ADVERTISEMENT

പുരുഷന്മാർ മാത്രം കൈകാര്യം ചെയ്തിരുന്ന കൊയ്ത്തുയന്ത്രത്തിന്റെ സീറ്റിൽ ഒരു സ്ത്രീയെ കണ്ടപ്പോൾ പലരും നെറ്റി ചുളിച്ചു.‘ഇവൾക്കിതു കഴിയുമോ?’ വെയിലിന്റെ തീക്ഷ്ണതയിൽ തിളച്ചുമറിയുകയാണു നെൽപ്പാടം. കാറ്റിൽ നെൽപ്പൊടിയും പതിരും പറക്കുന്നു. അ തൊന്നും വകവയ്ക്കാതെ കൊയ്ത്തു യന്ത്രവുമായി ഷിനി പാടത്തിറങ്ങി. സൂര്യനസ്തമിക്കും മുൻപ് അഞ്ചേക്കർ പുഞ്ചപ്പാടം കൊയ്തു തീർത്തപ്പോൾ കാഴ്ചക്കാരായി എത്തിയവർ വരമ്പത്തു നിന്നു കയ്യടിച്ചു. ആ കരഘോഷത്തിനു നടുവിൽ നിവർന്നു നിന്ന് ‘പൂക്കാരി ഷിനി’ കേരളത്തിലെ യന്ത്രവൽകൃത കാർഷിക രംഗത്തു പുതിയ ചരിത്രം കുറിച്ചു.

ട്രാക്ടറും കൊയ്ത്തുയന്ത്രവും ഞാറുനടീൽ യന്ത്രവും മാത്രമല്ല മണ്ണുമാന്തുന്ന യന്ത്രവും  അനായാസം കൈകാര്യം ചെയ്യുന്ന ഹെവി ലൈസൻസ് ഡ്രൈവറാണു ഷിനി. കേരളത്തിൽ പ്രഫഷനൽ രീതിയിൽ കൊയ്ത്തുയന്ത്രം ഓടിച്ച ആദ്യ വനിത. പ്രതിസന്ധികളെ ധൈര്യംകൊണ്ട് ഉഴുതുമറിച്ച ജീവിതകഥയാണു ഷിനിക്കു പറയാനുള്ളത്.

ADVERTISEMENT

നോർത്ത് പറവൂരിലെ തത്തപ്പിള്ളി  സ്വദേശിയാണു ഷിനി. സദാശിവന്റെയും ബേബിയുടെയും മകൾ. പത്താംക്ലാസ് കഴിഞ്ഞപ്പോൾ ഉപജീവനത്തിനായി പൂക്കച്ചവടം തുടങ്ങി. അതു കഴിഞ്ഞുള്ള സമയം ബ്യൂട്ടി പാർലറിലും ജോലി ചെയ്തിരുന്നു. ‘പൂക്കാരി ഷിനി’ എന്നു പറഞ്ഞാൽ, നോർത്ത് പറവൂരുകാർക്ക് ആളെ മനസ്സിലാകാൻ വേറെ മേൽവിലാസം ആവശ്യമില്ലായിരുന്നു. ഇരുപത്തിയഞ്ചാം വയസ്സിൽ, താന്തോണിക്കൽ വീട്ടിൽ വിനോദിന്റെ ഭാര്യയായി എത്തിയ ശേഷമാണു ഷിനിയുടെ ജീവിതത്തിൽ വലിയ വഴിത്തിരിവുണ്ടായത്.  

ഭർത്താവിന്റെ വീട്ടിലേക്കു മാറിയതോടെ പൂക്കച്ചവടവും ബ്യൂട്ടി പാർലർ ജോലിയും ഉപേക്ഷിക്കേണ്ടി വന്നു. സോഡയുണ്ടാക്കി കടകളിൽ കൊണ്ടു പോയി വിൽക്കലാണു വിനോദിന്റെ ജോലി. അതിൽ ഷിനിക്കു പ്രത്യേകിച്ചു റോൾ ഒന്നുമില്ലാത്തതിനാൽ മറ്റെന്തെങ്കിലും തൊഴിൽ കണ്ടെത്താനുള്ള ശ്രമം നടത്തി. ഈ സമയത്താണ് ഒരു ഫോ ൺവിളി വന്നത്. ‘കുടുംബശ്രീയിലെ വനിതകൾക്കു ഡ്രൈവിങ് പരിശീലനം നൽകുന്നുണ്ട്. ആളെ തികഞ്ഞിട്ടില്ല. നീ വരുന്നോ?’ അയൽക്കാരിയുടെ ക്ഷണം ഷിനിയുടെ തുടർയാത്രയ്ക്കു റൂട്ട് മാപ് ഒരുക്കി.

ADVERTISEMENT

പ്ലീസ്...എന്റെ മകളേയും പഠിപ്പിക്കുമോ

എറണാകുളത്ത് അസി.എക്സിക്യൂട്ടിവ് എൻജിനിയറുടെ ഓഫിസിനടുത്തായിരുന്നു പരിശീലനം. ‘‘അന്നുവരെ സ്കൂട്ടർ മാത്രമേ ഓടിച്ചിട്ടുണ്ടായിരുന്നുള്ളൂ’’ എങ്കിലും, കാർഷിക യന്ത്രത്തിന്റെ ഡ്രൈവിങ് സീറ്റിലിരുന്നപ്പോൾ കൗതുകമാണു തോന്നിയതെന്നു ഷിനി പറയുന്നു. ഏറെ വൈകാതെ കരുമാനൂരിലെ പാടശേഖരത്തിൽ കുബോട്ട കമ്പനിയുടെ ട്രാക്ടറുമായി ജോലിക്കെത്തി. ചിലരൊക്കെ അത്ര വിശ്വാസമില്ലാത്തു പോലെ നോക്കി. ഷിനി അവരെ മൈൻഡ് ചെയ്യാതെ പാടത്തിറങ്ങി. 

ADVERTISEMENT

കൊയ്ത്തു കഴിഞ്ഞിറങ്ങിയപ്പോൾ അത്രനേരം  സംശയത്തോടെ നോക്കിനിന്നവർ ഷിനിയുടെ ഫോൺ നമ്പർ ചോദിച്ചു. ‘എന്റെ മകളെയും ഡ്രൈവിങ് പഠിപ്പിക്കാമോ?’ ‘‘ആദ്യ ദിവസത്തെ ഏറ്റവും വലിയ പ്രതിഫലം അതായിരുന്നു’’–  ഷിനി അഭിമാനം പങ്കുവച്ചു. കഥ അവിടെയും അവസാനിച്ചില്ല, കാർഷിക യന്ത്രങ്ങളുടെ നിർമാതാക്കളായ കുബോട്ട കമ്പനിക്കാർ ഷിനിയെ ഡെമോൺസ്ട്രേറ്ററായും ട്രെയിനറായും നിയമിച്ചു.

റോഡ് റോളറും വഴങ്ങും

‘‘2012-ലാണ് പരിശീലനം പൂർത്തിയാക്കിയത്. അടുത്ത വർഷം ജോലിയിൽ പ്രവേശിച്ചു. ചെറിയ  ട്രാക്ടറിലായിരുന്നു തുടക്കം. 2015-ൽ കൊയ്ത്തുയന്ത്രം ഓടിച്ചു തുടങ്ങി.’’ പ്രതിസന്ധിയുടെ വരമ്പുകൾ ഭേദിച്ച ദിനങ്ങൾ ഷിനി ഓർത്തു. അന്നുവരെ മലയാളികളെ കിട്ടാതെ തമിഴ്നാട്ടിൽ നിന്നു ഡ്രൈവർമാരെ വിളിച്ചുവരുത്തിയിരുന്ന പാടങ്ങളിലേക്ക് ഷിനിയുടെ എൻട്രി വിപ്ലവം സൃഷ്ടിച്ചു. യന്ത്രം ഓടിച്ചു തുടങ്ങിയപ്പോൾ മറ്റൊരു കാര്യം കൂടി ഷിനിക്കു ബോധ്യപ്പെട്ടു; വഴിമധ്യേ എൻജിൻ തകരാറുണ്ടാകാം. അപ്പോൾ മെക്കാനിക്കിനെ കാത്തുനിന്നാൽ കൂലി നഷ്ടമാകും. 

ഉടൻ തന്നെ അതിനൊരു പരിഹാരം കണ്ടെത്തി. വിദ്യാർഥികളായ അമലിനേയും വിമലിനേയും നോക്കാനുള്ള ചുമതല ഭർത്താവിനെ ഏൽപ്പിച്ച് ഐടിഐയിൽ ചേർന്നു മെക്കാനിക്കൽ ഡിപ്ലോമ പൂർത്തിയാക്കി. ‘ഇപ്പോൾ ചെറിയ തകരാറുകളൊക്കെ സ്വയം പരിഹരിക്കും’ ഷിനി പറഞ്ഞു.

നാൽപത്തഞ്ചുകാരി ഷിനിയുടെ ജീവിതയുദ്ധം അവിടെയും അവസാനിച്ചില്ല. ജെസിബിയും റോഡ് റോളറും പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് എടുത്തു. പക്ഷേ, മനസ്സു ചേർന്നു നിന്നത് നെൽപ്പാടങ്ങളിലായിരുന്നു. ‘‘കുറച്ചു സ്ഥലത്ത് ഞാൻ നെൽകൃഷി ചെയ്യുന്നുണ്ട്. കൃഷിയോടുള്ള ഇഷ്ടമാണ് എന്നെ ഇവിടെ പിടിച്ചുനിർത്തുന്നത്’’. ഷിനി മനസ്സു പങ്കുവച്ചു.

ഐ ലവ് അഗ്രികൾചർ

‘‘കൊയ്ത്താണെങ്കിൽ പത്തുമണിയോടെ പാടത്തിറങ്ങിയാൽ മതി. മണിക്കൂറിനു 300 രൂപയാണു കൂലി. ഒരു ദിവസം എട്ടു മണിക്കൂറാണു ജോലി. അഞ്ച് ഏക്കർ വരെ കൊയ്യും’’ ഷിനി ഇതു പറയുമ്പോൾ ജോലി വളരെ എളുപ്പമെന്നു തോന്നുമെങ്കിലും ഈ തൊഴിൽ അത്ര സിംപിൾ അല്ല. ചുട്ടുപൊള്ളുന്ന വെയിൽ.  ചെളിയും വെയിലേറ്റു തിളച്ച വെള്ളവും അതിനൊപ്പം എൻജിന്റെ ചൂടും. ‘‘കഠിനമായ സഹനശേഷിയില്ലെങ്കിൽ ഈ ജോലിയിൽ തുടരാനാവില്ല. അതുകൊണ്ടാണ് ആളുകളെ കിട്ടാത്തത്’’ ഷിനി പറയുന്നു.

Shini

വനിതകൾക്കായി സർക്കാർ സംഘടിപ്പിക്കുന്ന ഡ്രൈവിങ് പരിശീലന ക്യാംപുകളിൽ ട്രെയിനർ ആയി  ഷിനി പോകാറുണ്ട്. പരിശീലനത്തിനിടെ ഉണ്ടായ അപകടത്തിൽ ജീവൻ നഷ്ടമാകാതെ രക്ഷപെട്ട സംഭവം ഷിനി ഓർക്കുന്നു: 

‘‘ഒരാൾക്ക് പരിശീലനം നൽകുന്നതിനിടെ എ ന്റെ ചുരിദാറിന്റെ ഷാൾ യന്ത്രത്തിൽ കുടുങ്ങി. തല ഇടിച്ച് താഴെ വീണു. ഭാഗ്യം കൊണ്ടാണു ജീവൻ രക്ഷപ്പെട്ടത്. അന്നു മുതൽ ജോലി സമയത്തു ഷാൾ ഒഴിവാക്കി. ജീൻസും ടോപ്പുമാണ് ഇപ്പോഴത്തെ വേഷം. ട്രാക്ടറിനു പത്ത് ലക്ഷം രൂപയാകും. കൊയ്ത്തുയന്ത്രത്തിന് ഇരുപത്തെട്ടു ലക്ഷത്തോളം വിലവരും. ന മ്മുടെ വരുമാനത്തിൽ അതൊന്നും വാങ്ങാൻ കഴിയില്ല. കൃഷിയോടുള്ള ഇഷ്ടം കൊണ്ടാണ് ഈ തൊഴിൽ തുടരുന്നത്.’’ഷിനി പുഞ്ചിരിയോടെ പറഞ്ഞവസാനിപ്പിച്ചു.

ADVERTISEMENT