Friday 02 December 2022 03:54 PM IST

ഫിറ്റിങ്ങുള്ള അടിവസ്ത്രം ഫിഗര്‍ ഭംഗിയാക്കും, സാരി ടക്ക് ഇൻ ചെയ്തില്ലെങ്കിൽ വയറു തോന്നിക്കും: അഴകിന് ചെറുവഴികൾ

Roopa Thayabji

Sub Editor

fat-body

സോഷ്യൽ മീഡിയയിൽ ഏറ്റവും ഷെയർ ചെയ്യപ്പെടുന്ന വിവരമേത് എന്നു ചോദിച്ചാൽ ഒട്ടുമാലോചിക്കാതെ മറുപടി പറയാം, 10 ദിവസം കൊണ്ടു വണ്ണം കുറയ്ക്കാനും വയറിലെ കൊഴുപ്പു മാറ്റാനുമുള്ള കുറുക്കുവഴികൾ. കണ്ണാടിക്കു മുന്നിൽ നിന്നാൽ സ്ത്രീകൾ നോക്കുന്നതു വണ്ണം എടുത്തറിയുന്നുണ്ടോ എന്നാണ്. സംശയം തോന്നിയാൽ പട്ടിണി കിടക്കാൻ വരെ റെഡി. 

ടെൻഷനും ആശങ്കകളും മാറ്റിവച്ച് ‘വണ്ണമോ... എനിക്കോ...’ എന്നു മറുചോദ്യം ചോദിക്കുന്നതിനെ പറ്റി ആരും ആലോചിച്ചിട്ടുണ്ടാകില്ല. തീരെ മെലിഞ്ഞിരിക്കുന്ന വർക്കും വണ്ണം കൂടുതലുള്ളവർക്കും അസുഖങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രോഗപ്രതിരോധ ശക്തിയും നല്ല മാനസികാരോഗ്യവുമുള്ളത്  ആരോഗ്യമുള്ള ശരീരമുള്ളവർക്കാണ്. എന്റെ ശരീരത്തിൽ അഭിമാനിക്കുന്നു എന്ന് ആത്മവിശ്വാസത്തോടെ പറയാൻ ഇനി മടിക്കേണ്ടതില്ല.

എന്താണ് ശരിയായ വണ്ണം

താരങ്ങളെ പോലെ സീറോ സൈസ് ഫിഗർ നിലനിർത്താനാണ് മിക്ക പെൺകുട്ടികളുടെയും മോഹം. എന്നാൽ ഫാഷൻ ഷോകളിൽ പ്ലസ് സൈസ് മോഡലുകൾക്കും ഡിമാൻഡുണ്ട്. ലാക്മെ ഫാഷൻ വീക്കിലെ പ്ലസ് സൈസ് മോഡൽ ഒഡിഷനിൽ പങ്കെടുത്തത് 160 പേരായിരുന്നു. പ്രായപൂർത്തിയായ ഒരാളുടെ സെന്റീമീറ്ററിലുള്ള ഉയര ത്തിൽ നിന്നു 100 കുറയ്ക്കുമ്പോൾ കിട്ടുന്ന അളവാണ് ശരിയായ ശരീരഭാരം. 165 സെ.മി ഉയരമുള്ള ഒരാളുടെ ആരോ ഗ്യകരമായ തൂക്കം 65 കിലോഗ്രാമാണ്. ഉയരത്തിനനുസരിച്ചു ശരീരഭാരം നിലനിർത്തുന്നതാണ് ഏറ്റവും നല്ലത്.

ഇതു കണ്ടുപിടിക്കാൻ മറ്റൊരു വഴിയാണ് ബോഡി മാ സ് ഇൻഡക്സ് അഥവാ ബിഎംഐ. കിലോഗ്രാമിലുള്ള ശരീരഭാരത്തെ മീറ്ററിലുള്ള ഉയരത്തിന്റെ ഇരട്ടി കൊണ്ട് ഹരിക്കുമ്പോൾ ബിഎംഐ കിട്ടും. ഈ അളവ്  19നും 25 നും ഇട യിലാണെങ്കിൽ നിങ്ങൾക്ക് ശരിയായ ശരീരഭാരമേയുള്ളൂ. 18.5ൽ താഴെയുള്ളവർ വേണ്ടത്ര ശരീരഭാരമില്ലാത്തവരാണ്. 25 മുതൽ 30 വരെ പ്ലസ് സൈസ് ഗണത്തിൽ പെടും.

30ൽ കൂടുതൽ ബോഡി മാസ് ഇൻഡക്സ് ഉള്ളവർക്കാണ് പൊണ്ണത്തടിയുള്ളത്. ബോഡി മാസ് ഇൻഡക്സ് അനുസ രിച്ചുള്ള ശരീരഭാരം നിലനിർത്തുന്നതാണ് നല്ലതെങ്കിലും പൊണ്ണത്തടിയാകാതെ ശരീരം സൂക്ഷിക്കാനറിയുന്നവർക്കും ഫുൾമാർക്കുണ്ട്. ആത്മവിശ്വാസമാണ് ഇവർക്ക് അഴകു നൽകുന്നത്. സങ്കൽപത്തിലെ പെൺകുട്ടിക്ക് അൽപം വണ്ണമുണ്ടെന്നു സമ്മതിക്കുന്നവരാണ് മിക്ക മലയാളി പുരുഷന്മാരും. പക്ഷേ, വിവാഹാലോചന നടക്കുമ്പോൾ സുന്ദരിയാണെങ്കിലും വണ്ണമുള്ള പെൺകുട്ടികളെ പലരും ഒഴിവാക്കും.

∙ അടുപ്പമുള്ളവരുടെ കളിയാക്കൽ ആത്മവിശ്വാസം കുറയ്ക്കും. ഭർത്താവോ അച്ഛനമ്മമാരോ വണ്ണത്തെച്ചൊല്ലി പരിഹസിക്കുന്നത് സ്വയം ഉൾവലിയാൻ കാരണമാകും.

∙ പൊതുചടങ്ങുകളിൽ നിന്നു പിന്മാറുന്നതും മുറിയിൽ ത ന്നെ ചെലവഴിക്കുന്നതും വിഷാദത്തിലേക്കും മാനസിക പ്രശ്നങ്ങളിലേക്കും നയിക്കും.

∙ വണ്ണത്തെ കുറിച്ചോർത്ത് വിഷമിക്കല്ലേ, കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോൺ വണ്ണവും ഭാരവും വീണ്ടും കൂട്ടും.

∙ താരങ്ങളുടെ ശരീരഘടനയാണ് കൗമാരക്കാരെ സ്വാധീനിക്കുന്നത്. സൈസ് സീറോ ഫിഗറല്ല വ്യക്തിത്വം നിർണയിക്കുന്നതെന്നു മനസ്സിലാക്കണം.

∙ പട്ടിണി കിടന്നും ഡയറ്റ് ചെയ്തും  അ മിതമായി വ്യായാമം ചെയ്തും മെലിഞ്ഞിരിക്കുന്നവരിൽ പലരും പിന്തുടരുന്നത് ശരിയായ ഭക്ഷണശീലങ്ങൾ ആയിരിക്കില്ല. ഇത് മാനസികപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

ബി കൂൾ, ബി കോൺഫിഡന്റ്

∙ എല്ലാ ദിവസവും കണ്ണാടിയിൽ നോക്കി ‘ഞാൻ എന്നെ സ്നേഹിക്കുന്നു, ഞാനാണ് ഈ ലോകത്തിലെ ഏറ്റവും മിടുക്കി’ എന്നു പറയണം. ഇത് ആത്മവിശ്വാസം കൂട്ടും. വണ്ണത്തിന്റെ പേരിൽ കളിയാക്കുന്നവരെ മൈൻഡ് ചെയ്യരുത്.

∙ ആത്മവിശ്വാസം പ്രകടമാക്കുന്ന ശരീരനില പിന്തുടരണം. ചുമലുകൾ മുന്നിലേക്ക് കുനിച്ച് നടക്കുന്നതും  ഇടയ്ക്കിടെ ഡ്രസ് നേരേയാണോ എന്നു നോക്കുന്നതുമൊക്കെ ആത്മവിശ്വാസമില്ലായ്മയുടെ ലക്ഷണമാണ്. എപ്പോഴും തലയുയർത്തിപ്പിടിച്ച് നടക്കുക. ചെറുചിരി ചുണ്ടിൽ കരുതുക.

∙ വണ്ണമുള്ള പെൺകുട്ടികൾക്ക് മറ്റുള്ളവരെ അഭിമുഖീകരി ക്കാൻ പ്രയാസമുണ്ടാകും. പുതിയ സാഹചര്യങ്ങളിലും സ ന്ദ ർഭങ്ങളിലും നിരന്തരം ചെല്ലുക എന്നതാണ് ഇതു പരിഹരി ക്കാനുള്ള വഴി. കൂടുതൽ പേരുമായി ഇടപെടുമ്പോഴാണ് നി സ്സാരമായ പരിഹാസങ്ങളെ തിരിച്ചറിയാനാകുക.

∙ കളിയാക്കലുകളെ ഒന്നും സംഭവിക്കാത്തതുപോലെ ചിരിച്ചു തള്ളുക. കരയുകയോ ദേഷ്യം പ്രകടിപ്പിക്കുകയോ ചെയ്യുന്നത് കളിയാക്കുന്നവർക്ക് പ്രോത്സാഹനമാകും. നമ്മുടെ ആത്മവിശ്വാസം മനസ്സിലാകുമ്പോൾ വീണ്ടും കളിയാക്കുന്നതിൽ നിന്ന് അവർ പിന്മാറും.

കുഞ്ഞുങ്ങളെ തളർത്തരുത്

വണ്ണത്തിന്റെ പേരിൽ കൂട്ടുകാർ കളിയാക്കുന്നത് സ്കൂൾ കുട്ടികളെ പല തരത്തിൽ ബാധിക്കും. ഇരട്ട പേരിട്ടു വിളിക്കുന്നതും മറ്റും കുട്ടികളുടെ ആത്മവിശ്വാസം  കെടുത്തുമെന്ന് ഓർക്കുക.

∙ കുട്ടികളെ ഒരിക്കലും കുറവുകളുടെ പേരിൽ കളിയാക്കരുത്. രൂപമല്ല, മാനസിക നിലയാണ് വലുതെന്നു പറഞ്ഞുകൊടുക്കാം. ക്ലാസിലെ വ ണ്ണമുള്ള കുട്ടിയെ കളിയാക്കി സംസാരിക്കുന്ന മക്കളെ പ്രോത്സാഹിപ്പിക്കുകയും  ചെയ്യരുത്.

∙ സന്തോഷമായിരിക്കാനും മറ്റുള്ളവരെ വേണ്ടും വിധം സഹായിക്കാനും കുട്ടിയെ പ ഠിപ്പിക്കണം. അപ്പോഴാണ് മറ്റുള്ളവർക്ക് മതി പ്പുണ്ടാകുന്നത് എന്നു പറഞ്ഞുകൊടുക്കണം.

∙ സ്വഭാവത്തിലെ നല്ല വശങ്ങൾ ചൂണ്ടിക്കാട്ടി അഭിന ന്ദിക്കാൻ മടിക്കരുത്. മറ്റുള്ളവരുടെ മു ന്നിൽ ലഭിക്കുന്ന അഭിനന്ദനങ്ങൾ ആത്മവിശ്വാസം കൂട്ടും.

∙ വണ്ണമുള്ള കുട്ടികളുടെ കായികക്ഷമത വർധിപ്പിക്കാനുള്ള കാര്യങ്ങളും ചെയ്യണം. സദാ ടിവിക്കു മുന്നിലിരിക്കുക, മൊബൈൽ ഗെയിമിൽ ദീർഘനേരം മുഴുകിയി രിക്കുക ഇത്തരം ശീലങ്ങൾക്കടിപ്പെടാതെ ശ്രദ്ധിക്കണം.

∙ കുട്ടിയുടെ താൽപര്യം കൂടി പരിഗണിച്ച് നൃത്തം പോലുള്ള കലാപരമായ കാര്യങ്ങളോ മാർഷ്യൽ ആർട്സോ പഠിക്കാൻ പ്രേരിപ്പിക്കാം. ആഴ്ചയിലൊരിക്കൽ പാർക്കിലോ ബീച്ചിലോ കൊണ്ടുപോയി കളികളിലും മറ്റും ഏർപ്പെടാനുള്ള താൽപര്യം ഉണ്ടാക്കിയെടുക്കാനും മാതാപിതാക്കൾ ശ്രമിക്കണം.

∙ നേരിയ സൂര്യപ്രകാശം ഏറ്റുകൊണ്ടുതന്നെ കുട്ടിയെ ലഘുവ്യായാമം ചെയ്യിപ്പിക്കാം. വിറ്റാമിൻ ഡി ലഭിക്കാനാണ് ഇളം വെയിൽ കൊള്ളുന്നത്. കുട്ടികളുടെ തലച്ചോറിന്റെ ശ രിയായ പ്രവർത്തനത്തിനും വിജ്ഞാന വിശകലനത്തിനും  ഇത് അത്യാവശ്യമാണ്.

സ്ട്രെസ് ഈറ്റിങ്

ഭക്ഷണം പാഴാക്കുന്ന കുട്ടികളെ രക്ഷിതാക്കൾ നിർബന്ധിച്ച് കഴിപ്പിക്കാറില്ലേ. ഇത്  വിപരീതഫലമേ ഉണ്ടാക്കൂ. കഴിച്ചു ക ഴിച്ച് ഭക്ഷണം ലഹരിയാകുന്ന അവസ്ഥയിലേക്കാണ് ഇതു കുട്ടികളെ എത്തിക്കുക. സ്ട്രെസ് ഈറ്റിങ് അഥവാ കംഫർട്ട് ഈറ്റിങ് എന്നാണിത് അറിയപ്പെടുന്നത്. പരീക്ഷയുടെ ടെ ൻഷൻ മറികടക്കാനും വ്യക്തിബന്ധങ്ങളിലെ സംഘർഷങ്ങളെ മറക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നതു പലരും ശീലിക്കും.

∙ ആർത്തവത്തിനു മുൻപ് അനുഭവപ്പെടുന്ന വിഷാദത്തെയും മൂഡ് സ്വിങ്ങിനെയും മറികടക്കാൻ കംഫർട്ട് ഈറ്റിങ് ശീലിക്കു ന്നത് പെൺകുട്ടികളിൽ അമിതവണ്ണത്തിനു ഇടയാക്കും. പുരുഷന്മാർ സമ്മർദം മറികടക്കാൻ മദ്യപിക്കുന്നതിനു സമാനമായ അവസ്ഥയാണിത്.

∙ സാധാരണ വ്യക്തിക്ക് മാനസിക സംഘർഷമുണ്ടാകുമ്പോ ൾ ഉറക്കം നഷ്ടപ്പെടുകയും വിശപ്പ് കുറയുകയുമാണ് പതിവ്. എന്നാൽ സ്ട്രെസ് ഈറ്റിങ് ശീലിച്ചവർ സംഘർഷമുണ്ടാകു മ്പോൾ അമിതമായി ഉറങ്ങുകയും അമിതമായി ഭക്ഷണം ക ഴിക്കുകയും ചെയ്യും. ഇവർക്ക് വിഷാദരോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

∙ സ്ട്രെസ് ഈറ്റിങ് നിങ്ങൾക്കുണ്ടെന്നു തിരിച്ചറിഞ്ഞാൽ സൂ ക്ഷിക്കണം. വണ്ണം കൂടാൻ കാരണമാക്കുന്ന നോൺ വെജിറ്റേറിയൻ വിഭവങ്ങളും ഐസ്ക്രീം, ചോക്‌ലറ്റ് പോലുള്ളവയും ഈ സമയത്ത് ഒഴിവാക്കണം.

ആരോഗ്യപ്രശ്നവും വില്ലൻ

ജീവശാസ്ത്രപരമായ ചില പ്രശ്നങ്ങളും വണ്ണം കൂടാൻ കാരണമാകാം. ഇത്തരക്കാർക്ക് ഭക്ഷണം കുറച്ചു കഴിച്ചാലും വണ്ണം കൂടിക്കൊണ്ടിരിക്കും.

∙ തൈറോയ്ഡ് ഹോർമോൺ കുറയുന്ന ഹൈപ്പോ തൈറോയിഡിസം വണ്ണം കൂട്ടുന്ന രോഗാവസ്ഥയാണ്. ഇവർക്ക് വിശപ്പ് കുറവായിരിക്കുമെങ്കിലും വണ്ണം കൂടിക്കൊണ്ടിരിക്കും. ചിന്തകൾക്കും പ്രവൃത്തികൾക്കും വേഗം കുറയുക, മലബന്ധമുണ്ടാകുക, ശബ്ദത്തിനു വ്യത്യാസമുണ്ടാകുക, തൊലി വരണ്ടിരിക്കുക തുടങ്ങിയവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.

∙ ഹൈപ്പോ തൈറോയിഡിസമുള്ളവരിൽ തലച്ചോറിന്റെ പ്രവർത്തനവേഗം കുറയുമെന്നതിനാൽ ഇവർക്കും ആത്മവിശ്വാസക്കുറവ് അനുഭവപ്പെടാം.

∙ അമിതവണ്ണമുള്ളവർക്ക്  ഉണ്ടാകുന്ന ആരോഗ്യപ്രശ്നമാണ് അണ്ഡാശയത്തെ ബാധിക്കുന്ന പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം അഥവാ പിസിഒഎസ്. അണ്ഡാശയത്തിന്റെ സമീപത്ത് ചെറിയ കുമിളകൾ രൂപപ്പെടുന്ന അവസ്ഥയാണ് ഇത്. അമിതവണ്ണവും അമിത രോമവളർച്ചയും ക്രമം തെറ്റിയ ആർത്തവവും  വയറിന്റെ ഭാഗത്ത് അമിതവണ്ണം  ഉണ്ടാകുന്നതും വയർ ചാടിയിരിക്കുന്നതും ഇതിന്റെ ലക്ഷണങ്ങളാണ്.

∙ ഗുരുതരമായ ആരോഗ്യപ്രശ്നമാണെന്നതിനാൽ രോഗം തി രിച്ചറിഞ്ഞാലുടൻ ഭാരം കുറയ്ക്കാനുള്ള നടപടികൾ തുടങ്ങണം. ഇവർക്ക് പ്രമേഹം, രക്തസമ്മർദം, ഭാവിയിൽ വന്ധ്യത ഇവയ്ക്കും സാധ്യത കൂടുതലാണ്.

∙ അമിതഭാരമുള്ളവർക്ക് മുട്ടുവേദനയുണ്ടാകുമെന്നതിനാൽ ലഘുവ്യായാമങ്ങൾ ചെയ്യാൻ മടിക്കരുത്.

എന്തും കഴിക്കാം

വണ്ണമുള്ളവർക്ക് ശരീരഭാരം വീണ്ടും കൂടാതിരിക്കാൻ ഏറ്റവും നല്ല വഴി കൃത്യമായ ഡയറ്റ് പ്ലാൻ പിന്തുടരുന്നതാണ്. ആവശ്യമുള്ള മറ്റു ഊർജഘടകങ്ങൾ ഭക്ഷണത്തിലൂടെ നൽകുകയും അധികമായി സംഭരിക്കുന്ന കാർബോ ഹൈഡ്രേറ്റിനെ വിഘടിപ്പിച്ച് ദുർമേദസ്സ് ഇല്ലാതാക്കുകയും ചെയ്യാം. സ്ത്രീകൾക്ക് കൈയിലും വയറിലും പിൻഭാഗത്തും കൊഴുപ്പ് അടിയുമ്പോഴാണ് അഭംഗിയുണ്ടാകുന്നത്.

∙ ശരീരത്തിലെത്തുന്ന കാലറി പുറത്തേക്കു പോകുന്നുണ്ടോ എന്നതും പ്രധാനമാണ്. ഭക്ഷണനിയന്ത്രണവും  വ്യായാമവുമാ ണ് വണ്ണം കൂടാതിരിക്കാനുള്ള വഴി. എന്തുകഴിച്ചാലും അത് എ രിച്ചുകളയാനുള്ള ജോലികളും ചെയ്യണം. ഈ ബാലൻസാണ് ശരീരഭാരം സ്ഥിരമാക്കി നിർത്തുന്നത്.

∙ ബ്രേക്ഫാസ്റ്റ് എന്നല്ല ഒരു ഭക്ഷണവും ഒഴിവാക്കരുത്. ഒരു നേരം ഭക്ഷണം ഒഴിവാക്കിയാൽ അടുത്ത നേരം സ്വാഭാവികമായും അധികം കഴിക്കും.

∙ തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിന് ആഹാരത്തിലൂടെ കിട്ടുന്ന ഫ്രഷ് ഗ്ലൂക്കോസ് അത്യാവശ്യമാണ്. കാർബോ ഹൈഡ്രേറ്റിലൂടെ ഇത് ശരീരത്തിലെത്തും. അതിനാൽ ദോശ, ഇഡലി, ബ്രഡ് പോലുള്ള അരിയാഹാരം ഒഴിവാക്കരുത്. അളവു കുറച്ചെങ്കിലും ഇവ ദിവസവും ഉള്ളിലെത്തണം.

∙ വണ്ണം കുറയാനായി സീറോ കാലറി ഫുഡ് ഉപയോഗിക്കുന്നത് വളരെ അപകടമാണ്. ദിവസം ആറു നേരമായി കുറേശ്ശെ ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

∙ ചോറ് കഴിക്കുന്നതു വണ്ണം കൂട്ടുമെന്നത് തെറ്റിദ്ധാരണയാണ്. മൂന്ന് കപ്പ് ചോറിലുള്ളത് ആറ് ചപ്പാത്തിയിലുള്ള അതേ അളവ് കാലറിയാണ്. 100 ഗ്രാം അരിയിൽ 354 കാലറിയും 100 ഗ്രാം ഗോതമ്പിൽ 350 കാലറിയുമുണ്ട്. കറികൾക്കൊപ്പം കഴിക്കുമ്പോൾ ചോറിന്റെ അളവു കൂടുന്നതാണ് അപകടം. അ രിയിലടങ്ങിയ പ്രോട്ടീന് ഗുണം കൂടുതലുമാണ്.

∙ പഴങ്ങൾ ധാരാളം കഴിക്കാം, ജ്യൂസും പ്രോസസ്ഡ് ഫു ഡുമാണ് അമിതമധുരവും കൊഴുപ്പും ശരീരത്തിലെത്തിക്കുന്ന ത്. അതിനാൽ വറുത്തതും  പൊരിച്ചതും മധുരമുള്ളവയും കു റയ്ക്കണം. ട്രാൻസ്ഫാറ്റ് അടങ്ങിയ ഭക്ഷണം അധികം കഴിക്കു ന്നതു ഡിപ്രഷനുണ്ടാക്കും.

∙ ബേക്കറി പലഹാരങ്ങളിൽ ചേർക്കുന്ന കൃത്രിമ മധുരം സാധാരണ പഞ്ചസാരയെക്കാൾ 300 ഇരട്ടി മധുരമടങ്ങിയതാണ്. ഇത് ശരീരത്തിനു ദോഷകരമാകും.

∙ ധാന്യങ്ങൾ, ഉരുളക്കിഴങ്ങ്, മരച്ചീനി, മധുരക്കിഴങ്ങ് എന്നിവ വളരെ കുറച്ചു കഴിക്കുക. പകരം മുഴുധാന്യങ്ങളും ഫൈബർ ധാരാളമടങ്ങിയ ഭക്ഷണവും കഴിക്കാം.

ഡ്രസ് സെൻസ് പ്രധാനം

വണ്ണം കൂടുതലുള്ളവരുടെ പ്രധാന പ്രശ്നം അതു സമ്മതിക്കാനുള്ള മനസ്സില്ല എന്നതാണ്. അതുകൊണ്ടാണ് പാകമല്ലാത്ത വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത്. വണ്ണം എടുത്തറിയിക്കാനേ ഇത് ഉപകരിക്കൂ. ആത്മവിശ്വാസം പകരുന്ന ഡ്രസുകൾ തിരഞ്ഞെടുക്കുന്നതാണ് സൗന്ദര്യത്തിൽ പ്രധാനം.

∙ അധികം ഇറുകിക്കിടക്കുന്ന ഫിഗർ ഹഗ്ഗിങ് ഡ്രസുകൾ വണ്ണം എടുത്തറിയിക്കും. എന്നാൽ ലൂസ് ടോപ്പുകൾ തിരഞ്ഞെടുത്താലും അഭംഗിയാണ്. ഇവ രണ്ടും ഒഴിവാക്കണം.

∙ നല്ല ഫിറ്റിങ്ങുള്ള അടിവസ്ത്രങ്ങളാണ് ഫിഗർ ഭംഗിയാക്കുന്നതിൽ ഏറ്റവും പ്രധാനം. പാകവും ഗുണമേന്മയും നോക്കി തന്നെ ഇവ തിരഞ്ഞെടുക്കണം.

∙ ബോഡി മുഴുവൻ ഒരു നിറമുള്ള ഡ്രസ് ഉപയോഗിക്കാം. പല നിറങ്ങൾ വരുമ്പോഴുണ്ടാകുന്ന ഡിവിഷൻസും  ബ്ലോക്കുകളും വണ്ണം എടുത്തറിയിക്കും.

∙ കടും നിറങ്ങളാണ് വണ്ണമുള്ളവർക്ക് യോജിക്കുക. ഡീപ് കളറുകൾ ചേരാത്തവർക്ക് മുഖത്തിനു ചേർന്നുവരുന്ന ഭാഗങ്ങ ളിൽ, കോളറിലോ യോക്കിലോ ഇളം നിറം കൊടുക്കാം.

∙ ശരീരത്തിന്റെ മുകൾ ഭാഗത്തിനോ താഴ്ഭാഗത്തിനോ മാത്രം വണ്ണമുള്ള തരത്തിൽ ചിലരുടെ ശരീരാകൃതി ഉണ്ടാകും. മെലിഞ്ഞിരിക്കുന്ന ഭാഗത്ത് ഇവർ ടൈറ്റ് ഫിറ്റുള്ള ഡ്രസിടുകയാണ് വേണ്ടത്. അപ്പോൾ മറുവശത്തുള്ള ലൂസ് ഡ്രസ്സിനുള്ളിലും മെലിഞ്ഞ ശരീരമാണെന്ന ഫീലിങ് ഉണ്ടാകും.

∙ വണ്ണമുള്ളവർ ഒട്ടും മേക്കപ്പില്ലാതെ ഇരിക്കുന്നതിനെക്കാൾ നല്ലത് മേക്കപ്പ് ചെയ്യുന്നതാണ്. മങ്ങിയ മുഖം വണ്ണം എടുത്തറിയിക്കും.

ff

∙ വണ്ണമുള്ളവർക്ക് നീളൻ മുടിയാണ് നല്ലത്. ഷോൾഡറിനൊപ്പം വെട്ടിയിട്ട മുടി മുഖത്തിനു കൂടുതൽ വണ്ണം തോന്നിപ്പിക്കും.

∙ മുഖത്തിനു വണ്ണം കൂടുതലുള്ളവരും തുടുത്ത കവിളുള്ളവരും മുടി സ്ട്രെയ്റ്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. മുഖത്തേക്ക് ലെയറുകൾ വീണുകിടക്കുന്ന രീതിയിൽ മുടി വെട്ടിയിടാം.

∙ ജീൻസിനൊപ്പം ടൈറ്റ് ഫിറ്റുള്ള ടോപ്പ് വേണ്ട. കനംകുറഞ്ഞ മെറ്റീരിയലിലുള്ള കംഫർട് ഫിറ്റ് ടോപ്പുകളാണ് വണ്ണം എ ടുത്തറിയാതിരിക്കാൻ നല്ലത്.

∙ കുർത്തയ്ക്കൊപ്പം ലെഗിങ്സ് ധരിക്കുന്നത് തടിച്ച തുടയുള്ളവർക്ക് അഭംഗിയാണ്. ഇരുണ്ട നിറത്തിലുള്ള, ശരീരത്തിൽ ഒട്ടിക്കിടക്കാത്ത ലെഗിങ്സ് തിരഞ്ഞെടുക്കാം.

∙ ഇറക്കം കുറഞ്ഞ കുർത്തകളെക്കാൾ സ്ട്രെയ്റ്റ്കട്ടുള്ള ഇറക്കം കൂടിയ കുർത്തകളാണ് വണ്ണമുള്ളവർക്ക് നല്ലത്. മു ട്ടിനു മുകളിൽ വരെ ഇറക്കമുള്ള ടോപ്പുകൾ തുടയുടെ വണ്ണം എടുത്തറിയിക്കും.

∙ കൈകൾക്ക് വണ്ണം കൂടുതലുള്ളവർ മുട്ടുവരെയോ 3/4 നീള ത്തിലോ കൈയിറക്കമുള്ള ടോപ്പുകൾ തിരഞ്ഞെടുക്കണം.

∙ തടിച്ച ശരീരമുള്ളവർക്ക് കനം കുറഞ്ഞ സാരിയാണ് നല്ലത്. വലിയ ബോർഡറുള്ളവയും ലോങ് സ്ലീവ് കോൺട്രാസ്റ്റ് ബ്ലൗ സും ഇവർക്ക് ഇണങ്ങില്ല. കഴുത്തിൽ എംബ്രോയ്ഡറിയോ ചിത്രപ്പണികളോ ചെയ്യുന്നത് വണ്ണം എടുത്തുകാണിക്കാനേ ഉപകരിക്കൂ.

∙ തടിച്ച് ഉയരം കുറഞ്ഞവർ സാരിയുടുക്കുമ്പോൾ ഭംഗിയായി പ്ലീറ്റ്സ് എടുക്കാൻ ശ്രദ്ധിക്കുക. ചെറിയ ഞൊറിവുകളിൽ പ ല്ലവ് പിൻ ചെയ്താൽ വണ്ണം കുറഞ്ഞുതോന്നിക്കും.

∙ സാരി നന്നായി ടക്ക് ഇൻ ചെയ്തില്ലെങ്കിൽ വയറു തോന്നിക്കും. പ്ലീറ്റുകൾ ഉള്ളിലേക്കു നന്നായി ഒതുക്കി വയ്ക്കണം.

‘ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ല...’

ഭക്ഷണം നല്ല ഇഷ്ടമുള്ള ആളാണ് ഞാൻ. അതുകൊണ്ടു തന്നെ മെലിയാൻ വേണ്ടി കഴിക്കാതിരിക്കുന്നത് ഇഷ്ടമേ യല്ല. എന്റെ ഭർത്താവ് ജിം ട്രെയിനറാണ്. അദ്ദേഹത്തോടു മിക്കവരും ചോദിക്കും എന്താണ് ഭാര്യയുടെ തടി കുറയ്ക്കാത്തത് എന്ന്. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ ഇതേ ചോദ്യം എന്നോടും ചോദിച്ചു. തടി കുറയ്ക്കുന്നതും വണ്ണം വച്ചിരിക്കുന്നതും  എന്റെ തീരുമാനമാണ്. യാതൊരു സന്തോഷക്കുറവും  ഇ ല്ലെന്നു മാത്രമല്ല, ആത്മവിശ്വാസത്തിനും യാതൊരു കുറവു മില്ല. വണ്ണം കൂടുന്നതിനും നിറം കുറഞ്ഞതിനുമൊക്കെ കളിയാക്കുന്നത് ബോഡി ഷെയ്മിങ് ആണെന്നു പലർക്കും അറിയില്ല.

കളിയാക്കുന്നതു കേട്ട് വണ്ണം കുറയ്ക്കാനായി പലരും നെട്ടോട്ടമോടും. ഇതിന്റെ പേരിൽ കോംപ്ലക്സ് കൊണ്ടു നടക്കേണ്ട കാര്യമില്ല. ചിലർക്ക് ആരോഗ്യപ്രശ്നങ്ങൾ കൊണ്ടും വണ്ണം കൂടും. ഇതൊന്നുമറിയാതെ കളിയാക്കുന്നവർ ഒന്നു മനസ്സിലാക്കണം, മനസ്സാണ് പ്രധാനം. സംഗീതം കൊണ്ടു മാജിക് തീർക്കുന്ന അഡിൽ എന്ന ഗാ യികയെ ഒരിക്കൽ വണ്ണത്തിന്റെ പേരിൽ ആരോ കളിയാക്കി. അഡിലിന്റെ മറുപടി ഇങ്ങനെയായിരുന്നു, ‘ഐ ക്രിയേറ്റ് മ്യൂസിക് ഫോർ ദ് ഇയേർസ്, നോട്ട് ഫോർ ദ് ഐസ്.’ ആ രോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാനാകുന്നുണ്ടെങ്കിൽ എന്തിനാ ടെൻഷൻ.

മലയാളി പെണ്ണ് സ്ലിം ബ്യൂട്ടിയല്ലല്ലോ

വളരെ ചെറിയ പ്രായം മുതലേ വണ്ണമുള്ളയാളാണ് ഞാൻ. സ്കൂളിലൊക്കെ ഉരുണ്ടുരുണ്ടാണ് നടന്നിരുന്നത്. കൈക്ക് വണ്ണമുണ്ട്, ശരീരവും  തടിച്ചാണ് എന്നൊക്കെ പണ്ട് പരാതി പറയുമ്പോൾ ‘ദേവിമാരുടെ ചിത്രം നോക്കൂ, അവരൊന്നും സ്ലിം അല്ലല്ലോ’ എന്നായിരുന്നു അമ്മൂമ്മയുടെ മറുപടി. വണ്ണത്തിന്റെ പേരിൽ യാതൊരു ബുദ്ധിമുട്ടും ഇല്ല. നല്ല ആ രോഗ്യത്തോടെ ഇരിക്കുന്നതുകൊണ്ടുതന്നെ നല്ല സന്തോഷവും ആത്മവിശ്വാസവുമുണ്ട്. രൂപം വ്യക്തിത്വത്തെ ബാധിക്കുമെന്നു തോന്നുന്നുമില്ല.

മലയാളി പെണ്ണ് അല്ലെങ്കിൽ സൗത്ത് ഇന്ത്യൻ ലേഡി എന്നു പറയുമ്പോൾ കുറച്ച് വണ്ണമുള്ള രൂപമാണ് മനസ്സി ൽ വരിക. ഞാൻ ആരാധിച്ച, ഐഡിയലൈസ് ചെയ്ത സെലിബ്രിറ്റികളോ സ്ത്രീകളോ മെലിഞ്ഞിരുന്നവരല്ല എന്നതാണ് രസമുള്ള കാര്യം. നടി ശ്രീവിദ്യ മുതലുണ്ട് ആ ഗണത്തിൽ. സാരിയിൽ എനിക്ക് ഭംഗി കൂടുമെന്ന് ന ന്നായറിയാം. അതിൽ നിന്നു മാറി 32 സൈസ് ജീൻസിലേക്ക് ഒതുങ്ങണമെന്നു തോന്നിയിട്ടേയില്ല.

മെലിഞ്ഞിരിക്കുക എന്നത ല്ല, ആരോഗ്യവതിയായിരിക്കുന്നു എന്നതാണ് കാര്യം. നന്നായി ഭക്ഷണം കഴിക്കുക, ന ന്നായി  വ്യായാമം ചെയ്തു ശരീരം വഴക്കമുള്ളതാക്കാൻ ശ്രദ്ധിക്കുക. പതിവായി യോഗ ചെയ്യുന്നയാളാണ് ഞാൻ. മെലിഞ്ഞിരിക്കാനല്ല, ആരോഗ്യത്തോടെയിരിക്കാനാണ് യോഗ ചെയ്യുന്നത്.

വഴക്ക് കൂടിയാല്‍ വണ്ണവും കൂടും

ദേഷ്യം വരുന്നതും വഴക്കിടുന്നതും അമിതമായാൽ വ ണ്ണവും കൂടുമെന്ന് എത്രപേർക്ക് അറിയാം. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറല്‍ മെഡിസിനാണ് ഇത്തരത്തിൽ ഒരു പഠനം നടത്തിയത്. ഇതിനായി അവർ തിരഞ്ഞെടുത്ത 24– 61 പ്രായമുളള ദമ്പതികളോട് ഭക്ഷണശേഷം ഒന്നിച്ച് സമയം ചെലവിടാൻ ആവശ്യപ്പെട്ടു. ഒരു മണിക്കൂറിനു ശേഷം ചില പരിശോധനകൾ നടത്തും. ദിവസങ്ങളോളം ഇത്തരത്തിൽ പരീക്ഷണം നടത്തിയ ശേഷമാണ് ഫലം പുറത്തുവിട്ടത്.

ഭക്ഷണശേഷം സന്തോഷത്തോടെ സമയം ചെലവഴി ച്ചവരെക്കാള്‍ 31 കാലറിയെങ്കിലും കുറവ് ഊര്‍ജമേ ക ലഹിച്ചവര്‍ ചെലവഴിച്ചുളളൂവെന്ന് കണ്ടെത്തി. വഴക്കും തുടർന്നുണ്ടാകുന്ന വിഷാദവും ദഹനത്തെ തടസ്സപ്പെടുത്തും. ഇത് ശരീരത്തിൽ കൊഴുപ്പടിയുന്നതിനും  പൊണ്ണത്തടിയിലേക്കും നയിക്കും.

ചില്ലറ കാലറിയല്ല

∙ 3500 കാലറി എരിച്ചുകളയുമ്പോഴാണ് ശരീരഭാരത്തിൽ നിന്ന് ഒരു കിലോഗ്രാം കുറയുന്നത്.

∙ ഒരു ജിലേബിയിൽ 640 കാലറിയും ഒരു പാക്കറ്റ് പൊട്ട റ്റോ ചിപ്സിൽ 600 കാലറിയും ഉണ്ട്. ഇത് എരിച്ചു കളയണമെങ്കിൽ ഒന്നര കിലോമീറ്റർ ഓടണം. ഒരു പിടി കായ വറുത്തതിലൂടെ ശരീരത്തിലെത്തിയ കാലറി എരിച്ചു കളയാൻ അരമണിക്കൂർ ഓടേണ്ടി വരും.

∙ ഒരു പഫ്സിൽ 56 ഗ്രാം ഫാറ്റുണ്ട്. അതായത് 56 X 9 = 504 കാലറി. ഒരു ദിവസം നമ്മുടെ ശരീരത്തിന് ആകെ ആവശ്യമുള്ളത് 30 ഗ്രാം കൊഴുപ്പാണ്.

∙ ഒരു ഉഴുന്നുവട കഴിക്കുമ്പോൾ ശരീരത്തിലെത്തുന്നത് 70 കാലറിയാണ്. സമോസയിൽ നിന്ന് 140 കാലറിയും.

∙ ഒരു മുട്ടയിലുള്ളത് 150 കാലറിയാണ്. ഓംലെറ്റ് ആകുമ്പോൾ വെളിച്ചെണ്ണയിലേതു കൂടി ചേർന്ന് 180 ഓളം കാലറിയാകും. മുട്ടവെള്ളയിൽ 16 കാലറിയേ ഉള്ളൂ.

∙ ഒരു കഷണം ചിക്കൻ ഫ്രൈയിൽ ഉള്ള അതേ കാലറിയാണ് നാലു കഷണം  കറി വച്ച കോഴി ഗ്രേവിയില്ലാതെ കഴിച്ചാൽ കിട്ടുന്നത്.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. അരുൺ ബി. നായർ, അസോഷ്യേറ്റ് പ്രഫ. ഇൻ സൈക്യാട്രി, ഗവ. മെഡിക്കൽ കോളജ്, തിരുവനന്തപുരം. ഡോ. സിന്ധു ജി. നായർ കൺസൽറ്റന്റ് ഇൻ മെഡിസിൻ, ജനറൽ ഹോസ്പിറ്റൽ, കോട്ടയം. ഡോ. എം.റഹീന ഖാദർ, പ്രഫ. ആൻഡ് ഹെഡ് (റിട്ട), ഡിപാർട്മെന്റ് ഓഫ് ഹോംസയൻസ് ആൻഡ് ന്യൂട്രീഷൻ, ഗവ. വിമൻസ് കോളജ്, തിരുവനന്തപുരം. സഖി എൽസ തോമസ്, വസ്ത്രാലങ്കാര വിദഗ്ധ.