ചക്കര മോൾക്കൊപ്പം ഓണാഘോഷം പൊടിപൂരമാക്കാൻ കൊതിക്കുന്ന അമ്മയും ചുന്ദരിയമ്മയ്ക്കൊപ്പം ഓണമേളത്തിന് ഓളം വയ്ക്കുന്ന മകളും. ഇവർക്കു പരസ്പരം ആ ലോചിച്ചും അഭിപ്രായങ്ങൾ പറഞ്ഞും ഓണക്കോടി തിരഞ്ഞെടുക്കാം. ഇണങ്ങുന്ന ആഭരണമേതെന്ന് കൺഫ്യൂഷൻ വന്നാൽ അനോന്യം ചോദിക്കാം. ഇതെല്ലാം പെണ്ണൊരുക്കത്തിന്റെ രസങ്ങളാണ്.
മാച്ചിങ് ഔട്ട്ഫിറ്റും ട്വിന്നിങ്ങുമൊന്നുമല്ല കൗമാരം കൊതിക്കുന്നത്. അവർക്ക് അവരുടേതായ സ്റ്റൈൽ വേണം. എന്നാൽ അമ്മയുടെ ലുക്കിനോടു പിണങ്ങിനിൽക്കുകയും വേണ്ട. തന്നോളമായ മകളെ കൂട്ടുകാരിയെപ്പോലെ കൂടെക്കൂട്ടാനാണ് അമ്മ കാത്തിരിക്കുന്നതും.
വസ്ത്രം മാത്രം ഒരുമിച്ചു തീരുമാനിക്കുന്നതുകൊണ്ടായില്ല. ചേരും വിധം ആഭരണവും മേക്കപ്പും ഹെയർ സ്റ്റൈലും വേണം. അണിഞ്ഞൊരുങ്ങി കണ്ണാടിയിൽ നോക്കി ഒരു ഹൈ ഫൈവും നൽകി ഓണദിനങ്ങൾ ആഘോഷമായി കൊണ്ടാടാം.

വാലിന്മേൽ പൂവും വാലിട്ടെഴുതിയ വേൽമുനക്കണ്ണുമായി...
ഓണക്കാലമായാൽ സ്വർണക്കസവുള്ള ടിഷ്യു സാരിഉടുക്കാൻ എന്റെ മനസ്സു കൊതിക്കും. ബ്ലൗസ് ഏതു വേണമെന്നു സംശയമേ ഇല്ലായിരുന്നു. ട്രെൻഡിങ് കളറായ പർപ്പിൾ തന്നെ തിരഞ്ഞെടുത്തു. ഒപ്പം അണിയുന്ന ട്രഡീഷനൽ ലോങ് ചെയ്നിലും ജിമിക്കി കമ്മലിലും ചുവപ്പും പച്ചയും നിറത്തിലാണ് മുത്തുകള്‍. വസ്ത്രത്തിലും ആഭരണങ്ങളിലുമുള്ള നിറങ്ങളെല്ലാം കയ്യിലെ കുപ്പിവളയിലുമുണ്ട്, പർപ്പിൾ, ഗോൾഡ്, ഗ്രീൻ, റെഡ്...

കണ്ണിനു താഴെയും മുകളിലും മഷിയെഴുതി വാലിടുന്നത് ട്രെൻഡ് ഔട്ടാണെന്നു കരുതേണ്ട. ഓണം ലുക്കിന് നന്നായി ഇണങ്ങും. ഹെയർ ബൺ സ്റ്റൈലിൽ മുടി മാടിക്കെട്ടി ചുറ്റും മുല്ലുപ്പൂ കൂടി വച്ചപ്പോൾ തിരുവോണമാഘോഷിക്കാൻ ഞാൻ റെഡി.
യുവത്വത്തിന്റെ മനസറിഞ്ഞ്...
‘ഞാൻ പക്കാ ട്രഡീഷനൽ അല്ലേ, നീ കസവുകരയുള്ള ദാവണിയുടുക്കുന്നോ’ എന്ന് അമ്മ ചോദിച്ചെങ്കിലും എനിക്കു കളർഫുൾ ആകാനായിരുന്നു മോഹം. അതുകൊണ്ടാണ് ഫ്ലോറൽ പ്രിന്റുള്ള ഗ്രീൻ – പിങ്ക് കോംബോ ദാവണി സെറ്റ് തിരഞ്ഞെടുത്തത്. ട്രഡീഷനൽ ട്രാക്കിൽ നിന്നു മാറിനിൽക്കുന്ന എന്നാൽ ഓണം ലുക്കിന് ഇണങ്ങുന്നതാണ് ചോക്കറും കമ്മലും. അമ്മയെ പോലെ വാലിട്ടു കണ്ണെഴുതി പൊട്ടും കുത്തി. നെറ്റിയുടെ വശങ്ങളിലെ മുടി ട്വിസ്റ്റഡ് ബ്രെയ്‍ഡ് ചെയ്തശേഷം ബാക്കി മുടി അഴിച്ചിടുന്നത് എനിക്കൊത്തിരി ഇഷ്ടാ.
അമ്മു ജൊവാസ്
ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ
മോഡൽ : രമ്യ രാമചന്ദ്രൻ, ഇഷ യാസ്മിൻ റാഷിദ്
കോസ്റ്റ്യൂം : Sree Krishna, Zena by Sree
ജ്വല്ലറി : ബ്രഹ്മ ജുവൽസ്
സ്റ്റൈലിങ് : പ്രിയങ്ക പ്രഭാകർ
(തുടരും)