കുട്ടികളുടെ ഉടുപ്പുകളിൽ ഏതു സ്റ്റൈൽ പരീക്ഷിച്ചാലും കുട്ടിത്തവും കുസൃതിയും കൂടി ചേരുമ്പോഴാണു അതിന് ക്യൂട്ട് ലുക്ക് കിട്ടുന്നത്. അങ്ങനെ തുന്നിയെടുക്കാവുന്ന ഫോർമൽ ലുക് സ്കർട്ടും ടോപ്പുമാണ് ഇത്തവണ.
ഫ്രിൽഡ് ഡിസൈനുള്ള ടോപ്പിനൊപ്പം എലൈൻ സ്കർട്ട് ഏറ്റവും ഇണങ്ങും. ഇതു തയ്ക്കാനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ഷോൾഡർ, ടോപ് ഇറക്കം, കഴുത്ത് ഇറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), കൈക്കുഴി, ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്), സ്കർട്ട് ഇറക്കം, ഫ്ലെയർ ലൂസ്. ഓരോരുത്തരുടെയും അളവിനനുസരിച്ചുള്ള തുണി, ഇലാസ്റ്റിക്, പലതരം ബട്ടണുകൾ എന്നിവയും സംഘടിപ്പിച്ചോളൂ.
അളവുകൾ മാർക് ചെയ്യാം
ടോപ്പിനുള്ള തുണിയും ലൈനിങ്ങും മുൻഭാഗത്തിനും പിൻഭാഗത്തിനുമായി വെവ്വേറേ മടക്കിയിട്ട ശേഷം അളവുകൾ മാർക് ചെയ്യാം. (ചെസ്റ്റ് റൗണ്ട്, വെയ്സ്റ്റ് റൗണ്ട് എന്നിവയുടെ നാലിലൊന്നിനൊപ്പം ഒരിഞ്ച് തയ്യൽതുമ്പ് നൽകണം. ഷോൾഡർ അളവിന്റെയും കൈക്കുഴിയുടെയും പകുതിയ്ക്കൊപ്പമാണ് ഒരിഞ്ച് തയ്യൽതുമ്പ് നൽകേണ്ടത്). ടോപ് ഇറക്കം, മുൻ– പിൻ കഴുത്തിറക്കം എന്നിവ മാർക് ചെയ്തു മുറിക്കണം.
ഫ്രില്ലിനായി രണ്ടിഞ്ചു വീതിയിലാണ് തുണി മുറിച്ചെടുക്കേണ്ടത് (ലെയ്സും ഇതിനായി ഉപയോഗിക്കാം). സ്കർട്ടിനുള്ള തുണിയിൽ വെയ്സ്റ്റ് റൗണ്ട്, ഇറക്കം ഫ്ലെയർ ലൂസ് എന്നിവയും മേൽപ്പറഞ്ഞ രീതിയിൽ മാർക് ചെയ്ത ശേഷം മുറിക്കാം.
ഈസിയായി തയ്ക്കാം
ടോപ്പിന്റെ മുൻഭാഗത്തു ഫ്രില്ലുകൾ തയ്ക്കണം. ശേഷം ലൈനിങ് വച്ച് കഴുത്ത്, കൈക്കുഴി എന്നിവ കവർ ചെയ്തു തയ്ക്കണം. പിൻഭാഗത്ത് ഓപ്പണിങ് നൽകി കഴുത്തും കൈക്കുഴിയും കവർ ചെയ്ത ശേഷം ഷോൾഡറും വശങ്ങളും ചേർത്തുതയ്ക്കാം. അടിവശത്തു ലൂപ് നൽകി ഇലാസ്റ്റിക് പിടിപ്പിക്കണം.
സ്കർട്ടിന്റെ മുൻപാളിയും പിൻപാളിയും ലൈനിങ്ങും കൂടി ചേർത്തു തയ്ച്ച ശേഷം മുകളിൽ ഒരിഞ്ചു വീതിയിൽ ബെൽറ്റ് പിടിപ്പിക്കണം. ഒരു വശത്ത് ഓപ്പണിങ് നൽകിയാണു വശങ്ങൾ ചേർത്തുതയ്ക്കേണ്ടത്. അടിവശം കൂടി മടക്കിതയ്ച്ചാൽ സ്കർട്ട് റെഡി.
ഹാൻഡ് എംബ്രോയ്ഡറി കൊണ്ടോ സീക്വിൻസുകൾ തുന്നിച്ചേർത്തോ റെഡിമെയ്ഡ് മോട്ടിഫുകൾ പിടിപ്പിച്ചോ പ്ലെയിൻ സ്കർട്ടിനു മോടി കൂട്ടാം.