koshy vadakkethalakkal a priest extends a helping hand to homeless people
Mail This Article
അടച്ചുറപ്പുള്ളൊരു വീടില്ലാത്തവരുടെ സങ്കടങ്ങളില്‍ കാരുണ്യ സ്പര്‍ശവുമായി എത്തുന്ന പുരോഹിതന്‍. ഫാ. ഡോ. റിഞ്ചു പി. കോശി വടക്കേത്തലയ്ക്കല്‍ എ ന്ന വൈദികന് കടമ്പനാട്ടുകാര്‍ നല്‍കുന്ന മേല്‍വിലാസമാണിത്. പത്തനംതിട്ടയിലെ അടൂരില്‍ നിന്നു കടമ്പനാട്ടേക്കു പോകുന്ന വഴിയോരത്ത് ആരോടു ചോദിച്ചാലും റിഞ്ചു അച്ചന്‍ ജോലി ചെയ്യുന്ന സ്‌കൂള്‍ കാണിച്ചു തരും.
അച്ചനും സ്കൂൾ ജോലിയോ? അങ്ങനെയൊരു സംശയം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ വിശദമായി പരിചയപ്പെടാം.സ്ഥലം: കടമ്പനാട് സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സമയം നട്ടുച്ച. മുറ്റത്തു പൊരിവെയില്‍ കത്തുന്നു. നാഷനല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസറുടെ മുറിയിലേക്ക് ഒരു സ്ത്രീ കയറി വന്നു. അറുപതിലേറെ പ്രായമുള്ള അമ്മ മുഖത്തെ വിയര്‍പ്പു തുടച്ചുകൊണ്ട് കസേരയിലിരുന്നു. ‘അച്ചോ, എനിക്കും മകള്‍ക്കും ആരേയും പേടിക്കാതെ കിടന്നുറങ്ങാനൊരു വീടു വേണം.’ നിങ്ങളാരാണെന്നോ, എവിടെ നിന്നു വരുകയാണെന്നോ ചോദിക്കാന്‍ റിഞ്ചു അച്ചനു സമയം കിട്ടിയില്ല. അതിനു മുന്‍പേ മറ്റൊരു യുവതി അവിടേക്കു കടന്നു വന്നു. മുപ്പതിനോടടുത്തു പ്രായം. അവര്‍ ഗര്‍ഭിണിയുമായിരുന്നു.
' ഇതെന്റെ മകളാണ്. കോട്ടയത്തേക്കാണു കല്യാണം കഴിച്ചു വിട്ടത്. ഇപ്പോള്‍ ഇതാണ് അവസ്ഥ' Ð മകളെ ചൂണ്ടിക്കാണിച്ചുകൊണ്ട് ആ അമ്മ തുടര്‍ന്നു. ഒരു വീടുണ്ടാക്കി തരണം. അച്ചനോടല്ലാതെ മറ്റാരോടും പറയാനില്ല... അവര്‍ ഒറ്റശ്വാസത്തില്‍ ബോധ്യപ്പെടുത്തി.
പെട്ടെന്നിങ്ങനെ പറഞ്ഞാല്‍ ഉടനെ വീടു വച്ചു തരാന്‍ കഴിയില്ല. അപേക്ഷ നല്‍കിയ കുറേ പേര്‍ കാത്തിരിക്കുകയാണ്. ക്രമപ്രകാരം നിങ്ങളുടെ വീടിന്റെ കാര്യവും പരിഗണിക്കാം - അച്ചന്‍ അവര്‍ക്കു വാക്കു നല്‍കി.
‘മതി, അതുമതി’ - അമ്മയും മകളും പോകാനെഴുന്നേറ്റു. നേരം ഉച്ചയോടടുക്കുന്നു. നിങ്ങള്‍ വല്ലതും കഴിച്ചോ - പുരോഹിതന്‍ അവരോടു ചോദിച്ചു. ‘വണ്ടിക്കൂലിക്കു പോലും കാശില്ല.’ ഇതു പറഞ്ഞപ്പോള്‍ അവരുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.
അച്ചന്‍ അപ്പുറത്തെ ക്ലാസ് മുറിയില്‍ നിന്നു രണ്ടു വിദ്യാർഥികളെ വിളിച്ചു. 300 രൂപ അവരുടെ കയ്യില്‍ കൊടുത്ത് രണ്ടു ബിരിയാണി വാങ്ങിക്കൊണ്ടു വരാന്‍ പറഞ്ഞു. അവിടെയുണ്ടായ ബാക്കി സംഭവങ്ങള്‍ ഫാ. റിഞ്ചു പി. കോശി പറഞ്ഞത് ഇങ്ങനെ:
‘പൊന്നു സഹോദരാ, എന്റെ മുന്നിലിരുന്ന് ആ അമ്മയും മകളും ആ ഭക്ഷണം മുഴുവനും ഇല വടിച്ച് തൂത്തുവാരിക്കഴിച്ചു. ഒരു കാര്യം ഉറപ്പ്; അവര്‍ വയറുനിറയെ ഭക്ഷണം കഴിച്ചിട്ടു രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ടുണ്ടായിരിക്കണം. നമ്മുടെ സമൂഹത്തില്‍ ഇതുപോലെ കുറേയാളുകള്‍ വിശപ്പുമാറും വരെ കഴിക്കാന്‍ ഭക്ഷണമില്ലാതെ ജീവിക്കുന്നുണ്ട്. അതു കണ്ടില്ലെന്നു നടിച്ചുകൊണ്ട് നമ്മള്‍ പലതും കഴിച്ചിട്ടെന്തു കാര്യം?’
ഞാനും എന്റെ പിള്ളേരും
ഇന്ത്യന്‍ സൈന്യത്തില്‍ സുബേദാര്‍ മേജറായിരുന്ന മാമ്മന്‍ കോശിയുടേയും മേരിക്കുട്ടി കോശിയുടേയും മകന്‍ ഫാ. റിഞ്ചു പി. കോശി വൈദികപട്ടം അണിഞ്ഞതിനു ശേഷമാണ് അധ്യാപകനായത്. ' നിരവധി കാര്യങ്ങള്‍ സമൂഹത്തിനു വേണ്ടി ഒരു അധ്യാപകനു ചെയ്യാന്‍ സാധിക്കും' ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്കു വഴിതെളിഞ്ഞതിനെക്കുറിച്ച് റിഞ്ചു അച്ചന്‍ പറഞ്ഞു തുടങ്ങി.
നമ്മളെ ശ്രദ്ധിക്കാനും, നമ്മള്‍ ചിന്തിക്കുന്നത് ഏറ്റെടുക്കാനും പത്തു കുട്ടികളുണ്ടെങ്കില്‍ ഈ സമൂഹത്തിനു വേണ്ടി ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. സെന്റ് തോമസ് സ്‌കൂളിലെ നാഷനല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്) അംഗങ്ങളായ വിദ്യാര്‍ഥികളിലൂടെ ഈ നാട്ടുകാര്‍ അതു തിരിച്ചറിഞ്ഞിട്ടുണ്ട്. അധ്യാപകരിലെ യഥാര്‍ഥ മനുഷ്യസ്‌നേഹിയെ കണ്ടെത്തുന്ന പ്രവര്‍ത്തന മേഖലയാണ് എന്‍എസ്എസ്. ഈ ചുമതലയില്‍ നിന്ന് ഒഴിവാകാനാണ് ഒട്ടുമിക്ക അധ്യാപകരും ശ്രമിക്കുക. അവരെ കുറ്റം പറഞ്ഞതല്ല, ഡ്യൂട്ടി കഴിഞ്ഞാലും അവസാനിക്കാത്ത എക്‌സ്ട്രാ ജോലിയാണിത്. കഴിഞ്ഞ എട്ടു വര്‍ഷമായി ഈ പദവിയില്‍ ഞാന്‍ തുടരുന്നു. ഞങ്ങളുടെ സ്‌കൂളിന്റെ സല്‍പേരു നാടു മുഴുവന്‍ എത്തിക്കാന്‍ കഴിഞ്ഞു എന്നുള്ളതുകൊണ്ട് അച്ചന്‍ തന്നെ ആ സ്ഥാനത്തു തുടരട്ടെ എന്നാണ് ഇവിടത്തുകാരുടെ തീരുമാനം.
സ്‌കൂള്‍ കോംപൗണ്ടിനുള്ളില്‍ 50 മണിക്കൂര്‍ സേവനം, മതില്‍ക്കെട്ടിനു പുറത്ത് 70 മണിക്കൂര്‍ - ഇങ്ങനെയാണ് എന്‍എസ്എസിന്റെ പ്രവര്‍ത്തനം. സ്‌കൂളിനു വെളിയിലുള്ള മണിക്കൂറുകളില്‍ ഞാനും കുട്ടികളും ഗ്രാമങ്ങളിലേക്കു പോകും. വീടില്ലാത്തവരെ കണ്ടെത്തലാണു പ്രാഥമിക പരിപാടി. നാലു വര്‍ഷം മുന്‍പൊരു പ്രഭാത യാത്രയ്ക്കിടെ കണ്ണുകളെ ഈറനണിയിച്ച കാഴ്ചയില്‍ നിന്നാണ് അതിന്റെ തുടക്കം.
രാവിലെ നടത്തത്തിനിടെ ഉദിച്ചുയരുന്ന സൂര്യന്റെ ഭംഗിയാണു കാണേണ്ടത്. പക്ഷേ, അന്നത്തെ പുലരിയില്‍ എന്റെ കണ്ണില്‍പ്പെട്ടത് പൊളിഞ്ഞു വീഴാറായ ഒരു കുടിലായിരുന്നു. ഞാന്‍ ആ കുടുംബത്തിലേക്കു കയറിച്ചെന്നു. വിധവയായ അമ്മയും രണ്ടു പെണ്‍മക്കളും ആ കൂരയ്ക്കു താഴെ ദുരിതത്തില്‍ കഴിയുന്നു. ആ ദൃശ്യം എന്റെ മനസ്സിനെ വല്ലാതെ സങ്കടപ്പെടുത്തി. എന്‍എസ്എസ് അടൂര്‍ പിഎസി മെംബറായിരുന്ന മണികണ്ഠനെ ഫോണിൽ വിളിച്ചു. അധ്യാപകനായ മണികണ്ഠന്‍ ചേട്ടന്‍ സഹായം വാഗ്ദാനം ചെയ്തു. ഞാനും എന്‍എസ്എസിലെ എന്റെ കുട്ടികളും ചേര്‍ന്ന് ആ കുടിലിന്റെ സ്ഥാനത്ത് ബലമുള്ളൊരു മേല്‍ക്കൂരയുണ്ടാക്കി. അതിനു ശേഷമുള്ള അന്വേഷണത്തിലാണ് ഞങ്ങളുടെ പഞ്ചായത്തിലും സമീപ പഞ്ചായത്തുകളിലും നിരവധിയാളുകള്‍ക്കു സ്വന്തമായി വീടില്ലെന്നു മനസ്സിലായത്. ഇക്കൂട്ടത്തില്‍ നിന്ന് ആരോരും സഹായത്തിനില്ലാത്തവരും എല്ലാ മാര്‍ഗങ്ങളും അടഞ്ഞവരുമായ ആളുകളെ കണ്ടെത്തി. ഫാ. റിഞ്ചു പി. കോശി എന്ന പേരില്‍ ആരംഭിച്ച ഫേസ് ബുക്ക് പേജിലും ക്രിസ്ത്യൻ വിസ്ഡം യു ട്യൂബ് ചാനലിലും അവരുടെ പേരു വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി.
ഞാനറിയാത്തവരും ഏതൊക്കെയോ നാടുകളില്‍ താമസിക്കുന്നവരുമായ ഉദാരമതികള്‍ അവരുടെ കഴിവനുസരിച്ചു സഹായം കോൺട്രാക്ടറുടെ ബാങ്ക് അക്കൗണ്ടിലേക്കു നൽകി. ബാബു കുളത്തൂര്‍ എന്ന കോണ്‍ട്രാക്ടറെയാണു വീടു നിര്‍മാണ ചുമതല ഏല്‍പ്പിച്ചത്. സംഭാവനകള്‍ ഓരോരുത്തരേയും രേഖ സഹിതം ബോധിപ്പിച്ചു. തുടക്കകാലത്ത് അഞ്ചു ലക്ഷം രൂപയാണ് ഒരു വീടിന് ചെലവായിരുന്നത്. ഇപ്പോള്‍ അത് ഏഴു ലക്ഷം രൂപ വരെയാകുന്നുണ്ട്. 2025 ക്രിസ്മസ് എത്തുമ്പോള്‍ 150 വീടുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ കൈമാറിക്കഴിയും.
ഹൃദയം തൊട്ട നിമിഷം
ചിലര്‍ ഓടിപ്പാഞ്ഞു വരാറുണ്ട്. വീടു വച്ചു തരണമെന്നാണ് ആവശ്യം. പൊടുന്നനെ ഏര്‍പ്പാടു ചെയ്യാവുന്ന കാര്യമല്ല അത്. അന്‍പതിലേറെ അപേക്ഷകള്‍ നിലവില്‍ ഇവിടെയുണ്ട്. അതില്‍ നിന്ന് അര്‍ഹതയുള്ളവരെ കണ്ടെത്തിയാണ് വീടു നിര്‍മാണത്തിനുള്ള ശ്രമം ആരംഭിക്കുന്നത്. ഇക്കാര്യത്തില്‍ എന്നെ സഹായിക്കാന്‍ നിരവധി പേര്‍ ഈ നാട്ടിലുണ്ട്. അവര്‍ നേരിട്ട് അന്വേഷിച്ചു നല്‍കുന്ന വിവരം അനുസരിച്ചാണു വീടിനു കുറ്റി അടിക്കാറുള്ളത്. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്നോട്ടു വരണമെന്ന് അറിയിക്കലാണ് എന്റെ ദൗത്യം. ഓരോ ഘട്ടത്തിലും വരവു ചെലവു കണക്കുകള്‍ കൃത്യമായ പരിശോധന നടത്തും. കുറ്റിയടിക്കുന്ന സമയത്തും താക്കോല്‍ദാനത്തിനും മാത്രമേ ഞാന്‍ പോകാറുള്ളൂ. ബാക്കിയെല്ലാ ജോലികള്‍ക്കും കോണ്‍ട്രാക്ടറാണു മേല്‍നോട്ടം നടത്തുന്നത്.
2018ല്‍ പഞ്ചായത്ത് തലത്തിലുള്ള സ്‌കൂളുകളില്‍ പ്ലസ്ടു അനുവദിച്ചു കിട്ടിയപ്പോഴാണ് സെന്റ് തോമസ് സ്‌കൂളില്‍ അധ്യാപകനായി ഞാന്‍ ജോലിയില്‍ പ്രവേശിച്ചത്. അതിനു ശേഷം എന്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളുമായി ഗ്രാമങ്ങളിലേക്കു നീങ്ങിയപ്പോഴേക്കും കോവിഡ് വ്യാപിച്ച് ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ കുറേ വിദ്യാര്‍ഥികള്‍ക്കു സ്മാര്‍ട്ട് ഫോണ്‍ ഉണ്ടായിരുന്നില്ല. കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യം വിശദീകരിച്ചുകൊണ്ട് ഒരു വിഡിയോ അപ്ലോഡ് ചെയ്തു. രണ്ടാഴ്ചയ്ക്കുള്ളില്‍ നൂറ്റന്‍പതു ഫോണുകള്‍ വിതരണം ചെയ്യാന്‍ സാധിച്ചു.
കാതില്‍ കമ്മലിട്ടു മുടി നീട്ടി വളര്‍ത്തിയൊരു പയ്യന്‍ ഇവിടെ പഠിച്ചിരുന്നു. അവനെപ്പറ്റി പലര്‍ക്കും മോശം അഭിപ്രായമാണുണ്ടായിരുന്നത്. ഞാന്‍ അവനെ എന്‍എസ്എസില്‍ ചേര്‍ത്തു. സര്‍വീസ് പ്രോഗ്രാമിന്റെ ഭാഗമായി മറ്റു കുട്ടികളോടൊപ്പം ഗ്രാമങ്ങളിലേക്കു വിട്ടു. തിരിച്ചു വന്നപ്പോള്‍ അവന്‍ എന്നത്തേയും പോലെ ക്ലാസില്‍ കയറിയിരുന്നു. പ്രോഗ്രാം എങ്ങനെ ഉണ്ടായിരുന്നുവെന്നു ഞാന്‍ മറ്റു കുട്ടികളോടാണ് ചോദിച്ചത്. അവിടെയൊരു വീട്ടിലെ അവസ്ഥ കണ്ടപ്പോള്‍, അവന്‍ ഭക്ഷണം കഴിക്കാന്‍ കരുതി വച്ചിരുന്ന പൈസ ആ വീട്ടില്‍ കൊടുത്തിട്ടാണു മടങ്ങി വന്നിട്ടുള്ളത്. എന്നിട്ട്, യാതൊന്നും അറിയാത്ത മട്ടില്‍ ഇരിക്കുന്നു. ആളുകള്‍ക്കു മുന്നില്‍ മോശപ്പെട്ടവരായി ചിത്രീകരിക്കപ്പെട്ട ചിലരായിരിക്കാം ഹൃദയവിശാലതയും മനുഷ്യസ്‌നേഹവുമുള്ളവര്‍.
കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിനത്തില്‍ ഞങ്ങളുടെ നാട്ടിലെ 300 കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനം നല്‍കാനായി ചെറിയൊരു വിഡിയോ ചെയ്തു. ഇതിലൂടെ പതിനെട്ടര ലക്ഷം രൂപ ചികിത്സാ സഹായമായി നൽകാൻ സാധിച്ചു. ഇക്കുറി ഈ നാട്ടിലെ വിധവകള്‍ക്കു വേണ്ടി ക്രിസ്മസ് കിറ്റ് കൊടുക്കാനാണു തീരുമാനം.
വൈദികനെന്ന നിലയില്‍ എന്റെ അഭ്യര്‍ഥന സ്വീകരിക്കുന്ന ഒരുപാടു മലയാളികള്‍ ലോകത്തിന്റെ വിവിധ ഭാഗത്തുണ്ട്. അവരുടെ സഹായമനസ്ഥിതിയില്‍ ഞങ്ങളുടെ ഗ്രാമത്തിലെ നിരവധി പേര്‍ ജീവിതമാര്‍ഗം കണ്ടെത്തിയെന്നു പറയുന്നതില്‍ അഭിമാനമുണ്ട്. 120 തയ്യല്‍ മെഷിനുകള്‍ വിതരണം ചെയ്തതും വളര്‍ത്താനായി 80 ആടുകളെ നല്‍കിയതും സമൂഹസ്‌നേഹികളുടെ കാരുണ്യത്താലാണ്. നിരന്തര പഠനത്തിലൂടെ ലോകത്തെ അറിയണമെന്നു പഠിപ്പിച്ച പൂര്‍വികരാണ് എനിക്കു മാതൃകയായത്. എംകോം പൂര്‍ത്തിയാക്കിയ ശേഷം പൗരോഹിത്യം സ്വീകരിച്ചു. പിന്നീട്, അപ്ലൈഡ് സൈക്കോളജിയില്‍ എംഎസ് സിയും എംഎഡും സോഷ്യോളജിയില്‍ എംഎയും നേടിക്കഴിഞ്ഞാണ് എംജി സര്‍വകലാശാലയില്‍ നിന്നു വിദ്യാഭ്യാസ മനശാസ്ത്രത്തില്‍ യൂനിവേഴ്‌സിറ്റി റിസേര്‍ച്ച് ഡയറക്ടര്‍ ആയിരുന്ന പി.ജെ ജേക്കബിനു കീഴില്‍ പിഎച്ച്ഡി സ്വന്തമാക്കിയത്. ഇപ്പോള്‍, മാക്കുളം ഹെര്‍മോന്‍ പള്ളിയില്‍ വികാരിയായി സേവനമനുഷ്ഠിക്കുന്നതിനൊപ്പം അധ്യാപക ജോലി ചെയ്യുമ്പോഴും പഠനം അവസാനിപ്പിച്ചിട്ടില്ല, എംബിഎ പഠനം തുടരുന്നു.
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ അംഗമായതിനാലും അടൂര്‍ കടമ്പനാട് മെത്രാസനത്തിലെ വൈദികനായി ശുശ്രൂഷ നടത്തുന്നതിനാലും ഭദ്രാസന ചുമതലയുള്ള മെത്രാപ്പൊലീത്തയും ഗുരുവുമായ അഭിവന്ദ്യ ഡോ. സഖറിയാസ് മാര്‍ അപ്രേം തിരുമേനി നല്‍കുന്ന പ്രോല്‍സാഹനമാണ് ഈ നേട്ടങ്ങള്‍ക്കു കരുത്തു പകര്‍ന്നത്. പന്നിവിഴ സെന്റ് തോമസ് വിഎച്ച്എസ്ഇ ഫിസിക്‌സ് അധ്യാപികയായ ഭാര്യ വിനി വി. ജോണ്‍, പത്താം ക്ലാസില്‍ പഠിക്കുന്ന മകന്‍ ദര്‍ശന്‍, അഞ്ചാം ക്ലാസുകാരി മകള്‍ ദ്യുതി എന്നിവര്‍ മുന്നോട്ടുള്ള ഓരോ ചുവടുകള്‍ക്കും പിന്തുണയായി കൂടെയുണ്ട്.
നക്ഷത്രങ്ങള്‍ തിളങ്ങാന്‍ എളുപ്പവഴി
ഒരു ദിവസം വീടു വേണമെന്നു പറഞ്ഞു വന്ന അമ്മയെ കണ്ടപ്പോള്‍ വെറും കയ്യുമായി മടക്കി അയയ്ക്കാന്‍ മനസ്സു വന്നില്ല. അവര്‍ക്ക് ഒരു കടലാസില്‍ ചെറിയൊരു തുക എഴുതിക്കൊടുത്തു. ആ കടലാസ് ജന്മസ്ഥലമായ മണക്കാലയിലെ പലചരക്കു കടയില്‍ നല്‍കി സാധനങ്ങള്‍ വാങ്ങിക്കോളാന്‍ പറഞ്ഞു. എല്ലാ മാസവും ഏഴോ എട്ടോ പേര്‍ക്ക് ഭക്ഷ്യകിറ്റിനുള്ള തുക നീക്കിവച്ചു തുടങ്ങി. ഇക്കാര്യങ്ങളെല്ലാം നിങ്ങളോടു പറയുന്നതു ഞാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പ്രചാരണത്തിനു വേണ്ടിയല്ല. നിങ്ങള്‍ ഏതു ദേശത്തു ജീവിക്കുന്നയാളായാലും, സ്വന്തം നാട്ടിലുള്ളവര്‍ക്കു വേണ്ടി ഇത്രയെങ്കിലും ചെയ്യാനുള്ള പ്രേരണയായെങ്കില്‍ എന്റെ ലക്ഷ്യം പൂര്‍ണമാകും, എന്റെ വീട്ടിലെ ക്രിസ്മസ് ന ക്ഷത്രത്തിനു തിളക്കമേറും.
പ്ലസ് വണ്‍ ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി കഴിഞ്ഞ ദിവസം എന്നെ കാണാന്‍ വന്നു. അവളുടെ അച്ഛന്‍ ബാങ്കില്‍ നിന്നു പലപ്പോഴായി രണ്ടര ലക്ഷം രൂപ ലോണെടുത്തു. വായ്പ തിരിച്ചടയ്ക്കാതെ ബാങ്കില്‍ നിന്നു ജപ്തി നോട്ടീസ് വന്നപ്പോള്‍ അയാള്‍ തൂങ്ങി മരിച്ചു. രണ്ടു പെണ്‍കുട്ടികളും അമ്മയും പെരുവഴിയിലാവാന്‍ പോവുകയാണ്. ആ വിദ്യാര്‍ഥിനിക്കും കുടുംബത്തിനും ഒരു വീടുണ്ടാക്കി കൊടുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങളിപ്പോള്‍.
പകലന്തിയോളം പണി ചെയ്തു കിട്ടുന്ന കൂലിക്കു മുഴുവനും മദ്യപിച്ച്, വീട്ടിലിരിക്കുന്നവരുടെ വിശപ്പിനെ മറന്നു ലഹരിയില്‍ ഉറങ്ങുന്ന കുറേയാളുകളുടെ ഇടയിലാണ് ഞാനും നിങ്ങളും ജീവിക്കുന്നത്. മദ്യപാനമാണ് ഈ നാടിനെ ദുരിതക്കയത്തിലാക്കുന്നത്. കണ്ണു തുറന്നു നടക്കുന്നവര്‍ക്ക് അതു കണാന്‍ കഴിയും; കണ്ടില്ലെന്നു നടിച്ചു മുന്നോട്ടു പോകാന്‍ എനിക്കു കഴിയില്ല...
