Wednesday 08 September 2021 12:36 PM IST : By സ്വന്തം ലേഖകൻ

"ഡിസൈനർ വസ്ത്രങ്ങളോടും അധികം മിനുക്കുപണികളോടും താല്പര്യം ഇല്ല" മമ്മൂക്കയുടെ ഫാഷൻ ലോകം: പേഴ്സണല്‍ കോസ്റ്റ്യൂമർ അഭിജിത്ത് പറയുന്നു

abijith-mammoty-costume-designer

കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി മലയാളി യുവത്വത്തിന്റെ ഫാഷൻ ഐക്കൺ മമ്മൂട്ടിയാണ്. ഒപ്പം നടന്നവർക്കും പിന്നാലെ വന്നവർക്കും ഏറ്റവും പുതിയ ചെറുപ്പക്കാർക്കും ഇക്കാര്യത്തിൽ അദ്ദേഹം മാതൃകയാണ്. ഇപ്പോഴും മമ്മൂക്ക പങ്കുവയ്ക്കുന്ന തന്റെ ചിത്രങ്ങൾ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നതാണ് അതിനുള്ള ഏറ്റവും വലിയ തെളിവ്. മമ്മൂക്കയുടെ ഇപ്പോഴത്തെ പല സ്റ്റൈലിലുള്ള ലുക്കുകൾ ഫാഷൻ പ്രേമികൾക്ക് പരിചിതമാണ്. ‍ഇപ്പോഴിതാ, മമ്മൂക്കയുടെ ഫാഷൻ ലോകത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പേഴ്സണല്‍ കോസ്റ്റ്യൂമർ അഭിജിത്ത് നായർ ‘വനിത ഓൺലൈനോട്’ പറയുന്നു. 2015 മുതൽ അഭിജിത്ത് മമ്മൂക്കയോടൊപ്പമുണ്ട്.‘‘മമ്മൂക്കയ്ക്ക് ഏറെ പ്രിയപ്പെട്ട വേഷം മുണ്ടും ഷർട്ടുമാണ്. എന്നാൽ സാഹചര്യങ്ങൾക്കനുസരിച്ച് അതിൽ വ്യത്യാസം വരും. ഫോർമൽ ആകേണ്ട ഇടങ്ങളിൽ അത്തരം വസ്ത്രങ്ങൾ ധരിക്കുമെങ്കിലും അതു കഴിഞ്ഞ് ഉടൻ സാധാരണ വേഷത്തിലേക്ക് മാറും. അതാണ് മമ്മൂക്കയ്ക്ക് ഇഷ്ടം’’.– അഭിജിത്ത് പറയുന്നു.‘‘ബ്രാൻഡുകളെക്കുറിച്ചൊക്കെ മമ്മൂക്കയ്ക്ക് നല്ല അറിവാണ്. പഴയതും പുതിയതുമായ സകല ബ്രാൻഡുകളും അദ്ദേഹത്തിന് പരിചയമുണ്ട്. എല്ലാ ബ്രാൻഡുകളും ഇഷ്ടമാണെങ്കിലും ഡിസൈനൻ വസ്ത്രങ്ങളോടും അധികം മിനുക്കുപണികളുള്ള കോസ്റ്റ്യൂമുകളോടും താൽപര്യമില്ല. സിനിമയിൽ അത്തരം വേഷങ്ങൾ ആവശ്യമെങ്കിൽ അദ്ദേഹം നോ പറയാറുമില്ല’’.– വസ്ത്രധാരണത്തിലെ മമ്മൂക്കയുടെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് അഭിജിത്ത് വിശദീകരിക്കുന്നു.

കൂളിങ് ഗ്ലാസ് കളക്ഷൻ

കൂളിങ് ഗ്ലാസുകളോടുള്ള അദ്ദേഹത്തിന്റെ താൽപര്യം എല്ലാവർക്കുമറിയാവുന്നതാണ്. എല്ലാ മോഡലുകളും വാങ്ങുമെങ്കിലും അതിൽ പകുതി പോലും അദ്ദേഹം അണിഞ്ഞിട്ടുണ്ടാകില്ല. ഇവയൊക്കെ ഇങ്ങനെ ശേഖരിച്ച് വയ്ക്കാൻ അദ്ദേഹത്തിന് വലിയ കമ്പമാണ്.അദ്ദേഹത്തിന്റെ വാർഡ്രോബിൽ ഇത്തരത്തിൽ മനോഹരമായ പലതരം ആക്സസറീസ് ഉണ്ട്. പലപ്പോഴും സിനിമയുടെ കോസ്റ്റ്യൂം ട്രയൽ വീട്ടിൽ വച്ചാണ് ചെയ്യാറ്. പുതിയ മോഡലുകളും ബ്രാൻഡുകളുമൊക്കെ പരീക്ഷിക്കാൻ എപ്പോഴും താൽപര്യം കാണിക്കുന്ന ആളാണ് മമ്മൂക്ക.

abijith-costume-designer

ഓരോ നിമിഷവും സ്വപ്നം പോലെ

ഞാൻ പ്ലസ് ടൂവിന് പഠിക്കുമ്പോഴാണ് ‘പോക്കിരിരാജ’ വരുന്നത്. അതിന്റെ രണ്ടാം ഭാഗത്തിൽ ആ കഥാപാത്രത്തിന് കോസ്റ്റ്യൂം തയാറാക്കാൻ അവസരം കിട്ടിയെന്നതൊക്കെ വലിയ ഭാഗ്യമാണ്. അത്തരം മനോഹരമായ നിരവധി അനുഭവങ്ങളുണ്ട്. മമ്മൂക്കയുടെ ഒപ്പമുള്ള ഓരോ നിമിഷവും സ്വപ്നം പോലെയാണ്. മമ്മൂക്കയോടൊപ്പം ജോലി ചെയ്യാന്‍ തുടങ്ങി ആദ്യത്തെ ഒന്നര വർഷം തമ്മിൽ യാതൊരു കോൺടാക്ടും ഉണ്ടായിരുന്നില്ല. ജോർജേട്ടൻ വഴിയാണ് കമ്യൂണിക്കേഷൻ.ആദ്യം മമ്മൂക്കയുമായി സംസാരിച്ചത് രസകരമായ അനുഭവമാണ്. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായിരുന്നു അന്ന്. ഷൂട്ടിനിടയിലെ ഫ്രീ ടൈമിൽ ഇടാന്‍ ഞാൻ ഒരു ഷർട്ട് കാരവനിൽ കൊണ്ടു വച്ചിരുന്നു. കുറച്ച് കഴിഞ്ഞ് ജോർജേട്ടൻ വന്ന് മമ്മൂക്കയെ ചെന്ന് കാണാൻ പറഞ്ഞു. ഞാനാകെ ഭയന്നു. വഴക്കു പറയാനോ മറ്റോ ആണോ ? കാരവനിലേക്ക് ചെന്ന എന്നോട് ‘നീയാണോ ഈ ഷർട്ട് എടുത്തത്’ എന്ന് ചോദിച്ചു. അദ്ദേഹത്തിന് ആ ഷർട്ട് ഇഷ്ടമായിരുന്നു. സത്യത്തിൽ ഞാൻ ടീമിൽ ജോലി ചെയ്യുന്ന കാര്യം അദ്ദേഹത്തിന് അറിയില്ലായിരുന്നു. നീയെന്താ ഒന്നര വർഷമായി എന്നെ വന്ന് കാണാതിരുന്നതെന്ന് ചോദിച്ചു. ഞാനൊന്നും മിണ്ടിയില്ല. അപ്പോൾ, ‘ഇനി മുതൽ കോസ്റ്റ്യൂം ചെയ്യുമ്പോള്‍ നീ കൂടെ നിന്നോണം’ എന്നു മമ്മൂക്ക പറഞ്ഞു. എന്നെ സംബന്ധിച്ച് വലിയ ഒരു അംഗീകാരമായിരുന്നു. ആ ഷർട്ട് മമ്മൂക്ക ധരിച്ച് കാണണമെന്നേ ഞാൻ ആഗ്രഹിച്ചിരുന്നുള്ളൂ. അതിനൊക്കെ എത്രയോ മുകളിലായിരുന്നു എന്നെ തേടിയെത്തിയ സന്തോഷം. അതിനു ശേഷമാണ് അദ്ദേഹത്തിനൊപ്പം ഞാന്‍ സജീവമായത്.ഒറ്റപ്പാലം സ്വദേശിയായ അഭിജിത് നായർ നെഹ്‌റു കോളേജ് ഓഫ്‌ തമിഴ്നാടു നിന്നും ഫാഷൻ ഡിസൈനിങ് വിദ്യാഭ്യാസം പൂർത്തിയാക്കി മർചൻഡൈസർ ആയീ ജോലി ചെയ്‌ത ശേഷമാണ് സിനിമ മേഖലയിലേക്ക് കടന്നു വരുന്നത്