Monday 08 January 2018 02:36 PM IST

കേരളത്തില്‍ നിന്ന് ഇറ്റലിയിലെത്തി ഫാഷന്‍ ലോകത്ത് ശ്രദ്ധ നേടിയ രേണുകയുടെ വിജയകഥ

Priyadharsini Priya

Senior Content Editor, Vanitha Online

renuka01

വെളുത്ത് കൊലുന്നനെയുള്ള ഈ സുന്ദരിപെണ്ണിനെ കണ്ടാല്‍ ആരും പറയില്ല, വിവാഹിതയും ആറു വയസ്സുകാരി തൻവിയുടെ അമ്മയാണെന്നും. തൃപ്പൂണിത്തുറ ഇരുമ്പനത്ത് ജനിച്ച രേണുക ശേഖർ പ്രശസ്തിയുടെ പടവുകൾ ചവിട്ടിയത് വിദേശത്താണ്. ഇന്റർനാഷനൽ ഫാഷൻ ഡിസൈനിങ് രംഗത്ത് ശ്രദ്ധ നേടാന്‍ േരണുകയെ സഹായിച്ചത് ഫാഷനിലുള്ള അറിവു മാത്രമല്ല, കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൂടിയാണ്.

ഒട്ടേറെ വിദേശ കമ്പനികൾക്കായി വസ്ത്രങ്ങൾ ഒരുക്കുന്ന അ ഡോറിയോ ഫാഷൻ ഹൗസിന്‍റെ  ഉടമയാണ് രേണുക. അഡിഡാസിനും ബനാനാ റിപ്പബ്ലിക്കിനും വേണ്ടി  ജോലി ചെയ്തായിരുന്നു തുടക്കം. തുടര്‍ന്ന് ഒട്ടേറെ ഫാഷന്‍ ഷോകള്‍ക്കു േവണ്ടി വസ്ത്രങ്ങള്‍ ഒരുക്കി. മിലാനിൽ നടന്ന വോഗ് ടാലന്റ്സിൽ മോസ്റ്റ് ഇന്നൊവേറ്റീവ് ഡിസൈനർ അവാർഡ്,  ലോക പ്രശസ്ത ലക്ഷ്വറി  ബ്രാൻഡ് അസോസിയേഷനായ എൽവിഎംഎച്ച് യുവ ഡിസൈനർമാർക്ക് നൽ‌കുന്ന ഡിസൈൻ അവാർഡ് നോമിനേഷൻ...  തുടങ്ങി േനട്ടങ്ങളുെട പട്ടിക േവറേയും.

എങ്ങനെയാണ് ഈ രംഗത്തേക്ക് ചുവടുവച്ചത്?

പ്രചോദനം നൽകിയത് അച്ഛൻ ചന്ദ്രശേഖരനും അമ്മ രമണിയുമാണ്. അമ്മ ടെക്സ്റ്റൈൽ ബാക്ക്ഗ്രൗണ്ടുള്ള ഒരാളാണ്. അമ്മയുടെ റെക്കോർഡ്സ് എല്ലാം കണ്ടാണ് ഞാൻ വളർന്നത്. ഡിസൈനിങ്ങ് പഠിക്കാനും അവര്‍ സമ്മതിച്ചു. വിവാഹശേഷം സ്വന്തമായി ഡിസൈനിങ് ചെയ്യാൻ പ്രചോദനം നൽകിയത് ഭർത്താവ് ഗിരീഷ് കുമാറാണ്. ഇപ്പോൾ എന്റെ മോട്ടിവേറ്റർ മോളാണ്. എന്തിനും ഏതിനും അഭിപ്രായം പറയാൻ മിടുക്കിയാണവൾ. യൂറോപ്യൻ പ്രോജക്റ്റിന്റെ ഭാഗമായാണ് ഞങ്ങൾ ഇറ്റലിയിൽ എത്തിയത്.

ഇറ്റലിയിലേയും ഇന്ത്യയിലേയും ഫാഷൻ എത്രത്തോളം വ്യത്യസ്തമാണ്?

ഇറ്റലിയിലെ ഫാഷൻ പ്രധാനമായും വ്യക്തിഗതമാണ്. ഒരു ഫാഷൻ ട്രെൻഡ് ഇറങ്ങിയാൽ എല്ലാവരും അത് ഫോളോ ചെയ്യുമെങ്കിലും  ഒാരോരുത്തരും അവരവരുടേതായ രീതിയിൽ ഫാഷൻ സങ്കൽപങ്ങൾക്കനുസരിച്ച് അതിനെ സമീപിക്കാറാണു പതിവ്. അപ്പോൾ ഫാഷൻ ഒരേ സമയം വ്യക്തിപരവും ട്രെൻഡിയുമാകും. ഇന്ത്യയിൽ ആ രീതിയാണ് പോപ്പുലർ എന്നു പറയാനാകില്ല. ഏതെങ്കിലും  സിനിമ ഹിറ്റായാൽ അതിലെ ട്രെൻഡ് തങ്ങൾക്ക് ചേരുമോ എന്നൊന്നും ചിന്തിക്കാതെ അനുകരിക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം കൂടുതലാണ് ഇവിടെ.  

renuka05

ഡിസൈനർമാർ ഫാഷൻ ട്രെൻഡുകൾ സെറ്റ് ചെയ്യുന്നത് എങ്ങനെയാണ്?

ലോകത്ത് എല്ലായിടത്തും ട്രെൻഡ് സെറ്റിങ് ഒരുപോലെയാണ്. ധാരാളം ഫാഷൻ ഫോർകാസ്റ്റിങ് ഏജൻസികള‍ുണ്ട്. ഉ ദാഹരണമായി  ‍ഡബ്ല്യുജിഎസ്എൻ  പോലുള്ള ഏജൻസിക ൾ  അഞ്ചു വർഷത്തേക്കുള്ള ട്രെൻഡ് പ്രവചിക്കും. അതിൽ കളർ റിപ്പോർട്ട്സും ട്രെൻഡ് റിപ്പോർട്ട്സും ഉൾപ്പെട്ടിട്ടുണ്ടാകും. അതുപോലെ എന്തൊക്കെ നൂലുകളാണ്, തുണിത്തരങ്ങളാണ് ഉപയോഗിക്കുക എന്നീ വിവരങ്ങളും ട്രെൻ‍ഡ് അനാലിസിസ് ആൻഡ് റിപ്പോർട്ടും ഉണ്ടാകും. ഒട്ടുമിക്ക ഡിസൈനർമാരും  ഇൗ റിപ്പോർട്ടിനെ ആശ്രയിക്കാറുണ്ട്. പിന്നെ, അവരിൽനിന്ന് നമുക്കത് നേരിട്ട് സബ്സ്ക്രൈബ് ചെയ്യാം. സ്വന്തമായി ഡിസൈൻ ചെയ്യുന്നവരുമുണ്ട്.  

സ്ത്രീ സൗന്ദര്യം വർധിപ്പിക്കുന്നതിൽ ഫാഷൻ ‍‍ഡിസൈനർമാരുടെ പങ്ക്?

നമ്മളൊരു ഫാസ്റ്റ് ഫാഷൻ ഷോപ്പിൽ പോയി വസ്ത്രം വാങ്ങിക്കുമ്പോൾ ഒന്നും  സംഭവിക്കുന്നില്ല. അതല്ലാതെ വണ്ണമുള്ള ഒരാൾക്കുവേണ്ടി ഡിസൈൻ ചെയ്യുകയാണെങ്കിൽ അതിനൊരു പ്രത്യേകതയുണ്ട്. ആദ്യം വലിയ പ്രിന്റുകൾ കുറയ്ക്കും. കട്ട്സ് ആൻഡ് പാറ്റേൺസ് ശ്രദ്ധിക്കും. അതുവഴി വണ്ണമുള്ള ആളെ കുറച്ചു സ്ലിം ആക്കാൻ പറ്റും. ഇടുങ്ങിയ കഴുത്തുള്ള ഒരാൾക്ക് ഒരിക്കലും  ടൈറ്റ് നെക്ക് ഡിസൈൻ ചെയ്യില്ല. ഓപ്പൺ നെക്കായിരിക്കും അവർക്ക് അനുയോജ്യം. ഓരോ ആ ളുകളുടേയും ശരീരപ്രകൃതിയനുസരിച്ച് അവർക്കു പറ്റിയ പാറ്റേൺ തന്നെ ട്രെൻഡ് അനുസരിച്ച് മാറ്റങ്ങൾ വരുത്തിയാണ് അവതരിപ്പിക്കാറുള്ളത്. പെണ്ണിന്റെ മനസ്സ് ഭൂമിയിൽ എല്ലായിടത്തും ഒരുപോലെയാണെന്ന് പറയാറുണ്ട്.

renuka04

ഫാഷന്റെ ലോകത്ത് സിനിമയുടെ സ്വാധീനം?

സിനിമ വലിയൊരു മീഡിയം ആയതിനാൽ സിനിമയിലെ ഫാഷൻ എളുപ്പത്തിൽ ജനങ്ങളിലേക്ക് എത്തും. പക്ഷേ, ഇന്റർനാഷനൽ ലെവലിൽ വരികയാണെങ്കിൽ ഒരു ഫാഷൻ ഷോയിൽ നിന്നോ ഫാഷൻ ഇൻഫ്ലുവൻസിൽ നിന്നോ ആണ് പുത്തൻ ട്രെൻഡ്സ് സിനിമയിലേക്ക് പോകുന്നത്. സെലിബ്രിറ്റീസ് ഇപ്പോൾ കൂടുതലും ഉപയോഗിക്കുന്ന വസ്ത്രം അവരുടെ സ്റ്റൈലിസ്റ്റ് കോപ്പി ചെയ്യുന്നതായിരിക്കും.

സ്ത്രീയുടെ വസ്ത്രധാരണത്തിൽ ചിലരൊക്കെ നിയന്ത്രണങ്ങൾ പറയുന്നതിനെക്കുറിച്ച് ?

പെണ്ണ് എന്തു ധരിക്കണമെന്ന് തീരുമാനിക്കുന്നത് അവൾ തന്നെയാണ്. അത് സ്ത്രീയുടെ കാര്യം മാത്രമല്ല പുരുഷനായാലും അതവരെ മാത്രം ആശ്രയിച്ചിരിക്കും. അതൊരിക്കലും ഫാഷൻ സ്റ്റേറ്റ്മെന്റല്ല മറിച്ച് ഫാഷൻ െഎഡന്റിറ്റിയാണ്. ന മ്മൾ ആരാണെന്നുള്ള സ്വയം കണ്ടെത്തൽ. നമുക്ക് ആത്മവിശ്വാസം തരുന്നതായിരിക്കണം നമ്മൾ ധരിക്കേണ്ട വസ്ത്രം. അതിൽ പുറത്ത് നിന്നുള്ള ഇടപെടൽ ആവശ്യമില്ലെന്നാണ് എന്റെ വിശ്വാസം.

renuka03

സാരിയിൽ സ്ത്രീ എത്രത്തോളം സുന്ദരിയാണ്?

വിദേശത്തു ജോലി ചെയ്യുമ്പോൾ ഇന്ത്യക്കാരല്ലാത്ത എല്ലാവരും എന്നോട് ചോദിക്കാറുള്ളത് ഒരു പെർഫെക്റ്റ് ഫിറ്റിങ് ബ്ലൗസോ സാരിയോ ആണ്. ഒരു സ്ത്രീ ഏറ്റവും കൂടുതൽ സുന്ദരിയാകുന്നത് സാരിയിൽ ആണെന്നു ഞാൻ വിശ്വസിക്കുന്നു. ഡിസൈനർമാരുടെ ഇടയിൽ എപ്പോഴും ചർച്ചാവിഷയമാണിത്. ഇന്ത്യയിലെ സാരി സ്ത്രീകളെ കൂടുതൽ സുന്ദരിയാക്കുന്നതിനെക്കുറിച്ചും അതിന്റെ ലാളിത്യത്തെക്കുറിച്ചുമെല്ലാം സംസാരിക്കാൻ എല്ലാവർക്കും താൽപര്യമാണ്. ഇത്രയും മോഡുലേഷനുള്ള മറ്റൊരു വസ്ത്രം ലോകത്തെവിടെയുമില്ല.  

എക്സ്പോസ് ചെയ്യുന്ന രീതിയില്‍ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നതിനെക്കുറിച്ച്?

ഡിസൈനിങ്ങിൽ അത് ആവശ്യമെങ്കിൽ തീർച്ചയായും ചെയ്യാറുണ്ട്. തീമിന് അനുസരിച്ചിരിക്കും അത്. ട്രെൻഡ് അല്ലെങ്കിൽ ഒരു സെൻഷ്വൽ കളക്ഷനാണെങ്കിൽ സ്ത്രീ ശരീരത്തെ എക്സ്പോസ് ചെയ്യുന്ന വസ്ത്രം മാത്രമേ ‍ഡിസൈൻ ചെയ്യാൻ കഴിയൂ. ഇന്നർവെയർ ഷോ ആണെങ്കിൽ തീർച്ചയായും അവരുടെ പ്രമോഷനുവേണ്ടി ഇത്തരത്തിൽ എക്സ്പോസ് ചെയ്യേണ്ടി വരാറുണ്ട്. പിന്നെ, കലയുടെ ഹൃദയം സൗന്ദര്യബോധമാണ് എന്നാണെന്റെ വിശ്വാസം. അതിൽ ഏറ്റവും സൗന്ദര്യമുള്ളത് സ്ത്രീ ശരീരവും. യഥാർഥത്തിൽ ഡിസൈനർമാർ അവരുടെ ആർട്ടിൽ ഇൗ സൗന്ദര്യത്തെ എക്സ്പോസ് ചെയ്യാനാണ് ശ്രമിക്കാറുള്ളത്. അല്ലാതെ ലൈംഗികത മാത്രം എന്ന രീതിയിൽ ഒ രിക്കലും  ഇതിനെ നോക്കിക്കാണരുത്. സൗന്ദര്യം എന്നൊരു ചട്ടക്കൂടിൽ നിന്നുകൊണ്ടാണ് ചിന്തിക്കേണ്ടത്. അങ്ങനെ വരുമ്പോൾ ഇൗ ചോദ്യം തന്നെ അപ്രസക്തമാണ്.  

ഫാഷൻ ലോകത്തേക്ക് കടന്നുവരുന്ന മലയാളി പെൺകുട്ടികൾക്ക് നൽകാനുള്ള ഉപദേശം?

എല്ലാവരും വിചാരിക്കുന്നത് ഫാഷൻ എന്നു പറഞ്ഞാൽ ഗ്ലിറ്റ്സ് ആൻഡ് ഗ്ലാമ്സ് ഉള്ള ഫീൽഡാണ് എന്നാണ്. അപ്പോൾ എന്തെങ്കിലും സ്റ്റൈൽ ട്രെൻ‍ഡ്സ് ഫോളോ ചെയ്താലോ കുറച്ചു പടം വരച്ചാലോ തങ്ങൾക്ക് പറ്റുന്ന ഇൗസി ഫീൽഡ് എന്നുള്ള രീതിയാലാണ് പലരും ഫാഷൻ ലോകത്തെ കാണുന്നത്. പക്ഷേ, ഫാഷൻ ഫീൽഡ് അത്തരമൊന്നല്ല. ഇതിന്റെ പുറകിൽ കുറേ ടെക്സ്റ്റൈൽസ് ഉണ്ട്, സയൻസ് ഉണ്ട്. ഗാർമെന്റ് പ്രൊഡക്‌ഷൻ എങ്ങനെയാണ് അല്ലെങ്കിൽ അതിനു പിന്നിലുള്ള കെമിസ്ട്രി എന്താണ്, ആർട്ടും ഫാഷനും തമ്മിലുള്ള റിലേഷൻ എന്താണ് എന്നിങ്ങനെയുള്ള ബേസിക്ക് കാര്യങ്ങൾ മനസ്സിലാക്കണം. അത്തരത്തിൽ ആഴത്തിലുള്ള അറിവ് നേടാനും ലക്ഷ്യത്തിലെത്താനുമുള്ള നിശ്ചയദാർഢ്യം ഇന്നത്തെ കുട്ടികൾ പലരും കാണിക്കുന്നില്ല. അല്ലെങ്കിൽ അത്രയും ഗൗരവം അവർ അതിനു കൊടുക്കുന്നില്ലെന്ന് പറയേണ്ടി വരും. എന്തെങ്കിലും ചെയ്തുവെച്ചാൽ അത് ഫാഷനാണെന്ന് പറഞ്ഞുനടക്കുന്ന ആളുകളാണ് കൂടുതലും. ഫാഷൻ യഥാർഥത്തിൽ ആർട്ട് ഫോമാണ് അതൊരിക്കലും ഒരു മോഡൽ ധരിക്കുന്ന വസ്ത്രത്തിൽ ഒതുങ്ങി നിൽക്കുന്നതല്ല.

renuka02