Wednesday 15 September 2021 02:32 PM IST

തുണിയിൽ വരച്ച്, ബോളിവുഡിനെ കയ്യിലെടുത്ത മലയാളി: ജെബിൻ ജോണി എന്ന ‘പ്രിന്റ് മാൻ’

Pushpa Mathew

jebin-fashion

ജെബിൻ ജോണിയെ പരിചയമുണ്ടോ ? ഇന്ത്യൻ ഫാഷന്‍ ലോകത്ത് ഈ മലയാളി ഒരു താരമാണ്. മലയാളത്തിന്റെ പ്രിയതാരങ്ങൾക്കു മുതൽ ബോളിവുഡ് സുന്ദരിമാർക്കു വരെ അഴകേറും പ്രിന്റഡ് വസ്ത്രങ്ങളൊരുക്കി നിറഞ്ഞു നിൽക്കുകയാണ് ഈ മൂവാറ്റുപുഴക്കാരൻ. പ്രിന്റഡ് വസ്ത്രങ്ങൾ കൈത്തറിയുമായി കോർത്തിണക്കി ബി ടൗണില്‍ വിസ്മയങ്ങളൊരുക്കി, ഫാഷൻ ലോകത്തെ സജീവ സാന്നിധ്യമായിരിക്കുകയാണ് ജെബിൻ ഇപ്പോൾ.യു.കെയിലെ നോർത്താംപ്റ്റൻ യൂണിവേഴ്സ്റ്റിയിൽ നിന്നു ഡിസൈൻ ഫാഷൻ ആൻഡ് ടെക്സ്റ്റൈൽസ് മാസ്റ്റേഴ്സ് പൂർത്തിയാക്കിയാണ് ജെബിൻ ഫാഷൻ രംഗത്തേക്കെത്തിയത്. 2015 ലെ ലക്‌മേ ഫാഷൻ വീക്കില്‍ ജെൻ നെക്സ്റ്റ് എന്ന വിഭാഗത്തിൽ ജെബിൻ ഒരുക്കിയ ഡിസൈൻ ആദ്യ അഞ്ചില്‍ ഇടം നേടി. അത് അദ്ദേഹത്തെ ഫാഷൻ ലോകത്ത് ശ്രദ്ധേയനാക്കി. 

സോനം കപൂർ, വിദ്യ ബാലൻ, കൽക്കി കോഷിലെ, തപ്സി പന്നു, കരിഷ്മ കപൂർ എന്നിവരൊക്കെ ജെബിന്‍ തയാറാക്കിയ ഡിസൈനർ വസ്ത്രങ്ങളണിഞ്ഞ് ചടങ്ങുകൾക്കെത്തിയതോടെ ജെബിന്റെ ‘ജെബ്സിസ്പർ’ എന്ന ബ്രാൻഡിന്റെ മൂല്യം കൂടി. ജെബിൻ - സിസ്റ്റേഴ്സ് - പാരന്റ്സ് എന്നതിൽ നിന്നാണ് ഈ പേരുണ്ടായത്. വോഗ്, എല്ലെ, ഹാർപേഴ്സ് ബസാർ തുടങ്ങിയ രാജ്യാന്തര ഫാഷൻ മാഗസിനുകളിലും ജെബിന്റെ ബ്രാൻഡ് ഇടം പിടിച്ചു.ഫാഷൻ ഡിസൈനറല്ല പ്രിന്റ് ‍ഡിസൈനറാണ് ജെബിൻ. മോട്ടിഫുകളിലാണ് ജെബിന്റെ ഡിസൈനുകളുടെ ഹൈലൈറ്റ്. തിയറ്റർ പ്രിന്റ്, ബ്ലോക്ക് പ്രിന്റ് എന്നീ രീതികളിലൂടെ തന്റെ വരകളെ കൊത്താമ്പള്ളി ഹാന്റ്ലൂം തുണികളിലേക്ക് പകർത്തി മനോഹരമാക്കുകയാണ് ജെബിന്റെ രീതി. സാരികൾ, പ്ലീറ്റഡ് ഡ്രസ്, സ്കർട് ടോപ് എന്നിവയാണ് ജെബിൻ കൂടുതൽ ഒരുക്കുന്നത്.  സാരിയിലാണ് അധികം പരീക്ഷണങ്ങൾ. 

‘‘എന്റെ വീടും, കുടുബവും ചുറ്റുപാടുകളും സുഹൃത്തുക്കളുമാണ് എന്റെ പ്രചോദനം. അതു കൊണ്ടു തന്നെയാണ്  എന്റെ ബ്രാൻഡ് നെയിം ജെബിൻ -സിസ്റ്റേഴ്സ് -പാരന്റ്സ് എന്നതിന്റെ ചുരുക്കെഴുത്താകുന്നത്’’.– ജെബിൻ ‘വനിത ഓൺലൈനോട്’ പറയുന്നു.‘‘ആദ്യം ലൈക്രയുൾപ്പടെയുള്ള നോൺ കോട്ടൺ മെറ്റീരിയലുകളിലാണ് ഞാൻ വർക്ക് ചെയ്തിരുന്നത്. പിന്നീട് കോട്ടണിലേക്ക് മാറി. കോട്ടൺ, ഹാൻഡ്‌ലൂം തുണിത്തരങ്ങൾ വ്യത്യസ്തമായ രീതിയിൽ വീണ്ടെടുക്കുക എന്നതാണ് ലക്ഷ്യം. ഒപ്പം സസ്റ്റൈനബിൾ ഫാഷൻ പിന്തുടരുകയും ചെയ്യുന്നു. കുത്താമ്പുള്ളിയിലേയും മറ്റും നെയ്തുകാരുമായി സഹകരിച്ചാണ് വസ്ത്രങ്ങൾ ഒരുക്കുന്നത്. അവര്‍ക്കു ന്യായമായ വേതനം ഉറപ്പാക്കുക, തുണിയിലും പ്രിന്റുകളിലും മറ്റും ഇക്കോ ഫ്രണ്ട്‌ലിയായ സംവിധാനങ്ങൾ പിന്തുടരുക തുടങ്ങിയവയാണ് തുടർന്നു പോകുന്നത്’’. – ജെബിൻ പറയുന്നു.