ഫാഷൻ ആക്സസറികളല്ല നായകൾ, വിമർശനത്തിന് വേഗമേറുന്നു
Mail This Article
പ്രമുഖ മാധ്യമത്തിന്റെ ഡോഗ് ഗ്രൂമിങ് പരിപാടിക്കെതിരെ വിമർശനവുമായി ആർ എസ് പി സി എ( റോയൽ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ്) മുന്നോട്ടു വന്നതോടെ നായകളുടെ ഗ്രൂമിങ് ഫാഷൻ ലോകത്ത് സംസാരമാകുന്നു. ചാനൽ പരിപാടിക്കിടെ ഇരു ചെവികളും നീല നിറത്തിൽ ഡൈ ചെയ്ത് നായയ്ക്ക് മേക്കോവർ കൊടുത്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. തെറ്റായ നീക്കമാണിതെന്നും ,ഇതേ മാതൃക സ്വീകരിച്ച് ഗുണനിലവാരമില്ലാത്ത ഡൈകൾ വളർത്തു മൃഗങ്ങളിൽ തമാശയ്ക്ക് പരീക്ഷിക്കാനിടയുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് സംഘടന അഭിപ്രായം ശക്തമാക്കിയത്. പത്തു ഡോഗ് സ്റ്റൈലിസ്റ്റുകൾ തങ്ങളുടെ കലാഭിരുചിയിലൂടെ നായകൾക്ക് സൗന്ദര്യം കൂട്ടി , മാറ്റുരയ്ക്കുന്ന റിയാലിറ്റി ഷോയായിരുന്നു ഇത്.
സംഗതി പ്രശ്നമായതോടെ, വിശദീകരണവുമായി മാധ്യമം മുന്നോട്ടു വന്നെങ്കിലും രക്ഷയായില്ല. മൃഗഡോക്ടറുടെയും ഗ്രൂമിങ് എക്സ്പര്‍ട്ടിന്റെയും സാന്നിദ്ധ്യത്തിലാണ് നിറം മാറ്റം നടത്തിയതെന്നായിരുന്നു വിശദീകരണം. അതും സുരക്ഷാ മുൻകരുതലുകളെല്ലാമെടുത്തും. എന്തായാലും ഇനിയിത് ആവർത്തിക്കില്ലെന്ന് മാധ്യമം ഉറപ്പു വരുത്തുമെന്നാണ് നിഗമനം. ഫാഷൻ ക്രേസ് അമിതമായാൽ സംഭവിക്കുന്ന സില്ലി ദുരന്തങ്ങളിൽ അങ്ങനെ ഒരു കഥ കൂടെ. അധികമായാൽ അമൃതും വിഷം തന്നെ. ആവശ്യത്തിനായാലോ ഗുണങ്ങൾ ഏറെയും.
