ADVERTISEMENT

ഓരോ കർക്കടകത്തിലും കലങ്ങിത്തെളിയുന്ന പുണ്യമാണു നിള. ഉദ്ഭവം മുതൽ ഒടുക്കം വരെ കർമപ്രവാഹത്തിന്റെ നീർച്ചുഴികൾ പുഴയിൽ മുങ്ങി നിവരുന്നു. പുലരിയുടെ ആദ്യ വെളിച്ചം ഓളങ്ങളെ തൊടുമ്പോൾ തിരുനാവായയിലെ തർപ്പണക്കടവിലേക്ക് ഈറനണിഞ്ഞെത്തുന്നൊരു കാറ്റുണ്ട്. നാവാമുകുന്ദന്റെ മുറ്റത്ത് ആൽത്തറയിൽ പുഴയിലേക്കു നോക്കിയിരുന്നാൽ ആ കാറ്റിന്റെ കൈകൾ നമ്മളെ പുണരുന്ന പോലെ തോന്നും; ജന്മബന്ധം വിട്ടൊഴിയും മുൻപു കർമബന്ധങ്ങളെ തൊട്ടറിയുന്ന പരമാത്മ സുകൃതം.

തിരുനാവായയിൽ നിളാതീരത്തെ ഓ രോ പ്രഭാതങ്ങളും പൂജകളോടെയാണു പിറവിയെടുക്കുന്നത്. അവിടുത്തെ വാവുബലിയുടെ സങ്കൽപം അനശ്വരമാണ്, അതിവിശേഷമാണ്. മൺമറഞ്ഞ അച്ഛന്റെയും അമ്മയുടെയും വംശത്തിൽ ജനിച്ചവർക്കു മാത്രമല്ല, ബലിതർപ്പണം ചെയ്യുന്നവരുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവരുടേയും ആത്മാവിന്റെ മുക്തിക്കായി കർമങ്ങൾ ചെയ്യപ്പെടുന്നു. 

onlinemasterpageNew
Photo: Sudheesh Salabham
ADVERTISEMENT

ബലി തർപ്പണത്തിന്റെ ചിട്ടവട്ടങ്ങളെക്കുറിച്ചു കർമി ഉണ്ണികൃഷ്ണൻ ഇളയത് പറയുന്നത് ഇങ്ങനെ: ‘‘കഴിഞ്ഞ ജന്മങ്ങളിൽ  നമ്മെ ആശ്രയിച്ചവർക്ക്, നമ്മെ സഹായിച്ചവർക്ക്, സുഹൃത്തുക്കൾക്ക്, നമ്മോടൊപ്പം സഹകരിച്ചവർക്ക്, നാം ആശ്രയിച്ച സമസ്ത ജീവജാലങ്ങൾക്കും ജന്തുക്കൾക്കും വേണ്ടി അന്നവും പുഷ്പവും  ജ ലവും പ്രാർഥനയും സമർപ്പിക്കുന്നു’’ ആറു പതിറ്റാണ്ടിലേറെയായി തിരുനാവായയിൽ ബലിതർപ്പണങ്ങളുടെ ആചാര്യനാണ് ഉണ്ണികൃഷ്ണൻ ഇളയത്. ‘‘വലിയച്ഛൻ കേശവൻ ഇളയതിൽ നിന്നു പകർന്നു കിട്ടിയ പൂജാവിധികൾ നാവാമുകുന്ദന്റെ സമക്ഷം സമർപ്പിക്കാനായതു പുണ്യം’’ ഹൃദയത്തിലേക്കു ചേർത്തു പിടിച്ച കൈകളിൽ അദ്ദേഹം ജന്മഭാഗ്യം പങ്കുവച്ചു.

കർക്കടക വാവിന്റെ മുക്തി

ADVERTISEMENT

ഐതിഹ്യങ്ങളും നൂറ്റാണ്ടു പാരമ്പര്യമുള്ള ചടങ്ങുകളും നിളാതീരത്തെ ബലിതർപ്പണം വിശേഷപ്പെട്ടതാക്കുന്നു. വിശ്വാസങ്ങളിൽ ദീപ്തമായ കഥ ഇങ്ങനെ: ഇരുപത്തിയൊന്നുവട്ടം ഭൂമിയിൽ സഞ്ചരിച്ചു ക്ഷത്രിയ നിഗ്രഹം നടത്തിയ പരശുരാമൻ  മഹാസംഹാരത്തിനുശേഷം നരഹത്യാപാപത്തിൽ നിന്ന് മോചനം തേടി യാത്ര തുടങ്ങി. സകലപാപങ്ങളും ശമിക്കുന്ന സ്ഥലം തേടിയ പ്രയാണത്തിനൊടുവിൽ നിളാതീരത്ത് എത്തി. 

onlinemasterpageNew4
Photo: Sudheesh Salabham

കർക്കടക മാസത്തിലെ അമാവാസി നാളിൽ തിരുനാവായയിലെ മണൽപ്പരപ്പിൽ വ്രതശുദ്ധിയോടെ ഉദകം ചെയ്തപ്പോൾ ആത്മാക്കൾക്ക് മോക്ഷസായൂജ്യം ലഭിച്ചു. ബലിതർപ്പണം നടത്തിയ ശേഷം  നാവാമുകുന്ദനെ ദർശിച്ച പരശുരാമൻ ആത്മശാന്തി നേടി.  

ADVERTISEMENT

നാവാമുകുന്ദ ക്ഷേത്രത്തിന്റെ മതിൽക്കെട്ടിനു പുറത്ത് ആൽത്തറയിൽ നിന്നു താഴെ ഭാരതപ്പുഴയിലേക്കുള്ള പടവുകളിലിരുന്നാണു ബലിതർപ്പണം. പുലർച്ചെ മുതൽ ചടങ്ങുകൾ ആരംഭിക്കും. ബലി അർപ്പിക്കാനുള്ള വിധികൾ പറഞ്ഞു തരാൻ കർമികളുണ്ട്. വാവിന്റെ തലേദിവസം മുതൽ വ്രതം ആരംഭിക്കണം. ഒരു നേരം മാത്രം അരിയാഹാരം കഴിച്ചാണു ബലിതർപ്പണത്തിന് ഒരുങ്ങേണ്ടത്.   

പുഴയിൽ മുങ്ങി ഈറനോടെ വാഴയിലയിൽ ദർഭക്കൂർച്ചം തയാറാക്കുന്നു. ഉണക്കലരി വറ്റിച്ച് ചോറുവച്ച് അതിൽ നിന്ന് പിണ്ഡമുരുട്ടി ദർഭയുടെ മുകളിൽ വയ്ക്കും. തുടർന്നു മന്ത്രജപം. ജലം തളിച്ചു പിതൃക്കളെ പിണ്ഡത്തിലേക്ക് ആവാഹിക്കുന്നതായി സങ്കൽപിച്ചു പ്രാർഥിക്കുന്നു. പിന്നീട് എള്ള്, പുഷ്പം, ചന്ദനം എന്നിവ ജലത്തോടൊപ്പം ചേർത്തു തർപ്പണം നടത്തുന്നു. തുടർന്ന് എള്ളും പൂവും ചന്ദനവും ഉണക്കലരിയും  ചേർത്ത് വീണ്ടും തർപ്പണം. ചടങ്ങുക ൾ കഴിഞ്ഞ് പുഴയിൽ മൂന്നു തവണ മുങ്ങി ദേഹശുദ്ധി വരുത്തിയ  ശേഷം മാത്രമേ ക്ഷേത്ര ദർശനം നടത്താവൂ.

onlinemasterpageNew3

പൂർവികർക്കായി ബലിയർപ്പിക്കാനും അസ്ഥിനിമജ്ജനം നടത്താനും  ഒരിക്കലും മറക്കാനാകാത്ത ബന്ധങ്ങളുടെ ഓർമ പുതുക്കാനുമായി ലോകത്തിന്റെ വിവിധ ഭാഗത്തു നിന്ന് ആളുകൾ തിരുനാവായയിൽ എത്തുന്നു. മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, ആർ. ശങ്കർ, ലാൽ ബഹാദൂർ ശാസ്ത്രി, ജയപ്രകാശ് നാരായണൻ, കേളപ്പജി, കെ. കരുണാകരൻ തുടങ്ങി രാഷ്ട്ര നേതാക്കളുടേയും എം.ടി. വാസുദേവൻ നായർ ഉൾപ്പെടെ അനേകം പ്രതിഭകളുടേയും ചിതാഭസ്മം നിമജ്ജനം ചെയ്ത നദിയാണു ഭാരതപ്പുഴ.

മൃത്യുഭയം നീക്കുന്ന വാതിൽ

onlinemasterpageNew5

മഹാലക്ഷ്മീസമേതനായ മഹാവിഷ്ണുവാണു നാവാമുകുന്ദൻ. ആറ് അടി ഉയരമുള്ള ശിലാവിഗ്രഹം പഞ്ചലോഹം പൊതിഞ്ഞിരിക്കുന്നു. പാഞ്ചജന്യ ശംഖ്, താമര, കൗമോദകി ഗദ, സുദർശന ചക്രം എന്നിവ ധരിച്ച മഹാവിഷ്ണുവിന്റെ ദർശനം ഭക്തർക്കു പരമസായുജ്യം.

നാവാമുകുന്ദന്റെ ശ്രീകോവിലിനു പിൻഭാഗത്തും വാതിലുണ്ട്. മരണഭയം ഇല്ലാതാക്കുന്ന വാതിലാണ് ഇതെന്നു വിശ്വസിക്കപ്പെടുന്നു. നാവാമുകുന്ദന്റെയടുത്തു മഹാലക്ഷ്മിയും ഗണപതിയും മതിലിനു പുറത്ത് അയ്യപ്പനും  ഉപദേവന്മാർ. മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രത്തിന്റെ ട്രസ്റ്റി കോഴിക്കോട് സാമൂതിരി രാജാവാണ്. കൽപ്പുഴ ഇല്ലക്കാരാണു തന്ത്രി. പാരമ്പര്യമായി അരീക്കര ഇല്ലത്തിൽ നിന്നുള്ളവരാണു മേൽശാന്തിമാർ. തിരുനാവായയുടെ ചരിത്രത്തിനൊപ്പം നിൽക്കുന്ന പെരുമയാണ് ത്രിമൂർത്തി സംഗമം. 

onlinemasterpageNew7
നാവാ മുകുന്ദ ക്ഷേത്രം എക്സിക്യുട്ടിവ് ഓഫിസർ കെ. പരമേശ്വരൻ, ബലിതർപ്പണ കർമി ഉണ്ണികൃഷ്ണൻ ഇളയത്

ബ്രഹ്മ–വിഷ്ണു–മഹേശ്വരന്മാർ നിളാതീരത്തു മഹായാഗം നടത്തിയെന്നു ഐതിഹ്യകഥകൾ പറയുന്നു. അതുകൊണ്ട് തന്നെ ജീവിതത്തെ വിടാതെ പിടികൂടിയ വിഷമസന്ധികളിൽ നിന്നുള്ള മുക്തിമാർഗമാണ് നാവാമുകുന്ദ ദർശനമെന്നു വിശ്വാസം.

മാമാങ്കത്തിന്റെ ചരിത്രം

നാവാമുകുന്ദ ക്ഷേത്രത്തിനു മുന്നിലെ കൽപ്പടവിൽ നിന്നു മുന്നൂറാണ്ടുകൾക്കു പിന്നിലേക്കു നോക്കുമ്പോൾ മാമാങ്കത്തിന്റെ ഇരമ്പം കേൾക്കാം.  ആയിരം മഴക്കാലവും വേനലും കഴിഞ്ഞിട്ടും നിളയുടെ മണൽത്തരികളിൽ മങ്ങാതെ മായാതെ തിണർത്തു കിടക്കുന്നു മാമാങ്കത്തിന്റെ പോരടയാളങ്ങൾ. ക്ഷേത്രത്തിന്റെ തെക്കുഭാഗത്തു പുഴയ്ക്ക് അഭിമുഖമായുള്ള പഴുക്കാമണ്ഡപത്തിൽ നിന്നുകൊണ്ടാണു രാജാവും പരിവാരങ്ങളും   മാമാങ്കം വീക്ഷിച്ചതെന്നു കരുതപ്പെടുന്നു. ഏറ്റവും ഒടുവിലത്തെ മാമാങ്കം നടന്നത് 1766ലാണത്രേ. 

onlinemasterpageNew6

പടിഞ്ഞാറു ഗോപുരത്തിനു മുന്നിൽ വഴിയരികിൽ വലിയ ആൽമരമുണ്ട്. അതാണു കൂരിയാൽ, മാമാങ്കത്തിന്റെ കൊടിയടയാളം. കൂരിയാലിന്റെ ചുവട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണു വാകയൂർകുന്ന്. മാമാങ്കത്തിനെത്തിയിരുന്ന സാമൂതിരിക്കു താമസിക്കാൻ കോവിലകം നിർമിച്ചിരുന്നത് വാകയൂർകുന്നിലായിരുന്നു. കൂരിയാലിന്റെ ചുവട്ടിൽ ആരംഭപൂജ നടത്തിയാണ് 28 ദിവസം നീളുന്ന  മാമാ ങ്കത്തിന്റെ തുടക്കം.

ADVERTISEMENT