വെഡ്ഡിങ് ടൗണിൽ മാലകളുടെ ലെയറിങ് ട്രെൻഡാകുന്നു... ലെയറിങ്ങിൽ ചേർക്കേണ്ട നിറങ്ങൾ, സ്റ്റൈലിങ്ങിലെ പുതുമകൾ തുടങ്ങി അറിയേണ്ടതെല്ലാം
Mail This Article
കല്യാണത്തിനു സ്റ്റേറ്റ്മെന്റ് പീസ് മാത്രം അണിയാതെ മാലകൾ ലെയറായി മാറോടു ചേർക്കാനാണു മണവാട്ടിമാരുടെ ഇഷ്ടം. ഇതു മുൻപേ ഉണ്ടായിരുന്നതല്ലേ എന്നാണോ ചിന്തിച്ചത്...? ട്രെൻഡ് സെറ്റേഴ്സ് മാറി മാറി വരും, പഴയ ട്രെൻഡുകൾ റീഎൻട്രിയും നടത്തും. ഇത്തവണ ലെയറിങ് ട്രെൻഡാകുമ്പോൾ ചില പുതുമകളെയും ഒപ്പം കൂട്ടിയിട്ടുണ്ട്.
മിക്സ് & മാച്ച് ലെയറിങ്
ചേരുംപടി ചേർന്നല്ല, മിക്സ് ആൻഡ് മാച്ച് ആണ് ലെയറിങ് ഇപ്പോൾ. റോസ് ഗോൾഡ് ജ്വല്ലറിക്കൊപ്പം ഡയമണ്ട് നെക്‌ലേസ്, ആന്റിക് ഗോൾഡ് ചോക്കറിനൊപ്പം കുന്തൻ നെക്‌ലേസ് എന്നിങ്ങനെ ലെയർ ചെയ്യാം.
ട്രഡീഷനൽ ലുക്കിൽ തിളങ്ങുന്ന വധുവിനു കാശുമാലയ്ക്കൊപ്പം പച്ച പാലയ്ക്കാ മാല വേണ്ട. പകരം പച്ച പതിപ്പിച്ച സൂഫി മാല തിരഞ്ഞെടുക്കാം.
അസിമട്രിക് സ്റ്റൈലും പരീക്ഷിക്കാം
മുൻപ് അടുക്കും ചിട്ടയുമായി മാല ലെയർ ചെയ്യുന്നതായിരുന്നു ട്രെൻഡ്. മാലകളുടെ വലുപ്പത്തിലും കാണും ഈ സിമട്രി. എന്നാലിപ്പോൾ അത്ര കെമിസ്ട്രിയില്ലാത്ത മാലകൾ വ്യത്യസ്തമായി ലെയർ ചെയ്യുന്നതാണ് ട്രെൻഡ്. എന്നു കരുതി ഭംഗിക്കു കോട്ടം തട്ടരുത്. സ്റ്റേറ്റ്മെന്റ് പീസ് ആയി അണിയുന്ന ചോക്കറിനൊപ്പം നീളമുള്ള സിംപിൾ മാല, അല്ലെങ്കിൽ ചോക്കറിന്റെ തുടർച്ചയായി തോന്നുന്ന നെക്‌ലേസ് എന്ന തരത്തിൽ വേണമിത്. നാലും അഞ്ചും മാലകൾ അണിയുമ്പോള്‍ സിമട്രിക്കൽ ലെയറിങ്ങാണ് കൂടുതൽ നല്ലത്.
ലെയറിങ്ങിൽ ഒന്നാകുന്ന മാലകൾ
രണ്ടു ചോക്കറുകൾ അടുപ്പിച്ച് അ ണിഞ്ഞ് കാഴ്ചയിൽ ഒന്നാണെന്നു തോന്നിപ്പിക്കുന്ന സ്റ്റൈലിങ് കല്യാണപ്പെണ്ണിന് എക്കാലവും പ്രിയങ്കരമാണ്. വലിയ ചോക്കർ വാങ്ങിയാൽ അതു പിന്നീട് ആഘോഷ അവസരങ്ങൾക്കല്ലേ അണിയാനാകൂ... രണ്ടു ചെറിയ മാലയാകുമ്പോൾ ആ പ്രശ്നമില്ലല്ലോ എന്ന പ്രാക്ടിക്കൽ ബുദ്ധിയും അതിനു പിന്നിലുണ്ട്. ഇത്തരത്തിൽ എത്ര മാല വേണമെങ്കിലും ലെയർ ചെയ്യാം. തൂക്കം കുറവുള്ള മാലകൾ ചേർത്തണിഞ്ഞ് കാഴ്ചയിൽ പൊലിമ തോന്നിപ്പിക്കുന്ന സ്റ്റേറ്റ്മെന്റ് ലുക് സ്വന്തമാക്കാനുമാകും.
കല്യാണപയ്യനുമാകാം ലെയറിങ്
വാച്ചും മോതിരവും അണിയുന്നതിൽ തീരുന്നില്ല ഞങ്ങളുടെ ജ്വല്ലറി എന്നു കല്യാണച്ചെക്കൻമാർ പറയുന്നതു കേൾക്കുന്നില്ലേ... ഷർട്ടിനിടയിലൂടെ കഴുത്തിൽ തെളിയുന്ന മാലയൊക്കെ പഴയ കഥ. ഇപ്പോൾ കുർത്തയ്ക്കും ബ്ലേസറിനും മീതെ ലെയറായി അണിയാനാകുന്ന മാലകൾ ആണുങ്ങളുടെ ആഭരണപ്പെട്ടിയിലുണ്ട്. സഫയർ, എമറാൾഡ്, റൂബി, പേള്‍ എന്നിവയാണ് ലെയർ മാലകളിൽ ഇവരുടെ പ്രിയം.
ലെയറിങ്ങിൽ ചില ടിപ്സ് ഇതാ...
∙ മോണോക്രൊമാറ്റിക് വസ്ത്രങ്ങളാണ് ലെയറിങ്ങിന് ഇണങ്ങുന്ന കാൻവാസ്. ഒരേ നിറത്തിലുള്ള ബ്ലൗസും സാരിയും, ലെഹംഗ എന്നിവയിൽ ലെയറിങ് ആഭരണങ്ങൾ എടുത്തു കാണിക്കും.
∙ അണിയുന്ന ആഭരണങ്ങൾ ഒരേ മെറ്റല്‍ ടോൺ ആകുന്നതാണു ചേല്. സ്വർണം, വെള്ളി, റോസ് ഗോൾഡ് എന്നിവയിലേതു തിരഞ്ഞെടുത്താലും എല്ലാ ജ്വല്ലറിയും അതേ മെറ്റൽ തന്നെയാകുന്നതാണു ഭംഗി.
∙ പാരമ്പര്യമായി കൈ വന്ന മാല അണിയണം. പക്ഷേ, അവ താൻ മോഹിക്കുന്ന വിവാഹവസ്ത്രത്തിനു ചേരില്ല എന്ന ആശയക്കുഴപ്പം ചിലർക്കെങ്കിലും വരാം. ഈ സാഹചര്യത്തിൽ ലൈഫ് സേവറാണ് ലെയറിങ്. പരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങളെ കോംപ്ലിമെന്റ് ചെയ്യുന്ന മാലകൾ തിരഞ്ഞെടുക്കാവുന്നതേയുള്ളൂ.
