തീർഥയാത്ര പോലെ വിശുദ്ധമാണ് ഓലക്കുടയുടെ പ്രയാണം. നെയ്ത്തുകാരുടെ ഭക്തിയിലാണു കുടയുടെ ചൈതന്യമെന്നു പണ്ടുള്ളവർ പറയാറുണ്ട്. ഓരോ കുടയ്ക്കും ഓരോരോ നിയോഗമുണ്ടെന്നൊരു ചൊല്ലുമുണ്ടു നാട്ടിൻപുറങ്ങളിൽ. മഴയ്ക്കു മറയായി ശീലക്കുട നിവർന്നെങ്കിലും മാവേലിക്ക് അകമ്പടി ഓലക്കുടയെന്നൊരു വിശ്വാസം ഇപ്പോഴും നിലനിൽക്കുന്നതുകൊണ്ടു മൺമറയാതെ പൂവണിയുന്നു ഓലക്കുടയുടെ മാഹാത്മ്യം.
ഈ ഓണക്കാലത്തു മാവേലിക്കു ചൂടാൻ പാരമ്പര്യത്തനിമയിൽ കുടയൊരുക്കുന്ന സ്ഥലം അന്വേഷിച്ചപ്പോൾ കണ്ണൂരിലെ കുറുമത്തൂർ പഞ്ചായത്തിലാണു എത്തിച്ചേർന്നത്. ബാവുപറമ്പ് പുല്ലാഞ്ഞിയോട്ടിലെ വീട്ടുമുറ്റത്തിരുന്ന് ഓലക്കുട നെയ്യുന്നത് എഴുപത്തൊൻപതു വയസ്സുള്ള ഒരു അമ്മയാണ്, പേര് ദേവി.
കുട കെട്ടാനുള്ള കയറും പനയോലയും ഓടയും നിലത്തു നിരത്തിയിട്ടിരിക്കുന്നു. അതിനരികിലിരുന്ന് ഇലകളുടെ ഇതൾ വിടർത്തുകയാണ് ദേവി. ഈറ്റയുടെ ഓട മെല്ലെ വളഞ്ഞു. നാരിന്റെ കെട്ടുകൾ ഒന്നൊന്നായി മുറുകി. പ്രായം അഴകു വിടർത്തിയ വിരലുകൾ ഓലത്തുമ്പുകളെ തലോടുന്നപോലെ ചലിച്ചുകൊണ്ടിരുന്നു... അൻപതു വർഷത്തിലേറെയായി ഈ വീട്ടുമുറ്റത്തിന് ഇതേ താളമാണ്.
ദേവി തിരഞ്ഞെടുത്ത കലാസപര്യയല്ല ഇത്. ഭർത്താവ് രാമറിൽ നിന്നു പകർന്നു കിട്ടിയ പാരമ്പര്യ തൊഴിലാണ്. പതിനാലാമത്തെ വയസ്സിലായിരുന്നു ദേവിയുടെ വിവാഹം. രാമർ – ദേവി ദമ്പതികൾക്കു മൂന്നു മക്കളുണ്ടായി – രമ, മധുസൂദനൻ, സുമ. മക്കളെ വളർത്താൻ ഈ അച്ഛനുമമ്മയ്ക്കും അക്കാലത്ത് ഉപജീവന മാർഗമായി മാറിയ ഒരേയൊരു തൊഴിലാണു കുട നെയ്ത്ത്.
കാലം കടന്നു. മക്കൾ വളർന്നു വലുതായി. അവർക്കു സ്വന്തമായി കുടുംബമായി. പട്ടിണിയുടേയും കഷ്ടപ്പാടിന്റേയും നാളുകളെല്ലാം പോയ് മറഞ്ഞു. എങ്കിലും ഇപ്പോഴും ദേവിയുടെ ഓരോ പകലുകളും അവസാനിക്കുന്നത് ഓലക്കുടയുടെ അരികിലാണ്. ‘‘ഇതു കുലത്തൊഴിലാണ്. ഞാൻ നെയ്യുന്ന ഓരോ കുടയിലും വിട്ടുപിരിഞ്ഞവരുടെ ഓർമകളുണ്ട്...’’ ദേവി പറയുന്നു.
വാൽസല്യത്തിന്റെ ഇലച്ചാർത്തുകൾ
ഓലക്കുട നെയ്യുന്നതിന് ദൈവിക തുല്യമായ സങ്കൽപ്പങ്ങളുണ്ട്. ഈറ്റയുടെ ഓടയാണു കുടയുടെ അസ്ഥികൂടം. മുളയാണ് അതിന്റെ കാൽ. കുടപ്പനയുടെ ഓലയാണ് ശരീരം. നാരാണ് എല്ലാം ചേർത്തുനിർത്തുന്ന ജീവൻ. ഇതെല്ലാം കൂട്ടിക്കെട്ടുമ്പോൾ കുട പൂർണമാകുന്നു. കുട നിർമിക്കുന്നയാളുടെ മനസ്സിന്റെ വിശുദ്ധി കുടയുടെ ഭംഗിയിൽ തെളിയുമെന്നാണ് പഴമക്കാർ പറഞ്ഞിരുന്നത്.
പണ്ടു കൃഷിപ്പണിക്കാർക്കുള്ള നാട്ടിക്കുടയും തലക്കുടയുമായിരുന്നു നിർമിച്ചിരുന്നത്. കാലം മാറിയപ്പോൾ അത് ഔട്ട് ഓഫ് ഫാഷൻ ആയി. ഇപ്പോൾ ക്ഷേത്രങ്ങളിലേക്കും തെയ്യം നടക്കുന്ന കാവുകളിലേക്കുമാണ് ഓലക്കുടകൾ പോകുന്നത്. ഓണക്കാലത്തും കുറച്ചാളുകൾ കുട ചോദിച്ചു വരും. കണ്ണൂരിലെ ഉത്സവകാലമാണ് ദേവിയുടെ വീട്ടിലും ഏറ്റവും തിരക്കുള്ള സമയം. തെയ്യക്കാവുകളിലും ഉത്സവങ്ങളിലുമാണ് കുടയുടെ പാരമ്പര്യത്തിന് ഇന്നും ഇഴയടുപ്പം കൂടുതലുള്ളത്. "ഈ കുടയ്ക്ക് ഇങ്ങനെ വളവ് വേണം... ഇവിടെ കെട്ടു കുറച്ചു മുറുകണം..." ആചാരത്തിന് അനുയോജ്യമായി രൂപവും വലുപ്പവും മാറുന്നു.
പുരുഷന്മാർ ഉപയോഗിക്കുന്ന തലക്കുടയ്ക്കും സ്ത്രീകൾ ഉപയോഗിക്കുന്ന നാട്ടിക്കുടയ്ക്കുമാണ് ആവശ്യക്കാർ ഏറെയുള്ളത്. സ്കൂൾ തുറന്നാൽ പിന്നെ കുഞ്ഞിക്കുടയ്ക്കും (സ്കൂൾ കുട്ടികൾ ഉപയോഗിക്കുന്ന ചെറിയ കുട) ഡിമാൻഡാകും. അക്കാലത്ത് വളപട്ടണം പുഴയിലെ മത്സ്യത്തൊഴിലാളികളും പുഴയുടെ തീരങ്ങളിലെ തെങ്ങിൽ തോട്ടത്തിൽ കള്ളു ചെത്തുന്നവരും ആ കള്ള് ശേഖരിച്ച് ഷാപ്പുകളിൽ എത്തിക്കുന്ന തോണിക്കാരും തൊപ്പിക്കുടയാണ് ഉപയോഗിച്ചിരുന്നത്.
കൃഷിക്കാരുടെ എണ്ണം കുറഞ്ഞതും പ്ലാസ്റ്റിക് കോട്ടുകളും തൊപ്പിയും മാർക്കറ്റിൽ എത്തിയതും ഓലക്കുടയെ പിന്നിലാക്കി. അപ്പോഴും പാരമ്പര്യത്തിന്റെ കൈത്തഴക്കം ദേവി വിട്ടൊഴിയാൻ തയാറായില്ല. മഴയും വെയിലും ഭേദമില്ലാതെ ‘തേജസ്മിതം’ എന്ന വീട്ടിൽ ഓലക്കുടകൾ നെയ്തൊരുങ്ങിക്കൊണ്ടിരുന്നു.
ഓലക്കുടകൾക്കു മാത്രമായൊരു ലോകമുണ്ടായിരുന്നു. വയലിലേക്ക് ഇ റങ്ങുന്ന കർഷകന്റെ ചുമലിൽ ഒരു നാട്ടിക്കുട. ഉച്ചവെയിലിൽ പണിയെടുക്കുന്ന തൊഴിലാളിയുടെ തലയ്ക്കു മീതെ തലക്കുട. അക്കാലത്ത് ഓലക്കുട കൗതുകവസ്തുവായിരുന്നില്ല; സാമൂഹിക ജീവിതത്തിന്റെ ഭാഗമായിരുന്നു.
മക്കൾക്ക് അമ്മ നൽകുന്നത്
കുടമാഹാത്മ്യം പുറം ലോകത്തെ അറിയിച്ചതു ദേവിയുടെ മകൻ മധുസൂദനന്റെയും ഭാര്യ റീജയുടേയും മൂന്നു മക്കളിൽ ഇരട്ടക്കുട്ടികളായ സൗപർണികയും ജ്യോതിർമയിയുമാണ്. നാലഞ്ചു മാസം മുൻപാണ് അച്ഛമ്മയുടെ കലാവിരുത് ദേവിയുടെ പേരക്കുട്ടികളായ സൗപർണികയും ജ്യോതിർമയിയും തങ്ങളുടെ ഇൻസ്റ്റഗ്രാം വഴി പുറംലോകത്തെ അറിയിച്ചത്. ഒരു തമാശയെന്നോണം അവർ ഇട്ട പോസ്റ്റ് ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
‘‘ഒറിജിനൽ ഓലക്കുട ഇപ്പോഴും കിട്ടാനുണ്ടെന്ന് അറിഞ്ഞ് വിവിധ സ്ഥലങ്ങളിൽ നിന്ന് അന്വേഷണങ്ങൾ വന്നു. തെക്കൻ ജില്ലകളിലെ ക്ഷേത്രങ്ങളിൽ നിന്നൊക്കെ ആളുകൾ വന്നു കുട വാങ്ങിക്കൊണ്ടുപോയി.
ചിലരൊക്കെ കഴിഞ്ഞു പോയ കാലത്തിന്റെ ഓർമയ്ക്കായി ഒരു കുട വേണമെന്നു പറഞ്ഞാണ് വന്നത്.’’ മധുസൂദനന്റെ മക്കൾ പറയുന്നു.
ഏതായാലും ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ കേരളം മുഴുവൻ ഓലക്കുട ചർച്ചയായത് കൊച്ചു മക്കൾ ഫോണിൽ അച്ഛമ്മയെ കാണിക്കുമ്പോൾ ഉൾനാടൻ ഗ്രാമത്തിൽ ജീവിക്കുന്ന, പാരമ്പര്യങ്ങളെ മുറുകെ പിടിക്കുന്ന ദേവിയുടെ കണ്ണുകളിൽ സന്തോഷത്തിന്റേയും കൗതുകത്തിന്റെയും വിളക്കു തെളിയുന്നു.
അമ്മയുടെ നിർബന്ധത്തിനു വഴങ്ങി മധുസൂദനനും കുടനെയ്ത്തു പഠിച്ചു. കെഎസ്ഇബിയിൽ ഓവർസിയറാണു മധു. ജോലി കഴിഞ്ഞു രാത്രികളിലാണ് ഓലക്കുട നിർമാണം. വിരമിച്ച ശേഷം മുഴുവൻ സമയവും കുട നിർമാണത്തിനു മാറ്റിവയ്ക്കാനാണു മധുവിന്റെ തീരുമാനം. "ചെറിയ കുട നിർമിക്കാനാണു കൂടുതൽ ബുദ്ധിമുട്ട്," അമ്മയുടെ കയ്യിൽ നിന്നാണ് അതിനുള്ള ക്ഷമയും സൂക്ഷ്മതയും കിട്ടിയതെന്നു വാത്സല്യത്തിന്റെ കണ്ണികൾ കോർത്ത് മധു പങ്കുവച്ചു.
ദേവരൂപങ്ങൾക്കു ചൂടാനായി ദേവി ഓരോ കുട നിവർത്തുമ്പോഴും അതിന്റെ തണലിൽ അഭയം പ്രാപിക്കുന്നത് ഒരു പാരമ്പര്യമാണ്. കാലം എത്ര മുന്നേറിയാലും ചില കൈകൾ ചരിത്രത്തെ പിടിച്ചുനിർത്തുമെന്ന് ഓർമിപ്പിക്കുന്ന തണലാണ് അത്. മലയാള നാടിന്റെ ഏറ്റവും മനോഹരമായ പൈതൃകം...