‘വിഷുക്കോടിയെന്നു ഓർക്കുമ്പോൾ ആദ്യം മനസ്സിലെത്തുക പട്ടുപാവാടയാണ്’; കോടിത്തിളക്കമുള്ള ഓര്‍മയില്‍ ദിവ്യ ഉണ്ണി The Joy of New Vishu Clothes
Mail This Article
‘പട്ടുപാവാടയുടെ കോടിത്തിളക്കം’: നടി ദിവ്യ ഉണ്ണി
പരീക്ഷ കഴിഞ്ഞു സ്കൂൾ പൂട്ടിയാൽ ആദ്യമെത്തുന്ന ആഘോഷം വിഷുവാണ്. പഠനത്തിന്റെ ടെൻഷനെപ്പറത്തി മുറ്റത്തും തൊടിയിലും ഞങ്ങൾ കളിച്ചു നടക്കുന്ന സമയം. എനിക്കു പടക്കം പൊട്ടിക്കാൻ വളരെയിഷ്ടമാണ്. കൊച്ചച്ഛൻ വിജയനാണു വിഷുത്തലേന്നു തന്നെ നിറയെ പടക്കവുമായി എത്തുക. അതിൽ പകുതി രാത്രി തന്നെപൊട്ടിക്കും. ബാക്കി പുലർച്ചെയ്ക്കായി മാറ്റി വയ്ക്കും.
ഭഗവതി നമ്മളെ കാണാൻ വർഷത്തിലൊരിക്കൽ വീട്ടിലെത്തുന്ന ദിവസം കൂടിയാണു ഞങ്ങൾക്കു വിഷു. കുടുംബക്ഷേത്രമായ പൊന്നേത്തു കാവിലെ ബാലഭദ്ര അന്നു വീട്ടിലേക്ക് എഴുന്നള്ളും. ആ കണി അച്ഛന്‍ ഏറ്റുവാങ്ങി വീട്ടിൽ എല്ലായിടത്തും കൊണ്ടുപോകും. ഉറങ്ങിക്കിടക്കുന്ന ഞങ്ങളുടെ അരികിലും കൊണ്ടുവന്നു കണി കാണിക്കും. അതിനു ശേഷമാണു വീട്ടിലൊരുക്കിയ കണി കാണു ന്നത്.
വീട്ടിൽ നിന്നു കൈനീട്ടം വാങ്ങികഴിഞ്ഞാൽ കൈനീട്ടം കളക്‌ഷന് ഇറങ്ങും. അപ്പോൾ ഇടാൻ പുത്തൻ വിഷുക്കോടി അമ്മ വാങ്ങി വച്ചിട്ടുണ്ടാകും. പട്ടുപാവാടയും ബ്ലൗസുമാണു കുട്ടിക്കാലത്തെ കോടി. പല നിറങ്ങളില്‍ എത്രയെത്രെ പട്ടുപാവാട എനിക്ക് ഉണ്ടായിരുന്നെന്നോ?
വിഷുക്കോടി അണിഞ്ഞ് ആദ്യം തൊട്ടടുത്തുള്ള അച്ഛന്റെ തറവാട്ടിലേക്ക്. ഉച്ച കഴിഞ്ഞാണു ചോറ്റാനിക്കരയിലെ അമ്മവീട്ടിലേക്കു പോകുക. പുത്തൻ കോടി ഉലയാതെ, സദ്യ ഉണ്ണുമ്പോൾ വരെ വളരെ ശ്രദ്ധിക്കും. പട്ടുപാവാടയും ബ്ലൗസും പിന്നീടു മിഡി സ്കർട്ടിനും ചുരിദാറിനും വഴി മാറിയെങ്കിലും വിഷുക്കോടിയെന്ന് ഓർക്കുമ്പോൾ ആദ്യം മനസ്സിലെത്തുക പട്ടുപാവാടയാണ്.
യുഎസ്സിൽ താമസമാക്കിയ ശേഷവും ഞാൻ തുടരുന്ന വിഷു ആചാരം കണിയും വിഷുക്കോടിയുമാണ്. എല്ലാവർക്കുമുള്ള ഉള്ള കോടി നേരത്തേ തന്നെ വാങ്ങി വയ്ക്കും. കണി കണ്ട ശേഷം മക്കള്‍ സ്കൂളിലേക്കും പങ്കാളി അരുൺ ഓഫിസിലേക്കും ഞാൻ ഡാൻസ് സ്കൂളിലേക്കും പോകും. തിരികെയെത്തിയ പിറകേ വിഷുക്കോടിയുടുത്ത് ഒരു ഫോട്ടോ സെഷൻ. അവധി ദിവസമാണു വിഷുവെങ്കിൽ വിഷുക്കോടി അണിഞ്ഞാകും സദ്യ ഉണ്ണുക.
2020ൽ അച്ഛൻ ഞങ്ങൾക്കൊപ്പം യുഎസ്സിൽ ഉണ്ടായിരുന്നു. അത് എന്റെ ചെറിയ മോളുടെ ആദ്യ വിഷുവായിരുന്നു. അച്ഛന്റെ സമ്മാനമായി അവൾക്കൊരു വിഷുക്കോടി കിട്ടി, ഞങ്ങൾക്കെല്ലാം കൈനീട്ടവും. വിഷുവിനു കോടി തരാൻ ഇപ്പോള്‍ അച്ഛനില്ലെങ്കിലും ഓർമയിലെ വിഷുവിലെന്നും അച്ഛൻ കണിയായി നിൽക്കുന്നുണ്ട്.
