വിഡ്ഢിയെന്നു അധിക്ഷേപിച്ചവര്‍ക്ക് മുന്നില്‍ വിശ്വസുന്ദരിപ്പട്ടം നേടി ഫാത്തിമ; ഡിസ്ലക്സിയയെ തോല്‍പ്പിച്ച ജീവിതം Fatima Bosch Wins Miss Universe
Mail This Article
വിശ്വസുന്ദരിയായി കിരീടം ചൂടി മെക്സിക്കോയുടെ ഫാത്തിമ ബോസ്. തായ്ലന്‍ഡിന്റെ പ്രവീണാര്‍ സിങ്, വെനസ്വേലയുടെ സ്റ്റെഫാനി അബസായ്, ഫിലിപ്പൈന്‍സിന്റെ മാ അതിസ മനാലോ, ഒലിവിയ യാസ് എന്നിവരാണ് ഒന്നു മുതല്‍ നാലുവരെയുള്ള റണ്ണര്‍അപ്പുകള്‍. വിഡ്ഢിയെന്ന് പരസ്യമായി ആക്ഷേപിക്കപ്പെട്ട അതേ ഇടത്തിലാണ് ഫാത്തിമ വിശ്വസുന്ദരിപ്പട്ടം സ്വന്തമാക്കിയത്.
'പുതിയ വിശ്വസുന്ദരിക്ക് അഭിനന്ദനങ്ങള്‍. ഈ രാത്രിയില്‍ ഒരു നക്ഷത്രം പിറന്നിരിക്കുന്നു. ആ നക്ഷത്രത്തിന്റെ ശോഭയും കരുത്തും പ്രസരിപ്പും ലോകത്തിന്റെ ഹൃദയം കവര്‍ന്നിരിക്കുന്നു. പുതിയ രാജ്ഞിയായി അവളെ അവരോധിക്കുന്നതില്‍ ഞങ്ങള്‍ക്കേറ്റവും സന്തോഷമുണ്ട്. ഭൂമിയെ കൂടുതല്‍ പ്രഭയാര്‍ന്നതാക്കാന്‍ ഈ താരത്തിന് കഴിയട്ടെ...'- എന്നായിരുന്നു ഫാത്തിമയെ വിശ്വസുന്ദരിയായി പ്രഖ്യാപിച്ചുള്ള കുറിപ്പില്‍ എഴുതിയിരുന്നത്.
തായ്ലന്‍ഡിനെ സമൂഹമാധ്യമ പോസ്റ്റുകളിലൂടെ പ്രമോട്ട് ചെയ്യാന്‍ വിസമ്മതിച്ചതോടെ മിസ് യൂണിവേഴ്സ് തായ്ലന്ഡ് നാഷനല്‍ ഡയറക്ടര്‍ നവാത്, ഫാത്തിമയെ വിഡ്ഢിയെന്ന് പരസ്യമായി അധിക്ഷേപിച്ചിരുന്നു. എന്തുകൊണ്ടാണ് താനപ്രകാരം ചെയ്യാത്തതെന്ന് വിശദീകരിച്ച ഫാത്തിമ, പിന്നാലെ സൗന്ദര്യ മല്‍സരത്തിന്റെ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതോടെ മത്സരത്തില്‍ പങ്കെടുക്കണമെന്നുള്ളവര്‍ക്ക് ഇരിക്കാമെന്ന് നവാത് പറഞ്ഞു. പിന്നാലെ സഹ മത്സരാര്‍ഥികളും വേദി വിട്ട് ഇറങ്ങിപ്പോയി. സംഭവത്തില്‍ നവാത് മാപ്പു പറഞ്ഞതോടെയാണ് മത്സരാര്‍ഥികള്‍ മടങ്ങിയെത്തിയതും പരിപാടി നടന്നതും.
കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് വേണ്ടി പൊരുതുന്ന ഫാഷന്‍ ഡിസൈനറാണ് ഫാത്തിമ. യുഎസിലും ഇറ്റലിയിലുമായി പഠനം പൂര്‍ത്തിയാക്കി. കുട്ടിക്കാലത്ത് തന്നെ ഡിസ്ലക്സിയയും എഡിഎച്ച്ഡിയും ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും വൈകല്യങ്ങള്‍ക്കെതിരെയുള്ള പോരാട്ടമാണ് ഫാത്തിമയുടെ ജീവിതം.
രണ്ടരക്കോടിയോളം രൂപയാണ് വിജയിക്ക് സമ്മാനമായി ലഭിക്കുക. പ്രതിമാസം 44 ലക്ഷം രൂപയോളം ശമ്പളമായും ലഭിക്കും. മിസ് യൂണിവേഴ്സ് എന്ന പദവിയിലിരിക്കെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും യാത്രാച്ചെലവുകള്‍ക്കുമായാണ് ഈ തുക. ഒപ്പം ന്യൂയോര്‍ക്ക് നഗരത്തില്‍ അതിമനോഹരമായ വീടും. 2026 ല്‍ അടുത്ത വിശ്വസുന്ദരിയെ പ്രഖ്യാപിക്കുന്നത് വരെ വിജയിക്ക് വിശ്വസുന്ദരിയുടെ കിരീടവും സൂക്ഷിക്കാം. കിരീടത്തിന് മാത്രം 44 കോടിയിലേറെ രൂപയാണ് വില വരുന്നത്.