ADVERTISEMENT

കൊച്ചിയിലെ സ്റ്റേഡിയം ലിങ്ക് റോഡിന്റെ വശത്തായി നല്ല സ്റ്റൈലായൊരു വെള്ള കാർട്ടിൽ ദേ കുറച്ചു സ്റ്റൈലിഷ് ഉടുപ്പുകൾ. സന്ധ്യയുടെ തെളിച്ചമില്ലായ്മയിലും ആളുകൾ കാർട്ടിനു ചുറ്റും കൂടുന്നുണ്ട്. ഉടുപ്പുകൾ നോക്കി വാങ്ങുന്നുണ്ട്. ചുറ്റും നിരന്നിരിക്കുന്ന ഫൂഡ് സ്റ്റാളുകൾക്കും കാർട്ടുകൾക്കും ഇടയിൽ  ഉടുപ്പുകളുമായി വേറിട്ടു നിൽക്കുന്ന വുമീ ഫാഷൻ കാർട്ട് വഴിയേ പോകുന്നവർ വണ്ടി നിർത്തിപ്പോലും ഒന്നു നോക്കുന്നു.
ഉന്തുവണ്ടിയിൽ ഉടുപ്പുകളോ! എന്താണീ സംഭവം എന്ന് കാർട്ടിനടുത്തെത്തി നേരിട്ട് ഉടമകളായ ബിൻഷാദിനോടും മുൻഷിഫിനോടും ചോദിച്ചു മനസിലാക്കാനെത്തുന്നവരുണ്ട്.  സ്ത്രീകൾക്കുള്ള ഉടുപ്പുകളായതു കൊണ്ട് പെൺകൂട്ടം കൂടുതലാണ്. കൊച്ചി നഗരത്തിലെ ഈ പുതിയ തുടക്കത്തിന് ആശംസകൾ പറയാനും കാർട്ടിനടുത്ത് ആൾക്കൂട്ടമെത്തുന്നു.

ചക്രങ്ങൾ ഘടിപ്പിച്ച മിനി ഫാഷൻ ഷോറൂം തന്നെയാണ് ഈ കാർട്ട്.

ADVERTISEMENT

നഗരവീഥികളുടെ വശത്തായി വൈകുന്നേരം മുതൽ രാത്രി ഒന്നു വരെ രണ്ടു ചെറുപ്പക്കാർ ചേർന്ന് കച്ചവടം നടത്തുന്നു. മലപ്പുറത്തു നിന്ന് ജോലിക്കായി കൊച്ചിയിലെത്തിയ  മുഹമ്മദ് മുൻഷിഫും മുഹമ്മദ് ബിൻഷാദും കുട്ടിക്കാലം മുതൽ കൂട്ടുകാരാണ്. ഒന്നിച്ച് കച്ചവടം തുടങ്ങണണെന്ന് ഏറെക്കാലം മുതലേ സ്വപ്നം കണ്ടതുമാണ്. കൊച്ചിയിലെത്തി എ ബി സി ഡി പഠിച്ചു തുടങ്ങുന്നതു പോലെ ബിസിനസുകൾ പലതായി പരീക്ഷിച്ചു നോക്കി. പരീക്ഷയില്‍ പലവട്ടം പൊട്ടി.  ഒടുവിൽ തുടങ്ങിയതാണ് ഫാഷനിലെ ഈ പരീക്ഷണം.

ചെലവു കുറയ്ക്കും കാർട്ട്

ADVERTISEMENT

‘‘ഞങ്ങൾ കൂട്ടുകാർ ഒരിക്കൽ വൈകുന്നേരം ഒന്നിച്ചിരിക്കുമ്പോഴാണ് കൂട്ടത്തിലെ പെൺകുട്ടി ഷോപ്പിങ്ങിനു പോയി സങ്കടപ്പെട്ടു തിരികപ്പോന്ന കഥ പറഞ്ഞത്. ഇഷ്ടപ്പെട്ട ഉടുപ്പു വാങ്ങാൻ കയ്യിലെ പൈസ തികഞ്ഞില്ലത്രേ. അങ്ങനെയാണ് ഷോറൂമിലൊക്കെ കിട്ടുന്നതിനേക്കാൾ വിലക്കുറവിൽ സ്ത്രീകൾക്കുള്ള വസ്ത്രങ്ങൾ‌ എങ്ങനെ കൊടുക്കാം എന്നു ചിന്തിച്ചു തുടങ്ങിയത്.
ബെംഗളൂരു, ചെന്നൈ പോലുളള മെട്രോ സിറ്റികളിൽ നല്ല വിലക്കുറവിൽ ഉടുപ്പുകൾ കിട്ടുമല്ലോ. കാർട്ടുകളിൽ പുരുഷന്മാർക്കുള്ള ടീഷർട്ടുകളും മറ്റും കിട്ടുകയും ചെയ്യും. സ്ത്രീകൾക്കു വേണ്ടി അങ്ങനെയൊരെണ്ണം  ഇവിടെ സെറ്റാക്കാൻ ശ്രമിച്ചു തുടങ്ങി. ഒരു മാസത്തോളമെടുത്തു കാർട്ട് റെഡിയാക്കിയെടുക്കാൻ. ഒരു ലക്ഷത്തോളം ചെലവു വണ്ടിക്കു മാത്രമായി വന്നു. പലയിടങ്ങളിൽ നിന്ന് ഉടുപ്പുകൾ സ്റ്റോക്കെടുത്ത് താമസിക്കുന്ന റൂമിൽ സ്റ്റോക്കു ചെയ്തു. നൂറ്റി അമ്പതു രൂപ മുതൽ ടാങ്ക് ടോപ്പുകളൊക്കെ കളക്‌ഷനിലുണ്ട്.’’ ബിൻഷാദ് പറയുന്നു.  

ഫൂഡ് സ്ട്രീറ്റിലെ ഫാഷൻ കാർട്ട്
‘‘ആദ്യത്തെ ദിവസം ക്യൂൻസ് വാക്‌വേയായിരുന്നു ലൊക്കേഷൻ. പിന്നീട് കലൂർ സ്റ്റേഡിയം ലിങ്ക് റോഡിലേക്ക് ലൊക്കേഷൻ മാറേണ്ടിയും വന്നു. ആകാംഷയും ടെൻഷനും ഒക്കെയുണ്ടായിരുന്നു. ഫൂഡ് സ്പോട്ടാണല്ലോ അവിടം. ഫൂഡ് കഴിക്കാൻ വരുന്ന ആളുകളെക്കൊണ്ട് ഒട്ടും പ്രതീക്ഷിക്കാത്ത അവസരത്തിൽ തുണി വാങ്ങിപ്പിക്കാൻ പറ്റുമോയെന്നു സംശയമുണ്ടായിരുന്നു. ആറു മണിക്ക് ഞങ്ങളവിടെ എത്തി. ഏഴു മണിയോടെ കാർട്ട് വിൽപ്പനയ്ക്ക് റെഡി. ആർക്കും ആദ്യമൊന്നും പിടി കിട്ടിയില്ല. ആദ്യത്തെ കസ്റ്റമർ പതിനഞ്ചു മിനിറ്റു കൂടി കഴിഞ്ഞാണു വന്നത്. എന്താണെന്നു നോക്കാനാണ് അവർ വന്നത്. ഉടുപ്പുകളും വിലയും ഇഷ്ടപ്പെട്ടതോടെ വാങ്ങി. ആദ്യത്തെ കസ്റ്റമർ തന്നെ വാങ്ങിയത് ഞങ്ങൾക്കും ആത്മവിശ്വാസമായി. ആദ്യദിവസം തന്നെ പ്രതീക്ഷിച്ചതിനേക്കാൾ പ്രതികരണം നേടിയെടുക്കാനായി.’’  മുൻഷിഫ് ആദ്യ ദിവസത്തെ അനുഭവങ്ങള്‍ ഓർത്തെടുത്തു പറഞ്ഞു.

ADVERTISEMENT

എപ്പോഴും കൂട്ടുകാർ
മലപ്പുറത്ത് പാണ്ടിക്കാട് മുൻഷിഫിന്റെ ഉപ്പയ്ക്ക് ചെറിയൊ രു ഹോട്ടലുണ്ട്. അതിനടുത്തു തന്നെയാണു വീടും. അന്നു മുതലേ പരിചയമുണ്ട് രണ്ടാൾക്കും. ഒരേ സ്കൂളിൽ പഠിച്ചിട്ടുമുണ്ട്.  എന്നും ഒന്നിച്ചു കാണും. സിനിയ്ക്കും ഭക്ഷണം കഴിക്കാനും പോകുന്നതാണു പരസ്പരം കണക്‌ട് ചെയ്തത്.
ഞങ്ങളെ കാർട്ടിനടുത്ത് കാണാൻ വന്ന ഒരാൾ ഒരിക്ക ൽ ഉപദേശിച്ചു. ‘‘രണ്ടു കൂട്ടുകാർ അകലുന്നതു പൈസയുടെ കാര്യം വരുമ്പോഴാണ്.’’
ഞങ്ങള്‍ ഉടനേ മറുപടി പറഞ്ഞു. ‘‘പതിനൊന്നു വർഷമായി ഞങ്ങൾ പരസ്പരം പൈസ ഇടപാടുകൾ നടത്തുന്നു. ഇതുവരെ ഉടക്കിയില്ലല്ലോ.’’
‘‘ഞങ്ങൾ ഗേ ആണോയെന്നു പോലും പലരും സംശയിച്ചിട്ടുണ്ട്. തീരുമാനങ്ങളെടുക്കുന്നത് ഒന്നിച്ചാണ്. ഞാൻ കയ്യൊടിഞ്ഞ് തളർന്നിരുന്ന സമയത്തൊക്കെ മുൻഷിഫിന്റെ വരുമാനം മാത്രം കൊണ്ടാണ് ജീവിച്ചു പോയത്. അങ്ങനെ നല്ല ബോണ്ടിങ്ങാണ് തമ്മിൽ.

Fashioncart

ഇത് ആദ്യത്തെ ബിസിനസുമല്ല. പഴക്കച്ചവടം വരെ ചെയ്തിട്ടുണ്ട്.
വീഴ്ചകളിൽ നിന്നു പഠിച്ചാണ് ഇതുവരെയെത്തിയത്. വെള്ളിയാഴ്ച തുടങ്ങി ഞായർ വരെയേ വിൽപനയുള്ളൂ. ബാക്കി ദിവസങ്ങളിൽ ഓൺലൈൻ പോർട്ടലുകളുടെ ഡെലിവറിക്കു വേണ്ടി ഓടുന്നുമുണ്ട്. ഡിജിറ്റൽ മാർക്കറ്റിങ് രംഗത്തും ജോലി ചെയ്യുന്നുണ്ട്.’’

ബിൻഷാദിന്റെ വാക്കുകളിൽ കച്ചവടത്തിലുള്ളതിനേക്കാൾ ആത്മവിശ്വാസം.

ADVERTISEMENT