Saturday 15 June 2019 05:54 PM IST

ഇരിപ്പ് നന്നായാൽ മതി, നടുവേദനയോട് ബൈ ബൈ പറയാം; ഇരിപ്പു പ്രശ്നങ്ങൾ മറികടക്കാനുള്ള പോംവഴികൾ ഇതാ...

Dr. B. Padmakumar

Professor Medicine,medical College, Trivandrum

sitting-tips4467

ഇരിപ്പ് നന്നായാൽ തന്നെ പലരെയും അലട്ടുന്ന നടുവേദനയ്ക്കു പരിഹാരമാകും

ടിവിയുടെയും കംപ്യൂട്ടറിന്റെയും മുന്നിൽ മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്നവരാണ്  നമ്മിൽ പലരും.  പഴയ കാലത്തിൽ നിന്നു വ്യത്യസ്തമായി പലരുടെയും ജോലിയും പഠനവും വിനോദവും വിശ്രമവുമെല്ലാം ഇരുന്നുകൊണ്ടു തന്നെ. ഇരിപ്പ് ശരിയായ രീതിയിൽ അല്ലെങ്കിൽ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. ശരിയായ ഇരിപ്പു രീതി മനസ്സിലാക്കുകയും നട്ടെല്ലിനും സന്ധികൾക്കും സമ്മർദമില്ലാതെ സ്വാഭാവികമായ അവസ്ഥയിൽത്തന്നെ ഇരിക്കുകയും ചെയ്യുക എന്നതാണ് ഇരിപ്പു പ്രശ്നങ്ങൾ മറികടക്കാനുള്ള പോംവഴി.

നട്ടെല്ല് നിവർന്നിരിക്കാം

നമ്മുടെ നട്ടെല്ലിൽ 33 കശേരുക്കളാണ് ഉള്ളത്.  ദീർഘനേരം ഒരേ ഇരിപ്പ് ഇരിക്കുന്നവർ ജോലി ചെയ്യാനുള്ള സൗ കര്യത്തിനായി കംപ്യൂ ട്ടർ സ്ക്രീനിലേക്കു കണ്ണു നട്ട് മുന്നോട്ടാഞ്ഞിരിക്കുന്നത് കഴുത്തിലെ കശേരുക്കൾക്ക് ആയാസമുണ്ടാക്കും.

കാലക്രമേണ തേയ്മാനമുണ്ടാകു‌മ്പോൾ (സ്പോണ്ടിലോസിസ്) വിട്ടുമാറാത്ത കഴുത്തുവേദന ഉണ്ടാകുന്നു. നട്ടെല്ലിന്റെ വളവുകൾ സ്വാഭാവിക അവസ്ഥയിൽ അല്ലാതെയുള്ള ഇരിപ്പ്  കശേരുക്കളിൽ സമ്മർദം ഏൽപിക്കും. ഇത് നടുവേദനയ്ക്ക് കാരണമാകും.

S എന്ന ഇംഗ്ലിഷ് അക്ഷരം അൽപം വലിച്ചു നീട്ടിയാൽ എങ്ങ നെയിരിക്കും. അങ്ങനെയാണ് നട്ടെല്ലിന്റെ വളവുകൾ.  ഇരിക്കുമ്പോൾ കസേരയിലേക്കു കയറിയിരുന്ന് നിതംബം കസേരയുടെ പിന്നിൽ മുട്ടുന്നവിധം നിവർന്നിരിക്കണം. ശരീരഭാരം നിതം ബത്തിന്റെ ഇരുവശങ്ങളിലും  തുല്യമായി  പങ്കുവയ്ക്കപ്പെടുന്ന രീതിയിലാണ് ഇരിക്കേണ്ടത്. ഒരുവശം ചരിഞ്ഞോ ഏന്തി വലിഞ്ഞോ ദീർഘനേരമിരിക്കരുത്.

പാദങ്ങൾ ഉറപ്പിച്ച്

ഇരിക്കുമ്പോൾ രണ്ടു കാൽപാദങ്ങളും നിലത്ത് ഉറപ്പിച്ചുവയ്ക്കണം.  അതിനായി ചവിട്ടുപടിയുള്ള മേശയോകാൽ  അൽപം ഉയർത്തി വ യ്ക്കാവുന്ന തരത്തിലുള്ള ചെറിയ പലകയോ ഉപയോഗിക്കാം. കാൽമുട്ടുകൾ കൃത്യമായി മടക്കിയിരിക്കണം. കാലുകൾ പിന്നിലേക്കോ മുന്നിലേക്കോ നീട്ടിയിരിക്കുന്നത് കാൽമുട്ടുകൾക്കു നല്ലതല്ല. കാൽമുട്ടുകൾ ഇടുപ്പുമായി സമനിരപ്പിലോ അൽപം ഉയർന്ന തലത്തിലോ ആയിരിക്കണം.

കാലിന്മേൽ കാൽ കയറ്റിവച്ചോ കാൽമുട്ടുകൾ പിണച്ചോ ഇരിക്കുന്നത് കാൽമുട്ടുകൾക്ക് അമിത സമ്മർദം നൽകും.  കൈകൾ രണ്ടും  കസേരയുടെ കൈത്താങ്ങിയിൽ വയ്ക്കണം. ക സേരയിലിരുന്ന് കറങ്ങേണ്ടി വരികയാണെങ്കിൽ ശരീരം മുഴുവനായി തിരിക്കണം. ലഘുവായ സ്ട്രച്ചിങ് എക്സർസൈസുകളും ഇടയ്ക്ക് ചെയ്യണം.

കാലിലെ സിരകളിൽ രക്തം കട്ടപിടിക്കരുത്

ദീർഘദൂര വിമാന യാത്രകൾ ചെയ്യുന്നവരിലും കിടപ്പുരോഗികളിലും ദീർഘനേരം കസേരയിൽ ഇരിക്കുന്നവരിലും ഉണ്ടാകുന്ന സങ്കീർണതയാണ് കാലിലെ സിരകളിൽ രക്തം കട്ടപിടിച്ചുണ്ടാകുന്ന ഡീപ് വെയിൻ ത്രോംബോസിസ് (ഡിവിറ്റി). 60 കഴി‍ഞ്ഞവരിലും പുകവലിക്കാരിലും പൊണ്ണത്തടിയുള്ളവരിലും അർബുദരോഗികളിലും ഡിവിറ്റി സാധ്യത കൂടുതലാണ്.  

കാൽ പെട്ടെന്ന് വേദനയോടു കൂടി നീ ര് വന്നു വീർക്കുന്നതാണ് ലക്ഷണം. ഇരിപ്പു ജോലിക്കാർ അര മണിക്കൂർ ഇടവിട്ട് കസേരയിൽ നിന്നെഴുന്നേറ്റ് അൽപ ദൂരം നടക്കുന്നതും  കാൽപാദങ്ങൾ ഉയർത്തിയും താഴ്ത്തിയും വശങ്ങളിലേക്കു കറക്കിയും ലഘു വ്യായാമത്തിലേർപ്പെടുന്നതും  ഡിവിറ്റി പ്രതിരോധിക്കാൻ സഹായിക്കും.

വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക

സീറ്റിന്റെ ഹെഡ്റെസ്റ്റിൽ തല ചേർത്തുവച്ച് നടു നിവർന്നിരുന്ന് വേ ണം വണ്ടി ഓടിക്കേണ്ടത്.

സീറ്റിലേക്കു നന്നായി ചേർന്ന് പുറം താങ്ങിയിരിക്കണം. സീറ്റ് സ്റ്റിയറിങ്ങിനടുത്തേക്ക് അടുപ്പിച്ചിടുന്നതാണ് നല്ലത്. കാൽമുട്ടുകൾ ഇടുപ്പുമായി സമനിരപ്പിലോ അൽപം ഉയർന്നോ ഇരിക്കണം. സീറ്റ് ബെൽറ്റ് ധരിക്കാൻ മറക്കരുത്.