ഷർട്ട് പാറ്റേണിൽ സ്റ്റൈലാകാം; കാഷ്വൽ വെയറിൽ തിളങ്ങാൻ ഷർട്ട് മോഡൽ ലോങ് കുർത്ത Finishing Touches: Collar and Button Details
Mail This Article
ടീനേജിനു കോളജിൽ തിളങ്ങാൻ മാത്രമല്ല ഓഫീസ് വെയറിലും എന്നും മിന്നും താരമാണു കുർത്ത. കാഷ്വൽ വെയറിലും ഫോർമൽ ലുക്ക് നൽകുന്ന കുർത്തകൾക്ക് ഓഫീസ് വെയറിൽ എന്നും ഡിമാൻഡാണ്. അങ്ങനെ ഡിസൈൻ ചെയ്യാവുന്ന ഷർട് പാറ്റേണിലുള്ള ലോങ് കുർത്തയാമ് ഇക്കുറി. സ്ലിറ്റുള്ള പാറ്റേണിലും ചെറിയ സ്ലിറ്റു നൽകിയും ഈ കുർത്ത തയ്ച്ചെടുക്കാം.
ഇതിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ഷോൾഡർ, ഇറക്കം, കഴുത്തിറക്കം (മുൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), കൈക്കുഴി, ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്).
കോൺട്രാസ്റ്റ് നിറത്തിലുള്ള തുണി കൊണ്ടു ബട്ടനുകളും ഉണ്ടാക്കിയെടുക്കണം.
അളവുകൾ മാർക് ചെയ്യാം
ടോപ്പിന്റെ പിൻഭാഗത്തിനുള്ള തുണിയിൽ കഴുത്തകലം, ഷോൾഡർ, ടോപ് ഇറക്കം, ചെസ്റ്റ് അളവ്, വെയ്സ്റ്റ് അളവ് എന്നിവ മാർക് ചെയ്തശേഷം തയ്യൽതുമ്പു കൂടി നൽകി വെട്ടാം. (കോളർ വയ്ക്കുന്നതിനാൽ പിൻകഴുത്തിറക്കം നൽകേണ്ടതില്ല.)
മുൻഭാഗത്തിനുള്ള തുണിയിൽ ഫ്രണ്ട് ഓപ്പണിങ്ങിനായി മൂന്നിഞ്ച് വിട്ട ശേഷമാണു കഴുത്തകലം, കഴുത്തിറക്കം (ഒന്നര ഇഞ്ച്), ഷോൾഡർ, ടോപ് ഇറക്കം, ചെസ്റ്റ് അളവ്, വെയ്സ്റ്റ് അളവ് എന്നിവ മാർക് ചെയ്യേണ്ടത്.
അടിവശത്ത് റൗണ്ട് ഷേപ്പിൽ വരച്ച ശേഷം തയ്യൽ തുമ്പു കൂടി നൽകി മുൻഭാഗവും പിൻഭാഗവും വെട്ടാം. കൈ ഓരോരുത്തരുടെയും ഇഷ്ടാനുസരണം ഹാഫ്, ഫുൾ സ്ലീവ് പാറ്റേണിൽ വെട്ടിയെടുക്കാം.
ഈസിയായി തയ്ക്കാം
ടോപ്പിന്റെ മുൻപാളിയും പിൻപാളിയും തമ്മിൽ ഷോൾഡറുകൾ ചേർത്തു തയ്ച്ചശേഷം ഫ്രണ്ട് ഓപ്പണിങ് മടക്കിടയിക്കാം. കൈ അറ്റാച്ച് ചെയ്ത ശേഷം കഴുത്തിന്റെ ഫുൾ റൗണ്ട് അളന്നെടുക്കണം.
ഈ അഴവിലാണു കോളർ വെട്ടേണ്ടത്. കോളറിനായി കാൻവാസിൽ അളവുകൾ മാർക്ക് ചെയ്യണം (വീതി– മൂന്നിഞ്ച്, നീളം– കഴുത്തിന്റെ റൗണ്ട്). മുകൾ ഭാഗത്തെ ഫ്ലാപ്പിനു വേണ്ടി ഒരിഞ്ച് പുറത്തേക്കു മാർക് ചെയ്ത ശേഷം വെട്ടാം. വെട്ടിയെടുത്ത കാൻവാസ് തുണിയിൽ വച്ചു തയ്യൽതുമ്പു നൽകി രണ്ടു പീസുകൾ മുറിച്ചെടുക്കാം, ഇതു തയ്ച്ചു മറിച്ചിട്ട ശേഷം കഴുത്തിൽ കവർ ചെയ്തു തയ്ക്കണം.
ടോപ്പിന്റെ അടിവശം മടക്കിയ ശേഷം വശങ്ങൾ തമ്മിൽ കൂട്ടി തയ്ക്കണം. ഫ്രണ്ട് ഓപ്പണിങ്ങിൽ ബട്ടണുകൾ കൂടി പിടിപ്പിച്ചാൽ ഷർട്ട് കുർത്ത റെഡി.
കോ ഓർഡിനേഷൻ: രൂപാ ദയാബ്ജി