Friday 09 February 2018 04:52 PM IST : By സ്വന്തം ലേഖകൻ

ആശയമുണ്ടോ, വിരുെന്നാരുക്കാം; തീ പാർട്ടിയുമായി അനു

anu02

അനു നിപിൻ
കൊച്ചി
കിഡ്സ്
ബർത്ഡേ പാർട്ടി ഓർഗനൈസർ
വയസ്സ്: 32
മാസവരുമാനം:
50,000 – 2 ലക്ഷം

മെന്റലിസ്റ്റ് നിപിൻ നിരവത്തിനെ വിവാഹം ചെയ്ത ശേഷമാണ് അനു കൊച്ചിയിലെത്തിയത്. കാഞ്ഞിരപ്പള്ളിയിലാണ് സ്വന്തം വീട്. ബി. കോം, പിജിഡിസിഎ കഴിഞ്ഞ് അഞ്ചു വർഷം പ്രശസ്തമായ വസ്ത്രവ്യാപാര സ്ഥാപനത്തിൽ അഡ്മിനിസ്ട്രേറ്റർ ആയിരുന്നു. ജോലിക്കു വിടാൻ നിപിന് താൽപര്യമുണ്ടായിരുന്നില്ല. കല്യാണത്തിനു ശേഷമാണ് കോർപറേറ്റ് ഷോകൾക്കും പാർട്ടികൾക്കും  ഭർത്താവിനൊപ്പം പോയിത്തുടങ്ങിയത്.
‘‘മുതിർന്നവർ പാർട്ടിയും മറ്റുമായി തിരക്കിലായിരിക്കുമ്പോൾ കുട്ടികൾ ഒരു മൂലയ്ക്ക് ഒ ന്നും ചെയ്യാനില്ലാതെ, ആരും ശ്രദ്ധിക്കാതെ ഇ രിക്കുന്നത് പലപ്പോഴും കണ്ടു. ഈ കുട്ടികൾക്കു വേണ്ടി എന്തെങ്കിലും ചെയ്തൂകൂടേ എന്നു ചോദിച്ചത് നിപിൻ തന്നെ. അദ്ദേഹത്തിന്റെ പിന്തുണയോടെ ബന്ധുവീടുകളിലെ ബർത്ഡേ പാർട്ടികളിൽ തുടങ്ങിയതാണ്.’’ അനു ഓർത്തു.

ജംഗിൾ ബുക്കും ഡോറയും


‘‘ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കുട്ടികളുടെ മനഃശാസ്ത്രം മനസ്സിലാക്കി. വലിയ മുതൽമുടക്കൊന്നും ഉണ്ടായിരുന്നില്ല. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടി മൂന്നാലു പാർട്ടികൾ. അതുകണ്ട് പുറത്തു നിന്ന് ഓർഡറുകൾ വന്നു തുടങ്ങി. അഞ്ചര വർഷം മുമ്പ് ബിസിനസ് എന്ന രീതിയിൽ ആദ്യത്തെ പാർട്ടി ചെയ്യുമ്പോൾ കേരളത്തിൽ പാർട്ടി ഓർഗനൈസർമാർ ഉണ്ടായിരുന്നേയില്ല.’’


ബേബി ഷവർ, കുഞ്ഞിനെ ആദ്യമായി വീട്ടിലേക്കു കൊണ്ടു വരുന്ന ദിവസം, ഇരുപത്തെട്ടു കെട്ട് അങ്ങനെ കുഞ്ഞുങ്ങളുമായി ബന്ധപ്പെട്ട ഏത് ആഘോഷവും ഭംഗിയാക്കാൻ ഇന്ന് അനുവിന്റെ ‘കബോൺ ഇവെന്റ്സ്’ എത്തും. സ്വന്തം ഐഡിയ കൊടുക്കാം, ഇല്ലെങ്കിൽ ‘വെറൈറ്റിയാക്കണം’ എന്നൊരു വാക്കായാലും മതി, എന്ത് വില കൊടുത്തും യാഥാർഥ്യമാക്കും അനുവും കൂട്ടരും. ഐഡിയ കിട്ടിയാൽ ഒരു ത്രീഡി ഇമേജ് വരച്ചുണ്ടാക്കി ക്ലയന്റിനെ കാണിക്കും. തൃപ്തിയായില്ലെങ്കിൽ മാറ്റിച്ചെയ്യും. ഐസ് ഏജ്, ആംഗ്രി ബേർഡ്സ്, കാൻഡി ലാൻഡ്, മിനിയൻസ്, ലയൺ കിങ്, ജംഗിൾ ബുക്ക് തുടങ്ങിയ തീമുകളാണ് ആൺകുട്ടികൾക്ക് വേണ്ടത്. ഫ്രോസണും ഇൻസൈഡ് ഔട്ടും ഡോറയും പ്രിൻസസും ബാർബിയും മിന്നി മൗസുമൊക്കെ മതി പെൺകുട്ടികൾക്ക്.

anu03


ഒരു പാർട്ടിക്കു വേണ്ടിയുണ്ടാക്കിയ പ്രോപ്പർട്ടികളോ അലങ്കാരങ്ങളോ മറ്റൊരു പാർട്ടിയിൽ കാണാനാകില്ല. വീടിന്റെ കാർ പോർച്ച് വരെ അലങ്കരിച്ച് ഭംഗിയുള്ള ബർത്ഡേ വെന്യൂ ആക്കി മാറ്റിയിട്ടുണ്ട്.  മലപ്പുറം ഒഴികെയുള്ള എല്ലാ ജില്ലകളിലും പാർട്ടികൾ നടത്തി. മണപ്പുറം ഗ്രൂപ്പിനു വേണ്ടി ചെയ്തതാണ് കേരളത്തിലെ ഏറ്റവും വലിയ ബർത്ഡേ പാർട്ടി. രണ്ടു മാസത്തെ ഡിസ്കഷനൊടുവിൽ കാൻഡി ലാൻഡ് തീമിൽ ലെ മെറിഡിയനിൽ എണ്ണൂറു പേരുടെ അതിഗംഭീര പാർട്ടി. അതൊരു ബ്രേക്ക് ആയി. മെറി ബോയ്, കെപിഎൽ ശുദ്ധി പോലുള്ള വലിയ ബ്രാൻഡുകളുടെ കുടുംബത്തിലെ പാർട്ടികളും തേടിയെത്തി.


ഒരു ദിവസം ഒരു പാർട്ടി


വലിയൊരു ഇവെന്റ് മാനേജ്മെന്റ് ടീം അല്ല ഇത്. പാർട്ടി ഓർഗനൈസർ എന്ന ലേബലിൽ അറിയപ്പെടുന്നതുകൊണ്ട് കബോണിൽ മാസശമ്പളം വാങ്ങുന്നവരില്ല. പ്രൊഡക്‌ഷൻ ടീമിൽ അഞ്ചു പേരുണ്ട്. പാർട്ടി  ഓർഡർ കിട്ടി, സഹായത്തിനായി വിളിക്കുമ്പോൾ ഇവരെല്ലാം എത്തുമെന്നു മാത്രം. ക്രാഫ്റ്റ് വർക്, കേക്ക് മെയ്ക്കിങ്, ഡെക്കറേഷൻ, കാൻഡി ടേബിൾ സെറ്റിങ്, ആങ്കറിങ്ങും മാജിക് ഷോയും ലൈവ് മ്യൂസികും ഗെയിംസും കിഡ്സ് ഡാൻസും പോലുള്ള എന്റർടെയ്ൻമെന്റുകൾ, റിട്ടേൺ ഗിഫ്റ്റ് തുടങ്ങിയ വിഭാഗങ്ങൾ ഇവരുടെ ചുമതലയാണ്.


   ‘‘പാർട്ടിയുടെ സ്വഭാവമനുസരിച്ച്15,000 മുതൽ മുകളിലേക്കാണ് ചാർജ്. ഏറ്റവും കുറവ് പാർട്ടികൾ ചെയ്ത മാസങ്ങളിൽ പോലും 50,000 എങ്കിലും ലാഭം കിട്ടിയിട്ടുണ്ട്. രണ്ടു ലക്ഷത്തിനു മുകളിലേക്കു വരെ പോയ മാസങ്ങളുമുണ്ടായിട്ടുണ്ട്. പതിനയ്യായിരത്തിന്റെയായാലും ഒരു ലക്ഷത്തിന്റെയായാലും ഒരേ അധ്വാനവും ശ്രദ്ധയും പ്രാധാന്യവും കൊടുത്താണ് ചെയ്യാറുള്ളത്. മാത്രമല്ല ഓരോ പാർട്ടിയും നടക്കുന്നിടത്തു ചെന്ന് വിലയിരുത്തണമെന്നത് നിർബന്ധമാണ്.


ഒരു ദിവസം ഒരു പാർട്ടി മാത്രം ചെയ്യുന്നതാണ് ഇഷ്ടം. ഇല്ലെങ്കിൽ പെർഫെക്‌ഷൻ കുറയും. എല്ലാ ദിവസവും പാർട്ടികൾ ഉണ്ടാകണമെന്നില്ല. എങ്കിലും മാസം അഞ്ചെണ്ണമെങ്കിലും കിട്ടിയാൽ ഹാപ്പി. ക്ലയന്റിന്റെ പ്രതീക്ഷയ്ക്ക് ഒരുപടി മുക ളിൽ നിൽക്കണം എന്ന ലക്ഷ്യം മനസ്സിൽ വച്ചേ ഏതു പാർട്ടിയും ചെയ്യൂ. ബിസിനസ്സിനപ്പുറം, അടുപ്പമുള്ളൊരാൾക്കു വേണ്ടി ചെയ്യുകയാണെന്ന് കരുതും. അപ്പോൾ പാർട്ടികൾ പരമാവധി നല്ലതാകും. മുതിർന്നവരുടെ പിറന്നാളാഘോഷങ്ങൾ കുറവായതുകൊണ്ട് അത്തരം അന്വേഷണങ്ങൾ അധികം വരാറില്ല. എന്നാലും അറുപതോ എഴുപതോ വയസ്സ് ഒന്ന് ആഘോഷമാക്കിക്കളയാം എന്നു തോന്നി സമീപിച്ചാൽ പാർട്ടി നടത്തിക്കൊടുക്കാറുമുണ്ട്.’’


അത്ര എളുപ്പമുള്ള പണിയല്ലിതെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയും അനു. ‘‘ആശയങ്ങൾ എത്രത്തോളമുണ്ടോ അത്രയും വിജയിക്കാം. ഇഷ്ടപ്പെട്ട കാർട്ടൂൺ കഥാപാത്രത്തിന്റെ തീമില്‍ ബർത്ഡേ പാർട്ടി സെറ്റു ചെയ്തു കാണുമ്പോൾ കുഞ്ഞുങ്ങളുടെ മുഖത്തു വിരിയുന്ന ചിരി മതി ടെൻഷനെല്ലാം മറക്കാൻ. കുഞ്ഞുങ്ങളുടെ സന്തോഷം കണ്ട് അവരുടെ അമ്മമാർ ഓടി വന്നു കെട്ടിപ്പിടിക്കാറുണ്ട്. വരുമാനത്തിനപ്പുറം ഒരു സന്തോഷമല്ലേ ഇതെല്ലാം?’’അനു ചോദിക്കുന്നു.      

Keep in Mind

∙ ആളുകളുമായി ഇടപെടാനുള്ള കഴിവാണീ രംഗത്ത് പ്രധാനമായി വേണ്ടത്. ടെൻഷൻ കേറി നിൽക്കുമ്പോഴും  ടീമിലുള്ളവരോടും ആതിഥേയരോടും അതിഥികളോടും ചിരിച്ച മുഖത്തോടെ നിന്നാലേ പ്രശ്നങ്ങളില്ലാതെ പാർട്ടി തീരും വരെ കാര്യങ്ങൾ കൊണ്ടു പോകാനാകൂ.
∙ ഓരോ പാർട്ടിയിലും പുതുമ കൊണ്ടുവരാനുള്ള മനസ്സും പുതിയ ഐഡിയകളും ട്രെൻഡുകളും കണ്ടെത്താനുള്ള ക്ഷമയും വേണം. അറിവുകൾ അപ്ഡേറ്റ് ചെയ്യാനായി  മണിക്കൂറുകളോളം സമയം മാറ്റി വയ്ക്കേണ്ടി വരും.
∙ നല്ല റിസ്കും ടെൻഷനുമുള്ള ജോലിയാണിത്. പാർട്ടികൾ വിശ്വസിച്ച് ഏൽപിച്ചാൽ തീരും വരെ ശരിക്ക് ഉറങ്ങാൻ പോലും പറ്റിയെന്നു വരില്ല. ഏറ്റവും ആത്മാർഥമായി ജോലി ചെയ്ത് വിശ്വാസം നേടിയെടുത്താലേ വീണ്ടും വീണ്ടും ഓർഡറുകൾ കിട്ടൂ.  
          ∙