‘ഹീല്‍സിന്റെ ഉയരം നാലു സെന്റിമീറ്ററിൽ കൂടരുത്’; ഹൈഹീൽ ചെരുപ്പുകൾ ധരിച്ചോളൂ... ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Mail This Article
ഫാഷനബിൾ ആകണമെങ്കിൽ ഹൈ ഹീൽ ധരിക്കണമെന്നു കരുതുന്നവർ അറിയാൻ. ഉപ്പൂറ്റി പൊങ്ങിയ ചെരുപ്പുകൾ അണിയുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ദിവസവും മണിക്കൂറുകളോളം ഹൈ ഹീല്‍ഡ് ധരിക്കുന്നത് എല്ലുകൾക്ക് ക്ഷതമുണ്ടാകാനും ഇതുവഴി സന്ധിവാതത്തിനും കാരണമാകും.
ഹീലുകളുടെ ഉയരമാണ് ഒരു പ്രശ്നം. ഒന്നര ഇഞ്ച് ആയിരിക്കണം ഇവയുടെ ഉയരം. കൗമാരക്കാരായ പെൺകുട്ടികൾ ഹീലുള്ള ചെരുപ്പ് ഉപയോഗിക്കരുത്. ഇത് അവരുടെ ശരീരഘടനെയെ ബാധിക്കുകയും പിന്നീട് കഠിനമായ വേദനയ്ക്ക് കാരണമാകുകയും ചെയ്യും.
ഹൈ ഹീൽസ് അണിയുമ്പോൾ
∙ ഹൈ ഹീൽസ് ധരിക്കുമ്പോൾ ചെറിയ ചുവടുകൾ വയ്ക്കുക. നീണ്ട ചുവടുകൾ ആയാസം കൂട്ടുമെന്നു മാത്രമല്ല, ബാലൻസ് തെറ്റാൻ കാരണമാവുകയും ചെയ്യും.
∙ പോയിന്റഡ് ഹീലുകളെക്കാൾ കൂടുതൽ ബാലൻസ് നൽകുന്നത് എല്ലാ വശവും ഒരുപോലിരിക്കുന്ന ഫ്ലാറ്റ് ഹീലുകളാണ്.
∙ ഹീല്‍സിന്റെ ഉയരം നാലു സെന്റിമീറ്ററിൽ കൂടരുത്. കഴിവതും മുൻവശം തുറന്ന ചെരുപ്പുകൾ ധരിക്കുക. മുൻഭാഗം മൂടിയ ചെരിപ്പുകൾ പെരുവിരലിന് വീക്കവും വേദനയുമുണ്ടാക്കും.
∙ ശരിയായ അളവിലുള്ള ഹൈ ഹീൽസ് വാങ്ങാൻ ശ്രദ്ധിക്കുക. കൂടുതൽ ഇറുകിയ ചെരിപ്പുകൾ പാദത്തിലെ രക്തയോട്ടം കുറയ്ക്കും.
∙ പതിവായി ഹൈ ഹീൽസ് ഉപയോഗിക്കാതെ വല്ലപ്പോഴുമാക്കി കുറയ്ക്കുക. അധികനേരം ഉപയോഗിക്കേണ്ടി വന്നാൽ ഇടയ്ക്ക് ചെരിപ്പൂരി പാദങ്ങൾക്കും കണങ്കാലിനും ലഘുവ്യായാമങ്ങൾ നൽകുക.
∙ ഹൈ ഹീൽസ് കാൽമുട്ടുകൾക്ക് സമ്മർദം കൂട്ടുമെന്നതിനാൽ ആർത്രൈറ്റിസ് സാധ്യത കൂട്ടും. അതിനാൽ മധ്യവയസ്കർ ഹീൽസ് ഒഴിവാക്കുന്നതാണ് നല്ലത്.