Monday 06 January 2020 03:22 PM IST

ഗൗൺ അണിഞ്ഞ് റാമ്പ് വോക്ക്, കസവുസാരിയിൽ മലയാളി മങ്ക! വൈറൽ ഡോ. ഷിനു ശ്യാമളൻ സൂപ്പർ മോഡലായപ്പോൾ

Binsha Muhammed

shinu-syamalan

ചന്തം തികഞ്ഞൊരു മോഡലാകാൻ സൗന്ദര്യത്തിന്റെ അളവുകോലും സൂത്രവാക്യങ്ങളും തേടിപ്പോകണമോ? മോഡലാകാനും റാമ്പിൽ പൂച്ചനടത്തം നടത്താനുമുള്ള തലയിലെഴുത്ത് പേരുകേട്ട മോഡലുകൾക്ക് മാത്രമാണോ ഉള്ളത്. അത്തരം മുൻധാരണകളൊക്കെ വെറുതെയാണെന്ന് തെളിയിക്കാൻ നമുക്ക് മുന്നിലെത്തുന്നത് ഒരു ഡോക്ടറാണ്.

‘മോഡലിംഗോ...നമ്മളെക്കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല കേട്ടോ?’ എന്ന ശോക ഡയലോഗുകളെ തള്ളി മുന്നിലെത്തുന്ന ഡോക്ടറുടെ പേര് ഷിനു ശ്യാമളൻ. ആരോഗ്യ മേഖലയിലും രോഗികൾക്കിടയിലും എത്രത്തോളം പരിചിതമാണോ അത്രയും തന്നെ സോഷ്യൽ മീഡിയക്കും പ്രിയങ്കരമാണ് ആ പേര്. ആരോഗ്യ സംബന്ധമായ അറിവുകൾ പകർന്നും സമകാലിക വിഷയങ്ങളിൽ കൃത്യമായ ഇടപെടലും നടത്തുന്ന ഈ ഇരുപത്തിയെട്ടുകാരി ഡോക്ടർ സോഷ്യൽ മീഡിയയുടെ വൈറൽ താരങ്ങളിലൊരാളാണ്.

shinu-1

സ്റ്റെതസ്കോപ്പും ഓപ്പറേഷൻ തീയറ്ററും മരുന്ന് കുറിപ്പടിയുമായി നടക്കുന്ന ഡോക്ടർ എങ്ങനെ മോ‍ഡലായി എന്ന ചോദ്യത്തിനുള്ള മറുപടി ഡോക്ടർ തന്നെ ‘വനിത ഓൺലൈനുമായി’ പങ്കുവയ്ക്കുകയാണ്.

‘പണ്ടു മുതലേ സിനിമയും അഭിനയ മോഹവുമൊക്കെ മനസിലുണ്ടായിരുന്നു. കോട്ടിട്ട് സ്റ്റെതസ്കോപ്പും തൂക്കി ഡോക്ടറാകാൻ ഇറങ്ങിത്തിരിക്കുമ്പോഴും അതു മാത്രം മനസിന്റെ കോണിലങ്ങനെ ഒതുങ്ങിക്കിടപ്പുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായിരിക്കെ തന്നെ ഇടയ്ക്ക് ഒന്നു രണ്ടു തവണ മോഡലിംഗ് പരീക്ഷണമൊക്കെ നടത്തി. സാരി മോഡലിംഗായിരുന്നു പരീക്ഷണങ്ങളിൽ ഏറെയും. ഒപ്പം രാജാ രവി വർമ്മയുടെ ചിത്രങ്ങളിലെ മോഡലുകളെ പോലെ എത്തുന്ന ഒരു കോമ്പറ്റീഷനിലും മാറ്റുരച്ചു. ഇപ്പോൾ ലഭിച്ച അവസരം, എക്സ്പ്രഷൻ മീ‍ഡിയ നടത്തിയ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ കോമ്പറ്റീഷനിലൂടെയാണ്.– ഷിനു പറയുന്നു.

shinu-2

ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്നാണ് കോമ്പറ്റീഷന്റെ പേര്. പ്രൊഫഷണലുകൾ മോ‍ഡലുകളല്ലായിരുന്നു ഇവിടുത്തെ മത്സരാർത്ഥികള്‍. ഡോക്ടർമാർ, എഞ്ചിനീയർമാർ, വർക്കിംഗ് പ്രൊഫഷണലുകൾ എന്നു വേണ്ട വീട്ടമ്മമാർക്കു വരെ വേണ്ടി ഒരുക്കിയ സൗന്ദര്യ വേദി. അതിലൊരാളായി ഞാനും. സെറ്റ്മുണ്ട്, പട്ടുസാരി, ഗൗൺ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായായിരുന്നു മത്സരം. സെലിബ്രിറ്റി ഫാഷൻ ഫൊട്ടോഗ്രാഫർ സായ്സ് സായൂജ്, നടൻ രാജീവ് പിള്ള, സെലിബ്രിറ്റി ഡിസൈനർ അയിഷ എന്നിവരായിരുന്നു വിധികർത്താക്കൾ. മത്സരത്തിൽ കിരീടം നേടാനായില്ലെങ്കിലും ടോപ് 10 സ്ഥാനത്ത് എത്തി. അതിനേക്കാളേറെ പങ്കെടുക്കാനായതിൽ ഏറെ ചാരിതാർത്ഥ്യം.

shinu-3

മോഡലിംഗും ഡോക്ടർ പണിയും അങ്ങോട്ട് മാച്ച് ആകുന്നില്ലല്ലോ എന്നൊക്കെ ചിലർ ചോദിക്കും. നമ്മുടെ ഇഷ്ടങ്ങളും ഹോബികളുമൊക്കെ സാക്ഷാത്കരിക്കാൻ ഇങ്ങനെയൊക്കെ അല്ലേ അവസരം ലഭിക്കുന്നത്. എന്തായാലും ഫൊട്ടോ കണ്ടിട്ട് സോഷ്യൽ മീഡിയ എന്നെ കുത്തിനോവിക്കാനൊന്നും വന്നിട്ടില്ല. നോ നെഗറ്റീവ് കമന്റ്സ്.– ഷിനു ചെറു ചിരിയോടെ പറയുന്നു.

shinu-5

ഇനിയും ഇതു പോലുള്ള ഹോബികളുണ്ടോ എന്നു ചോദിച്ചാൽ, മനസിന്റെ കോണിലൊതുക്കിയ സിനിമ സ്വപ്നം ഞാൻ വീണ്ടും പൊടിതട്ടിയെടുക്കും. അവസരങ്ങളൊക്കെ വരുന്നുണ്ട്. എല്ലാം ശരിയായാൽ ആ ആഗ്രഹവും പൂവണിയും– ഷിനു പറഞ്ഞു നിർത്തി.

പത്തനംതിട്ട എരുമേലി സ്വദേശിയാണ് ഷിനു ശ്യാമളൻ. തൃശൂർ തളിക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജനറൽ ഒപി വിഭാഗത്തിൽ ഡോക്ടറാണ് ഷിനു.

shinu-6
Tags:
  • Vanitha Fashion