കഥ പറയുമ്പോൾ എന്ന സിനിമയുടെ കഥ ഇതല്ലേ... കുചേലൻ സാക്ഷാൽ ശ്രീകൃഷ്ണനെ കാണാൻ എത്തിയ പോലെ ബാർബർ ബാലൻ kuchela and krishna meeting became story for a movie
Mail This Article
അരങ്ങിലെ വേഷങ്ങൾ ഹൃദയത്തിലേക്കു ചുവടു വയ്ക്കുന്ന ദൃശ്യാനുഭവമാണു കുചേലവൃത്തം കഥകളി. വർഷങ്ങൾക്കു ശേഷം കുട്ടിക്കാലത്തെ കൂട്ടുകാരനെ കണ്ടുമുട്ടുമ്പോൾ ശ്രീകൃഷ്ണന്റെ സ്നേഹപ്രകടനമാണ് കഥയുടെ ജീവൻ. എന്തേ വൈകിയെന്നു ചോദിച്ച് പരിഭവം പറയുന്ന കൃഷ്ണനും കാണാൻ അത്രമേൽ ആഗ്രഹമുണ്ടായിട്ടും വരാൻ സാധിച്ചില്ലെന്നു കുചേലനും മനസ്സു ചേർക്കുന്നിടത്ത് സൗഹൃദത്തിന്റെ സമുദ്രം അലതല്ലുന്നു. ‘അജിതാ ഹരേ ജയ മാധവാ’ എന്നു കൃഷ്ണകീർത്തനം ചൊല്ലിക്കൊണ്ടു കുചേലൻ സ്നേഹം പങ്കിടുന്നത് കഥകളിയിലെ ഏറ്റവും ഹൃദയഹാരിയായ മുഹൂർത്തമാണ്. ഒരു യാത്രയ്ക്കിടെ എറണാകുളത്ത് എത്തിയ ദിവസം എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ ചെന്നപ്പോൾ വേദിയിൽ കഥകളി നടക്കുകയാണ്. കഥ കുചേലവൃത്തമായതിനാലും സുഹൃത്തക്കളോടൊപ്പമുള്ള യാത്രയായതിനാലും ആട്ടം കാണാൻ തീരുമാനിച്ചു.
പ്രിയ ചങ്ങാതിയെ കണ്ട് മറ്റൊന്നും ആലോചിക്കാതെ ചേർത്തു പിടിക്കുന്ന സാക്ഷാൽ ശ്രീകൃഷ്ണൻ, അതിഥിയായി എത്തിയ കുചേലന്റെ പാദം കഴുകി പൂക്കൾ അർപ്പിക്കുന്നു. ആ ദൃശ്യം അരങ്ങിൽ കാണുമ്പോൾ സൗഹൃദത്തിന്റെ നിലാവു പരക്കുകയാണ്. കൃഷ്ണനല്ലാതെ മറ്റാരും ആശ്രയമില്ലാ എന്നു പറഞ്ഞു വിതുമ്പുന്ന കുചേലന് പ്രിയപ്പെട്ട കൂട്ടൂകാരനോട് ഒന്നും ചോദിക്കാൻ കഴിയുന്നില്ല. സൗഹൃദത്തിന്റെ കടലാഴം തിരിച്ചറിഞ്ഞുള്ള അഭിനയ മുഹൂർത്തമാണ് അത്. കൈമുദ്രകളിൽ, കവിളിണകളിൽ, കണ്ണുകളിൽ, ആശ്ലേഷങ്ങളിൽ... ഓരോ ചലനങ്ങളിലും വാത്സല്യവും സ്നേഹവുമാണ് പ്രകടമാകുന്നത്.
ഒരുമിച്ചു പഠിച്ചതും കളിച്ചു നടന്നതുമായ മുഹൂർത്തങ്ങൾ ഇന്നലെയെന്നപോലെ പരസ്പരം പറയുന്നതാണു രംഗം. പദങ്ങളില്ലാതെ കുറച്ചു നേരം ഇരുവരും പരിഭവം പറയുന്ന രംഗങ്ങളിൽ വാദ്യത്തിനു മീതെ നിൽക്കുന്ന അഭിനയ മികവിലൂടെ കലാകാരന്മാർ കൃഷ്ണന്റെയും കുചേലന്റയും ജീവാത്മാവായി മാറുന്നു. പത്നിയും കുട്ടികളും വീട്ടിൽ തനിച്ചാണെന്നും തൽക്കാലം പോകാൻ അനുവദിക്കണമെന്നും അഭ്യർഥിച്ചുകൊണ്ടു ശ്രീകൃഷ്ണനോടു യാത്ര പറയുന്ന കുചേലൻ വീണ്ടും വന്നു കാണാൻ അനുഗ്രഹം തരണേ എന്നാണു പ്രാർഥിക്കുന്നത്. സുഹൃദ്ഭക്തിയുടെ പാരമ്യത്തിൽ കുചേലൻ കൊണ്ടു വന്ന അവൽ വാരിക്കഴിക്കുന്ന കൃഷ്ണന്റെ അനുഗ്രഹം കുചേലനു ധാരാളം കിട്ടിക്കഴിഞ്ഞു. കൃഷ്ണപത്നി രുഗ്മിണിയും അരങ്ങിലെത്തുന്നതോടെ ആതിഥ്യ മര്യാദ സമ്പൂർണം. ‘ത്വത്പാദം ചേരുവോളവും അൽപേ തരയാം ഭക്തി തന്നിടേണം’ എന്നു പ്രാർഥിച്ചു മടങ്ങുന്ന കുചേലനു മുന്നിൽ പ്രേക്ഷകഹൃദയം സൗഹൃദസാഗരം...
വെള്ളിനേഴി ഗ്രാമം...
കഥകളിയെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർ പാലക്കാട് ജില്ലയിലെ കല്ലുവഴി ഗ്രാമത്തിലെത്തണം. കഥകളി കണ്ടിട്ടുള്ളവർ കേട്ടറിഞ്ഞിട്ടുണ്ടാകും കല്ലുവഴിച്ചിട്ടയുടെ കാഠിന്യം. കലാമണ്ഡലം രാമൻകുട്ടി നായർ ആത്മകഥയിൽ പറയുന്നുണ്ട് അതിന്റെ കഷ്ടപ്പാടുകൾ. വെള്ളിനേഴിക്ക് ‘കലാഗ്രാമം’ എന്ന പദവി നൽകി കേരള സർക്കാർ അംഗീകരിച്ചിട്ട് കുറച്ചു വർഷങ്ങളേ ആയിട്ടുള്ളൂ.
കിരീടം, വള, ഹസ്തകടകം, തോൾപൂട്ട്, പരുത്തിക്കാമണി, കുരലാരം, ഒറ്റനാക്ക്, കഴുത്താരം... കഥകളിക്കുവേണ്ടതെല്ലാം രാജീവിന്റെയും പദ്മനാഭന്റെയും കരവിരുതിൽ ഒരുങ്ങുന്നു. ‘‘ പുരുഷ വേഷത്തിന് ആവശ്യമുള്ള ചമയം ഉണ്ടാക്കാൻ ഒന്നര മാസം വേണം. രൂപമുണ്ടാക്കിയ ശേഷം നിറം പിടിപ്പിച്ച് മിനുക്കും തൊങ്ങലും ചാർത്തണം. മുത്തുകൾ തുന്നി പിടിപ്പിക്കണം. മറ്റലങ്കാരങ്ങൾ ഒട്ടിക്കണം. സൂക്ഷ്മമായി ശ്രദ്ധിച്ചില്ലെങ്കിൽ ഭംഗി നഷ്ടപ്പെടും. കിരീടം മിനുക്കാനാണ് കൂടുതൽ സമയം വേണ്ടത്.
