Saturday 19 May 2018 04:59 PM IST : By സ്വന്തം ലേഖകൻ

ദാ.. ടീച്ചർ റെഡി, ഇനി പാട്ടു പഠിക്കാം ഓൺലൈൻ ആയി

music-teacher1

വീട്ടിലെ കംപ്യൂട്ടറിനു മുന്നിലിരുന്ന് വിദേശത്തുള്ള കുട്ടികൾക്ക് സംഗീത ക്ലാസ്സുകളെടുത്ത് സമ്പാദിക്കുകയാണ് അശ്വതി..

പാട്ടിനോടുള്ള ആഗ്രഹങ്ങൾ മാറ്റിവച്ചിട്ട് എൻജിനീയറിങ് പഠനത്തിന് പോകേണ്ടി വന്ന ഒരാളായിരുന്നു അശ്വതിയും. പക്ഷേ, പഠിച്ചിറങ്ങിയ സമയത്ത് കുറച്ചധികം കമ്പനികളിലേക്ക്  അശ്വതി  ബയോഡേറ്റ അയച്ചു കൊ ടുത്തു. പാട്ടും എൻജിനീയറിങ്ങും  കൂടി മിക്സ് ചെയ്യാൻ പറ്റുന്ന ജോലിയുണ്ടോ എന്നു ചോദിച്ച്. ഞെട്ടിയത് ‘ഇന്ത്യൻരാഗാ’ എന്നൊരു കമ്പനിയിൽ നിന്ന് മറുപടി വന്നപ്പോഴാണ്. ഓൺലൈനിലൂടെ സംഗീതം പഠിപ്പിക്കാൻ സാധിക്കുമൊ എന്നായിരുന്നു ചോദ്യം. ഒരു സംശയവും കൂടാതെ അന്ന് സമ്മതം പറഞ്ഞതിന്റെ ചിരിയിന്നും അശ്വതിയുടെ മുഖത്തുണ്ട്. ഒപ്പം ഓൺലൈൻ സംഗീതത്തിന്റെ അധികം കേട്ടുകേൾവിയില്ലാത്ത വിശേഷങ്ങളും.

ഓൺലൈൻ സംഗീതം

‘‘ആദ്യം അമേരിക്കയിലെത്തി ക്ലാസെടുക്കാനാണ് അവർ ആവശ്യപ്പെട്ടത്. പിന്നെ, ഒരു പാട്ട് ഫ്യൂഷൻ   ചെയ്ത്  അയച്ചു കൊടുക്കാമൊയെന്ന് ചോദിച്ചു. ക്ലാസിക്കലും വെസ്‌റ്റേൺ മ്യൂസിക്കും കൂടിചേർത്ത് ഞാനൊരണ്ണം  അയച്ചു. അത് ഇഷ്ടപ്പെട്ടതുകൊണ്ടാകും, വീട്ടിലിരുന്ന് പാട്ട് പഠിപ്പിച്ചാൽ മതിയെന്നു പറഞ്ഞു. അങ്ങനെയാണ് ഞാനൊരു ഓൺലൈൻ പാട്ടു ടീച്ചർ ആയത്.

ഇന്ത്യൻരാഗയുടെ അഡ്മിൻ വീണ പണ്ഡേരി ആന്ധ്രക്കാരിയാണ്. ഉപരിപഠനത്തിന് യുഎസിൽ എത്തിയ വീണ, ഐടിയും മാർക്കറ്റിങ്ങുമൊക്കെ മടുത്തപ്പോഴാണ് ഇങ്ങനെയൊരു െഎഡിയ പരീക്ഷിച്ചത്. യുഎസിൽ താമസിക്കുന്ന, തമിഴും തെലുങ്കും സംസാരിക്കുന്ന കുട്ടികളെയായിരുന്നു  പഠിപ്പിക്കേണ്ടത്. അവരുടേത് അമേരിക്കൻ ഇംഗ്ലിഷ്  ആയതുകൊണ്ട് സമയമെടുത്തു മനസ്സിലാക്കാൻ. പിന്നെ, അവരുടെ മാത്യഭാഷ കൂടുതലറിയാൻ  തമിഴ്, തെലുങ്ക് പാട്ടുകളൊക്കെ കേൾക്കാൻ തുടങ്ങി.

ഒരു കുട്ടിക്ക്  മാസത്തിൽ 45 മിനിറ്റ് വീതമുള്ള 5 ക്ലാസ്സുകളുണ്ടാകും. കുട്ടികളുടെ സൗകര്യം അനുസരിച്ച് രാവിലെ 4 മുതൽ 10 വരെയും രാത്രി 7 മണി കഴിഞ്ഞുള്ള സമയത്തുമാണ് ക്ലാസ്സുകൾ. പാട്ടിന്റെ അടിസ്ഥാനം  മുതല്‍ പഠിക്കേണ്ടതുകൊണ്ട് കുട്ടികൾക്ക് ബോറടിക്കാതിരിക്കാൻ അരമണിക്കൂർ ക്ലാസ്സും ബാക്കി പതിനഞ്ച് മിനിറ്റ് അവർക്കിഷ്ടമുള്ള സിനിമയിലെ പാട്ടുമാണ് പഠിപ്പിച്ചിരുന്നത്. ഇപ്പോൾ  ഏഴ് കുട്ടികൾ പാട്ടു പഠിക്കുന്നു.  ഞാനും വിശാഖപട്ടണത്ത് നിന്നു മറ്റൊരു സംഗീതജ്ഞനും മാത്രമാണ് കമ്പനിയിലെ ഇന്ത്യൻ സ്‌റ്റാഫ്.

ആദ്യമൊക്കെ ചില തടസ്സങ്ങൾ ഉണ്ടായി. കംപ്യൂട്ടറിന് മുന്നിൽ താളം കൊട്ടി കാണിച്ച് , അതുപോലെ പാടാനാണ് കുട്ടികളോട് ആവശ്യപ്പെടാറുള്ളത്. ഇന്റർനെറ്റ് ‘സ്‌ലോ’ ആയാൽ  പാടി പകുതിയാകുമ്പോഴെ ഞാനിട്ടുകൊടുത്ത  താളം അവർ കേൾക്കുകയുള്ളൂ. വീട്ടിലുപയോഗിച്ചിരുന്ന കണക്‌ഷന്റെ പ്രശ്നമായിരുന്നു അത്. പുതിയൊരു ബ്രോഡ്ബാൻഡ്  കണക്‌ഷനെടുത്തു  പ്രശ്നം പരിഹരിച്ചു.

പാട്ടു പഠിക്കാൻ താൽപര്യമുള്ള കുട്ടികളുടെ ട്രയൽ നോക്കാൻ കമ്പനി ആവശ്യപ്പെടുമായിരുന്നു. മിക്കവാറും കുട്ടികൾക്കും മുൻപ്  സംഗീതം പഠിച്ചതിലെ  തെറ്റുകളായിരുന്നു പ്രധാന വില്ലൻ. അതുകൊണ്ട് പഠിപ്പിച്ചിട്ട് കുറച്ചുനാൾ  കഴിഞ്ഞ് ചോദിക്കുമ്പോൾ അവർ വീണ്ടും പഴയ ശൈലിയിൽ ത ന്നെ പാടും.  ഇവർ  ദിവസവും പ്രാക്ടിസ് ചെയ്യുന്നുണ്ടൊയെന്ന്   സംശയം തോന്നിത്തുടങ്ങി. ട്രയൽ  നോക്കാൻ തരുന്ന കുട്ടികൾക്ക് പുരോഗമനമൊന്നും ഇല്ലാത്തത് എനിക്കൊരു നെഗറ്റിവാകുമോയെന്നും   പേടിച്ചു. അങ്ങനെയാണ് ഒരു 
വാട്സ് ആപ് ഗ്രൂപ് തുടങ്ങിയാലോ എന്നൊരാശയം വന്നത്.

ഗ്രൂപ് തുടങ്ങിയപ്പോൾ ഓരോ കുട്ടിയേയും ക്യത്യമായി പരിശീലിപ്പിക്കാനും തെറ്റുകൾ വരുമ്പോൾ വോയിസ് ക്ലിപ് വഴി പറഞ്ഞു  കൊടുക്കാനും പറ്റി. പതുക്കെയാണെങ്കിലും തീരെ പാടാൻ കഴിയാത്ത  കുട്ടികൾ പോലും   നന്നായി മെച്ചപ്പെടാന്‍ തുടങ്ങി. 

music-teacher2

ആഹ്ലാദം ഹൈ–വോൾട്ടേജ്

ചിലപ്പോൾ കുട്ടികൾ മത്സരങ്ങൾക്കായി പാട്ടു പഠിപ്പിച്ചു തരാമോയൊന്ന് ചോദിക്കും.  മിക്കവരുടേയും പ്രശ്നം ചേരുന്ന റേഞ്ച് തിരിച്ചറിയാൻ പറ്റാതെ പോകുന്നതാണ്. അവർക്ക് ചേരാത്ത പിച്ചിലുള്ള പാട്ടുകളൊക്കെ പഠിപ്പിച്ചു തരാൻ പറയും. പരമാവധി ശ്രമിച്ചു നോക്കും. പിന്നെ, പതുക്കെ അവരെ പറഞ്ഞ് മനസ്സിലാക്കിക്കും. ഒരിക്കൽ ഒരു കുട്ടി  ‘ദംഗൽ’ സിനിമയിലെ ‘നൈനാ’ പഠിപ്പിച്ചു താരമോയെന്ന് ചോദിച്ചു. എത്ര പാടിയിട്ടും എങ്ങനെ തുടരണമെന്നും എവിടെ നിർത്തണം എന്നൊന്നും അറിയാതെ വന്നു. ഒടുവിൽ ആ കുട്ടിയോട് ഈ പാട്ട് ചേരില്ലെന്ന് തുറന്നു പറഞ്ഞു.

സിംപിൾ പാട്ടുകൾ നന്നായി ഫീൽ കൊടുത്തു പാടാൻ കഴിവുള്ള ആ കുട്ടിക്ക് ‘പാപ്പാ കഹ്തേ ഹേ ബഡാ  നാം’ പഠിപ്പിച്ചു  കൊടുത്തു. ഒാരോരുത്തർക്കും ചേരുന്ന പാട്ടുകൾ ആയിരിക്കും  അവർക്ക് എക്സലന്റ് ആയി പാടാൻ കഴിയുക. എന്റെ ഗുരുക്കൻമാരുടെ അതേ രീതി തന്നെയാണ് ഞാനും പിന്തുടരുന്നത്.

ഇങ്ങനെ പഠിപ്പിച്ച് കൊടുത്ത് ഒരുപാട് സന്തോഷം നൽകിയൊരു സംഭവവും ഉണ്ടായിട്ടുണ്ട്.  ആകാശ് എന്ന കുട്ടിക്ക്  ‘ബാഹുബലി 2’ വിലെ ‘സാഹോരെ’ പാട്ട് അമേരിക്കയിലെ
ദീപാവലി ആഘോഷത്തിന് പാടണമെന്ന് പറഞ്ഞിരുന്നു. ര ണ്ടാഴ്ചയെടുത്തു ഞാനവനെ നന്നായി പാട്ട്  പഠിപ്പിച്ചു. പരിപാടിയുടെ വിഡിയോ വാട്സ് ആപ്പിൽ അയച്ചപ്പോഴാണ് വലിയ അഭിമാനം തോന്നിയത്.  അവനാ പാട്ടു പാടിയപ്പോൾ കാണികളെല്ലാം കൈയടിക്കുകയും അവനെ ഒരുപാട് അഭിനന്ദിക്കുകയും ചെയ്യുന്നു. ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട
കാഴ്ചകളിലൊന്നായിരുന്നു അത്.’’

ചെറുപ്പം മുതലേ സംഗീതം അഭ്യസിക്കുന്ന അശ്വതിയുടെ ആദ്യ ഗുരു ക്ലാസിക്കൽ സംഗീതം പഠിപ്പിക്കുന്ന അമ്മ മോഹനകുമാരിയാണ്. അച്ഛൻ വിജയനും ചേട്ടൻ അജിത്തും പാട്ടുകാർ തന്നെ. ഓൺലൈൻ പാട്ടു പഠിപ്പിക്കലിനോടൊപ്പം  തന്നെ മ്യൂസിക്  ആൽബങ്ങളും ചെയ്യുന്ന അശ്വതിക്ക്  ‘ഡക്കേം തബലേം’ എന്ന   പേരിലൊരു  മ്യൂസിക്   ബാൻഡുമുണ്ട് . ബയോഡേറ്റയിൽ അന്ന് തുടങ്ങിവച്ച  ആഗ്രഹമേ  ഇനി അശ്വതിക്ക്  ബാക്കിയുള്ളൂ. സംഗീതത്തിനൊപ്പം എൻജിനീയറിങ്ങും കൂട്ടിയിണക്കണമെന്ന വലിയ ആഗ്രഹം.

Keep in Mind

∙ഇൻർനെറ്റ് സംവിധാനം തിരഞ്ഞെടുക്കുമ്പോൾ ഏറ്റവും മികച്ചത് കണ്ടുപിടിക്കാൻ മറക്കരുത്. പാട്ടിലെയും താളത്തിലെയും ചെറിയ ‘ലാഗുകൾ’ പോലും പഠനത്തെ ബാധിക്കാം

∙  ഒരിക്കലും ഓൺലൈൻ സംഗീത ക്ലാസ്സുകളെ ലാഘവത്തോടെ എടുക്കരുത്. നമ്മളേക്കാൾ  അറിവുള്ളവരായിരിക്കും  ഓരോ ക്ലാസ്സകളും മോണിറ്റർ ചെയ്യുന്നതെന്ന കാര്യം മനസ്സിൽ വയ്ക്കണം.

∙പല ഭാഷകള്‍ സംസാരിക്കുന്നവർക്ക് ക്ലാസ്സെടുക്കേണ്ടി വരാം. അതുകൊണ്ട് വിവിധ ഭാഷകളിലെ പാട്ടുകൾ കേട്ട് ഉച്ചാരണം പഠിക്കുന്നത് നല്ലതായിരിക്കും.

അശ്വതി വിജയൻ, ഇടുക്കി
വയസ്സ്: 27
സംഗീത ക്ലാസ്സുകൾ
മാസവരുമാനം: 35,000