ടീനേജിനു മാത്രമല്ല ഏതു പ്രായക്കാർക്കും എന്നും ഇഷ്ടവേഷമാണു കുർത്ത. ഏതു വിശേഷാവസരങ്ങളിലും കുർത്തയിൽ പരീക്ഷണം നടത്താൻ യൂത്തിനു വലിയ ഇഷ്ടമാണ്. ഡിസൈനർവെയറിന്റെ ലുക്കിൽ ബഹളങ്ങളില്ലാത്ത കുർത്ത പാറ്റേൺ വേണ്ടവർക്കു പരീക്ഷിക്കാവുന്ന ഒരു പാറ്റേണാണ് ഇക്കുറി.
സ്ലിറ്റുള്ള പാറ്റേണിലും അനാർക്കലി ഡിസൈനിലും ഈ കുർത്ത തയ്ച്ച്ചെടുക്കാം.
ഇതിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ഷോൾഡർ, ഇറക്കം, കഴുത്തിറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്‌റ്റ് റൗണ്ട്), കൈക്കുഴി, ഇടുപ്പളവ് (വെയ്‌സ്‌റ്റ് റൗണ്ട്), യോക് ഇറക്കം.
അളവുകൾ മാർക് ചെയ്യാം
യോക് ഭാഗത്തിനു വേണ്ടി മുൻഭാഗത്തിനും പിൻഭാഗത്തിനുമുള്ള തുണി ഒന്നിച്ചു മടക്കിയിട്ടു കഴുത്തകലം, ഷോൾഡർ, ഇറക്കം, ചെസ്‌റ്റ് അളവ്, വെയ്‌സ്‌റ്റ് അളവ് എന്നിവ മാർക് ചെയ്‌തശേഷം തയ്യൽതുമ്പു കൂടി നൽകി വെട്ടാം.
പിൻഭാഗത്തിനുള്ള തുണി മാറ്റിയ ശേഷം മുന്നിലെ വൈഡ് നെക്ക് പാറ്റേൺ അനുസരിച്ചു മാർക്ക് ചെയ്യാം (കഴുത്തിറക്കം, ബസ്‌റ്റ് പോയിൻ്റ് എന്നിവ കണക്കാക്കിയാണ് ഇതിന്റെ അളവുകൾ മാർക് ചെയ്യേണ്ടത് ) മുൻ ഭാഗത്തെ പ്ലീറ്റഡ് പാറ്റേണിനായി ചെസ്‌റ്റ് അളവിന്റെ പകുതി വീതിയിലും വേണ്ട നീളത്തിലുമുള്ള തുണി മുറിച്ചെടുക്കണം.
അടിവശത്തെ അനാർക്കലി പോർഷനു വേണ്ടി തുണി ക്രോസ്സായി മടക്കിയിട്ട് അളവുകൾ മാർക്ക് ചെയ്‌തു രണ്ടു പീസുകൾ വെട്ടിയെടുക്കണം.
ഓരോരുത്തരുടെയും അളവിനനുസരിച്ച് ഫ്ലെയർ ലൂസ് നൽകാം, കൈ ഓരോരുത്തരുടെയും ഇഷ്ടാനുസരണം ഹാഫ്, ഫുൾ സ്ലീവ് പാറ്റേണിൽ വെട്ടിയെടുക്കാം.
ഈസിയായി തയ്ക്കാം
മുൻവശത്തെ പ്ലീറ്റ്‌സിനു വേണ്ടിയുള്ള തുണിയുടെ നടുവിലൂടെ ഒരേ അളവിലുള്ള ഞൊറിവുകളെടുക്കണം. ഇനി രണ്ടു വശങ്ങളിലും ഇതേ ഞൊറിവുകൾ പിടിച്ചുവച്ച് തയ്ക്കണം (അയൺ ചെയ്‌ത ശേഷമോ പിൻ ചെയ്തോ ക്യത്യമാക്കിയ ശേഷം വേണം തയ്ക്കാൻ).
ഇതിനു മുകളിലായി ലൈനിങ് വച്ച് തയ്ച്ചു മറിച്ചിട്ട ശേഷമാണ് യോക് പോർഷനുമായി അറ്റാച്ച് ചെയ്യേണ്ടത്.
ലൈനിങ് വച്ചു കഴുത്തു കവർ ചെയ്‌ത യോക് പീസ് പ്ലീറ്റഡ് പാർടിനു മുകളിൽ വച്ചു പിൻ ചെയ്‌ത ശേഷം തയ്ച്ചുചേർക്കാം.
അടിവശത്തെ അനാർക്കലി പീസുകൾ യോക്കുകളിലേക്കു യഥാക്രമം അറ്റാച്ച് ചെയ്‌ത ശേഷം ഷോൾഡർ ചേർത്തു തയ്ച്ചു സ്ലീവ് പിടിപ്പിക്കാം. ഇനി വശങ്ങൾ ചേർത്തു തയ്ച്ച് അടിവശം മടക്കി തയ്ക്കാം. പ്ലീറ്റഡ് പാറ്റേണിൽ ലെയ്‌സു കൂടി പിടിപ്പിച്ചാൽ കുർത്ത റെഡി.
കോ ഓർഡിനേഷൻ: രൂപാ ദയാബ്ജി