ADVERTISEMENT

കുന്നത്തു മനയ്ക്കൽ രാമൻ നമ്പൂതിരിയുടെ വിശ്വസ്ത തോഴനായിരുന്നു ബാലൻ മൂശാരി. നാട്ടുപ്രമാണി കൂടിയായ തിരുമേനി  മാനത്തെ ചന്ദ്രക്കല കിട്ടുമോ എന്നു ചോദിച്ചാലും  അരക്കൈ നോക്കാമെന്നേ ബാലൻ പറയൂ. ശിൽപകലയിൽ ബാലന്റെ മികവിനെക്കുറിച്ചു രാമൻ നമ്പൂതിരിക്ക് വലിയ മതിപ്പായിരുന്നു.

‘വെള്ളോടു കൊണ്ടൊരു കണ്ണാടിയുണ്ടാക്കാൻ പ റ്റ്വോ, ബാലാ’ എന്നു രാമൻ നമ്പൂതിരി ചോദിച്ചപ്പോൾ ബാലൻ പതിവു മറുപടി പറഞ്ഞു. ‘നോക്കാം’. അതിന്റെയർഥം എന്തെങ്കിലുമൊരു വഴി ബാലൻ കണ്ടുപിടിക്കുമെന്നാണെന്നു തിരുമേനിക്കു നന്നായി അറിയാം.  ബാലന്റെ മനസ്സിൽ അപ്പോൾ ചിന്തകൾ ഉരുകിത്തുടങ്ങി.

ADVERTISEMENT

അന്നുവരെ സ്വന്തം മുഖത്തിന്റെ ചന്തം നോക്കാൻ പോലും കണ്ണാടി കൈകൊണ്ടു തൊട്ടിട്ടില്ല. പിന്നെങ്ങനെ കണ്ണാടിയുണ്ടാക്കും? ആ തിളയ്ക്കുന്ന ചോദ്യവുമായി ബാലൻ മൂശാരി മനയ്ക്കൽ നിന്നിറങ്ങി വീട്ടിലേക്ക് നടന്നു.  

തിളക്കമുള്ള കരവിരുത്

ADVERTISEMENT

മനയ്ക്കലെ നമ്പൂതിരിമാരുടെ നിർദേശത്താൽ ദൂരദേശങ്ങളിൽ നിന്നു പോലുമുള്ള ആളുകൾ ബാലൻ മൂശാരിയെ തേടിയെത്താറുണ്ടായിരുന്നു. നിലവിളക്കും കുത്തുവിളക്കും കിണ്ടിയും തൂക്കുവിളക്കുമൊക്കെ ബാലനുണ്ടാക്കിയാൽ പന്തീരാണ്ടു കഴിഞ്ഞാലും തിളക്കം മങ്ങില്ലെന്നൊരു നാട്ടുവർത്തമാനം തന്നെയുണ്ടായിരുന്നു.

തിളക്കം മങ്ങാത്ത ആ വിശ്വാസത്തിന്റെ ബലത്തിലാണ് എട്ടു മക്കളും ഭാര്യയുമുള്ള കുടുംബത്തിന്റെ വിശപ്പു മാറ്റാനായി ബാലൻ ഉലയൂതിയിരുന്നത്. ഈ വിധം കടപ്പാടുണ്ടായിരിക്കെ, രാമൻ നമ്പൂതിരി കണ്ണാടിയുണ്ടാക്കാൻ ആവശ്യപ്പെട്ടതോടെ ബാലന് ഉറക്കം നഷ്ടപ്പെട്ടു. വെള്ളോട്, കാളാശ്രീ, പിത്തളക്കൂട്ട് എന്നിവ ചേർത്താൽ ഓട്ടുപാത്രമുണ്ടാക്കാം. എന്നാൽ, ലോഹമിശ്രിതം ചേർത്ത് എങ്ങനെയാണ് കണ്ണാടിയുണ്ടാക്കുക? ഉത്തരം കിട്ടാതെ അദ്ദേഹം മാനം നോക്കിക്കിടന്നു.

ADVERTISEMENT

കോപ്പറും ടിന്നും ഏത് അളവിൽ ചേർത്താലാണ് കണ്ണാടി പരുവപ്പെടുകയെന്നു നിശ്ചയമില്ല. നോക്കിയുണ്ടാക്കാമെന്നു കരുതിയാൽ മോഡലാക്കാൻ ചിത്രം പോലും ലഭ്യമായിരുന്നില്ല.  അറിയുന്ന തിയറി ഉപയോഗിച്ച് ആദ്യമുണ്ടാക്കിയ കരുക്കളെല്ലാം ഉടഞ്ഞു പോയി. പ്രതിബിംബം തെളിയാതെ കണ്ണാടിയാകുന്നതെങ്ങനെ?  

എന്താണോ ഉണ്ടാക്കേണ്ടത് അതിന്റെ ആദ്യ രൂപം മെഴുകിൽ തയാറാക്കി അതിനു മീതെ മൂന്നു ലെയർ മണ്ണു പൊതിഞ്ഞ് കരു ഒരുക്കിയാണ് വിഗ്രഹങ്ങൾക്കു മോൾഡ് നിർമിക്കാറുള്ളത്. ഇതു ഫർണസിൽ ചൂടാക്കുമ്പോൾ മെഴുക് ഉരുകി പുറത്തേക്കൊഴുകും. ഒഴിഞ്ഞ ഭാഗത്തു പിന്നീട്  ലോഹമിശ്രിതം നിറയ്ക്കും. ഇതു ചൂടാറുമ്പോൾ പുറംഭാഗത്തുള്ള മണ്ണു നീക്കം ചെയ്യും. അങ്ങനെയാണ് ‘കരു’ ഉണ്ടാക്കാറുള്ളത്. ഇതേ ടെക്നോളജി ഉപയോഗിച്ച് കണ്ണാടിക്കു വേണ്ടി ബാലൻ പല വലുപ്പങ്ങളിൽ കരു ഒരുക്കി.

തിരിച്ചും മറിച്ചും കണക്കു മാറ്റി നാലു വർഷം ഉരുക്കിയ കരുക്കളിലൊന്നിൽ സ്വന്തം മുഖം  കണ്ടപ്പോൾ‌ ബാലൻ മൂശാരി മനയ്ക്കലേക്ക് ഓടി. ബാലന്റെ പാഞ്ഞുള്ള വരവു കണ്ടു രാമൻ നമ്പുതിരി അമ്പരന്നു. പട്ടിൽ പൊതിഞ്ഞ കണ്ണാടി ബാലൻ തിരുമേനിക്ക് മുന്നിൽ വച്ചു.

ലോകത്തെവിടെയും പകർപ്പില്ലാത്ത കലാസൃഷ്ടി, അ താണ് പാലക്കാടിന്റെ സ്വന്തം അടയ്ക്കാപുത്തൂർ കണ്ണാടി.

വാൽക്കണ്ണെഴുതാൻ വേളി സ്പെഷൽ

പാരമ്പര്യമായി അരമണിയും ചിലമ്പും നിലവിളക്കും വിഗ്രഹങ്ങളും ഉണ്ടാക്കുന്നവരാണു വള്ളുവനാട്ടിലെ മൂശാരിമാർ. വ്ലോഗർമാരുടെ ഭാഷയിൽ പറഞ്ഞാൽ, ട്രഡീഷനൽ ഷോ പീസ് ഡിസൈൻ ചെയ്യുന്ന ആർട്ടിസ്റ്റ് കമ്യൂണിറ്റി..!

1970 ൽ ബാലൻ മൂശാരി ആദ്യ കണ്ണാടി നിർമിച്ചെങ്കിലും മകൻ കൃഷ്ണകുമാറിലൂടെയാണ് ‘അടയ്ക്കാപുത്തൂ ർ വാൽക്കണ്ണാടി’ പ്രശസ്തമായത്. രാവിലെ പത്തു മണിക്ക് അടയ്ക്കാപുത്തൂരിലെത്തിയപ്പോൾ കണ്ണാടിയുടെ ഫ്രെയിം ഉരച്ചു മിനുക്കുകയായിരുന്നു കൃഷ്ണകുമാർ. ബാലന്റെയും ഭാര്യ ദേവകിയുടേയും എട്ടുമക്കളിൽ ഇളയവനായി ജനിച്ച കൃഷ്ണകുമാറാണ് ഇപ്പോൾ അടയ്ക്കാപുത്തൂർ കണ്ണാടിയുടെ നിർമാണ രഹസ്യം അറിയുന്ന ഒരേയൊരാൾ. ഇതുവരെ പേറ്റന്റ് സ്വന്തമാക്കിയില്ലേ എന്നു ചോദിച്ചപ്പോൾ കണ്ണാടി നിർമാണത്തിന്റെ കഷ്ടപ്പാടും വരുമാനത്തിന്റെ കണക്കും ഉൾപ്പെടെ കുറേ കാര്യങ്ങളാണ് കൃഷ്ണകുമാർ പറഞ്ഞത്.

 ‘‘പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അച്ഛനെ സഹായിക്കാനിറങ്ങി. കോളജിലൊക്കെ പോയി പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അന്ന് അതിനൊന്നും സാഹചര്യമുണ്ടായില്ല’’ കണ്ണാടി മാഹാത്മ്യത്തിന്റെ നിഷ്കളങ്ക സൗന്ദര്യം കൃഷ്ണകുമാർ വർണിച്ചു.

കരുവായി മാറിയ ലോഹമിശ്രിതം ഉരച്ചു മിനുക്കലിലാണ് കരവിരുത് പ്രകടിപ്പിക്കേണ്ടത്. മുഖം നന്നായി തെളിയുമ്പോൾ മാത്രമേ നിർമാണം പൂർത്തിയായെന്നു പറയാനാകൂ. വലിയ കണ്ണാടി പൂർണമാകാൻ മുപ്പതു ദിവസത്തോളം അധ്വാനിക്കണം. അച്ഛന്റെ മരണശേഷമാണ് ഞാൻ പൂർണമായും കണ്ണാടി നിർമാണത്തിലേക്കു തിരിഞ്ഞത്.   

 വിഷുക്കണി കാണാനും അഷ്ടമംഗല്യത്തിനും അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി ഉപയോഗിക്കുന്നുണ്ട്. ഷോ പീസ് ആയി വീട്ടിൽ സൂക്ഷിക്കാമെന്നു തീരുമാനിച്ച് എത്തുന്ന ആവശ്യക്കാരും നിരവധി.

അമൃത യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ യുഎസ്, വെയിൽസ് സർവകലാശാലകളിലെ ഗവേഷക സംഘം അടയ്ക്കാപുത്തൂർ കണ്ണാടിയെക്കുറിച്ചു റിസേർച്ച് നടത്തിയിരുന്നു. ലോകത്തു മറ്റൊരിടത്തും ഈ ലോഹമിശ്രിതത്തിൽ കണ്ണാടി തയാറാക്കുന്നില്ലെന്നാണ്  ‘ക്രാഫ്ടിങ് ബ്രില്യൻസ്: ദ് ആർടിസ്ട്രി ലെഗസി ഒഫ് അടയ്ക്കാപുത്തൂർ ഇന്റർമെറ്റാലിക് വൈ–ബ്രോൺസ് മിറേഴ്സ്’ എന്ന ജേണലിൽ പറയുന്നത്.    

അഞ്ച് അളവുകളിലാണു കണ്ണാടി നിർമിക്കുന്നത്. അ തിൽ ഏറ്റവും വലുപ്പം കുറഞ്ഞത് ഒന്നേകാൽ ഇഞ്ച്. വേളി സ്പെഷൽ എന്നാണ് ഇത് അറിയപ്പെടുന്നത്. വില 10,000 രൂപ. കണ്ണാടിയുടെ വട്ടം കൂടുന്നതനുസരിച്ച് വില വ്യത്യാസപ്പെടും. അഞ്ച് ഇഞ്ച് വിസ്താരമുള്ളതാണ് വലിയ കണ്ണാടി. വ്യാളീമുഖമുള്ള കണ്ണാടിക്കാണ് അലങ്കാരപ്പണി കൂടുതലുള്ളത്. മുകളിലേക്കും താഴേക്കും കണ്ണാടി ചലിപ്പിക്കാം എന്നതാണ് ഇതിന്റെ മേന്മ.

വള്ളുവനാടിന്റെ ഹൃദയം

തലമുറ കൈമാറിക്കിട്ടിയ രഹസ്യക്കൂട്ട് ഏറ്റെടുക്കാൻ കൃഷ്ണകുമാറിന്റെ മകൻ അശ്വിന്‍ തയാറാണ്. പാരമ്പര്യം മകനിലൂടെ നിലനിൽക്കണമെന്നു തന്നെയാണ് കൃഷ്ണകുമാറിന്റെ ഭാര്യ ഷെൽനയുടേയും അഭിപ്രായം. 

onlinemasterpageNew
കൃഷ്ണകുമാർ ഭാര്യ ഷെൽനയ്ക്കും മകൻ അശ്വിനുമൊപ്പം

‘‘കണ്ണാടി ഡിസൈനറാണെന്നു പറഞ്ഞാലൊന്നും പെണ്ണ് കിട്ടില്ല. ആദ്യം അവൻ പഠിച്ച് ജോലി വാങ്ങട്ടെ. സൈഡായിട്ട് ഈ പണിയും പഠിച്ചോട്ടെ’’ അശ്വിൻ ഉയർന്ന വിദ്യാഭ്യാസം നേടി ജോലിക്കാരനാവണമെന്നുള്ള ആഗ്രഹം 52കാരനായ കൃഷ്ണകുമാർ തുറന്നു പറഞ്ഞു.  കണ്ണാടിക്കഥ കേട്ടു പിരിയും നേരം കൃഷ്ണകുമാറിനോടു ചോദിച്ചു.

 ‘ഇതുവരെ എത്ര കണ്ണാടിയുണ്ടാക്കിയിട്ടുണ്ടാകും?’

‘‘ഇതൊരു ബിസിനസ് ഒന്നുമല്ലല്ലോ. കണക്ക് എഴുതി വയ്ക്കുന്ന ശീലവുമില്ല. പണിക്കൂലിയാണ് വരുമാനം.   ലാഭം വേണംന്ന് തോന്നുമ്പോൾ ഈ പണി നിർത്തിക്കോളാനാണ് അച്ഛൻ പറഞ്ഞിട്ടുള്ളത്.’’ ഹൃദയത്തിന്റെ ഭാഷ യിൽ കൃഷ്ണകുമാർ മനസ്സു തുറന്നു.

ADVERTISEMENT