Thursday 12 September 2019 03:24 PM IST : By സ്വന്തം ലേഖകൻ

ഓണാഘോഷം ഒളിമങ്ങാതെ; അറിയാം കേരളാ സാരിയിലെ പുത്തൻ ട്രെൻഡും അവയുടെ കെയറിങ്ങും!

kerala-saree444nbhn

അലമാരയിലെ സാരി കളക്ഷനിൽ കേരളാസാരിയോ കസവു കരയുള്ള സെറ്റും മുണ്ടുമോ ഇല്ലാത്തവർ ചുരുക്കമായിരിക്കും. എന്നിരുന്നാലും ഓരോ ഓണം വരുമ്പോഴും വിപണിയിലെത്തുന്ന പുത്തൻ കേരളസാരിയിൽ മലയാളിപ്പെണ്ണിന്റെ കണ്ണുടക്കും. ഇത്തവണത്തെ ട്രെൻഡ് എന്താണ് എന്നറിയേണ്ട? ഒപ്പം ഇവ പൊന്നു പോലെ സംരക്ഷിക്കാനുള്ള വഴികളും നോക്കാം.

ട്രെൻഡറിഞ്ഞ് അണിയാം

പ്ലെയിൻ നിറത്തിൽ കസവ് ഞൊറിഞ്ഞ് ഉടുക്കുന്നത് ലാളിത്യഭംഗി നൽകുമെങ്കിലും ട്രെൻഡിങ്ങിൽ ഇത്തരം സാരികൾ പിന്നിലാണ്. കസവിനോടൊപ്പം ഡിസൈൻ ചെയ്ത ബോഡറുകളോട് കൂടിയവയാണ് ഇപ്പോഴത്തെ ട്രെൻഡ്. ഗോൾഡൻ, വെള്ളി കസവുകൾ ഇപ്പോഴും ഇൻ ആണ്. ചെറിയ കസവു ബോർഡറുള്ള സാരിയുടെ ബോഡിയിൽ ഗോൾഡൻ നിറത്തിൽ തന്നെ പോൾക്കാ ഡോട്സ്, ചെക്സ്, മോട്ടിഫ്സ് എന്നിവയുള്ളതും ട്രെൻഡിയാണ്.

സാരി ബ്ലൗസ് കളർഫുൾ തന്നെയായിക്കോട്ടെ. മിക്സ് ആൻഡ് മാച്ച് നിറങ്ങളും പ്ലെയ്ൻ ഷേഡ്‌സും ഒരേ പോലെ സുന്ദരമാണ്.

കേരള സാരി കഴുകുമ്പോൾ

∙ ഒറിജിനൽ കസവോടു കൂടിയ കേരളാ സാരികൾ ആദ്യത്തെ മൂന്ന് തവണയെങ്കിലും ഡ്രൈ വാഷ് ചെയ്യുന്നതാണ് നല്ലത്. അതിനു ശേഷം മാത്രമേ വെള്ളമുപയോഗിച്ച് കഴുകാവൂ. എപ്പോഴും തണുത്ത വെള്ളത്തിൽ കഴുകാനും ശ്രദ്ധിക്കണം. മറ്റു തുണികൾക്കൊപ്പം കഴുകിയാൽ നിറം പിടിക്കാനുള്ള സാധ്യതയുള്ളതു കൊണ്ട് ഇവ പ്രത്യേകം കഴുകിയെടുക്കണം.

∙ കസവു സാരികൾ കഴുകുമ്പോൾ ഒരു തുള്ളി ഷാംപു ഉപയോഗിക്കാം. അതല്ലെങ്കിൽ വീര്യം കുറഞ്ഞ സോപ്പ് തിരഞ്ഞെടുക്കാം. ഡിറ്റർജെന്റ് വേണ്ടേ വേണ്ട.  മൈൽഡ്  ഷാംപുവിനൊപ്പം ഒരു തുള്ളി നാരങ്ങാ നീരു കൂടി ചേർത്താൽ സാരികൾ കൂടുതൽ സോഫ്റ്റായിരിക്കും.   

∙ കേരള സാരി വെള്ളത്തിൽ അധിക നേരം മുക്കി വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വാഷിങ് മെഷിനിൽ കഴുകാതെ കൈ കൊണ്ടു കഴുകുന്നതാണ് ഇത്തരം സാരികളുടെ പുതുമ നിലനിർത്താന്‍ നല്ലത്. അഴുക്ക് പറ്റിപ്പിടിച്ചിരിപ്പുണ്ടെങ്കിൽ ആ ഭാഗം മാത്രം ടൂത് ബ്രഷ് ഉപയോഗിച്ച് മൃദുവായി ഉരസി വൃത്തിയാക്കാം.

∙ പശ കൂടുതലുള്ള സാരികളാണെങ്കിൽ അൽപം ഉപ്പു ചേർത്ത ചെറു ചൂടുവെള്ളത്തിൽ 15 മിനിറ്റ് മുക്കി വച്ചാൽ പശ പൂ ർണമായും മാറി കിട്ടും.

∙  കറകൾ സാരികളിൽ വീണാൽ ആ ഭാഗത്ത് അൽപം വെള്ള നിറത്തിലുള്ള ടൂത് പേസ്റ്റ് പുരട്ടിയ ശേഷം ഉണങ്ങാൻ അനുവദിക്കുക. പിന്നീട് ബ്രഷുപയോഗിച്ച് മൃദുവായി ഉരസിയാൽ കറ മാറി കിട്ടും.

∙ തണലത്തു മാത്രമേ സാരികൾ ഉണക്കാനിടാവൂ. നിറം മങ്ങുന്നതും നൂലു പൊങ്ങുന്നതും സൂര്യപ്രകാശത്തിന്റെ കാഠിന്യം കൂടുമ്പോഴാണ്. തണലു മതിയല്ലോ എന്നോർത്ത് വീടിനകത്ത് അടച്ചിട്ട മുറിയിൽ സാരി ഉണക്കാൻ വിരിക്കരുത്. ഇത് പൂപ്പൽ ബാധയ്ക്ക് ഇടയാക്കും.

∙ ഉണങ്ങിയ സാരികൾ ഇസ്തിരിയിട്ട് സൂക്ഷിക്കുമ്പോൾ ക സവു ബോർഡറുകളിൽ നേരിട്ട് ചൂടേൽപ്പിക്കരുത്. സാരിയുടെ പുറമേ പത്രം വിരിച്ച് അതിനു മുകളിലൂടെ മാത്രം ഇസ്തിരിയിടാം. 

Tags:
  • Fashion Tips
  • Fashion