കോളജിലേക്ക് എല്ലാ ദിവസവും ജീൻസും ക്രോപ് ടോപ്പുമൊക്കെ ധരിച്ചു പോകാനാകും യൂത്തിന് ഇഷ്ടം. പക്ഷേ, ഇടയ്ക്കൊന്നു സ്റ്റൈലാകാൻ കുർത്തയും സൽവാറും ഇല്ലാതെ പറ്റില്ല. യൂത്തിന്റെ എനർജിക്കു ചേരും വിധത്തിൽ തയ്ച്ചെടുക്കാവുന്ന സ്ലീവ്‌ലെസ് ഗാതേർഡ് കുർത്തയാണ് ഇക്കുറി. മാച്ചിങ് ലെഗ്ഗിൻസിനൊപ്പം ഇതു പെയർ ചെയ്യാം.
ഇതിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ഷോൾഡർ, ടോപ് ഇറക്കം, കഴുത്ത് ഇറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്), കൈക്കുഴി, യോക് അളവ്, ഫുൾ ഇറക്കം, ഫ്ലൈയർ ലൂസ്. കുർത്തയുടെ ഗാതേഴ്സും യോക്കും തമ്മിൽ ചേരുന്നിടത്ത് ലെയ്സോ ചെറിയ എംബ്രോയ്ഡറിയോ കൂടി ചെയ്യാം.
അളവുകൾ മാർക് ചെയ്യാം
ലൈനിങ്ങിൽ മുൻഭാഗത്തിനുള്ള തുണിയിൽ യോക് അളവു മാർക് ചെയ്ത ശേഷം മുൻകഴുത്ത്, കഴുത്തകലം, കൈക്കുഴി എന്നിവ കൂടി മാർക് ചെയ്ത് തയ്യൽതുമ്പു കൂടി നൽകി മുറിക്കാം. പിൻഭാഗത്തിനു വേണ്ടി എലൈൻ രീതിയിൽ ഒറ്റ പീസായാണു കട്ടിങ് വരുന്നത്. അതിനായി ലൈനിങ്ങും മെയിൻ ഫാബ്രിക്കും ഒന്നിച്ചു മടക്കിയിട്ട ശേഷം പിൻകഴുത്തിറക്കം, കഴുത്തകലം, കൈക്കുഴി, ചെസ്റ്റ് അളവ്, വെയ്സ്റ്റ് അളവ്, ഫുൾ ഇറക്കം, ഫ്ലെയർ ലൂസ് എന്നിവ മാർക് ചെയ്ത ശേഷം തയ്യൽ തുമ്പു കൂടി നൽകി മുറിക്കാം.
മുൻഭാഗത്തിന്റെ ഗാതേഴ്സ് പീസിനായി യോക് ഇറക്കം കുറച്ചതിനു ശേഷമുള്ള ഇറക്കമാണു കണക്കാക്കേണ്ടത്. എത്രമാത്രം ഞൊറിവുകൾ വേണമെന്നതനുസരിച്ചു വീതി കണക്കാക്കി തയ്യൽതുമ്പു കൂടി നൽകി ലൈനിങ്ങും മെയിൻ ഫാബ്രിക്കും മുറിക്കാം.
ഈസിയായി തയ്ക്കാം
മുൻവശത്തെ ഗാതേഴ്സ് ആണ് ആദ്യം തയ്ക്കേണ്ടത്. അടുങ്ങിയടുങ്ങി വരുന്ന വിധത്തിൽ വളരെ ശ്രദ്ധിച്ചു ചെറിയ ഞൊറിവുകളെടുക്കണം (തയ്ച്ചു കഴിയുമ്പോഴുള്ള വീതി യോക്കിന്റെ അളവുമായി ചേർന്നു വരണം). ഞൊറിവുകൾ നന്നായി അയൺ ചെയ്തിട്ടു വേണം യോക്കുമായി അറ്റാച്ച് ചെയ്യാൻ. പിൻപാളിയുടെ കഴുത്തും മുൻപാളിയുടെ കഴുത്തും ഫിനിഷ് ചെയ്ത ശേഷം ഷോൾഡർ ചേർത്തടിക്കാം. കൈക്കുഴി പ്രത്യേക പീസ് വച്ചു കവർ ചെയ്യണം. വശങ്ങൾ ചേർത്തു തയ്ച്ച് അടിവശം മടക്കിയടിച്ചാൽ കുർത്ത റെഡി.
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, മോഡൽ: ആർ. ശിവലക്ഷ്മി, ലൊക്കേഷൻ: ഓക്സിജൻ ദ് ഡിജിറ്റൽ എക്സ്പർട്, കോട്ടയം