സൂചിയും നൂലും കൊണ്ടു വിസ്മയക്കാഴ്ചകൾ തയാറാക്കുന്ന ഷീല സോണിയുടെ വിജയവിശേഷങ്ങൾ...
പാഷൻ ഫാഷനാക്കിയ ലോകത്ത് ഫാഷൻ പാഷനാക്കിയ ഒരു വീട്ടമ്മയുടെ ജീവിതകഥയാണിത്. 67 വയസ്സിലും ചിത്രത്തുന്നലുകൾ കൊണ്ടു വിസ്മയം തീർക്കുന്ന ഷീല സോണിയുടെ കഥ. എറണാകുളം പനമ്പിള്ളി നഗർ 13ാം ക്രോസ് റോഡ്, എസ്ബിറ്റി അവന്യുവിൽ ബൊഗെയ്ൻവില്ലകൾ നിറം വിടർത്തിയ വീട്ടിലെ ഒരു കുഞ്ഞൻ മുറിയിലാണ് ഷീലയുടെ ‘ദിവ ഡിസൈനർ സാരീസ്’ എന്ന ബുട്ടീക്. ഹാൻഡ് എംബ്രോയ്ഡറിയുടെ മിഴിവിൽ തിളങ്ങുന്ന സാരികളും ടോപ്പുകളും ബെഡ്ഷീറ്റുകളും ടവ്വലുകളുമായി ഹൃദ്യമായ നിറങ്ങളുടെ ലോകം.
സൂചിയും നൂലും കൊണ്ടു വർണവിസ്മയം ഒരുക്കാൻ പഠിപ്പിച്ചത് അമ്മയാണെന്നു പറയുന്നു ഷീല. ‘‘അമ്മ എംബ്രോയ്ഡറി ചെയ്യുന്നതു കുട്ടിക്കാലം മുതലേ കണ്ടാണ് ഞാൻ വളർന്നത്. കല്യാണം കഴിഞ്ഞു കുട്ടികള്‍ ആയതോടെ എന്റെ ശ്രദ്ധ മുഴുവൻ കുടുംബത്തിലേക്കായി. പിന്നീട്, മകൻ 12ാം ക്ലാസ് കഴിഞ്ഞപ്പോൾ, അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണു ഞാൻ എംബ്രോയ്ഡറി ചെയ്തു തുടങ്ങിയത്. ഏതാണ്ട് 31 കൊല്ലങ്ങൾക്കു മുൻപ്.’’ ഷീല ഓർത്തെടുത്തു. അമ്മ സോഫി മാത്യു മാത്രമല്ല, അമ്മയുടെ അമ്മ അന്നമ്മ ചാക്കോയും തുന്നലിൽ റാണിമാരായിരുന്നത്രേ. എറണാകുളത്തെ പ്രശസ്ത ഡെർമറ്റോളജിസ്റ്റ് ഡോ. സോണി വർക്കിയാണു ഷീലയുടെ ഭർത്താവ്.
സാധാരണ കാണുന്ന ഫ്രെഞ്ച് നോട്ടും ഷാഡോ വർക്കും കൂടാതെ, ലോങ് ആൻഡ് ഷോർട്ട്, ബീഡ് വർക്ക്, സാറ്റിൻ, ആപ്ലിക്, ആരി, കാന്താ... തുടങ്ങി വ്യത്യസ്തമായ സ്റ്റിച്ചുകളാണു ഷീലയുടെ ഡിസൈനുകളെ വേറിട്ടു നിർത്തുന്നത്. ഫ്ളോറൽ പ്രിന്റുകൾ വെട്ടിയെടുത്തു സാരിയിൽ ആപ്ലിക് വർക്ക് ചെയ്തതും കട്ട്‌വർക്ക് ചെയ്യുന്നതിനൊപ്പം ടിഷ്യു കൊണ്ടുള്ള ആപ്ലിക് വർക്കും മറ്റും ആരുടേയും മനം കവരും. കോട്ട, ഓര്‍ഗൻസ, സിൽക്ക്, റോ സിൽക്ക് തുടങ്ങി പലതരം മെറ്റീരിയലുകളിലാണ് എംബ്രോയ്ഡറിയുടെ ഭംഗി വിടർന്നിരിക്കുന്നത്.
തരംഗമായി കേരളസാരി മേയ്ക്ക്ഓവർ
കേരളസാരിയിൽ ഗോൾഡൻ കരയും ബുട്ടാസും മാത്രമുള്ള 2000 ത്തിലാണ് ഷീല കേരളസാരിയിൽ ‘കട്ട്‌വർക്ക്’ ചെയ്തു മേയ്ക്ക്ഓവർ നടത്തിയത്. ‘‘വൈഡബ്ല്യുസിഎയുടെ സെയിലിനു വേണ്ടിയാണ് ഞാൻ ആദ്യമായി കേരളസാരിയിൽ കട്ട‍്‍വർക്ക് ചെയ്തത്. അന്ന് എല്ലാവരും കരുതിയത് അത് എന്റെ അമ്മ ചെയ്തതാണെന്നാണ്. ഗോൾഡൻ നിറത്തിലുള്ള നൂലുകൾ കൊണ്ടു കട്ട്‌വർക്ക് ചെയ്ത ആ സാരിക്ക് അത്ര ഭംഗി ആയിരുന്നു. മറ്റു പല ഡിസൈനർമാരും പിന്നീട് അതനുകരിക്കുകയും ചെയ്തു.’’ 2002ൽ ഇറങ്ങിയ മലയാള മനോരമ ‘കൊച്ചി മെട്രോ’ പേജിലെ കാതിലോല എന്ന കോളത്തിൽ അച്ചടിച്ചു വന്ന തന്റെ ഡിസൈൻ കാണിച്ചു കൊണ്ടു ഷീല പറഞ്ഞു.
സ്വന്തം കൈകൊണ്ടു വരയ്ക്കുന്ന ഡിസൈൻ ആണ് ഷീലയുടെ സാരിയുടെ മുഖമുദ്ര. സ്ഥിരം ഡിസൈനുകളിൽ നിന്നു വിഭിന്നമായി ചെറിയ കിളികൾ, മനുഷ്യർ, വരകൾ, മൂന്നിതളുള്ള പൂക്കൾ തുടങ്ങി സിംപിൾ എലഗന്റ് ഡിസൈനുകൾ ആണ് ഓരോ സാരിയും വ്യത്യസ്തമാക്കുന്നത്. ‘‘ഈ വെറൈറ്റിയാണ് അമ്മയുടെ സാരികളുടെ ഹൈലൈറ്റ്. ചിലപ്പോൾ രാത്രി രണ്ടു മണി വരെയൊക്കെ ഇരുന്ന് വരയ്ക്കുന്നതു കാണാം.’’ സാരികൾ ഓരോന്നായി വിടർത്തിയിട്ടു കൊണ്ടു മകൾ റിയ അഭിമാനത്തോടെ പറഞ്ഞു. ‘‘ഒരു തുണി കണ്ട് ഇഷ്ടപ്പെട്ടു വാങ്ങിയാൽ, പിന്നെ മനസ്സിൽ അതിൽ ചെയ്യേണ്ട ഡിസൈനിനെക്കുറിച്ചുള്ള വർക്കൗട്ടാണ്. ഞാൻ കാണുന്ന ആളുകൾ, പ്രകൃതി, പ്രിന്റുകൾ എല്ലാം എന്റെ ഡിസൈനിനെ സ്വാധീനിക്കാറുണ്ട്."
വർഷങ്ങളായി ഒപ്പം നിൽക്കുന്ന തയ്യൽക്കാരാണ് ഷീലയുടെ ഡിസൈനുകൾക്കു നൂലിടുന്നത്. ‘‘ഓരോ ഡിസൈ നിലും വരേണ്ട നിറത്തിലുള്ള നൂലു കാണിച്ചു കൊടുക്കും. അവർ വീട്ടിൽ കൊണ്ടുപോയി തയ്ച്ചു കൊണ്ടുവരും. സംശയമുള്ള ഡിസൈനുകൾ എന്റെ മുൻപിലിരുന്നു തന്നെ അൽപം തയ്ച്ചു നോക്കും. നിറം ഇഷ്ടപ്പെട്ടില്ലെങ്കിലോ മാറ്റങ്ങൾ വേണമെങ്കിലോ അതു മാറ്റിച്ചെയ്യും.’’ എങ്ങനെ ആ യാലും ഷീലയ്ക്കു പെർഫെക്‌ഷൻ നിർബന്ധം.
പെയിന്റിങ് ഏറെയിഷ്ടം
പെയിന്റിങ്ങിലും അഭിരുചി തെളിയിച്ചിട്ടുണ്ട് ഷീല. ചൈനീസ് പെയിന്റിങ്ങുകളോടാണ് പ്രത്യേക ഇഷ്ടം. കഴിഞ്ഞ 31 വർഷങ്ങൾക്കിടയിൽ ചെയ്ത സാരികളിൽ ഏറ്റവും ഇഷ്ടം ചൈനീസ് ഡിസൈൻ വരച്ചു തയ്ച്ച കറുപ്പു സാരിയാണ്. മഞ്ഞയും പച്ചയും ടർകോയ്സും നിറങ്ങളിലുള്ള നൂലുകൾ കൊണ്ടുള്ള ഡിസൈനിന് ആരെയും കൊതിപ്പിക്കുന്ന അഴകുണ്ട്. ഏകദേശം 3000 രൂപ മുതലാണു സാരികളുടെ വില. ‘‘കസ്റ്റമറിന്റെ ബജറ്റ് അനുസരിച്ചാണ് ഡിസൈൻ തീരുമാനിക്കുന്നത്. കുറഞ്ഞ ബജറ്റിൽ വേണ്ടവർക്ക് ഡിസൈനിന്റെ എണ്ണവും വലുപ്പവും കുറച്ചു ബജറ്റ്ഫ്രണ്ട്‌ലിയാക്കി കൊടുക്കും.’’
ബ്രൈഡൽ സാരികളിലും കൃത്യമായ കയ്യൊപ്പു ചാ ർത്തിയ ഡിസൈനറാണ് ഷീല. ഏറെ ബ്രൈഡൽ സാരികൾ ഇതിനോടകം ചെയ്തു കഴിഞ്ഞു. ‘‘15000 മുതൽ 35000 രൂ പ വരെ വിലയുള്ള ബ്രൈഡൽ സാരികൾ ചെയ്തിട്ടുണ്ട്.’’ ആരുടെയും കണ്ണുടക്കുന്ന അഴകുള്ള ഓഫ്‌വൈറ്റ് ഓർഗൻസ സാരിയിൽ ചെയ്ത ഗോൾഡൻ ടിഷ്യു വർക്ക് കാണിച്ചു കൊണ്ടു ഷീല പറഞ്ഞു.
സ്വന്തം സാരികളാണു ഷീലയുടെ കാറ്റലോഗ്. ‘ഷീലയുടെ സാരിയിൽ ഉള്ള ഡിസൈൻ പോലെ’ എന്നു പറഞ്ഞാണ് പല ഓർഡറും എത്തുക. ഡിസൈൻ അനുസരിച്ച്, രണ്ടു ദിവസം മുതൽ ഒരു മാസം വരെ ഒരു സാരി വർക്ക് ചെയ്യാൻ സമയമെടുക്കാം. ബുട്ടീക് വീടിനുള്ളിൽ തന്നെ ആയതിനാൽ ആളുകൾ വിളിച്ചു ചോദിച്ചിട്ടാണ് ഷോപ്പിങ്ങിന് എത്തുന്നത്. ‘ദിവ ഡിസൈനർ സാരീസ്’ എന്ന ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിലൂടെയും സാരി വിൽപന നടത്തുന്നുണ്ട് ഷീല.
മക്കൾക്കും കൊച്ചുമക്കൾക്കും വേണ്ടി സ്പെഷൽ ഡിസൈനുകൾ ഷീല ചെയ്തെടുക്കാറുണ്ട്. എല്ലാം ഓണത്തിനുമുള്ള സ്പെഷൽ ഡ്രസ്സ് ഷീലയുടെ വക തന്നെ. നൂലു കൊണ്ടു തീർക്കുന്ന വിസ്മയങ്ങളുടെ ലോകത്ത് ഇനിയും ചെയ്യാനിരിക്കുന്ന ഒരു ഡിസൈൻ ഷീലയുടെ മനസ്സിലുണ്ട്. പെയിന്റിങ്ങും എംബ്രോയ്ഡറിയും ചേർന്നുള്ള ഫ്യൂഷൻ മാജിക്.