Saturday 17 August 2019 10:31 AM IST : By സ്വന്തം ലേഖകൻ

ആരോഗ്യ മാസികയ്ക്കു വേണ്ടി നഗ്ന ഫൊട്ടോഷൂട്ട്; ഞെട്ടിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് താരം സാറ ടെയ്‍ലർ

sara

ഇംഗ്ലീഷ് വനിത ക്രിക്കറ്റർ സാറാ ടെയ്‍ലർ കളത്തിൽ മാത്രമല്ല ക്യാമറയ്ക്കു മുന്നിലും മിന്നും താരമാണ്. ഫാഷൻരംഗത്തു സാന്നിദ്ധ്യം അറിയിക്കാറുള്ള സാറയുടെ പുതിയ ഫൊട്ടോഷൂട്ടിലാണ് സോഷ്യൽ മീഡിയ കണ്ണുവച്ചിരിക്കുന്നത്. സ്ത്രീകൾക്കായുള്ള ആരോഗ്യമാസികയ്ക്കു വേണ്ടി പൂർണ്ണ നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് ഞെട്ടിച്ചിരിക്കുകയാണ് സാറ. വുമണ്‍സ് ഹെല്‍ത്ത്’ എന്ന ആരോഗ്യ മാഗസിനു വേണ്ടിയായിരുന്നു വിക്കറ്റ് കീപ്പർ ബാറ്ററായ സാറയുടെ ഫൊട്ടോ ഷൂട്ട്. വനിതകളുടെ മാനസികാരോഗ്യ ബോധവത്ക്കരണത്തിന്റെ ഭാഗമായായിരുന്നു സാറ ഫോട്ടോയ്ക്ക് പോസ് ചെയ്തത്.

മാഗസിൻ്റെ പുറംചട്ടയിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. നഗ്നയായി സ്റ്റംപ് ചെയ്ത് ബെയ്ല്‍സ് ഇളക്കുന്ന ചിത്രം തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ സാറ തന്നെയാണ് പങ്കു വെച്ചത്. “എന്നെ അടുത്തറിയാവുന്നവര്‍ക്ക് ഇതെൻ്റെ കംഫർട്ട് സോണിനു പുറത്തുള്ള ഒന്നാണെന്ന് മനസ്സിലായിട്ടുണ്ടാവും. എന്നാല്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാനായതില്‍ അഭിമാനമുണ്ട്. എനിക്കെപ്പോഴും എൻ്റെ ശരീരത്തെപ്പറ്റി ആകുലതകളുണ്ടായിരുന്നു. ഇങ്ങനെ ചെയ്യുന്നതിനായി അതിൽ ചിലതിൽ നിന്നൊക്കെ ഞാൻ പുറത്തു കടക്കേണ്ടിയിരുന്നു.”- സാറ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. എല്ലാ സ്ത്രീകളും സുന്ദരികളാണെന്നും മാഗസിന്‍ അധികൃതരോട് നന്ദിയുണ്ടെന്നും സാറ കൂട്ടിച്ചേർത്തു.

വ്യക്തി ജീവിതത്തില്‍ ഉത്‌ക്കണ്‌ഠയും, മാനസിക സമ്മര്‍ദ്ദവും അനുഭവിച്ചിട്ടുള്ള സാറ കുറച്ചുകാലമായി ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയണ്. വനിതാ ക്രിക്കറ്റിലെ ഏറെ ശ്രദ്ധേയയായ താരങ്ങളിൽ ഒരാളാണ് 30കാരിയായ സാറ ടെയ്‌ലർ. മികച്ച വിക്കറ്റ് കീപ്പർ ബാറ്ററായ സാറ പലപ്പോഴും ടീമിനെ ഒറ്റക്ക് ചുമലിലേറ്റിയിട്ടുണ്ട്.

Tags:
  • Celebrity Fashion