സാരിയുടുത്ത് ആഘോഷങ്ങൾക്ക് ഒരുങ്ങുമ്പോൾ മിക്കവരെയും അലട്ടുന്ന ഒരു ചോദ്യമുണ്ട്, ഫോർമൽ ആറ്റിറ്റ്യൂഡ് വിടാതെ എങ്ങനെ ഫെസ്റ്റീവ് ലുക് നേടിയെടുക്കാം? ഫോർമൽ ലുക്കും ഫെസ്റ്റീവ് മൂഡും ആഗ്രഹിക്കുന്നവർക്കു പരീക്ഷിക്കാൻ പിൻ ടക് കോളർ നെക് സ്ലീവ്‌ലെസ് ബ്ലൗസ് ഡിസൈനാണ് ഇക്കുറി. ക്രോപ് ടോപ് സ്റ്റൈലിലുള്ള ബ്രൊക്കേഡ് ബ്ലൗസിനൊപ്പം പ്ലെയിൻ സാരി കൂടിയാകുമ്പോൾ ലുക്ക് സൂപ്പറാകും.
ഇതിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ഷോൾഡർ, ടോപ് ഇറക്കം, കഴുത്തിറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), കൈക്കുഴി, ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്).
അളവുകൾ മാർക് ചെയ്യാം
പിൻഭാഗത്തിനുള്ള തുണിയിൽ ബാക് ഓപ്പണിങ്ങിനായി കാൽ ഇഞ്ച് വിട്ട ശേഷം ബാക്കി അളവുകൾ മാർക്ക് ചെയ്യാം. ഷോൾഡർ, ബ്ലൗസ് ഇറക്കം, കൈക്കുഴി, നെഞ്ചളവ്, ഇടുപ്പളവ് എന്നിവയ്ക്കൊപ്പം രണ്ടു ടക്കുകൾ നൽകേണ്ടതിനാൽ ഇടുപ്പളവിനൊപ്പം ഒരിഞ്ച് എക്സ്ട്രാ നൽകി തയ്യൽതുമ്പുകൾ ചേർത്ത ശേഷം വെട്ടാം.
മുൻഭാഗത്തിനുള്ള തുണിയുടെ നടുവിൽ ഒരിഞ്ച് വീതിയിൽ ആദ്യം ഒരു ബോക്സ് പ്ലീറ്റ് എടുത്ത ശേഷം രണ്ടു വശത്തേക്കും പിൻ ടക്കുകൾ എടുക്കാം. ഇതു നന്നായി തേച്ച ശേഷം രണ്ടായി മടക്കിയിട്ടു കൈക്കുഴി, ഷോൾഡർ, കഴുത്തകലം, കഴുത്തിറക്കം എന്നിവ മാർക് ചെയ്ത ശേഷം നടുവിൽ നിന്നു നാലിഞ്ച് അകലത്തിൽ ഒന്നര ഇഞ്ച് ഡാർടും മാർക് ചെയ്യണം.
തയ്യൽതുമ്പു കൊടുക്കുമ്പോൾ ചെസ്റ്റ് അളവിനൊപ്പം ഒരു ഇഞ്ചും വെയ്സ്റ്റിൽ രണ്ട് ഇഞ്ചും അധികം നൽകണം. കോളറിനു വേണ്ടി ഒന്നര ഇഞ്ച് വീതിയിലാണു നീളൻ പീസ് വെട്ടിയെടുക്കേണ്ടത്.
ഈസിയായി തയ്ക്കാം
പിൻഭാഗത്തെ വലതുപാളിയിൽ ഹുക്കിനും ഇടതുപാളിയിൽ ഹുക്ക് ലൂപ്പിനുമായി പീസുകൾ അറ്റാച്ച് ചെയ്യണം. മുൻപാളിയിലെ ഡാർട് തയ്ച്ച ശേഷം മുൻപാളിയുടെയും പിൻപാളികളുടെയും ഷോൾഡറുകൾ ജോയ്ൻ ചെയ്യാം. കൈക്കുഴി കവർ ചെയ്തു തയ്ച്ച ശേഷം അടിവശങ്ങൾ സ്ട്രെയ്റ്റ് പീസ് വച്ചു കവർ ചെയ്തു ബോഡി ഷേപ്പിൽ വശങ്ങൾ അറ്റാച്ച് ചെയ്യാം. കഴുത്തിൽ കോളർ പിടിപ്പിച്ച ശേഷം പിൻഭാഗത്തു ഹുക്കുകൾ കൂടി പിടിപ്പിച്ചാൽ ബ്ലൗസ് റെഡി.

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, മോഡൽ: ശിവാനി നായർ