റംബാ ഹോ... സ്റ്റൈലിൽ കോളജിൽ തിളങ്ങാൻ പഠാനി കുർത്ത: യൂത്തിന്റെ മനസ്സു കീഴടക്കി ധുരന്ദർ സിനിമ Pathani Kurta from Dhurandhar movie: Measurements and Cutting Guide
Mail This Article
പഠാനി കുർത്ത ടീനേജിന്റെ മനസ്സിലേക്ക് റംബാ ഹോ... പാടി കടന്നെത്തിയത് ധുരന്ദർ സിനിമയുടെ വരവോടെയാണ്. സിനിമ ബോക്സ് ഓഫിസിൽ ഒന്നാം സ്ഥാനം നേടിയതു പോലെ തന്നെ പഠാനി കുർത്ത യൂത്തിന്റെ മനസ്സും കീഴടക്കി.
കോളജിൽ തിളങ്ങാൻ മാത്രമല്ല, ഓഫിസ് വെയറിലും പരീക്ഷിക്കാവുന്ന വ്യത്യസ്ത സ്റ്റൈലും പാറ്റേണുമാണ് പഠാനി കുർത്തയ്ക്ക്. കാഷ്വൽ വെയറായി പലാസോ ബോട്ടത്തിനൊപ്പവും ഫോർമൽ ലുക്കിന് ജീൻസിനൊപ്പവും ഈ കുർത്ത മിക്സ് ആൻഡ് മാച്ച് ചെയ്യാം.
ഓഫിസ്‌വെയറിലും കോളജ് വേഷത്തിലും തിളങ്ങാവുന്ന പഠാനി കുർത്തയാണ് ഇക്കുറി. സ്ലിറ്റുള്ള പാറ്റേണിൽ 3/4 സ്ലീവിൽ ലൂപ് നൽകിയാണ് കുർത്ത തയ്ച്ചെടുക്കുന്നത്. പോക്കറ്റ് നൽകിയും നൽകാതെയും കുർത്തയ്ക്കു റഫ് ലുക്ക് നൽകാം.
ഇതിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ഷോൾഡർ, ഇറക്കം, കഴുത്തിറക്കം (മുൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), കൈക്കുഴി, ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്).
കോൺട്രാസ്റ്റ് നിറത്തിലുള്ള തുണി കൊണ്ടോ വുഡൻ ബട്ടനുകളോ ഉപയോഗിച്ചാൽ എർത്തി ഫിനിഷ് നൽകാം.
അളവുകൾ മാർക് ചെയ്യാം
ടോപ്പിന്റെ പിൻഭാഗത്തിനുള്ള തുണിയിൽ കഴുത്തകലം, ഷോൾഡർ, ടോപ് ഇറക്കം, ചെസ്റ്റ് അളവ്, വെയ്സ്റ്റ് അളവ് എന്നിവ മാർക് ചെയ്തശേഷം തയ്യൽതുമ്പു കൂടി നൽകി വെട്ടാം. (കോളർ വയ്ക്കുന്നതിനാൽ പിൻകഴുത്തിറക്കം നൽകേണ്ടതില്ല.)
മുൻഭാഗത്തിനുള്ള തുണിയിൽ കഴുത്തകലം, കഴുത്തിറക്കം (ഒന്നര ഇഞ്ച്), ഷോൾഡർ, ടോപ് ഇറക്കം, ചെസ്റ്റ് അളവ്, വെയ്സ്റ്റ് അളവ് എന്നിവ മാർക് ചെയ്യേണ്ടത്. അടിവശത്ത് റൗണ്ട് ഷേപ്പിൽ വരച്ചശേഷം തയ്യൽ തുമ്പു കൂടി നൽകി മുൻഭാഗവും പിൻഭാഗവും വെട്ടാം. കൈ ഓരോരുത്തരുടെയും ഇഷ്ടാനുസരണം ഹാഫ്, ഫുൾ സ്ലീവ് പാറ്റേണിൽ വെട്ടിയെടുക്കാം. പോക്കറ്റിനുള്ള തുണിയും വെട്ടിയെടുക്കാം.
ഈസിയായി തയ്ക്കാം
ടോപ്പിന്റെ മുൻപാളിയും പിൻപാളിയും തമ്മിൽ ഷോൾഡറുകൾ ചേർത്തു തയ്ച്ചശേഷം ഫ്രണ്ട് ഓപ്പണിങ് ഫിനിഷ് ചെയ്യാം. കൈയുടെ അടിവശത്ത് ലൂപ് നൽകി അറ്റാച്ച് ചെയ്യാം. ഇനി കഴുത്തിന്റെ ഫുൾ റൗണ്ട് അളന്നെടുക്കണം. ഈ അളവിലാണു കോളർ വെട്ടേണ്ടത്. കോളറിനായി കാൻവാസിൽ അളവുകൾ മാർക്ക് ചെയ്യണം (വീതി– മൂന്നിഞ്ച്, നീളം– കഴുത്തിന്റെ റൗണ്ട്). വെട്ടിയെടുത്ത കാൻവാസ് തുണിയിൽ വച്ചു തയ്യൽതുമ്പു നൽകി രണ്ടു പീസുകൾ മുറിച്ചെടുക്കാം, ഇതു തയ്ച്ചു മറിച്ചിട്ട ശേഷം കഴുത്തിൽ കവർ ചെയ്തു തയ്ക്കണം.
ടോപ്പിന്റെ അടിവശം മടക്കിയ ശേഷം വശങ്ങൾ തമ്മിൽ കൂട്ടി തയ്ക്കണം. ഫ്രണ്ട് ഓപ്പണിങ്ങിൽ ബട്ടണുകൾ കൂടി പിടിപ്പിച്ചാൽ പഠാനി കുർത്ത റെഡി.
കോ ഓർഡിനേഷൻ: രൂപാ ദയാബ്ജി