Wednesday 06 July 2022 12:54 PM IST : By സ്വന്തം ലേഖകൻ

‘അതുകേട്ടതു മുതൽ ഞാൻ പ്രിയങ്കയുടെ ആരാധികയായി’; കിരീടനേട്ടത്തെക്കുറിച്ച് പറഞ്ഞ് മിസ് ഇന്ത്യ താരം സിനി ഷെട്ടി

sini-shetty65678788

‘ചില്ലിന്റെ ചെരുപ്പിൽ ഒതുങ്ങിക്കൂടാൻ ശ്രമിക്കരുത്. പകരം അതു തകർത്തു മുന്നേറണം’– മിസ് വേൾ‍ഡ് 2000 കിരീടനേട്ടത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ പ്രിയങ്ക ചോപ്ര പറഞ്ഞതാണ് ഈ വാക്കുകൾ. പ്രിയങ്കയുടെ വാക്കുകൾ പ്രചോദനമാക്കി താന്‍ നടത്തിയ യാത്രയാണ് ഫെമിന മിസ് ഇന്ത്യ 2022 ജേതാവാക്കിയത് എന്ന് തുറന്നു പറയുകയാണ് സിനി ഷെട്ടി.  

‘‘എന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ച ബ്യൂട്ടി ക്വീൻ മിസ് വേൾ‍ഡ് 2000 ജേതാവായ പ്രിയങ്ക ചോപ്രയാണ്. ചിലരുടെ വാക്കുകൾ നമ്മളിൽ തറച്ചു നിൽക്കും. വിജയിക്കാനുള്ള ആഗ്രഹം വർധിപ്പിക്കും. ഞാൻ അവർ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. ചില്ലിന്റെ ചെരുപ്പിൽ ഒതുങ്ങിക്കൂടാൻ ശ്രമിക്കരുത്. പകരം അതു തകർത്തു മുന്നേറണം എന്നായിരുന്നു അവര്‍ പറഞ്ഞത്. അതുകേട്ടതു മുതൽ ഞാൻ പ്രിയങ്കയുടെ ആരാധികയായി.’’– സിനി പറഞ്ഞു.

sini-shetyyybnjj

ജീവിതത്തെ സ്വാധീനിച്ച നിരവധി വ്യക്തികളുണ്ട്. മാതാപിതാക്കൾ, മെന്റർ, പരിശീലകർ എന്നിങ്ങനെ അതു നീളും. എങ്കിലും കൂടുതൽ സ്വാധീനിച്ച വ്യക്തി മുത്തശ്ശിയാണ്. ആഗ്രഹം, അറിവ്, മൂല്യങ്ങൾ, ബഹുമാനം എന്നിവയുള്ള ഒരാളണ് മുത്തശ്ശി. മുത്തശ്ശിയുടെ മാർഗനിർദേശങ്ങളും പ്രയത്നങ്ങളുമാണ് തന്നെ ഇവിടെ എത്തിച്ചതെന്നും സിനി പറഞ്ഞു. 

കർണാടകയിലെ ഉഡുപ്പി സ്വദേശിയാണ് സിനി ഷെട്ടി. മുംബൈ ഘട്കോപ്പറിലെ ഹോട്ടൽ ഉടമ സദാനന്ദ ഷെട്ടിയുടെയും ഹേമയുടെയും മകളായ സിനി ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് (സിഎഫ്എ) കോഴ്സ് ചെയ്യുന്നു. ഭരതനാട്യം നർത്തകിയും മോഡലുമാണ്. 

Tags:
  • Fashion