Saturday 16 May 2020 04:19 PM IST

അറുപതു വയസ്സു കഴിഞ്ഞവർക്ക് പനി തടയാൻ വാക്സിൻ; മുതിർന്നവരുടെ ആരോഗ്യത്തിൽ ഇവ പ്രത്യേകം ശ്രദ്ധിക്കാം!

Dr. B. Padmakumar

Professor Medicine,medical College, Trivandrum

vaccinedvgughg

പകർച്ചവ്യാധിയായ കോവിഡ്–19 പ്രതിരോധിക്കാൻ ആവശ്യമായ നിയന്ത്രണ നടപടികൾ അതിജാഗ്രതയോടെ നടക്കുന്നു. രോഗം ബാധിച്ച 90 ശതമാനം പേരിലും സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങൾ മാത്രമാണു കണ്ടത്. മൂന്നു ശതമാനം ആളുകളിൽ മാത്രമാണ് രോഗം മരണകാരണമാകുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞവരിലും വയോജനങ്ങളിലുമാണ് കോവിഡ്–19 ഉൾപ്പെടെ എല്ലാ പനികളും ഗുരുതരമാകുന്നത്. നമ്മുടെ നാട്ടിൽ പലതരത്തിലുള്ള പകർച്ചപ്പനികൾ പടർന്നു പിടിക്കുന്ന കാലമാണിത്. പനി സങ്കീർണമാകാതിരിക്കാൻ വയോജനങ്ങൾക്ക് പ്രത്യേക പരിചരണവും കരുതലും നൽകണം.

രോഗലക്ഷണങ്ങൾ അസാധാരണമാകാം

പ്രായമേറിയവരിൽ എപ്പോഴും രോഗാണുബാധയെ തുടർന്ന് പനി ഉണ്ടാകണമെന്നില്ല. അകാരണമായ ക്ഷീണം, തളർച്ച, മയക്കം, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ മാത്രമായിരിക്കാം. അസാധാരണമായി പെരുമാറുക, ആളുകളെ തിരിച്ചറിയാതെ വരിക, മൂത്രം പിടിച്ചു നിർത്താൻ കഴിയാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങളും പനിയെ തുടർന്നുണ്ടാകാം. ചിലപ്പോൾ തുടർച്ചയായ വീഴ്ച മാത്രമായിരിക്കും പ്രായമേറിയവരിൽ പനിയുടെയും രോഗാണുബാധയുടെയും ബാഹ്യലക്ഷണം.

സങ്കീർണതകൾക്കുള്ള സാധ്യത കൂടുതൽ

പനിയെ തുടർന്നുള്ള നിർജലീകരണവും ലവണനഷ്ടവും ക്ഷീണത്തിനും തളർച്ചയ്ക്കും കാരണമാകാം. രക്തത്തിലെ സോഡിയത്തിന്റെ അളവ് കുറയുന്നത് തലവേദന, ഛർദി, ഓക്കാനം, അസാധാരണ പെരുമാറ്റം, അപസ്മാര ലക്ഷണം തുടങ്ങിയവയ്ക്കു കാരണമാകാം. സോഡിയത്തിന്റെ അളവ് 135 മില്ലിലീറ്ററിൽ കുറയുമ്പോഴാണ് ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. വയോജനങ്ങളിൽ പനിയെ തുടർന്ന് ശ്വാസകോശ സംബന്ധമായ ന്യൂമോണിയയ്ക്കുള്ള സാധ്യതയും കൂടുതലാണ്. പനിയോടൊപ്പം ചുമ, രക്തം ചുമച്ചു തുപ്പുക, ശ്വാസം മുട്ടൽ, നെഞ്ചുവേദന, ശ്വസന നിരക്ക് 30 ൽ കൂടുക തുടങ്ങിയവയൊക്കെ ന്യൂമോണിയയുടെ ലക്ഷണങ്ങളാണ്. ന്യൂമോണിയ ബാധിച്ച വ്യക്തിക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ വേണ്ടിവരും.

പരിചരണം കരുതലോടെ

അതീവ ശ്രദ്ധയോടെയുള്ള ശുശ്രൂഷയും പരിചരണവുമാണ് വയോജനങ്ങൾക്ക്  പനി വന്നാൽ നൽകേണ്ടത്. എട്ട് – പത്ത് ഗ്ലാസ് വെള്ളം പല സമയങ്ങളിലായി  കുടിക്കാൻ കൊടുക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങവെള്ളം, കരിക്കിൻവെള്ളം, തുടങ്ങിയവയൊക്കെ ഉത്തമ പാനീയങ്ങളാണ്. ശരീര താപനില കൂടുമ്പോൾ പനി കുറയാനായി തണുത്ത വെള്ളത്തിൽ  തുണിമുക്കി ദേഹം മുഴുവൻ തുടച്ചു കൊടുക്കണം. പനി  മരുന്നായ പാരസറ്റമോളും   താപനില കുറയ്ക്കും. എല്ലാ പനിക്കും ആന്റിബയോട്ടിക്കുകൾ  ആവശ്യമില്ല.  ചുമച്ച് മഞ്ഞനിറത്തിൽ കഫം പോകുക,  മൂക്കിൽ നിന്നും കട്ടിയായ സ്രവം, രക്തത്തിലെ ശ്വേത രക്താണുക്കളുടെ എണ്ണം കൂടുക തുടങ്ങിയവയൊക്കെ ആന്റിബയോട്ടിക്കുകൾ നൽകേണ്ട  ബാക്ടീരിയൽ രോഗാണു ബാധയുടെ ലക്ഷണങ്ങളാണ്.

പനി തടയാൻ വാക്സിൻ

പനി പ്രതിരോധിക്കാനായി വയോ‍ജനങ്ങൾക്ക് (അറുപതു വയസ്സു കഴിഞ്ഞവർ) രണ്ടുതരം വാക്സിനുകൾ നൽകാം. ഇൻഫ്ലുവൻസ പനി തടയാനായി വർഷത്തിലൊരിക്കൽ ഇൻഫ്ലുവൻസ വാക്സിൻ നൽകാം.

വൈറസിന് എല്ലാ വർഷവും മ്യൂട്ടേഷൻ നടക്കുന്നതുകൊണ്ടാണ് വാക്സിനേഷൻ ആവർത്തിക്കേണ്ടി വരുന്നത്. ന്യൂമോണിയയെ പ്രതിരോധിക്കാനായി  ഒറ്റ ഡോസായി ന്യൂമോകോക്കൽ വാക്സിനുമെടുക്കാം.

Tags:
  • Columns