Friday 09 February 2018 04:49 PM IST : By സ്വന്തം ലേഖകൻ

കളിമണ്ണിൽ മെനഞ്ഞെടുത്ത വരുമാനം

busi004

പെർഫെക്‌ഷനും വ്യത്യസ്തമായ ഡിസൈനുമാണ് രമ്യയുടെ കളിമൺ ആഭരണങ്ങളെ പ്രിയങ്കരമാക്കുന്നത്.

നാലു വർഷം മുമ്പ് രമ്യ ‘പ്രകൃതി ടെറാക്കോട്ട ജ്വല്ലറി’ തുടങ്ങുമ്പോൾ കേര ളത്തിൽ ടെറാക്കോട്ട ജ്വല്ലറി തരംഗമായി തുടങ്ങിയതേയുയുള്ളൂ. വരയും ക്രാഫ്റ്റുമൊക്കെ കുട്ടിക്കാലം മുതലേ ഇഷ്ടമായിരുന്നെങ്കിലും അതുവരെ രമ്യയ്ക്കും ആഭരണ നിർമാണത്തെക്കുറിച്ച് വലിയ അറിവൊന്നും ഉണ്ടായിരുന്നുമില്ല. എം എസ്‌സി  ബയോടെക്നോളജി കഴിഞ്ഞയുടൻ കിൻഫ്ര പാർക്കിൽ ജോലി. കല്യാണവും കുട്ടികളുമായപ്പോൾ ജോലി വിട്ട് സ്വന്തം നാടായ കോഴിക്കോട്ടേക്കു പോന്നു. ഒരു എക്സിബിഷനിൽ കണ്ട മാല രമ്യയുടെ കണ്ണിലുടക്കി. അന്വേഷിച്ചപ്പോൾ കളിമണ്ണു കൊണ്ടാണത് ഉണ്ടാക്കിയതെന്ന് അറിഞ്ഞു. കളിമണ്ണു വാങ്ങിയാണ് മടങ്ങിയത്. വീട്ടിൽ ചെന്നതും മാലയുണ്ടാക്കാൻ തുടങ്ങി. ഒന്നും ശരിയായില്ല. പക്ഷേ, പ്രതീക്ഷ മുറുകെ പിടിച്ചു. വീണ്ടും വീണ്ടും മാലയുണ്ടാക്കി, വീണ്ടും വീണ്ടും പരാജയപ്പെട്ടു.

കാത്തിരുന്ന് ആദ്യ വിജയം

ഇന്റർനെറ്റിൽ സെർച്ച് ചെയ്ത് ബെംഗളൂരുവിൽ നല്ല കളിമണ്ണ് കിട്ടുമെന്നു മനസ്സിലാക്കി. ബിസിനസ് ആവശ്യത്തിന് ബെംഗളൂരുവിൽ പോയ ഭർത്താവ് പ്രസീതിനോട് ക്ലേ വാങ്ങിക്കൊണ്ടു വരാൻ പറഞ്ഞു. മനസ്സിൽ വന്ന ഐഡിയ എല്ലാം പയറ്റി നോക്കി. ഒരു ദിവസം സംഗതി വിജയം കണ്ടു. വലിയ പൊട്ടലും പരിക്കുകളുമില്ലാത്തൊരു സുന്ദരി മാല! പ്രസീത് മാലയുടെ ഫോട്ടോ ഫെയ്സ്ബുക്കിലിട്ടു. ഒരാഴ്ചയ്ക്കുള്ളിൽ ആയിരം ലൈക്കുകളും അതിലേറെ അന്വേഷണങ്ങളുമെത്തി. ഇന്നും ടെറക്കോട്ട ജ്വല്ലറി പേജുകളിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ കിട്ടുന്നത് ‘പ്രകൃതി’ ആഭരണങ്ങൾക്കാണ്. ആദ്യമാസത്തെ വിൽപന വിലയിരുത്തിയപ്പോൾ രമ്യ പോലും ഞെട്ടിപ്പോയി. പിന്നീടുള്ള ദിവസങ്ങളിലെല്ലാം ആഭരണങ്ങളുണ്ടാക്കാനേ സമയമുണ്ടായുള്ളൂ. മിക്കവാറും ദിവസങ്ങളിൽ നേരം പുലരാറാകുമ്പോഴാണ് ഉറങ്ങാൻ കിടന്നത്.

നാലു വർഷത്തിനിടയിൽ ഒരു ദിവസം പോലും വെറുതെയിരിക്കേണ്ടി വന്നിട്ടില്ല. രണ്ടും മൂന്നും സെറ്റ് മാലയും കമ്മലും വരെ ഉണ്ടാക്കിയ ദിവസമുണ്ടായിട്ടുണ്ട്. അത്തരം ദിവസങ്ങളിൽ അടുക്കളയ്ക്ക് അവധി കൊടുക്കും. രാവിലെ മുതൽ ഒറ്റയിരിപ്പാണ്. മൂന്നര ലക്ഷം വരെ വരുമാനമുണ്ടാക്കിയ മാസങ്ങളുണ്ടായി. നാട്ടിലേക്കാളേറെ കസ്റ്റമേഴ്സ് വിദേശരാജ്യങ്ങളിൽ നിന്നാണ്. വിദേശികളായ കസ്റ്റമേഴ്സിന്റെ നീണ്ട ലിസ്റ്റ് തന്നെ രമ്യയുടെ ഫോണിലുണ്ട്.

busi01

ശിവ, കൃഷ്ണ, നാഗ, തെയ്യം...

ബെംഗളൂരുവിൽ നിന്ന് പ്യൂരിഫൈഡ് ക്ലേ ഒരുമിച്ചു വാങ്ങുകയാണ് പതിവ്. ‘ശിവ’ പോലുള്ള എക്സ്ക്ലൂസിവ് സെറ്റുകൾ കൈകൊണ്ടുണ്ടാക്കുമ്പോൾ പെർഫെക്ട് ആക്കാൻ ഇത്തിരി കൂടുതൽ സൂക്ഷ്മതയും ശ്രദ്ധയും വേണം. അതുകൊണ്ട് അ ത്തരം സെറ്റുകൾക്ക് വിലയും ഏറും. ഫെയ്സ്ബുക്ക് വഴി മാത്രമായിരുന്നു ഇത്രനാളും വിൽപന. അന്വേഷണങ്ങൾക്ക് മറുപടി അയയ്ക്കാനും ആഭരണമുണ്ടാക്കാനുമെല്ലാം കൂടി സമയം തികയാതെ വന്നു. രണ്ടു വർഷം മുമ്പ് വെബ്പേജ് തുടങ്ങി.

വെബ്സൈറ്റിൽ ഓർഡർ നൽകിയാൽ രമ്യയ്ക്ക് മെയിൽ കിട്ടും. കമ്മലോ കളറോ വ്യത്യാസം വേണമെങ്കിൽ മെസേജ് അയയ്ക്കാം. ഡിസൈൻ അയച്ചാലും ചെയ്തു കൊടുക്കും. കന്റെംപ്രറിയിലും ട്രഡീഷനൽ ഡിസൈനുകളിലും മാറ്റങ്ങൾ വേണമെന്നു തോന്നുമ്പോൾ പരീക്ഷണങ്ങൾക്കായി രണ്ടോ മൂന്നോ ആഴ്ച ഇടവേളയെടുക്കും. ശിവ, കൃഷ്ണ, നാഗ, കഥകളി ഡിസൈനുകള്‍ അങ്ങനെയുണ്ടായതാണ്. രമ്യയുടെ ഏറ്റവും പുതിയ ഐഡിയയായ ‘തെയ്യം സെറ്റ്’ അടുത്തകാലത്ത് ഏറെ ഹിറ്റായി. ബ്ലാക്കിനും എർതി ടോണുകൾക്കും ഗോൾഡനുമാണ് പൊതുവിൽ കൂടുതൽ ആവശ്യക്കാരുള്ളത്.

അനുകരണങ്ങളിൽ തളരാതെ

‘ഇഷ്ടമുള്ള കാര്യം ഏറെ ആസ്വദിച്ചു ചെയ്യുന്നതുകൊണ്ട് ഇതുവരെ ആഭരണമുണ്ടാക്കി മടുത്തിട്ടില്ല. മറ്റേത് ജോലിയാണെങ്കിലും ഇത്രയും ഇഷ്ടത്തോടെ ചെയ്യാനും ഇതിന്റെ നാലിലൊന്നു പോലും വരുമാനമുണ്ടാക്കാനും പറ്റുമെന്നു തോന്നുന്നില്ല. വെള്ളി ആഭരണങ്ങളും ഡ്രസുകളും സാരികളും ഡിസൈൻ ചെയ്തു തുടങ്ങിയത് അടുത്തകാലത്താണ്.  ജ്വല്ലറി മെയ്ക്കിങ് ക്ലാസുകളും എടുക്കാറുണ്ട്. ടെറകോട്ട, സിൽവർ ആഭരണങ്ങൾക്കു മാത്രമായൊരു ഔട്ട്‌ലെറ്റ് ആലോചനയിലുണ്ട്.

busi003

രമ്യയുടെ ഡിസൈനുകൾ അനുകരിക്കാൻ ശ്രമിക്കുന്നവർ ഏറെയുണ്ടെന്ന് അറിയാം. അതൊന്നും പക്ഷേ, രമ്യയുടെ ബിസിനസിനെ ബാധിച്ചിട്ടില്ല. തിരക്കിട്ട് െചയ്തു കൊടുക്കാറില്ലാത്തതുകൊണ്ട് പെർഫെക്‌ഷൻ തന്നെയാണ് രമ്യയുടെ ആഭരണങ്ങളെ വ്യത്യസ്തമാക്കുന്നത്. 100 രൂപ മുതലുള്ള ആഭരണങ്ങളുണ്ട് ‘പ്രകൃതി’യിൽ. ചിത്ര അയ്യർ, അപർണ നായർ, കവിത, ന്യൂസ് റീഡർമാർ... രമ്യയുടെ സ്ഥിരം കസ്റ്റമേഴ്സ് ലിസ്റ്റിൽ ഇവരെല്ലാമുണ്ട്. ബിസിനസിലൂടെ കിട്ടിയ പുതിയ സൗഹൃദങ്ങൾ, പ്രത്യേകിച്ച് ബെൽജിയത്തിലും യു എസിലുമൊക്കെയുള്ളവരുമായി, രമ്യയെ കൂടുതൽ സന്തോഷവതിയാക്കുന്നു. സ്വന്തം വീടു വയ്ക്കാനുള്ള ആഗ്രഹത്തിന് പ്രസീതിനെ സഹായിക്കാനായതിൽ അഭിമാനവുമുണ്ട്. മൂന്നിൽ പഠിക്കുന്ന വേദയും ഒന്നാം ക്ലാസുകാരനായ വിഹാനും അമ്മയുടെ ഹോംലി ബിസിനസിൽ സഹായിക്കാൻ കൂടെയുണ്ട്.

Keep in Mind

∙ പെർഫെക്‌ഷൻ വലിയൊരു ഘടകമാണ്. കുറേ തവണ ചെയ്തു ചെയ്തേ ശരിയാകൂ. നമ്മളിൽ കൂടി തന്നെ യാണ് ഓരോ കാര്യവും പഠിക്കേണ്ടത്. മുത്തുകളും മറ്റും കൈ കൊണ്ട് നന്നായി ആകൃതി വരുത്തണം. വെയിലത്ത് വച്ച് വെള്ളം മുഴുവൻ വറ്റിയ ശേഷമേ ബെയ്ക് ചെയ്യാവൂ. ചൂളയിൽ ചുട്ടെടുത്താൽ കൂടുതൽ ഉറപ്പു കിട്ടും. അവ്നിൽ ബെയ്ക് ചെയ്യുമ്പോൾ പൊട്ടിപ്പോയേക്കാം.

∙ പ്രയത്നത്തിനും സർഗാത്മകതയ്ക്കും സമയത്തിനുമാണ് വിലയിടുന്നത്. ആരുടെയെങ്കിലും ഡിസൈൻ പകർത്താൻ ശ്രമിക്കാതെ വ്യക്തിത്വം പ്രതിഫലിക്കുന്ന ഡിസൈനുകൾ  സ്വയം കണ്ടെത്തണം. കുറച്ചെങ്കിലും വരയ്ക്കാനറിയുന്നവർക്ക് ടെറാക്കോട്ട ജ്വല്ലറി ഉണ്ടാക്കാൻ ഒട്ടും പ്രയാസമുണ്ടാവില്ല. കലയോട് അൽപമെങ്കിലും താൽപര്യമുള്ളവർ ഒരു കൈ നോക്കാൻ മടിക്കേണ്ട.

busi02

രമ്യ പ്രസീത്, കോഴിക്കോട്, ടെറക്കോട്ട, ജ്വല്ലറി ഡിസൈനർ, വയസ്സ്: 32, മാസവരുമാനം: 1 – 3 ലക്ഷം