മോഡേൺ ലുക്കും ട്രെഡിഷനൽ സ്റ്റൈലുമുള്ള ലോങ് ഫ്രോക് ഡിസൈൻ ചെയ്യാം Styling Tips for Your Traditional Frock
Mail This Article
ഐശ്വര്യവും സമൃദ്ധിയും നിറച്ച് ആഘോഷങ്ങൾ വന്നെത്തുമ്പോൾ ട്രെഡീഷനൽ വേഷത്തിൽ പാറി നടക്കാൻ ആരാണു മോഹിക്കാത്തത്. അതിനു ചേരുന്നതു മോഡേൺ ലുക്കുള്ള, എന്നാൽ, ട്രഡീഷനലെന്നു തോന്നിക്കുന്ന ഒരു വേഷം ഇതാ. കസവിന്റെ പ്രൗഢിയിൽ വ്യത്യസ്തമായ ലുക്കും യൂത്ത്ഫുൾ ആറ്റിറ്റ്യൂഡും നിറഞ്ഞ ക്ലോസ്ഡ് നെക് ലോങ് ഫ്രോക്ക് ഡിസൈനാണ് ഇക്കുറി.
അടിവശത്തു നൽകിയിരിക്കുന്ന ലോങ് ഗാതേഴ്സ് ആണു ഫ്രോക്കിനു ഡിസൈനർ ലുക് നൽകുന്നത്. അമ്മയുടെ പെട്ടിയിലിരിക്കുന്ന പഴയ കസവുസാരി പൊടിതട്ടിയെടുത്തു ഡിസൈൻ ചെയ്താൽ ഫ്രോക്കിനു നൊസ്റ്റാൾജിയയുടെ മധുരം കൂടി കിട്ടും.
അമ്മ സാരി തന്നില്ലെങ്കിൽ ഓർഗൻസ മെറ്റീരിയലിലും ഈ പാറ്റേൺ പരീക്ഷിക്കാം. ലൈനിങ് ഒപ്പം വയ്ക്കാതെ, സ്പഗറ്റി ഷോൾഡറിൽ എലൈൻ ഇന്നറായി തയ്ച്ചാൽ ഫ്രോക്കിനു കുറച്ചുകൂടി മോഡേൺ ലുക് നൽകാനാകും.
ഫ്രോക്കിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ഷോൾഡർ, കഴുത്തിറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), കൈക്കുഴി, ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്), ഇറക്കം (ഫുൾ ലെങ്ത്).
അളവുകൾ മാർക് ചെയ്യാം
പിൻഭാഗത്തിനുള്ള തുണിയും ലൈനിങ്ങും ഒന്നിച്ചു മടക്കിയിട്ട് കഴുത്തകലം, കഴുത്തിറക്കം, ഷോൾഡർ, കൈക്കുഴി, നെഞ്ചളവ്, ഇടുപ്പളവ്, ഇറക്കം (ഗാതേഴ്സിന്റെ ഇറക്കം കുറച്ച ശേഷമുള്ള അളവ്) എന്നിവ മാർക് ചെയ്ത്, തയ്യൽതുമ്പുകൾ ചേർത്തശേഷം വെട്ടാം.
മുൻഭാഗത്തിനുള്ള തുണിയിൽ നടുഭാഗത്തായി കസവു ബോർഡർ അറ്റാച്ച് ചെയ്തശേഷം ലൈനിങ്ങും കൂടി രണ്ടായി മടക്കിയിട്ടു കഴുത്തകലം, കഴുത്തിറക്കം, ഷോൾഡർ, കൈക്കുഴി, നെഞ്ചളവ്, ഇടുപ്പളവ്, ഇറക്കം എന്നിവ മാർക് ചെയ്ത് തയ്യൽതുമ്പു കൂടി നൽകി മുറിക്കാം.
സ്ലീവിനുള്ള തുണി രണ്ടായി മടക്കിയിട്ടു പാറ്റേൺ പ്രകാരം അളവുകൾ മാർക് ചെയ്തു മുറിക്കണം. (പഫ്നു വേണ്ടി എക്സ്ട്രാ അളവുകൾ നൽകിയിരിക്കുന്നതു ശ്രദ്ധിക്കുക). ഗാതേഴ്സിനായി 10– 12 ഇഞ്ച് വീതിയിൽ നീളൻ തുണി മുറിച്ചെടുക്കണം.
ഈസിയായി തയ്ക്കാം
പിൻഭാഗത്ത് ഓപ്പണിങ് നൽകിയശേഷം ലൈനിങ് വച്ചു കഴുത്തു കവർ ചെയ്യണം. മുൻപാളിയിൽ ലൈനിങ് അറ്റാച്ച് ചെയ്തു കഴുത്തു കവർ ചെയ്ത ശേഷം ഷോൾഡർ തയ്ക്കാം. ഇനി സ്ലീവ് അറ്റാച്ച് ചെയ്യണം.
അടിവശത്ത് ഗാതേഴ്സ് പിടിപ്പിച്ച ശേഷം വശങ്ങൾ ചേർത്തു തയ്ച്ചാൽ ഫ്രോക് റെഡി.