മാലാഖ വേഷത്തിൽ തിളങ്ങാൻ മിഡിയും ടോപ്പും; കുട്ടി മിഡിയിൽ ക്യൂട്ടാക്കും കുപ്പായം Creating Adorable Outfits for Children
Mail This Article
കുട്ടികളുടെ ഉടുപ്പിൽ ഏതു സ്റ്റൈൽ പരീക്ഷിച്ചാലും ക്യൂട്ട് ലുക്കിന് ഒരു കുറവും വരില്ല. കുട്ടിത്തവും കുസൃതിയും കൂടി ചേരുന്ന മാലാഖക്കുഞ്ഞിനെ പൂമ്പാറ്റയെപ്പോലെ പാറിപ്പറക്കുന്ന ലുക്കിലാക്കാൻ നിറയെ ഞൊറിവുകളുള്ള ഫ്രോക്കോ മിഡിയോ തന്നെ വേണം.
അങ്ങനെ തുന്നിയെടുക്കാവുന്ന ഹെവി പ്ലീറ്റഡ് മൾട്ടി കളർ നെറ്റ് സ്കർട്ടും സിംപിൾ ടോപ്പുമാണ് ഇത്തവണ. ഇതു തയ്ക്കാനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ടോപ് ഇറക്കം, ചെസ്റ്റ് വണ്ണം, ഷോൾഡർ, കൈക്കുഴി, സ്കർട് ഇറക്കം, ഇടുപ്പളവ്.
ഉടുപ്പിനു മോടി കൂട്ടാനായി പലതരം സീക്വിൻസുകൾ, മോട്ടിഫ് പാറ്റേണുകൾ എന്നിവയും സംഘടിപ്പിച്ചോളൂ.
അളവുകൾ മാർക് ചെയ്യാം
ടോപ്പിനുള്ള തുണിയും ലൈനിങ്ങും മുൻഭാഗത്തിനും പിൻഭാഗത്തിനുമായി ഒന്നിച്ചു മടക്കിയിട്ട ശേഷം പാറ്റേൺ പ്രകാരം അളവുകൾ മാർക് ചെയ്യാം. ചെസ്റ്റ് റൗണ്ട്, ഷോൾഡർ, കൈക്കുഴി എന്നിവയാണു മാർക് ചെയ്യേണ്ടത്. (ഷോൾഡർ ബെൽറ്റിന്റെ ഇറക്കം കുറച്ച ശേഷമാണു കൈക്കുഴി മാർക് ചെയ്യേണ്ടത്.)
ഷോൾഡർ ബെൽറ്റിനായി കഴുത്തിറക്കത്തിന്റെ നീളത്തിലും ഞൊറിവിനായുള്ള വീതിയിലും നെറ്റ് മുറിച്ചെടുക്കാം. സ്കർട്ടിനുള്ള ലൈനിങ് തുണിയിൽ വെയ്സ്റ്റ് റൗണ്ട്, ഇറക്കം ഫ്ലെയർ ലൂസ് എന്നിവയും മേൽപ്പറഞ്ഞ രീതിയിൽ മാർക് ചെയ്തശേഷം മുറിക്കാം. സ്കർട്ടിനുള്ള നെറ്റ് മെറ്റീരിയൽ ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ചു ഫ്ലെയർ ലൂസ് കണക്കാക്കി മുറിക്കണം.
ഈസിയായി തയ്ക്കാം
ടോപ്പിന്റെ ഷോള്‍ഡറിലുള്ള നെറ്റ് പീസിന്റെ ഇരുവശങ്ങളും ഞൊറിഞ്ഞുതയ്ക്കണം. ഇനി ഇവ ടോപ്പിന്റെ മുൻഭാഗവും പിൻഭാഗവും അറ്റാച്ച് ചെയ്യുന്ന വിധത്തിൽ ലൈനിങ് വച്ചു കവർ ചെയ്തു തയ്ച്ചു പിടിപ്പിക്കണം. അടിവശം മടക്കിയ ശേഷം വശങ്ങൾ ചേർത്തു തയ്ച്ചാൽ ടോപ് റെഡി.
സ്കർട്ടിനുള്ള നെറ്റ് മെറ്റീരിയൽ വെയ്സ്റ്റ് അളവു കണക്കാക്കി ചെറിയ ഞൊറിവുകളെടുക്കണം. ഇനി ലൈനിങ്ങുമായി ചേർത്തു ബെൽറ്റ് പിടിപ്പിക്കാം. അരികുകൾ മടക്കിയ ശേഷം വശങ്ങൾ തമ്മിൽ ചേർത്തു തയ്ക്കാം. ഹുക്കു കൂടി പിടിപ്പിച്ചാൽ സ്കർട് റെഡി. സീക്വിൻസുകൾ തുന്നിച്ചേർത്തോ റെഡിമെയ്ഡ് മോട്ടിഫുകൾ പിടിപ്പിച്ചോ ടോപ്പിനു മോടി കൂട്ടാം.
കോ ഓർഡിനേഷൻ: രൂപാ ദയാബ്ജി